വ്യാജത്തിന്റ വാഴൽ
അറിവിനെക്കാൾ വലുപ്പമുള്ളതാണ് അറിവില്ലായ്മ. അറിവിന്റെ അക്ഷയഖനി എന്നു പറയുന്നതിന്റെയും അടിയിൽ ശേഷിക്കുന്നത് അറിവില്ലായ്മയാണ്; അറിയാത്ത കാര്യങ്ങളാണ്. അഗാധമായ അജ്ഞത (Profound ignorance) എന്നതു തന്നെയാണ് കൂടുതൽ ശരി. അതുകൊണ്ട് അറിവിനായുള്ള അന്വേഷണം ഒരിക്കലും തീരുന്നില്ല. ഉള്ളിലുയരുന്ന ഓരോ ചോദ്യത്തിനും
അറിവിനെക്കാൾ വലുപ്പമുള്ളതാണ് അറിവില്ലായ്മ. അറിവിന്റെ അക്ഷയഖനി എന്നു പറയുന്നതിന്റെയും അടിയിൽ ശേഷിക്കുന്നത് അറിവില്ലായ്മയാണ്; അറിയാത്ത കാര്യങ്ങളാണ്. അഗാധമായ അജ്ഞത (Profound ignorance) എന്നതു തന്നെയാണ് കൂടുതൽ ശരി. അതുകൊണ്ട് അറിവിനായുള്ള അന്വേഷണം ഒരിക്കലും തീരുന്നില്ല. ഉള്ളിലുയരുന്ന ഓരോ ചോദ്യത്തിനും
അറിവിനെക്കാൾ വലുപ്പമുള്ളതാണ് അറിവില്ലായ്മ. അറിവിന്റെ അക്ഷയഖനി എന്നു പറയുന്നതിന്റെയും അടിയിൽ ശേഷിക്കുന്നത് അറിവില്ലായ്മയാണ്; അറിയാത്ത കാര്യങ്ങളാണ്. അഗാധമായ അജ്ഞത (Profound ignorance) എന്നതു തന്നെയാണ് കൂടുതൽ ശരി. അതുകൊണ്ട് അറിവിനായുള്ള അന്വേഷണം ഒരിക്കലും തീരുന്നില്ല. ഉള്ളിലുയരുന്ന ഓരോ ചോദ്യത്തിനും
അറിവിനെക്കാൾ വലുപ്പമുള്ളതാണ് അറിവില്ലായ്മ. അറിവിന്റെ അക്ഷയഖനി എന്നു പറയുന്നതിന്റെയും അടിയിൽ ശേഷിക്കുന്നത് അറിവില്ലായ്മയാണ്; അറിയാത്ത കാര്യങ്ങളാണ്. അഗാധമായ അജ്ഞത (Profound ignorance) എന്നതു തന്നെയാണ് കൂടുതൽ ശരി. അതുകൊണ്ട് അറിവിനായുള്ള അന്വേഷണം ഒരിക്കലും തീരുന്നില്ല. ഉള്ളിലുയരുന്ന ഓരോ ചോദ്യത്തിനും ഉത്തരം കണ്ടെത്തുമ്പോഴൊക്കെയും അടുത്തൊരു ചോദ്യം ഉയരും. കണ്ടെത്തിയതല്ല അന്തിമമായ ഉത്തരം എന്നറിയുന്ന അറിവ് അപ്പോഴെല്ലാമുണ്ടാകുന്നു: “നേതി... നേതി.. (ഇതല്ല, ഇതല്ല)”.
അറിഞ്ഞതൊന്നുമല്ല അറിവെന്ന അറിവ് ഒരു നോവാണ്. പിന്നെയും അറിവിനായി അന്വേഷിക്കുകയേ വഴിയുള്ളു. അതു വീണ്ടും ഒരു നോവിലേക്കു തന്നെയാകും വാതിൽ തുറക്കുക. ആ നോവിൽനിന്നു രക്ഷപ്പെടാനുള്ള ഏറ്റവും ലളിതമായ വഴി നമ്മുടെ അറിവിനെ അന്തിമമായ അറിവായി അങ്ങു തീർച്ചപ്പെടുത്തുകയാണ്. പിന്നെയൊന്ന്, അന്വേഷിക്കാതെതന്നെ ഉത്തരങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയാണ്.
ജനാധിപത്യം ചോദ്യങ്ങളുടേതുമാണ്, ചോദ്യം ചെയ്യലിന്റേതുമാണ്. ചോദ്യങ്ങൾക്ക് ഇടമില്ലാതെ ഉത്തരങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നത് ചോദ്യങ്ങളെ ഇല്ലാതാക്കും. അതൊരു സുഖാനുഭവം നൽകും – ഭരിക്കുന്നവർക്കും ഭരിക്കപ്പെടുന്നവർക്കും. അറിവു നൽകുന്ന സുരക്ഷിതത്വം എന്നതിന്റെ വകഭേദമായാണ് ആ അനുഭവം ഭരിക്കപ്പെടുന്നവർക്ക് ഉണ്ടാകുന്നത്; ഭരിക്കുന്നവർക്ക് ഭിന്നാഭിപ്രായ (dissent) സാധ്യത ഒഴിവാകുന്നതിലൂടെയും. മനസ്സിൽ ചോദ്യങ്ങൾ ഉയരുന്നതാണല്ലോ വ്യത്യസ്തമായ അഭിപ്രായത്തിന്റെ തുടക്കം.
അറിവ് എങ്ങനെ തുടർച്ചയായി നൽകിക്കൊണ്ടിരിക്കാനാകും? അറിവിനെ സൃഷ്ടിച്ചുകൊണ്ടുതന്നെ. ടെക്നോളജി അതിനും വഴിയൊരുക്കും. സമയമെടുത്തു തേടി കണ്ടെത്തുന്ന അറിവിന്റെ സ്ഥാനത്ത് ടെക്നോളജിയുടെ സഹായത്തോടെ അറിവിനെ സൃഷ്ടിക്കുന്ന അവസ്ഥ. അറിവും അനറിവും (unknowledge) വ്യാജ അറിവും (Fake knowledge ) എല്ലാം ഈ നിർമിത അറിവിൽ ഉണ്ടാവും. നെറ്റ‌്‌വർക്ക് സയൻസ് ഇതിനെയെല്ലാം വേഗത്തിൽ എത്തേണ്ടിടത്തെല്ലാം എത്തിച്ചുകൊണ്ടേയിരിക്കും. അറിവിനായുള്ള ദാഹത്തിന്റെ തീർപ്പിന് അനറിവുകളും അപവാസ്തവങ്ങളും (pseudofacts) കോരിയൊഴിക്കപ്പെട്ടുകൊണ്ടേയിരിക്കും. പച്ചവെള്ളം വേണ്ടിടത്ത് പഞ്ചസാരപ്പാനീയം കിട്ടിക്കൊണ്ടിരിക്കുന്ന സ്ഥിതി. കുടിക്കുന്നവർ അറിവായി തെറ്റിദ്ധരിക്കുന്ന അനറിവിൽ അഭിരമിച്ചുകൊണ്ട് അജ്ഞതയിൽ മുങ്ങിക്കിടക്കും. അജ്ഞത സൃഷ്ടിക്കലാണ് ഇന്ന് വിജയത്തിന് ആധാരം എന്നു വന്നിരിക്കുന്നു; അറിവു സൃഷ്ടിക്കലല്ല.
അറിവിന്റെ ശാസ്ത്രമാണ് എപ്പിസ്റ്റെമോളജി (Epistemology). അജ്ഞതയ്ക്കും ഉണ്ട് ഒരു ശാസ്ത്രം- അഗ്‌നറ്റോളജി (Agnotology). അജ്ഞതയുടെ, അനറിവിന്റെ ഉൽപാദനവും വിപണനവും ഉപഭോഗവുമെല്ലാം ഇതു ചർച്ച ചെയ്യുന്നു. സാംസ്കാരികവും സാമൂഹികവുമായി അടിച്ചേൽപിക്കപ്പെടുന്ന അജ്ഞത എന്നു വിശദീകരിച്ചു പറയാം. സമൂഹത്തിൽ അജ്ഞത എങ്ങനെ ഉണ്ടാക്കപ്പെടുന്നു, എങ്ങനെ നിലനിർത്തപ്പെടുന്നു, എങ്ങനെ അതൊരു രാഷ്ട്രീയ ഉപകരണമായി പ്രയോഗിക്കപ്പെടുന്നു, എങ്ങനെ അതു പ്രവർത്തിക്കുന്നു എന്നെല്ലാം അഗ്‌നറ്റോളജി ചർച്ച ചെയ്യുന്നു. കൺമുന്നിൽ കാണുന്നതിനെ നാം അറിയാതിരിക്കുമ്പോൾ അതിനൊരു വിലകൊടുക്കേണ്ടതായുണ്ട്. ആ വിലയെക്കുറിച്ചു പോലും നാം അറിയാതിരിക്കുന്ന ഒരു സുഖനിർവേദാവസ്ഥയാണ് ഉള്ളിൽ നിറയുന്ന അനറിവുകൾ ഒരു വ്യക്തിക്കു നൽകുക.
അജ്ഞതയുടെ അടിച്ചേൽപ്പിക്കൽ എങ്ങനെയൊക്കെയാണ് സാധിക്കുക? സർക്കാർ ഏജൻസികൾ, കോർപ്പറേറ്റ് ഉപാധികൾ, മാധ്യമവഴികൾ ഇതൊക്കെ അജ്ഞത പകരുന്ന ചാലുകളാകാം. വിവരങ്ങളുടെ വിലക്ക്, രേഖനാശനം, രഹസ്യപ്പെടുത്തൽ, മറപ്പെടുത്തൽ തുടങ്ങിയ തന്ത്രങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താം. വിവരങ്ങൾ വിലക്കുക, രേഖകൾ നശിപ്പിക്കുക, ചില വിവരങ്ങൾ രഹസ്യമാണെന്നു പ്രഖ്യാപിക്കുക ഇതൊക്കെ സർക്കാരുകൾക്ക് എളുപ്പത്തിൽ കഴിയും. മറപ്പെടുത്തൽ സർക്കാരുകളും കോർപ്പറേറ്റുകളും ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകൾ പൂർണമായി വെളിപ്പെടുത്താതിരിക്കാൻ എണ്ണക്കമ്പനികൾ ശാസ്ത്രജ്ഞന്മാരെ സ്വാധീനിക്കുകയും അവർ അതിന് വഴങ്ങുകയും ചെയ്തു എന്ന് ഉയരുകയും നിഷേധിക്കപ്പെടാതെ തുടരുകയും ചെയ്ത ആരോപണം മറപ്പെടുത്തലിന് ഉദാഹരണം. പുറത്തു പറഞ്ഞതിനെക്കാൾ കൂടുതൽ മറച്ചുവച്ചു; അവാസ്തവം പറഞ്ഞതുമില്ല. എൻഡോസൾഫാൻ വഴി കാർഷികോൽപ്പാദനം കൂട്ടാമെന്നതിനു വലിയ പ്രാമുഖ്യം കൊടുത്തപ്പോൾ അതു ജീവജാലങ്ങളിലുണ്ടാക്കാവുന്ന ദോഷഫലങ്ങൾ പുറത്തറിയാതെ തുടർന്നു. ഇതിലെല്ലാം പ്രത്യക്ഷത്തിൽ അറിവിന്റെ നിഷേധിക്കലുണ്ട്. അങ്ങനെയല്ലാതെയും അറിവിനെ തടയാം, അതാണ് അനറിവുകളുടെ പമ്പിങ്. വിവരം അറിവാകണമെങ്കിൽ തലച്ചോറിൽ അപഗ്രന്ഥനവും അവലോകനവും നടക്കണമല്ലോ. അതിന് നേരം കൊടുക്കാത്ത വിധത്തിൽ വിവരങ്ങൾ വന്നുകൊണ്ടിരുന്നാലോ. ഇന്റർനെറ്റ് അജ്ഞതയുടെ വ്യാപനത്തിന് വഴിതെളിക്കും എന്ന് ഡേവിഡ് ഡണിങ് (David Dunning, University of Michigan) നല്‍കിയ മുന്നറിയിപ്പ് ഇതിലേക്കായിരുന്നു. ഇന്ന് ഫിൽറ്റർ ബബിൾ (Filter Bubble), എക്കോ ചേംബർ (Echo Chamber) തുടങ്ങിയ സംഗതികൾ അത് യാഥാർഥ്യമായി നമുക്ക് കാണിച്ചു തരുന്നു.
ഇന്റർനെറ്റ് ഉപഭോക്താക്കൾ സ്വന്തം വിശ്വാസങ്ങൾക്കും താൽപര്യങ്ങൾക്കും ഒത്തു പോകുന്ന വിവരങ്ങൾ മാത്രം തേടുകയും അതിൽ അഭിരമിക്കുകയും നെറ്റ് അതു തന്നെ തുടർച്ചയായി അവർക്ക് നൽകുകയും ചെയ്ത്, അവർ മറ്റൊന്നും അറിയാത്ത നിലയിലെത്തുന്ന അവസ്ഥയ്ക്കാണ് ‘ഫിൽറ്റർ ബബിൾ’ (അരിപ്പുകുമിള) എന്നു പറയുന്നത്. ഇത് ഒരാളുടെ മാധ്യമ താൽപര്യത്തോട് ചേർന്നും സംഭവിക്കാം. സ്വന്തം കാഴ്ചപ്പാടുകൾക്കു ചേർന്നതു മാത്രം കാണുകയും കേൾക്കുകയും വായിക്കുകയും ഇഷ്ടപ്പെട്ട നേതാവിന്റെ വാക്കുകൾ മാത്രം ശ്രദ്ധിച്ച് മറ്റൊന്നും അറിയാൻ പോലുമാകാതെ ഒരു കുമിളയ്ക്കുള്ളിൽ ആയിപ്പോകുകയും ചെയ്യുന്ന അവസ്ഥ. എക്കോ ചേംബർ (മാറ്റൊലിക്കൂട്) എന്നതും ഇതു തന്നെയാണ്. സ്വന്തം വിശ്വാസങ്ങളും കാഴ്ചപ്പാടുകളും പിന്നെയും പിന്നെയും ശക്തിപ്പെടുത്തുന്ന കാര്യങ്ങൾക്കു മാത്രം കണ്ണും കാതും മനസ്സും കൊടുക്കുന്ന സാഹചര്യം. തന്റെ ഉള്ളിൽ മുഴങ്ങുന്ന ഒരു ആശയം മാത്രം പിന്നെയും പിന്നെയും കൂടുതൽ മുഴക്കം പ്രാപിക്കുന്ന ചുറ്റുപാടിന് സ്വയം വിട്ടുകൊടുക്കുകയാണ് ഇവിടെ ഒരാൾ. മറ്റൊന്നിനും പ്രവേശനം ഇല്ലാത്ത ഒരു കൂട്ടിൽ അയാൾ തന്നെത്തന്നെ അടയ്ക്കുകയും അതിൽ ആനന്ദിക്കുകയും ചെയ്യുകയാണ്. (ആനന്ദിക്കൽ പ്രധാനമാണ്. അതിലാണ് ഒരാൾ മറ്റൊന്നും ആവശ്യമില്ലാത്ത അവസ്ഥയിലെത്തുന്നത്). ഇത് ജനാധിപത്യ സങ്കൽപത്തിലെ ആശയബഹുലതാ സങ്കൽപത്തിനു വിരുദ്ധമാണ്. ജനങ്ങളെ ഇത്തരം കുമിളകളിലും കൂടുകളിലും കുടുക്കിയിടുക വിവിധ ആശയങ്ങളുടെ ഉപജ്ഞാതാക്കൾക്കും വക്താക്കൾക്കും ഇന്ന് എളുപ്പമാണ്. നവീന മാധ്യമങ്ങളെ വരുതിയിലാക്കിയാൽ മതി. നെറ്റ്‌വർക്ക് സയൻസിനെ പ്രയോജനപ്പെടുത്തിയാൽ മതി.
അഭിപ്രായങ്ങളുടെ സ്വതന്ത്രപ്രവാഹം എന്ന ജനാധിപത്യത്തിലെ സങ്കൽപത്തിനപ്പുറത്ത് സാധാരണ ജനങ്ങൾ നല്ല പങ്കും പലപ്പോഴും കക്ഷി രാഷ്ട്രീയത്തിന്റെ കള്ളികളിൽ അറിയാതെ കുടുങ്ങിപ്പോകുന്നവരാകും. അതോടെ എല്ലാ കാഴ്ചകളും ഏതെങ്കിലും ഒരു നിറക്കണ്ണടയിലൂടെയാകും. സോഷ്യൽ മീഡിയയുടെ വരവോടെ രാഷ്ട്രീയ കക്ഷികളുടെ ‘സൈബർ ഭടൻമാർ’ നിരന്തരമായ ആശയാധിനിവേശശ്രമം ഒരോ വ്യക്തിയെയും വരെ ലക്ഷ്യം വച്ചു നടത്തിക്കൊണ്ടിരിക്കുന്നു. ടെക്നോളജിയുടെ അപസാധ്യതയെ അതിന്റെ പാരമ്യത്തിൽ പ്രയോഗിക്കുകതന്നെയാണ് ഇവിടെ ചെയ്യുന്നത്. വ്യവസ്ഥാപിത മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കലും ഈ ശ്രമങ്ങളിലെ ഒരു ലക്ഷ്യമാണ്. ആശയപ്രചാരണത്തിനു സോഷ്യൽ മീഡിയ സാധ്യതകളെ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത് രാഷ്ട്രീയ കക്ഷികളും നേതാക്കളുമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ട്വിറ്റർ അക്കൗണ്ട് ഉടമ ഒരു രാഷ്ട്രീയക്കാരനാണ്– മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ആകെ സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ കാര്യത്തിലും ഒബാമ തന്നെ മുന്നിൽ. രണ്ടാംസ്ഥാനത്ത് ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ്. ട്വിറ്റർ മാത്രമെടുത്താൽ ലോകത്ത് നരേന്ദ്ര മോദി മൂന്നാം സ്ഥാനത്തുണ്ട്. (രണ്ടാമതു ഡോണൾഡ് ട്രംപ് ആണ്) ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ഫോളോവേഴ്സുള്ള രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി തന്നെ (2019 സെപ്റ്റംബറിലെയും 2020 ജൂണിലെയും കണക്ക്). രാഷ്ട്രീയക്കാർ തങ്ങളുടെ പ്രചാരണത്തിന് ഏറ്റവും ഫലപ്രദമായി സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നു. അതു സ്വാഭാവികവുമാണ്. നേതാക്കൾ അതിലൂടെ ‘ആരാധകർക്ക്’ വ്യക്തിബന്ധത്തിന്റെ അനുഭവം നൽകുന്നു. ട്വിറ്ററിന്റെ 28% അക്കൗണ്ട് ഉടമകളും രാഷ്ട്രീയ നേതാക്കളാണ് എന്നതും ശ്രദ്ധിക്കണം. ട്വിറ്റർ ഉപയോഗത്തിൽ ഒരു വിഭാഗമായി ഒന്നാമതു നിൽക്കുന്നത് അവരാണ്. നവീന മാധ്യമങ്ങൾ പ്രഹാളം (Propaganda) നിർവഹിക്കാനുള്ള ഉപാധിയായി പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യതകളിലേക്കും ഇതു സൂചന നൽകുന്നു. സത്യാനന്തര (Post truth) കാലത്തിന്റെ ആയുധങ്ങളായി ഏറ്റവുമധികം ഉപയോഗിക്കപ്പെടാവുന്നവയാണ് അവ. ആളുകളുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽനിന്നു വ്യക്തിവിവരങ്ങൾ ചോർത്തിയെടുത്ത് അത് അവരെ സ്വാധീനിക്കുന്ന പ്രചാരണത്തിനുപയോഗിക്കുന്ന കേംബ്രിജ് അനലിറ്റിക്ക മോഡൽ വഞ്ചനകളും ലോകം കണ്ടു. അതു രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കപ്പെട്ടു.
രാഷ്ട്രീയപ്രചാരണങ്ങളിൽ ആരും ഒന്നും തിരിച്ചു ചോദിക്കാതെ നേതാവിൽ നിന്ന്, അഥവ അദ്ദേഹത്തിന്റെ പ്രചാരണവിഭാഗത്തിൽ നിന്ന് ‘അരുളപ്പാടുകൾ’ അണികളിലേക്കു പോകും. പൊയ്ക്കൊണ്ടേയിരിക്കും. മറ്റൊന്നിനും ഇടം കൊടുക്കാതെ. അതിന്റെ തുടർപ്രക്രിയയും ഫലവുമായും ഫിൽറ്റർ ബബിളും എക്കോ ചേംബറും ഒക്കെ രൂപപ്പെടുന്നു.
വ്യത്യസ്ത ആശയങ്ങളുടെ ധാരകൾക്ക് ഇടം കൊടുക്കുന്ന മാധ്യമങ്ങൾ അധികാരസ്ഥാനങ്ങള്‍ക്ക് അസ്വാസ്ഥ്യകാരണമാകും. അവയെ ഞെരുക്കാൻ അവർ പുറപ്പെടും. അല്ലെങ്കിൽ അവരുടെ അണികൾ അതിനൊരുമ്പെടും. മന്ത്രി വന്നിറങ്ങുന്ന വിമാനത്താവളത്തിൽ എത്തുന്ന മാധ്യമപ്രവർത്തകർ അടിയേറ്റ് ആശുപത്രിയിലാകുന്നതും മുഖ്യമന്ത്രിയുടെ ചടങ്ങിന് എത്തുന്നവർക്ക് ‘കടക്കു പുറത്ത്’ എന്നു കേൾക്കേണ്ടി വരുന്നതും പ്രധാനമന്ത്രിയുടെ സമ്മേളനവേദിക്കു പുറത്ത് മാധ്യമപ്രവർത്തകന് ഇടി കിട്ടുന്നതും ഒക്കെ അതിന്റെ ഭാഗമാണ്.
ഇത്തരം കടുപ്പത്തിലുള്ളതല്ലാത്ത പ്രയോഗങ്ങളും വരും. പ്രത്യക്ഷത്തിൽ അസഹിഷ്ണുതയൊന്നുമില്ലാത്ത നീക്കങ്ങൾ. അതിൽ പ്രധാനപ്പെട്ടതാണ് സ്വന്തം മാധ്യമച്ചാലുകൾ (Media Channels). നേതാക്കളും അധികാരികളും പൊതു മാധ്യമങ്ങളെ ഒഴിവാക്കുകയും സ്വന്തം പോസ്റ്റുകളിലൂടെയും സെൽഫികളിലൂടെയും ജനങ്ങളോടു സംവദിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഈ വഴി. പൊതുമാധ്യമങ്ങളുടെ പ്രസക്തി ഇല്ലാതാക്കൽ ഇതിലെ ലക്ഷ്യമാണ്. സർക്കാർ വകുപ്പുകളും വകുപ്പധ്യക്ഷൻമാരുമൊക്കെ സർക്കാരിന്റെ പിആർഡി വഴി മാത്രം കാര്യം പറയുകയും മാധ്യമങ്ങളോടു മിണ്ടാതിരിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ മറ്റൊരു രൂപം. ഔദ്യോഗികം എന്ന പരിവേഷം കൂടാതെ ചില നേരങ്ങളിൽ അന്തർലീനമായി ഒരു ധാർഷ്ട്യവും പിആർഡി കുറിപ്പുകൾക്ക് ഉണ്ടാകും. അങ്ങോട്ടെന്തെങ്കിലും ചോദിച്ചാൽ ‘തന്നതങ്ങു കൊടുത്താൽ മതി’ എന്നാകും ഉദ്യാഗസ്ഥ നിലപാട്. മാധ്യമപ്രവർത്തനത്തിലെ പ്രതിശോധനം (Verification) എന്ന കണ്ണായ ഘടകത്തെ തകർക്കുകയാണിവിടെ. അറിവ് (അനറിവ്) നൽകിക്കൊണ്ട് അറിയാതെ അജ്ഞത സൃഷ്ടിക്കുകയാണ് ഇവിടെയൊക്കെ.
ടെക്നോളജിക്ക് അങ്ങനെയൊരു പ്രശ്നമുണ്ട്. സാധ്യതകൾ മുന്നിൽ കണ്ടു രൂപപ്പെടുത്തുന്ന അവയുടെ അപസാധ്യതകളും വേഗം വെളിച്ചത്തു വരും. എത്ര ചെറിയ ടെക്നോളജിക്കും ആ പ്രശ്നമുണ്ട്. കത്തി ഒരു ടെക്നോളജിയാണ്. കപ്പ മുറിക്കാം എന്നത് അതിന്റെ സാധ്യത. കഴുത്തു മുറിക്കാം എന്നത് അപസാധ്യത. ഇന്റർനെറ്റിനും നമ്മൾ ചിന്തിക്കാത്ത അപസാധ്യതകളാണ് തെളിഞ്ഞു വന്നു കൊണ്ടിരിക്കുന്നത്.
പുരാതന ഈജിപ്തിൽ ‘എഴുത്ത്’ കണ്ടു പിടിച്ച ശാസ്ത്രവിദ്യക്കാരൻ തിയൂഥ് (Theuth) അതു വലിയ കാര്യമായി താമൂസ് (Thamus) രാജാവിന്റെ മുന്നിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹം സംഗതി അത്ര കാര്യമായി കണ്ടില്ല എന്നൊരു കഥയുണ്ട്. (ഈജിപ്തിന് ഇവർ രണ്ടും ദേവൻമാരുമാണ്). പുത്തൻ കണ്ടുപിടിത്തം ഈജിപ്ഷ്യൻ ജനതയുടെ ജ്ഞാനവും ഓർമയും വർധിപ്പിക്കും എന്നായിരുന്നു തിയൂഥിന്റെ വാദം. രാജാവു പറഞ്ഞു: അത് ഓർമിച്ചെടുക്കലിനെ (recollection) സഹായിക്കുന്ന ഒരു ഉപാധി (tool) ആയേക്കും. പക്ഷേ ജ്ഞാനത്തിനു അതുകൊണ്ട് ഗുണമൊന്നും വരില്ല. എഴുതപ്പെട്ട വാക്കുകൾ വ്യാജ അറിവുകൾക്ക് വഴിയൊരുക്കും. കാരണം അറിവിനെ മനസ്സിൽ വലിയ അളവിൽ സ്വയം സൂക്ഷിക്കുന്നതു നിർത്തി ജനങ്ങൾ അറിവിനായി അപ്പപ്പോഴത്തെ പുറം സ്രോതസ്സുകളെ ആശ്രയിക്കുമല്ലോ– അതായിരുന്നു താമൂസിന്റെ നിലപാട്. ദുഷിപ്പിക്കപ്പെട്ട അറിവ് വലിയൊരു ഭീഷണിയായി താമൂസ് അന്നേ കണ്ടിരുന്നു. (സോക്രട്ടീസ് പറഞ്ഞതായി പ്ലേറ്റോ രേഖപ്പെടുത്തിയ കഥ – internet archives).
അറിവില്ലായ്മ എന്നതിനെക്കാൾ ഗുരുതരമായ പ്രശ്നമാണ് തെറ്റായ അറിവുകൾ. അത് ശരിയെന്ന ഉറച്ച വിശ്വാസം കൂടിയാകുമ്പോൾ അപകടം കൂടുന്നു. മനുഷ്യൻ അങ്ങനെ തെറ്റായ കാര്യങ്ങൾ ശരിയെന്നു വിശ്വസിക്കുമോ എന്ന ചോദ്യത്തിന് ജനിതക ശാസ്ത്രം ‘ഉവ്വ്’ എന്നാണ് മറുപടി നൽകുന്നത്. നാം ഉൾപ്പെട്ടു നിൽക്കുന്ന സംഘത്തോടു നമുക്ക് എപ്പോഴും ഒരു പ്രതിബദ്ധതയുണ്ടാവും. നമ്മുടെ ഗോത്രം, മതം, ജാതി, ദേശം, വംശം, പ്രത്യയശാസ്ത്രം, രാഷ്ട്രീയ വിശ്വാസം ഇതിലൊക്കെ ഉൾപ്പെട്ടു നിൽക്കുന്നവരോട് അബോധപൂർവമായൊരു മമത നമുക്കുണ്ടാകും. മേൽപ്പറഞ്ഞ ഓരോ സംഘരൂപങ്ങൾക്കുള്ളിൽ തന്നെയും ഇതര സംഘധാരണകൾക്കു പ്രാബല്യമുണ്ടാകും. ഇന്ത്യയ്ക്കു പുറത്ത് ഇന്ത്യക്കാർ എന്ന ബോധത്തിൽ ഒന്നിച്ചു നിന്ന് ഇതര രാജ്യക്കാരനെ നേരിടുന്ന ഒരു സംഘം കുറെ കഴിയുമ്പോൾ മറ്റൊരു പ്രശ്നത്തിൽ ഉത്തരേന്ത്യൻ– ദക്ഷിണേന്ത്യന്‍ പക്ഷങ്ങളായി തിരിയാം. അവർ പിന്നെ ബിഹാറിയും പഞ്ചാബിയും ആയും തമിഴനും മലയാളിയും ആയും ഒക്കെ പക്ഷം തിരിയാം. വീണ്ടും ഇന്ത്യക്കാരായി കൈ കോർക്കുകയും ചെയ്യും. രണ്ടു വശമുള്ള ഒരു പ്രശ്നത്തില്‍ ഒരാൾ ചേരുക സംഘസ്വാഭാവികമായി താൻ വിശ്വസിക്കുന്ന വിഭാഗത്തിന്റെ നിലപാടിന്റെ പക്ഷത്തേക്കായിരിക്കും. അതു മനുഷ്യന്‍ യുഗങ്ങൾക്കപ്പുറം വേട്ടാളിയും പെറുക്കിയും (hunter and gatherer) ആയി നടക്കുന്ന കാലത്തേ രൂപം കൊണ്ട ഒരു ചോദനയാണ്. സ്വന്തം കൂട്ടത്തെ വിശ്വസിക്കുന്നതാണ് അതിജീവനത്തിനു നന്ന് എന്നൊരു പാഠം. അവരാണ് അന്ന്, അങ്ങു പണ്ട്, ആൾപ്പിടിയൻ കടുവ ഇറങ്ങിയിട്ടുണ്ടെന്നു മുന്നറിയിപ്പു തന്നത്. കൊലയാന വഴിയിലുണ്ടെന്നു പിടിച്ചു നിർത്തിയത്. അവരെ വിശ്വസിക്കാം. അവരെയാണു വിശ്വസിക്കേണ്ടത്. എന്നാലിന്ന്, ലോകം ഒരു ആഗോള ഗ്രാമമായിരിക്കെ ആരെന്നുമെന്തന്നുമറിയാതെ ഉണ്ടാകുന്ന കൂട്ടങ്ങളിൽ, അതും പലപ്പോളും പ്രതീതിയാഥാർഥ്യങ്ങൾ (virtual reality) മാത്രം ആയ കൂട്ടങ്ങളിൽ ആരെ എങ്ങനെയാണ് വിശ്വസിക്കാനാവുക! അപ്പോഴും conformism (അനുരൂപത– അറിയുന്നവരോടുള്ള ചായ്‌വ്) നാം ചരിക്കുന്ന ഒരു ചാലായിത്തന്നെ നിൽക്കുന്നു.
പരിണാമപാതയിൽ കൈവന്നിട്ടുള്ള അത്തരം ജനിതകവടുക്കളൊന്നും മനുഷ്യന്റെ സ്വഭാവങ്ങളിൽ നിന്നു മാഞ്ഞുപോകില്ല; സംസ്കാര വളർച്ചകൊണ്ട് അതിനെയൊക്കെ മെരുക്കാൻ നാം ശ്രമിക്കുമ്പോഴും.
മേലേ പറഞ്ഞ അഗോചരങ്ങൾ പോലുമായ കുഞ്ഞുകുഞ്ഞു വിഭാഗീയതകളെ കണ്ടെത്തി വിപുലപ്പെടുത്തി തുടർച്ചയായ സന്നിവേശങ്ങളിലൂടെ ഉറച്ച കോട്ടകളാക്കാൻ ആ സന്നിവേശങ്ങളുടെ വക്താക്കൾക്ക് കഴിയും. നിർമിത വാസ്തവങ്ങൾ അവരുടെ കമ്മട്ടത്തിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കും. കുഞ്ഞുകുഞ്ഞു സത്യങ്ങൾക്ക് ചുറ്റുപാടും ആസൂത്രണ വൈദഗ്ധ്യത്തോടെ കരുപ്പിടിപ്പിച്ചെടുക്കുന്ന വ്യാജ വാർത്തകൾ ആസുരമായ ലക്ഷ്യങ്ങൾ മുൻനിർത്തിത്തന്നെ ഉള്ളവയാകും. ആഴവ്യാജങ്ങളുടെ (Deep Fake) കാലമാണിത്. ഒരാൾ പറയാത്തതു പറയുന്ന വിഡിയോ അയാളുടെ ശബ്ദത്തിലും ഭാവചേഷ്ടകളിലും തന്നെ സൃഷ്ടിക്കാം. നിർമിതബുദ്ധി (Artificial Intelligence) ഉപയോഗപ്പെടുത്തിയാൽ മതി. അഡോൾഫ് ഹിറ്റ്ലർ വ്യാജം കൊണ്ടുള്ള പ്രഹാളം അത്യന്തം വിജയകരമായി പ്രയോഗിക്കുമ്പോൾ ‘അഗ്‌നറ്റോളജി’ രൂപംകൊണ്ടിരുന്നില്ല. ഒരു കള്ളം നൂറു തവണ ആവർത്തിച്ചാൽ സത്യമായി മാറുമെന്ന ഗീബൽസിന്റെ തത്വം പ്രയോഗത്തിലാകുമ്പോൾ വ്യാജത്തിന്റെ വ്യാപനം നടക്കുന്നതിന്റെ രീതിഘടന (methadology) വെളിവായിരുന്നില്ല. പക്ഷേ, ഇന്നത് കുറെ വ്യക്തമാണ്. പകർച്ചവ്യാധി (Contagion) പടരുന്ന രീതിയിലാണ് വ്യാജവാർത്തയും പടരുന്നതെന്ന് പഠനം നടത്തിയ വിദഗ്ധർ പറയുന്നു.
ഒരാളുടെ സ്ക്രീനിൽ വന്നു വീഴുന്ന ഒരു വ്യാജവാർത്ത എത്രയെത്ര പേരിലേക്കാണ് ഫോർവേഡ് ചെയ്യപ്പെടുക. സമാന ഗ്രൂപ്പുകളിലേക്ക് അവ വേഗം വേഗം പടരുന്നു. കോവിഡ് 19 ന്റെ അനുഭവം മറക്കാൻ കാലമായിട്ടില്ലാത്തതു കൊണ്ട് അതിന്റെ കംപ്യൂട്ടർ അൽഗോരിതം പറഞ്ഞാലതു നമുക്കു മനസ്സിലാകും. ‘ബ്രേക്ക് ദ് ചെയിൻ’ ഇല്ലാത്ത ഒരു സമൂഹവ്യാപനം മാത്രം മനസ്സിൽ കാണുക. (കൊറോണ വൈറസ് ഒരാളിൽ നിന്ന് ശരാശരി 80 പേരിൽ എത്തുമെന്നാണു കണക്ക് – ഡോ. കെ. ജേക്കബ് ജോൺ, വൈറോളജിസ്റ്റ്). വിവരവിസ്ഫോടനം (Information explosion) വിവരമില്ലായ്മാ വിസ്ഫോടനത്തിനു (Ignorance explosion) കൂടി വാതിലാകുന്നത് ഇവിടെ നമുക്ക് തിരിച്ചറിയാനാകും. അപവിവര വ്യവസായത്തിന്റെ (disinformation industry) ഉൽപന്നങ്ങൾ അതിപൂരിതമാകും (Supersaturate) വിധം അമിതമായി നമ്മുടെ തലച്ചോറിലേക്ക് എത്തിക്കുമ്പോൾ മറ്റെന്തെങ്കിലും ഒന്നറിയാൻ കൂടി നമുക്ക് സാധിക്കുകയേ ഇല്ലാത്തൊരവസ്ഥ. അറിയുന്നതെല്ലാമാണ് സത്യം എന്നു ധരിക്കുന്ന ഒരവസ്ഥ. അതിൽ അഭിരമിക്കുന്ന ഒരവസ്ഥ.
അതു പക്ഷേ യഥാര്‍ഥസത്യം അല്ലെന്നിരിക്കെ, അവ നമ്മുടെ തലച്ചോറില്‍ നിറയുമ്പോഴും നമ്മൾ അജ്ഞതയിലാകും. സത്യം അറിയുമ്പോഴേ ജ്ഞാനമാകൂ. ഈ അവസ്ഥയെ ശരിയായി പഠിക്കാൻ കൂടിയാണ് ‘അഗ്‌നറ്റോളജി’ ഒരു പഠന ശാഖയായി രൂപപ്പെട്ടുവന്നത്. നമ്മുടെ ഉള്ളിലുള്ള അറിവിനെയും അതിന്റെ വഴികളെയും പഠിക്കുമ്പോഴാണ് നാം അറിയുന്നത് അജ്ഞതയും അനറിവുകളും നമ്മളെ പിന്നെയും ഭരിക്കുന്നു എന്ന്. അപ്പോൾ ആ അജ്ഞത എങ്ങനെ ഉൽപ്പാദിപ്പിക്കപ്പെടുന്നു എന്നു പഠിക്കുന്നത് പ്രസക്തമാകുന്നു. വാർത്തകൾ വരേണ്ടയിടങ്ങളിൽ വ്യാജം വരിക, വാർത്തകളെക്കാൾ കൂടുതലായി കുവാർത്തകൾ വരിക, വാർത്തകളായി അവകാശപ്പെട്ടുതന്നെ വരിക എന്നിവ സംഭവിക്കുമ്പോൾ അവയെ മനസ്സിലാക്കാൻ, തിരിച്ചറിയാൻ, അടുത്ത ഘട്ടമായി അവയിൽ നിന്നു മുക്തി നേടാൻ വ്യാജവാർത്തകളെ നമുക്ക് പഠിക്കേണ്ടിവരും.
വ്യാജം നമ്മുടെ മനസ്സിൽ മസ്തിഷ്കത്തിൽ എന്താണ് ചെയ്യുന്നത്? അതിഗംഭീര അവലോകന ശേഷിയും വിവേചന ബുദ്ധിയും നിറഞ്ഞ നമ്മുടെ തലച്ചോറിനെ (കോഗ്‌നിഷനെ) വ്യാജം എങ്ങനെയാണ് വരുതിയിലാക്കുന്നത്? അത് പഠിക്കാനും ഒരു പഠനശാഖ രൂപപ്പെട്ടിട്ടുണ്ട് – കോഗ്നിട്രോണിക്സ് (Congritronics). വിവരങ്ങളിൽനിന്നു ധാരണകളിലെത്താൻ നമുക്കുള്ള കോഗ്‌നിറ്റീവ് സങ്കേതങ്ങളെ (Cognitive Mechanisms) എങ്ങനെ മെച്ചപ്പെടുത്താം എന്നതിന്റെ വഴികൾ കണ്ടെത്തലാണതിന്റെ പ്രധാന ലക്ഷ്യം. പുറത്തുനിന്നു നമുക്കുള്ളിലെത്തുന്ന വിവരങ്ങൾ കൊണ്ടു രൂപപ്പെടുന്ന ധാരണകൾ എങ്ങനെ വളച്ചൊടിക്കപ്പെട്ടു പോകുന്നു? അതിനോട് നമ്മൾ എങ്ങനെ പൊരുത്തപ്പെടുന്നു? തെറ്റായതായിരിക്കെത്തന്നെ വിവരങ്ങളെ ശരിയെന്നു സ്വീകരിക്കാൻ തക്കവണ്ണം നമ്മുടെ കോഗ്‌നിഷന് ഏതു വിധത്തിലാണ് അന്ധത പിടിപെടുന്നത് തുടങ്ങിയവയൊക്കെ അത് പഠിക്കുകയാണ്.
ഇത്തരം അന്വേഷണങ്ങൾ വ്യാജനെ ദൂരെ നിന്നേ തിരിച്ചറിയാനാകുന്ന ശേഷി രൂപപ്പെടുന്ന ഒരവസ്ഥയിലേക്കു നമ്മെ നയിക്കും എന്നു പ്രത്യാശിക്കാം. കള്ളവും പൊളിയും ഇല്ലാത്ത ഒരു സത്യലോകത്ത് നമ്മൾ അപ്പോൾ എത്തുമായിരിക്കും.
English Sumamry : Vicharam Madhyamaparam : How social media incites spread of fake news ?