വാർത്തകൾ, ദുർവാർത്തകൾ
നടുക്കുന്ന കുറ്റകൃത്യങ്ങൾ ഓരോന്നും സംഭവിക്കുന്നതിനു പിന്നാലെ, അവ മാധ്യമങ്ങളിൽ വാർത്തയാകുന്നതിനു പിന്നാലെ ഒരു ചോദ്യം വരും– എന്തിനാണ് ഈ ദുർവാർത്തയ്ക്ക് ഇത്ര പ്രാധാന്യം? ന്യായമാണ് ചോദ്യം. ആദ്യത്തെ ഉത്തരം ‘ക്രൈം’ വാർത്തകൾ വല്ലാതെ വായിക്കപ്പെടും എന്നതു തന്നെയാണ്. മനുഷ്യൻ വായിക്കും എന്നതുകൊണ്ട്
നടുക്കുന്ന കുറ്റകൃത്യങ്ങൾ ഓരോന്നും സംഭവിക്കുന്നതിനു പിന്നാലെ, അവ മാധ്യമങ്ങളിൽ വാർത്തയാകുന്നതിനു പിന്നാലെ ഒരു ചോദ്യം വരും– എന്തിനാണ് ഈ ദുർവാർത്തയ്ക്ക് ഇത്ര പ്രാധാന്യം? ന്യായമാണ് ചോദ്യം. ആദ്യത്തെ ഉത്തരം ‘ക്രൈം’ വാർത്തകൾ വല്ലാതെ വായിക്കപ്പെടും എന്നതു തന്നെയാണ്. മനുഷ്യൻ വായിക്കും എന്നതുകൊണ്ട്
നടുക്കുന്ന കുറ്റകൃത്യങ്ങൾ ഓരോന്നും സംഭവിക്കുന്നതിനു പിന്നാലെ, അവ മാധ്യമങ്ങളിൽ വാർത്തയാകുന്നതിനു പിന്നാലെ ഒരു ചോദ്യം വരും– എന്തിനാണ് ഈ ദുർവാർത്തയ്ക്ക് ഇത്ര പ്രാധാന്യം? ന്യായമാണ് ചോദ്യം. ആദ്യത്തെ ഉത്തരം ‘ക്രൈം’ വാർത്തകൾ വല്ലാതെ വായിക്കപ്പെടും എന്നതു തന്നെയാണ്. മനുഷ്യൻ വായിക്കും എന്നതുകൊണ്ട്
നടുക്കുന്ന കുറ്റകൃത്യങ്ങൾ ഓരോന്നും സംഭവിക്കുന്നതിനു പിന്നാലെ, അവ മാധ്യമങ്ങളിൽ വാർത്തയാകുന്നതിനു പിന്നാലെ ഒരു ചോദ്യം വരും– എന്തിനാണ് ഈ ദുർവാർത്തയ്ക്ക് ഇത്ര പ്രാധാന്യം?
ന്യായമാണ് ചോദ്യം.
ആദ്യത്തെ ഉത്തരം ‘ക്രൈം’ വാർത്തകൾ വല്ലാതെ വായിക്കപ്പെടും എന്നതു തന്നെയാണ്.
മനുഷ്യൻ വായിക്കും എന്നതുകൊണ്ട് ഇത്തരം ആവശ്യമില്ലാത്ത കാര്യങ്ങൾ മാധ്യമങ്ങൾ വിളമ്പിക്കൊടുക്കേണ്ടതുണ്ടോ എന്ന്് അടുത്ത ചോദ്യം.
വായിക്കുന്നവർക്കു കൊടുക്കപ്പെടും എന്നുത്തരം. വായിക്കാത്തവർ തീരെയില്ല എന്നതു വസ്തുത. ആവശ്യമില്ലാത്തത് എന്ന തീർപ്പ് ശരിയുമല്ല.
മാധ്യമങ്ങളിൽ ഏറ്റവുമധികം പേർ വായിക്കുന്നത് മൂന്നു കാര്യങ്ങളാണ്– സെക്സ്, ക്രൈം, നൊസ്റ്റാൾജിയ. ഇത് അനുഭവമാണ്. ഡേറ്റ ശേഖരിച്ചിട്ടില്ല. ഇതു മൂന്നും കൂടുതലായി വായിക്കപ്പെടാൻ കാരണമുണ്ട്. മൂന്നും ജീവന്റെയും ജീവിതത്തിന്റെയും നിലനിൽപ്പുമായി ബന്ധപ്പെട്ടുള്ളവയാണ്.
സെക്സിലാണ് ജീവന്റെ ഉൽപാദനം. ജീവിവർഗത്തിന്റെ നിലനിൽപ്പിന്റെ ആധാരം അവിടെയാണ്. നിലനിൽപ്പ് ജീവിവർഗമേതിനും സുപ്രധാനമാണ്. പ്രകൃതിയും അതിനെ അങ്ങനെ കാണുന്നു. അതിനാൽ സെക്സ് ഒരു ജീവിയുടെ നിയന്ത്രണത്തിൽ പോലുമല്ല. പ്രകൃതി ആഗ്രഹിക്കുന്നേടത്തോളം ഒരു ജീവിവർഗം നിലനിൽക്കണം. അതിനാൽ അതിന്റെ നിയന്ത്രണം പ്രകൃതിയുടെ കയ്യിൽ തന്നെയാണ്. താൽപര്യത്തിന്റെ നിയന്ത്രണമടക്കം. ഷെഡ്യൂൾ തയാറാക്കി ആർക്കും സെക്സിൽ ഏർപ്പെടാൻ പറ്റില്ല. സകല ഷെഡ്യൂളുകളെയും അതു തെറ്റിച്ചുകളയുകയും ചെയ്തേക്കാം. ആകാശഗോളങ്ങളുടെ സഞ്ചാരപഥങ്ങൾ കണക്കുകൂട്ടി മക്കൾക്കായുള്ള ബീജാധാന മുഹൂർത്തം മുൻകൂട്ടി തിരിച്ചറിഞ്ഞ് അതിനു പാകത്തിൽ ലൈംഗിക ബന്ധം ഷെഡ്യൂൾ ചെയ്ത ആൾ ഒരുപക്ഷേ വരരുചി മാത്രമേ ഉള്ളൂ.
എന്തായാലും സ്പീഷിസിനെ നിലനിർത്തുക എന്നത് പ്രധാനമായും സ്പീഷിസിന്റെ തന്നെ ഉത്തരവാദിത്തമാകയാൽ സ്പീഷിസിലുൾപ്പെട്ട അംഗങ്ങളെല്ലാം അതിന്റെ പുനരുൽപാദനത്തിന് ആധാരമായ സെക്സ് പ്രധാനമായി കാണുന്നു, അബോധപൂർവമായിത്തന്നെ. അതിനാൽ, അബോധപൂർവമായിത്തന്നെ മനുഷ്യർ സെക്സ് ഉള്ളിടത്തു താൽപര്യം കാണിക്കുന്നു. ആ അബോധപൂർവത പ്രകൃതിയുടെ ബോധപൂർവതയാണു താനും.
ക്രൈം– അതു ജീവന്റെ സംഹാരത്തിനുള്ളതാണ്. സംഹരിക്കപ്പെടൽ ആരും ആഗ്രഹിക്കുന്നില്ല. സംഹാരത്തിന്റെ വഴിയിൽ നിന്നൊഴിഞ്ഞുകൊണ്ട് അമൂല്യമായ ജീവനെ സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തം ഏതു ജീവിക്കുമുണ്ട്. അതിനാൽ ക്രൈമിന്റെ എല്ലാ വഴികളും നമ്മൾ നിരീക്ഷിക്കുന്നു. അറിയുന്നു, ഒഴിയുന്നു, ചെറുക്കുന്നു. സെക്സ് വായിക്കാത്തവരും ക്രൈം വായിക്കുന്നു. സെക്സ് ഉണ്ടാകാനിരിക്കുന്ന ജീവനെക്കുറിച്ചുള്ളതാണ്. ക്രൈം ഉണ്ടായിക്കഴിഞ്ഞ ജീവനെക്കുറിച്ചുള്ളതാണ്. ഉണ്ടാകാനിരിക്കുന്ന ജീവന് നമ്മൾ വഴിയൊരുക്കിക്കൊടുത്താൽ മതി. അത് ഒരു സങ്കൽപവുമാണ്. അത് ആർക്കും കവരാനാകില്ല. എന്നാൽ ഉണ്ടായിക്കഴിഞ്ഞ ജീവൻ അങ്ങനെയല്ല. അതു നമ്മുടെ കയ്യിൽ ഇരിക്കുകയാണ്. അതു സംരക്ഷിക്കാൻ നാം ഏതറ്റം വരെയും പോകും. അതിനെ കെടുത്തിക്കളയാൻ വരുന്ന ഏതു ശക്തിയെയും തുരത്താനും തടയാനും അതു കഴിയുന്നില്ലെങ്കിൽ അതിൽ നിന്നൊഴിയാനും നമുക്ക് വ്യഗ്രതയുണ്ട്. അതിന്റെ ഭാഗം തന്നെയാണ് ക്രൈംവായന. സെക്സിൽ ഏർപ്പെടാനുള്ള വ്യഗ്രത ഒരു സ്ത്രീക്ക് ഉള്ളതിനെക്കാൾ കടുത്തതാണ് ഒരു അമ്മയ്ക്ക് കുഞ്ഞിനെ രക്ഷിക്കുന്നതിനുള്ള വ്യഗ്രത. അവിടെ അവൾ അമ്പേ അഗ്രസ്സീവ് ആകും. മൃഗങ്ങളിലും പക്ഷികളിലും ഒക്കെ അതങ്ങനെയാണ്. ഒരു തള്ളക്കോഴിയെ അക്കാര്യത്തിലേ സംഹാരരുദ്രയായി നമുക്കു കാണാകൂ. ഉണ്ടായിക്കഴിഞ്ഞ ഒരു ജീവനെ അതിന്റെ നിസ്സഹായാവസ്ഥയിൽ പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തം അമ്മജീവൻ അവിടെ നിർവഹിക്കുകയാണ്. പിള്ളേരെപ്പിടിത്തക്കാർ കൊടിയ ക്രിമിനലുകളാകുന്നത് ഇതുകൊണ്ടാണ്.
പിന്നെയുള്ളതു നൊസ്റ്റാൾജിയ. അതു ജീവന്റെയും ജീവിതത്തിന്റെയും രൂപപ്പെടലിലേക്കുള്ള തിരിച്ചുപോക്കാണ്. ജീവിതത്തിന്റെ തുടക്കത്തിലെ താളുകളിലാണ് നൊസ്റ്റാൾജിയയുടെ ശേഖരം. നമ്മുടെ സ്വത്വത്തിന്റെ അടിസ്ഥാനം അവിടെ കിടക്കുന്നു. ഭൗതികമാവില്ല അത് മിക്കപ്പോഴും. സങ്കല്‍പമാകും. സങ്കൽപങ്ങൾ നമ്മുടെ ജീവിതത്തിനു പ്രധാനമാണ്. എവിടെയൊക്കെ നമുക്കു നമ്മളെ നഷ്ടമായാലും ജീവിതം രൂപപ്പെട്ട അവിടെ നാമറിയാതെ ഒരു സുരക്ഷിതത്വം നമ്മെ കാത്തിരിക്കുന്നുണ്ട് എന്നു നാം വിശ്വസിക്കുന്നു. അവിടെ നമുക്കൊരു സങ്കേതമുണ്ട്. അത് വെറും ഓർമ ആയാൽപ്പോലും. അതു നമുക്കു പ്രത്യാശ തരുന്നുണ്ട്. നമ്മെ ഉണർത്തുന്നുണ്ട്. നമ്മെ ന്യായീകരിക്കുന്നുണ്ട്. കടന്നു പോന്ന വഴികളുടെ ഓർമ നമുക്കു പലയിടത്തും പിടിവള്ളിയാകുന്നുണ്ട്. ഒടുവിൽ ഓർമകൾ നമ്മെ വിട്ടുപോയിത്തുടങ്ങുമ്പോൾ, അവസാനമായി മാത്രം വിട്ടുപോകുന്ന ഓർമകൾ കുട്ടിക്കാലത്തെ ഓർമകളാവും. ഓർമകൾ നമ്മെ വിട്ടുപോകുന്നതിന്റെ ക്രമം അവസാനത്തുനിന്ന് ആദ്യത്തേതിലേക്കാണ്.
നൊസ്റ്റാൾജിയ വായനയെക്കുറിച്ച് ആരും പരാതിയൊന്നും പറയാറില്ല. നൊസ്റ്റാൾജിയക്കാരന്റെ സമാന സാഹചര്യക്കാർ അത് പിന്നെയും പിന്നെയും വായിക്കും. അല്ലാത്തവർ അതത്ര വായിച്ചു കൊള്ളണമെന്നില്ല. കോട്ടയംകാരന്റെ നൊസ്റ്റാൾജിയയിലെ ഇടവും ചുറ്റുപാടുമൊന്നും കോഴിക്കോട്ടുകാരന്റെ മനസ്സിനെ അത്ര സുഖിപ്പിക്കണമെന്നില്ല എങ്കിലും അനുഭവത്തിലെയും സാഹചര്യത്തിലെയുമൊക്കെ കാലസാമ്യം തന്നെ താൽപര്യമുണർത്താൻ പര്യാപ്തമാണ്. ‘എഴുപതുകളിലെ യുവത്വം’ മലയാളക്കരയിൽ ഒരു നൊസ്റ്റാൾജിയ ആണ്. നൊസ്റ്റാൾജിയ പൊതുവേ പോസിറ്റീവാണ്. അതുകൊണ്ടുതന്നെ ഹോം സിക്നെസ് എന്ന ഗൃഹാതുരത്വം അല്ല നൊസ്റ്റാൾജിയ എന്ന് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഏതെങ്കിലും തരത്തിൽ ജീവിതത്തിന്റെ ഏതെങ്കിലും കരയ്ക്ക് എത്തിയവരാകും അവിടെയിരുന്നോ തിരികെ വന്നോ നൊസ്റ്റാൾജിയ പറയുന്നത് എന്നതിനാൽ എന്തെങ്കിലുമൊക്കെയുണ്ടാകും അവയിൽ ആർക്കും ആസ്വദിക്കാൻ. കഴിഞ്ഞ കാലത്തോടുള്ള ഒരു പൂതി തന്നെ. ആ പൂതി നമ്മെ ജിവിതത്തിൽ പിടിച്ചുനിർത്തുന്നതാണ്. ഒരു പക്ഷേ, അതൊരു ബലഹീനതയുമാകാം. കഴിഞ്ഞകാലത്തിൽ പിടിച്ചുതൂങ്ങാനുള്ള മനുഷ്യന്റെ വ്യഗ്രതയെ മാർഷൽ മക്‌ലൂഹൻ നിരീക്ഷിച്ചിട്ടുണ്ട്. റെയർവ്യൂ മിറർ ഇഫക്ട് എന്നാണദ്ദേഹം അതിനെ വിളിക്കുന്നത്. കിടിലൻ ടെക്നോളജികൾ പുതുതായി കണ്ടുപിടിക്കുമ്പോഴും പഴയതിൽ കൊണ്ടുചെന്ന് അതിനെ ഒന്നു കൊളുത്തിയിടാൻ നമ്മൾ ശ്രമിക്കും. വിമാനം കണ്ടുപിടിച്ചിട്ട് അതിനോടു ബന്ധപ്പെട്ട കാര്യങ്ങൾക്കു കപ്പലിലെ സംഗതികളുടെ പേരു കൊടുക്കും. അതു പൂതിയുടെ പ്രതിഫലനമാണ്. ഒരു പക്ഷേ, പേടിയുടെയും. വരാനിരിക്കുന്നവയെക്കുറിച്ചുള്ള പേടിയും സംശയവും കഴിഞ്ഞുപോയവയെപ്പറ്റിയില്ല. അതെല്ലാം കൊണ്ടും ആ പഴയ പൂതി എഴുതപ്പെടുന്നു; വായിക്കപ്പെടുന്നു. അതു വർത്തമാനകാലത്തുള്ള നമ്മെ ഉണർത്തുന്നു. സജീവമാക്കുന്നു. ഭൂതകാലത്തെ അറിയാൻ വഴി തുറന്നുതരുന്നു. നാളെയുടെ ജീവിതം മെച്ചമാക്കാനുള്ള പാഠങ്ങളും കരുതലും പലർക്ക് പലതരത്തിൽ അതിൽനിന്നു ലഭിക്കുകയും ചെയ്യുന്നു.
എന്നാൽ ക്രൈമും സെക്സും കുറെ സങ്കീർണമാണ്. നേരത്തേ പറഞ്ഞപോലെ ഇതു രണ്ടും ജീവന്റെ നിലനിൽപുമായി ബന്ധപ്പെട്ടു നിൽക്കുന്നവയാണ്. സെക്സിലേക്ക് മനുഷ്യനെ പിടിച്ചാനയിക്കുക പ്രകൃതിയാണ്. ജീവന്റെ തുടർച്ച സാധിക്കുകയാണ് അതിലെ നിയോഗം. സെക്സ് കൊണ്ടു മരണം സാധിക്കുക എന്ന തലവിധി നമ്മുടെ പാണ്ഡുവിനു മാത്രമേ ഉണ്ടായിട്ടുള്ളു. സെക്സിൽ ആനന്ദത്തിന്റെ തലമുണ്ട്. അതാണു പ്രലോഭനം. മരണമാണു ശമ്പളം എന്നറിഞ്ഞിട്ടും പാണ്ഡുവിനു മാറിനിൽക്കാനാകാതിരുന്ന തരം പ്രലോഭനം. പ്രലോഭനത്തിലായിരിക്കുന്നതു തന്നെ ആനന്ദത്തിന്റെ ആസ്വദിക്കലാകുമ്പോൾ പ്രകൃതിയെ വെല്ലുവിളിക്കാൻ മനുഷ്യരുടെ വ്യഗ്രത ഉണരും. മറ്റു ജീവികളിൽനിന്നു വ്യത്യസ്തമായി അവൻ പലതിലും അതു ചെയ്തിട്ടുണ്ട്. ആ വെല്ലുവിളിയാണ് അവർ ഉളവാക്കിയെടുക്കുന്ന പ്രതീതി ലൈംഗികത. യഥാർഥ സെക്സിലെ ആനന്ദം പ്രതീതിസെക്സിലൂടെയും അവർ അനുഭവിക്കും. യാഥാർഥ്യത്തിലില്ലാത്തതിന്റെ മോഹശൃംഗങ്ങൾ കൂടി അതു സമ്മാനിക്കും. പ്രതീതി സെക്സിന്റെ ലഭ്യതയാണ് മാധ്യമങ്ങളിലെ സെക്സ് അവതരണത്തിൽ സംഭവിക്കുന്നത്. കൊച്ചുപുസ്തകങ്ങളിലും ത്രിഗുണൻ സിഡികളിലും സംഭവിക്കുന്നതുമതു തന്നെ. ആനന്ദം തേടൽ ഏതൊരു ജീവിക്കും പറഞ്ഞിട്ടുള്ളതാണ്. ഒരു പക്ഷേ ഏറ്റവും കുറഞ്ഞ പ്രയത്നത്തിൽ ലഭ്യമാകുന്ന ആനന്ദം ലൈംഗികാനന്ദമാണ്. ആർക്കും അറിയാവുന്ന രസാനുഭൂതി. ശൃംഗാരം ആണ് രസരാജന്‍ എന്നു പറയുന്നതിലും ഇതിൽ നിന്നുള്ള ഒരു പോപ്യുലിസ്റ്റ് രസവിചാരമുണ്ടാകണം. സാധാരണയിലും ലഘുവായ പ്രയത്നത്തിൽ ലഭ്യമാകുന്നു മാധ്യമങ്ങളിലൂടെയുള്ള ലൈംഗികാന്തരീക്ഷം. കുറഞ്ഞ പ്രയത്നത്തിൽ ലഭ്യമാകുന്ന ആനന്ദം വേണ്ടെന്നു വയ്ക്കുന്നവരാണ് സെക്സിനെ ഉപേക്ഷിക്കുക. അവർ ഉയർന്ന പ്രയത്നത്തിൽ ഉയർന്ന തലത്തിലുള്ള ആനന്ദം അനുഭവിക്കുന്നതായി പറയപ്പെടുന്നു. ഭൂരിഭാഗം മനുഷ്യരും അത്തരക്കാരല്ലാത്തതിനാൽ മാധ്യമങ്ങളിലെ സെക്സിന് വായനക്കാരുണ്ടാകുന്നു. പ്രേക്ഷകരുണ്ടാകുന്നു.
ക്രൈം നമ്മൾ ഇഷ്ടപ്പെടാത്തത് അതു നമ്മുടെ ജീവൻ എടുക്കുന്ന ഇടപാട് ആയതുകൊണ്ടാണ്. വൈറ്റ് കോളർ ക്രൈമുകളടക്കം ഏതൊരു ക്രൈമും നമ്മുടെ ജീവിതത്തിന് കുറച്ചെങ്കിലും ക്ഷതമേൽപിക്കുന്നവയാണ്. അതു ജീവനു തട്ടുന്ന ക്ഷതവുമാണ്. ജീവന്റെ കാര്യത്തിൽ വരുമ്പോൾ, വിശ്വാസതലത്തിൽ നോക്കിയാലും പരിണാമ തലത്തിൽ നോക്കിയാലും ജീവൻ നഷ്ടപ്പെടുത്താൻ ജീവിക്ക് അവകാശമില്ല. സുരക്ഷിതമാക്കാനാണ് ഉത്തരവാദിത്വം. ജീവൻ നഷ്ടപ്പെടാവുന്ന വഴികൾ പഠിച്ചറിഞ്ഞും തിരിച്ചറിഞ്ഞും ജീവനു പ്രതിരോധമൊരുക്കാനുള്ള വഴിയാണ് ക്രൈം വായന. ആ വഴികളാണ് ക്രൈം റിപ്പോർട്ടുകൾ അന്തിമമായി മനസ്സിലാക്കിക്കൊടുക്കുന്നത്. ആ വഴികളാണ് നാം അതിൽ തേടുന്നത്.
പട്ടണത്തിൽ ഒരു കൊലയാളി ഇറങ്ങിയിട്ടുണ്ട് എന്നറിഞ്ഞാൽ പിന്നെ അവന്റെ നീക്കങ്ങൾ അറിയാനാണ് നമ്മുടെ ആകാംക്ഷ. നമ്മൾ ടിവിയിൽ കാണുന്നതും പത്രത്തിൽ നോക്കുന്നതും അവന്റെ കാര്യങ്ങൾക്കാവും. അവൻ നമ്മുടെ വീടിനടുത്തെങ്ങാനുമാണോ?. അവനെ കണ്ടാൽ എങ്ങനെ തിരിച്ചറിയാം. അവന്റെ ആക്രമണരീതി എന്താണ്?. അവൻ കൂടുതലും ഏതു തരക്കാരെയാണ് ആക്രമിക്കുന്നത്. ഇതൊക്കെ അറിഞ്ഞുവയ്ക്കാനുള്ള നമ്മുടെ ത്വരയിലെ അടിസ്ഥാന സംഗതി അവനെ ഒഴിയുക എന്നതു തന്നെയാണ്. ജീവനെ രക്ഷപ്പെടുത്തുക എന്നതുതന്നെ. അടുത്ത പട്ടണത്തിലാണ് അവൻ ഇറങ്ങിയിരിക്കുന്നത് എങ്കിൽ അവൻ ഇവിടെ എത്തുമോ? എങ്കിൽ എപ്പോൾ എത്താനാണ് സാധ്യത എന്നറിയാനും കണക്കു കൂട്ടാനും നമ്മൾ വെമ്പുന്നതും ജീവനെ കുറിച്ചുള്ള കരുതലിന്റെ ഭാഗമാണ്. എത്ര കുടിലമായാണ് ആ കൊലയാളിയുടെ നീക്കങ്ങൾ, എത്ര ക്രൂരമായാണ് അവന്റെ നടപടികൾ എന്നതെല്ലാം കൃത്യമായി അറിഞ്ഞാലാണ് പ്രതിരോധത്തിനായുള്ള ആ പ്രത്യാക്രമണം സാധ്യമാകുക. അതങ്ങനെ കൃത്യമായി അറിയുന്നതാണ് ബുദ്ധിയുള്ള ഒരു ജീവിക്കു യോഗ്യം. പട്ടാളക്കാർ ശത്രുപട്ടാളക്കാരുടെ നീക്കങ്ങൾ വിശദമായി പഠിക്കുന്നതു പോലെതന്നെ ഒരേർപ്പാടാണത്. പഠിച്ചാലേ ചെറുക്കാൻ കഴിയൂ. അടിക്കാൻ കഴിയൂ. അതല്ലെങ്കിൽ ഒഴിയാൻ കഴിയൂ. ഒഴിഞ്ഞിട്ട് അടിക്കാൻ കഴിയൂ. അവനെപ്പറ്റി വായിക്കുമ്പോൾത്തന്നെ ഇതിനൊക്കെ വേണ്ടിയുള്ള ഒരുക്കങ്ങൾ തന്ത്രങ്ങളും നമ്മൾ നമ്മുടെ തലച്ചോറിൽ മെനയുന്നുണ്ടാകും. മികച്ച തന്ത്രങ്ങളിലൂടെയാണ് യുദ്ധം ജയിക്കാനാകുക. ഓർക്കുക, മരണം വിലയില്ലാത്തതല്ല. അതിന്റെ വില നിങ്ങളുടെ ജീവനാണ്.
ഇനി അവന്റെ ജീവൻ അങ്ങ് എടുത്തിട്ടായാലും സ്വന്തം ജീവനും വേണ്ടപ്പെട്ടവരുടെ ജീവനും രക്ഷിച്ചെടുക്കണമെങ്കിലും അവനെക്കുറിച്ച് അറിഞ്ഞേ പറ്റൂ. ജീവനെടുക്കാൻ വരുന്നവന്റെ ജീവൻ നശിപ്പിക്കാം എന്ന ന്യായം നമ്മളെല്ലാം അംഗീകരിച്ചിട്ടുളളതാണ്. അതിലുള്ള കൊല ക്രൈം അല്ല നമുക്ക്. നിയമത്തിനും അല്ല. നമ്മളെ രക്ഷിക്കാൻ വേണ്ടി മറ്റുള്ളവരെ കൊല്ലുന്നവൻ വീരനാണ്. നമ്മുടെ നിലപാടിനെ പ്രതിരോധിക്കാൻ വേണ്ടി വാദിക്കുന്നവർ ധീരരാണ്. ക്രൈം ഉദാത്തമാക്കപ്പെടുകയാണവിടെ. ടിവിയിലെ പോർക്കളം സ്റ്റൈൽ പേരുകളുള്ള സംവാദത്തിന് റേറ്റിങ് കൂടുന്നതിനു പിന്നില്‍ ഈ മനശ്ശാസ്ത്രമുണ്ട്. അതിൽ രസരാജൻ വീരം ആണ്. യുദ്ധങ്ങൾ ഇന്നു കൂടുതലും മനശ്ശാസ്ത്ര യുദ്ധങ്ങളാണ്.
കൊലയാളിയുടെ വഴികൾ കൂടുതൽ കുടിലമാകുന്നതിനനുസരിച്ച് നമുക്ക് ഭയം കൂടും. ഭയം പുതിയകാലചിന്തയിൽ ഒരു നെഗറ്റീവ് വികാരമാണ് ചില ചിന്താധാരകളിലെങ്കിലും. പക്ഷേ, സൃഷ്ടിയിൽ അല്ലെങ്കിൽ പരിണാമത്തിൽ അതൊരു പോസിറ്റീവ് വികാരമാണ്. അതു ജീവരക്ഷയ്ക്കു പ്രധാനമാണ്. (ഭയം എന്നത് അപകടങ്ങളെ ഒഴിയാനുള്ള സന്ദേശമാണ്– ജോഷ്വ ഫ്രീഡ്മാൻ; ഇക്യു ടുഡേ മാസിക എഡിറ്റർ). തീ ലോകത്തിലെ ഏറ്റവും സുന്ദരമായ വസ്തുവാണെങ്കിലും തീയെ ഭയക്കാൻ കുഞ്ഞുന്നാളിലേ നമ്മൾ പഠിക്കുന്നുണ്ട്. ആദ്യത്തെ പൊള്ളലോടെ അതു ജീവനെടുക്കുന്ന സൗന്ദര്യമാണെന്നു നാം പഠിക്കുന്നു. കരുതലോടെ മാത്രം അതിനെ സമീപിക്കുന്നു. കരുതലോടെ മാത്രം കൈകാര്യം ചെയ്യുന്നു. ഭയപരമായ പഠനങ്ങൾ പറയുന്നത് സ്ത്രീകൾക്കു ഭയം കൂടുമെന്നാണ്. പ്രത്യേകിച്ചും അക്രമങ്ങളോട് (ക്രൈം) ഉള്ള പേടി. പുരുഷൻമാരെക്കാൾ തങ്ങൾ അക്രമങ്ങൾക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് സ്ത്രീകൾ വിചാരിക്കുന്നു. യഥാർഥത്തിൽ അക്രമങ്ങൾ സ്ത്രീകൾക്കു നേരേ കൂടുതലുണ്ടോ എന്നതിൽ നടത്തിയ പഠനങ്ങളിൽ വെളിവായിട്ടുള്ളത് അങ്ങനെയില്ല എന്നാണ്. (പഠനങ്ങൾ എത്രയും നെറ്റിൽ ലഭ്യമാണ്. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ആണെന്നേയുള്ളു. ഫറാ ആൻഡ് ഫറാ എന്ന അഭിഭാഷക സ്ഥാപനം നടത്തിയ ഒരു പഠനം സംബന്ധിച്ച ലേഖനം 2010 ഫെബ്രുവരി 11 ലെ ഡെയ്‌ലി ന്യൂസ് പത്രത്തിലുണ്ട്. വിവിധ സാഹചര്യങ്ങളിൽ അക്രമത്തിന് ഇരയാകാം എന്ന പേടി പുരുഷൻമാരിൽ 34 ശതമാനം പേർക്കാണെങ്കിൽ സ്ത്രീകളിൽ അത് 50 ശതമാനം പേർക്കാണ്. 28 സാധാരണ ജീവിത സാഹചര്യങ്ങളിൽ 27 ലും അക്രമ സാധ്യതാ ഭയം സ്ത്രീകൾക്കായിരുന്നു കൂടുതൽ. പുരുഷൻമാർ കൂടുതൽ പേടി ശങ്കിച്ച ആ ഒരിടം ജിം ആണ്!) എന്നല്ല, പുരുഷൻമാരാണ് അക്രമങ്ങൾക്ക് ഇരയാകാൻ കൂടുതൽ സാധ്യത. (M E Lewyn: San Diego Justice Journal Vol1, Issue 1) എന്നാലും സ്ത്രീകൾ കൂടുതൽ പേടിക്കുന്നു. അത് അങ്ങനെയാകേണ്ടത് ആവശ്യമാണ്. കാരണം അവർ ജീവന്റെ കാവൽക്കാരാണ്. നാളെയിലേക്കു ജീവനെ കൈമാറുന്നവരാണ്. ഗർഭപാത്രത്തിന്റെയും അണ്ഡത്തിന്റെയും ലഭ്യത ബീജത്തിന്റെ ലഭ്യതയെക്കാൾ തുലോം കുറവാണ്. അവ കൂടുതൽ സൂക്ഷ്മതയോടെ കരുതിവയ്ക്കപ്പെടേണ്ടവയാണ്. അതിനാൽ ജീവനാശകമായ സന്ദർഭങ്ങളിൽ നിന്നും സംഗതികളിൽ നിന്നും അവർ കൂടുതൽ അകന്നുനിൽക്കേണ്ടവരാണ്. അങ്ങനെ അകറ്റിനിർത്തപ്പെടാനാണ് അവരിൽ കൂടുതൽ ഭയം ഉൾക്കൊള്ളിക്കപ്പെട്ടിരിക്കുന്നത്. അല്ലാതെ ദൗർബല്യം കൊണ്ടല്ല. യുദ്ധത്തിൽ പുരുഷൻമാരാണ് കൂടുതൽ മരിക്കേണ്ടത്. സ്ത്രീകളല്ല. വരുംതലമുറയുടെ പിറവി കൂടുതൽ ഉറപ്പാക്കാൻ, അഥവ വേണ്ടത്ര ഉറപ്പാക്കാൻ അതാണു നല്ലത്.
മരണഭയം ഇല്ലാതാകുന്നവരുണ്ട്. ചാവേറുകളങ്ങനെയാണ്. മരിച്ചുകൊണ്ടാണ് അവർ കൊല്ലുക. മരണത്തെക്കാൾ ഭയകരമായ സംഗതികൾ നേരിടേണ്ടിവരുന്നരാണ് ആത്മഹത്യ ചെയ്യുക. പിന്നെ മരണത്തെ ഭയമില്ലാതാകുക ജീവിതാന്ത്യത്തിലാണ്. അപ്പോൾ ജീവൻ സ്വച്ഛമായി മരണത്തിലേക്കു നടന്നടുക്കാൻ ആഗ്രഹിക്കും. അപ്പോൾ അതാവശ്യമാണ്. കാലാവധി കഴിഞ്ഞുപോയ ശരീരം ചുമന്നുനടന്നിട്ട് അതിന് ഒരു കാര്യവുമില്ല.
ക്രൈം വായിക്കപ്പെടുന്നത് ഇതുകൊണ്ടാണ്. ജീവിച്ചിരിക്കാനുള്ള വഴിയായിട്ട്. ഇന്നിപ്പോൾ സുരക്ഷയ്ക്കായി ചുറ്റുപാടും പൊലീസും പട്ടാളവും ഇലക്ട്രോണിക് സംവിധാനങ്ങളും ഉള്ള ഒരു കാലത്ത് ഈ പറയുന്നതിന്റെ യുക്തി നമുക്കത്ര മനസ്സിലാകില്ല. പക്ഷേ, സൃഷ്ടിയുടെയും പരിണാമത്തിന്റെയും ദുർഘടവഴികളിൽ ജീവൻ ഏതു നേരവും വെല്ലുവിളികളെ നേരിട്ടിരുന്ന കാലങ്ങളിൽ ഭയം കരുതലിനുള്ള മുന്നറിയിപ്പായിരുന്നു. ആക്രമിക്കുന്നതു പോലും ഒളിച്ചിരുന്നു ചെയ്യാൻ ഉപദേശിക്കുന്ന ഉൾവിളിയായിരുന്നു.
മരണം എങ്ങനെയുണ്ടായി എന്ന നമ്മുടെ അന്വേഷണത്തിൽ ആ മരണകാരണത്തെ നാളെകളിൽ മറികടക്കാനുള്ള വഴിയന്വേഷണത്തിനുള്ള തുടക്കവുമുണ്ട്. മരണശേഷിപ്പിനു ചുറ്റും ജീവികൾ വന്നുകൂടും. ഉറുമ്പും കാക്കയും മനുഷ്യനും ആനയും അതു ചെയ്യും. ഒരു കാക്ക ചത്തുവീഴുന്നിടത്ത് മറ്റു കാക്കകൾ ഇത്ര വേഗം ഓടിയെത്തുന്നതെന്തിനാണ്? ഒച്ച വയ്ക്കുന്നതെന്താണ്? അപകട മുന്നറിയിപ്പാണോ? അവിടെ അവർ എന്തെങ്കിലും അറിയാൻ ശ്രമിക്കുന്നുണ്ടോ? ഉണ്ടെന്നു വേണം കരുതാൻ. മരണകാരണം തന്നെ. അല്ലെങ്കില്‍ ആ നേരം കൂടി അവർക്കെന്തെങ്കിലും ഭക്ഷണം തേടി പൊയ്ക്കൂടേ? ആഹാരത്തെക്കാളും വിഹാരത്തെക്കാളുമൊക്കെ പ്രധാനമായതൊന്നാണവരെ അവിടെ എത്തിക്കുന്നത്. അത് മരണത്തെ അതിജീവിക്കാനുള്ള ത്വര തന്നെയാകണം. ആദിമമനുഷ്യനിലെ ആ ത്വര കൊണ്ടു തന്നെയാകണം ഇന്നും മനുഷ്യർ മറ്റുമനുഷ്യർ മരിക്കുന്നിടത്ത് ഒത്തുകൂടുന്നത്. ബുദ്ധി മൂത്ത മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്തരം അന്വേഷണങ്ങളൊക്കെ ക്രമേണ ഫൊറൻസിക് വിദഗ്ധരെ ഏൽപ്പിക്കാനായി. എന്നാലും യുഗങ്ങളായുള്ള ശീലം കൊണ്ട് മരണം നടക്കുന്നയിടങ്ങളിൽ നമ്മൾ ഓടിയെത്തുന്നു. അന്തിമോപചാരം എന്നതു നമുക്ക് പിന്നീടെപ്പോഴോ കിട്ടിയ ന്യായമാകണം.
വിദഗ്ധർ കണ്ടെത്തിയ കാരണങ്ങളുടെ അടിസ്ഥാനത്തിൽ മരണത്തെ കുറെയൊക്കെ വൈകിപ്പിക്കാൻ നമുക്കായിട്ടുണ്ട്. അങ്ങനെയാണല്ലോ മനുഷ്യർ ഭൂമിയിൽ ഇത്ര പെരുകിയത്. ജീവനെടുക്കുന്ന വൈറസിനെയോ ബാക്ടീരിയയെയോ മറികടക്കാൻ അവയെ നന്നായി അറിയണം. നിപ്പ വന്നപ്പോൾ നമ്മൾ പേടിച്ച പേടിക്കു കണക്കില്ലാത്തത് അതിനെ എങ്ങനെ കൊല്ലാം എന്നു നമുക്ക് അറിയത്തതുകൊണ്ടാണ്. കോവിഡിന്റെ കാര്യവും അങ്ങനെ തന്നെ. അവയെ പരമാവധി ഒഴിയുകയേ വഴിയുണ്ടായിരുന്നുള്ളു.
കൊന്നുകളയുന്ന ക്രൈമിൽ നിന്ന് ഒഴിഞ്ഞുമാറാൻ അവയെയും ആഴത്തിൽ അറിയണം. അതിനു തന്നെയാണ് മാധ്യമങ്ങളിലെ ക്രൈം വായന. അതു മാറണമെങ്കിൽ മനുഷ്യകുലത്തിന്റെ പരിണാമപാതയിലെ മുദ്രകൾ പലതും മായേണ്ടിവരും.. അതു മായ്ക്കാൻ നമുക്കു കഴിയുമായിരിക്കും.
അതുവരെ നമ്മുടെ ക്രൈം വായനാ താൽപര്യം തുടരും.
English Summary: Web Column Vicharam Madhyamaparam - Crime and sex stories in media