ADVERTISEMENT

ഡിസംബർ 27, 2022 

ഒച്ചകൾ കേൾക്കാനില്ല, കേൾക്കേണ്ടതില്ല; അവരുടെ മുഖങ്ങൾ കാണ്മാനില്ല, കാണേണ്ടതില്ല; നമുക്കറിയാം, അവർ സംസാരിക്കുകയാണ്. 

അടച്ചിട്ടൊരു ചില്ലുജനാലയിലൂടെയുള്ള ദൂരക്കാഴ്‌ചയിൽ, അവരുടെ കൈകളുടെ ചലനങ്ങളും ചില ആംഗ്യങ്ങളും മാത്രമാണ് കാണുന്നതെങ്കിലും ആ സംഭാഷണ അന്തരീക്ഷത്തിലെ വികാരം പോലും ഊഹിക്കാൻ ഒരു പക്ഷേ നമുക്കു കഴിയും. കാരണം, ഒരു കച്ചേരിയിൽ വായ്പ്പാട്ടും കൊട്ടുവാദ്യവും പോലെ, രണ്ട് അവയവങ്ങളുടെ വ്യത്യസ്‍ത ചലനങ്ങൾ പരസ്‌പര പൂരിതമായി ഒരേയൊരു വിനിമയത്തിൽ ഒന്നിക്കുന്നൊരു നിർവ്വഹണമാണ് നമ്മുടെ കാഴ്‌ചയിൽ സംഭവിക്കുന്നത്. 

ഏറെ ദീർഘമായൊരു അനുയോജന ചരിത്രത്തിന്റെ ഇടയിൽ വെച്ചാണ് നമ്മുടെ അന്വേഷണം തുടങ്ങുന്നതെങ്കിൽ, അതിപരിചിതത്വത്തിൽ ഈ 'കൈ-വായ്' (hand-mouth) ഏകോപനം നമ്മെ ആശ്ചര്യപ്പെടുത്തില്ല. പക്ഷേ നിങ്ങൾ അല്‌പം കൂടി പിന്നിലോട്ട് ചിന്തിച്ചാൽ, സാൽവഡോർ ഡാലിയുടെ ആത്മകഥയിൽ എന്നതു പോലെ വിഭ്രാമകമായൊരു തുടക്കം കാണാം — മൂലകാരണം അജ്ഞാതമായ രീതിയിൽ. 

അമ്മയുടെ ഗർഭപാത്രത്തിൽ കഴിച്ചു കൂട്ടിയ ദിവസങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും തൊട്ടാണ് ഡാലിയുടെ അതുല്യമായ ആത്മകഥ തുടങ്ങുന്നത്. ഇവയത്രയും ഡാലി കെട്ടിച്ചമച്ച സറിയലിസ്റ്റ് തഥ്യകളാണെന്ന് വായനക്കാർക്ക് തോന്നാം. പക്ഷേ ഡാലിയുടെ സൃഷ്‌ടികളിലെ അചിന്ത്യമായ പല ഭൗതിക പ്രത്യക്ഷതകളും ഗർഭപാത്ര അനുഭൂതികളുടെ വിക്ഷേപങ്ങളാണെന്നത് എന്റെ അനുഭവം. ഈ കുറിപ്പെഴുതുമ്പോൾ ഡാലിയുടെ വിനിമയം എനിക്ക് കൂടുതൽ കൂടുതലായി മനസ്സിലാകുന്നു.

ഉള്ളിലെ ചലനങ്ങളിൽ നിന്ന് അമ്മമാർ പിടിച്ചെടുത്തേക്കാവുന്ന ശാരീരിക സൂചനകളുടെ കാര്യം മാറ്റിനിർത്തിയാൽ, ഗർഭത്തിലെ ശിശുക്കൾ ആരുമായും വിനിമയത്തിൽ ഏർപ്പെടുന്നില്ല. പക്ഷേ, പുറംലോകത്തിൽ എത്തിയാൽ, ഈ ശിശുക്കളുടെ കൈകളും വായയും തുടക്കം തൊട്ടേ ജീവത്തായൊരു സ്‌പർശ വിനിമയത്തിൽ ഏർപ്പെടുന്നുവെന്ന് ശാസ്ത്രജ്ഞന്മാർ നിരീക്ഷിച്ചിട്ടുണ്ട്. 

ശൈശവത്തിൻറെ 'ട്രേഡ് മാർക്' എന്നാണ് ഫിലിപ്പെ റോഷ ഈ വിനിമയത്തെ വിശേഷിപ്പിച്ചത്. 

ഡിസംബർ 30, 2022

വായയുമായി ബന്ധപ്പെട്ട ദിശാബോധത്തോടെ കൈകളുടെ ഗതാഗതം! പരിശീലിതമെന്ന് തോന്നിക്കുന്നത്രയും കൃത്യമായ രീതിയിൽ ജീവിതത്തിന്റെ ഒന്നാമത്തെ സെമസ്റ്ററിൽ ഇതിൻറെ വികാസം! 

ജീവന്റെയും ജൈവമായ തുടർച്ചയുടെയും ആവശ്യമെങ്കിലും ആഹാരം ആദ്യം നമ്മുടെ ശരീരഘടനയിൽ ഒരു സങ്കൽപ്പമായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പേശീചാലകമായ നാഡികളുടെ യാന്തിക പ്രജ്ഞയിലൂടെ, ഈ ആവശ്യം തിരിച്ചറിയപ്പെടുന്നു, നിറവേറ്റപ്പെടുന്നു. ഗർഭാശയത്തിൽ ശിശു പോലെയാണ് അവയവദ്രവ്യങ്ങൾ സ്വാംശീകരിച്ച് നമ്മുടെ പ്രജ്ഞ വളരുന്നതെന്ന് ഞാൻ സങ്കൽപ്പിക്കുന്നു.

എന്റെ വിഭാവനങ്ങളിലൂടെയല്ല ഫിലിപ്പെ റോഷ ശിശുക്കളുടെ പെരുമാറ്റം പഠിച്ചത്. പിറവിയെ തുടർന്ന്, ശിശുക്കളിൽ ആദ്യം വായയുടെ ദിശയിലേക്ക് ചരിക്കുന്നത് ഒരേയൊരു കൈയായിരിക്കുമെന്നും, പ്രായം ഏകദേശം അഞ്ചു മാസം തികയുന്നതിന്നിടയിൽ രണ്ട് കൈകളും ഒരേ പോലെ സമമിതി (സിമട്രി) പാലിച്ചു കൊണ്ട് ഈ ഗതാഗതം ('കൈ-വായ്' ബന്ധം) തുടങ്ങിയിരിക്കുമെന്നും ഫിലിപ്പെ രേഖപ്പെടുത്തുന്നു. 

ചില്ലുജനാലയിലൂടെയുള്ള കാഴ്‌ചയിൽ, ചില കൈകളുടെ ചലനങ്ങൾ മാത്രം കണ്ടാൽ ചിലർക്കിടയിൽ ഒരു സംഭാഷണം നടക്കുകയാണെന്ന് ഉറപ്പിക്കാൻ നമുക്കുള്ള പ്രാപ്‌തിക്കൊരു വിശദീകരണം ഈ കൈ-വായ് ഏകോപനത്തിൽ കണ്ടെത്താൻ കഴിയില്ല. 

ഇടയിൽ വെച്ചല്ല നമ്മുടെ അന്വേഷണം തുടങ്ങുന്നതെങ്കിൽ, പൂവുകളുടെ ഉത്പത്തി ഭൂമിക്കു നൽകിയ ശബ്‌ദാന്തരീക്ഷത്തെക്കുറിച്ച് ഉൾക്കേൾവിയോടെ വിവരിച്ച ഡേവിഡ് ഗാസ്‌കലാണ് ഏറ്റവും ഉചിതമായ തുടക്കത്തിലെ ചോദ്യം ആദ്യമായി ചോദിച്ചത്: "നമുക്കെന്തിനാണ് ഇങ്ങനെ ഒരു വായ?"

ഡിസംബർ 31, 2022

ചെടികളെപ്പോലെ സൂര്യനിൽ നിന്ന് ഊർജ്ജം ആർജ്ജിക്കുന്ന ഉത്പാദക ജൈവരൂപങ്ങൾ; ചെടികളെ തിന്നുന്ന ജന്തുസമൂഹങ്ങൾ; ചെടികളെ തിന്നുന്ന ജീവികളെ ആഹാരമാക്കുന്ന ജന്തുക്കൾ; ഒടുവിൽ മറ്റു ജീവികളെ ഭക്ഷിച്ചും, എന്നാൽ ഒരൊറ്റ ജീവിയുടെയും ആഹാരമാകാതെയും വർത്തിക്കുന്ന ഉന്നത കൊലയാളിമൃഗം — 'ഏയ്‌പെക്‌സ് കില്ലർ'. ഇപ്പോൾ ആ പദവിയിലുള്ളത് മനുഷ്യൻ, ലോകമെമ്പാടും. 

'ആഹാരവല' എന്ന ആശയമനുസരിച്ച് പല നിവാസ വ്യവസ്ഥകളിലൂടെ രേഖീയമായി തുടരുന്ന ഈ ആഹാര ശൃംഖലയെക്കുറിച്ച് ഒരിക്കൽ ഞാൻ ആവേശത്തോടെ വിവരിക്കുന്നതിന്നിടയിൽ വിദ്യ സുന്ദർ (ചിത്രകാരി, മിത്രം) ചോദിച്ചു: "ഉദരനിമിത്തം ബഹുകൃതവേഷം, അല്ലേ?" 

ചോദ്യത്തിൽ ഒരു നിമിഷത്തോളം എന്റെ വാഗ്ധോരണി നിലച്ചു. അവ്യാഖ്യേയമായൊരു പ്രക്രിയയിൽ കാലത്തിന്റെയും ഘടനയുടെയും സംഗമമാണ് ഓരോ ജൈവരൂപത്തിലും, ഓരോ അവയവത്തിലും ഞാൻ അറിയുന്നത്. ശാസ്ത്രീയ സാധുത അവകാശപ്പെടാനാവില്ലെങ്കിലും, കാലം എന്തെന്ന് ശാസ്ത്രം കൃത്യമായി ഗ്രഹിക്കുന്നൊരു ഭാവിയിൽ ഈ വീക്ഷണം ഒരു രണ്ടാം വിചാരം ആവശ്യപ്പെട്ടേക്കാം. 

അനുയോജന തന്ത്രങ്ങളുടെ രൂപാത്മക ആവിഷ്‌കാരമാണ് വൈവിധ്യം. സസ്യലോകത്തിനു ശേഷമുള്ള ആരോഹണത്തിൽ ആഹാരം (ഇന്ധനം) അനുയോജന നിർണയത്തിൽ തികച്ചും നിയാമകമായൊരു ഘടകം.

പരിണാമം എന്ന ആത്യന്തിക മഹാകാവ്യത്തിലെ ഒരു നിർണ്ണായക പർവ്വം മുഴുവൻ എന്റെ സുഹൃത്ത് ഉദ്ധരിച്ച ഒരൊറ്റ വരിയിൽ ഒതുങ്ങുന്നതിലെ അനായാസത തിരിച്ചറിഞ്ഞപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു: ഭൂമിയിലെ അപാരമായ ഈ ജൈവപ്പടർപ്പിലെ വൈവിധ്യം മുഴുവൻ വെറുമൊരു തീൻമേശ സമ്മേളനം മാത്രമായിരുന്നോ!  

ഇതെന്നെ അഗാധമായൊരു നൈരാശ്യത്തിൽ ആഴ്ത്തുന്നു. പക്ഷേ, വസ്‌തുതകളെ വസ്‌തുതകളായി അംഗീകരിക്കാൻ നിയോഗിക്കപ്പെട്ടവർക്ക് നൈരാശ്യം ഒരു അപരിചിത പ്രതിബന്ധമല്ല, സാഹസികമായ ജോലികളിൽ ഏർപ്പെടുമ്പോൾ സംഭവ്യമായ അപകടം (occupational hazard) മാത്രമാണ്.

ഡേവിഡ് ഗാസ്‌കൽ ചോദിച്ചു: "നമുക്കെന്തിനാണ്‌ ഇങ്ങനെ ഒരു വായ?" 

ആഹാരം കഴിക്കാൻ, അല്ലാതെന്തിന്! 

എങ്കിൽപ്പിന്നെ എങ്ങനെയാണ്, എന്തുകൊണ്ടാണ്, വായ നമുക്ക് തുല്യനിലയിൽ സംഭാഷണങ്ങളിൽ ഏർപ്പെടാനും, പ്രസംഗിക്കാനും, പാട്ടുകൾ പാടാനുമൊക്കെ ആവശ്യമുള്ള അവയവം കൂടിയായത്? പരിണാമം സമഗ്രമായി പരിഗണിച്ചാൽ, അനുക്രമമായൊരു വിശദീകരണം തെളിയുന്നില്ല. പക്ഷേ, പിറന്നു വീഴുന്നൊരു ശിശുവിന്റെ ആദ്യത്തെ കരച്ചിലിൽ മാനുഷികതയുടെ ശബ്‌ദപർവ്വത്തിലേക്ക് ഒരു താക്കോലുണ്ട്. തുറക്കൽ അടുത്ത ലക്കത്തിലാവട്ടെ.

Content Summary: Que Sera Sera - 23rd Column by Maythil Radhakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com