2019 ൽ ലോകത്ത് 49 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അതിൽ ആശ്വാസത്തിന് അൽപം വകയുണ്ട്. കാരണം 16 കൊല്ലത്തെ ഏറ്റവും കുറഞ്ഞ മരണ സംഖ്യയാണത്. മാധ്യമപ്രവർത്തകരുടെ ഒരു ലോക സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (RSF - Reporters sans Frontiers) പുറത്തു വിട്ടതാണ് ഈ കണക്ക്. 2014 നും 2019 നും ഇന്ത്യയിൽ 40

2019 ൽ ലോകത്ത് 49 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അതിൽ ആശ്വാസത്തിന് അൽപം വകയുണ്ട്. കാരണം 16 കൊല്ലത്തെ ഏറ്റവും കുറഞ്ഞ മരണ സംഖ്യയാണത്. മാധ്യമപ്രവർത്തകരുടെ ഒരു ലോക സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (RSF - Reporters sans Frontiers) പുറത്തു വിട്ടതാണ് ഈ കണക്ക്. 2014 നും 2019 നും ഇന്ത്യയിൽ 40

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019 ൽ ലോകത്ത് 49 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അതിൽ ആശ്വാസത്തിന് അൽപം വകയുണ്ട്. കാരണം 16 കൊല്ലത്തെ ഏറ്റവും കുറഞ്ഞ മരണ സംഖ്യയാണത്. മാധ്യമപ്രവർത്തകരുടെ ഒരു ലോക സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (RSF - Reporters sans Frontiers) പുറത്തു വിട്ടതാണ് ഈ കണക്ക്. 2014 നും 2019 നും ഇന്ത്യയിൽ 40

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019 ൽ ലോകത്ത് 49 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അതിൽ ആശ്വാസത്തിന് അൽപം വകയുണ്ട്. കാരണം 16 കൊല്ലത്തെ ഏറ്റവും കുറഞ്ഞ മരണ സംഖ്യയാണത്. മാധ്യമപ്രവർത്തകരുടെ ഒരു ലോക സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (RSF - Reporters sans Frontiers) പുറത്തു വിട്ടതാണ് ഈ കണക്ക്.

2014 നും 2019 നും ഇന്ത്യയിൽ 40 മാധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 2020 ലെ കണക്കുകൾ വരാനിരിക്കുന്നു. വൺ, ടൂ, ത്രീ .... എന്ന മട്ടിൽ സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.. 

ADVERTISEMENT

ഇവരൊക്കെ എന്തിനാണ് ഇങ്ങനെ മരിക്കുന്നത്? കൊല്ലുന്നതിനു മുൻപ് ഇവരോടുള്ളൊരു ചോദ്യവും ഇതാണ്– ‘എന്തിനാഡേ.. മരിക്കുന്നത്?’  

മരിക്കാതിരിക്കാൻ എന്താണു ചെയ്യേണ്ടത് ? 

മിണ്ടാതിരിക്കണം. അതു മതി. 

മാധ്യമങ്ങളോടു മിണ്ടാതിരിക്കാൻ പറയുന്നതിനെയാണ് സെൻസർഷിപ്പ് എന്നു വിളിക്കുന്നത്. സെൻസർഷിപ്പിന്റെ പരമമായ രൂപമാകുന്നു കൊന്നുകളയൽ. തിരിച്ചു പറഞ്ഞാൽ, കൊന്നു കളയിലിന്റെ മറ്റൊരു രൂപമാണ് സെൻസർഷിപ്പ്.

വര: ബേബി ഗോപാൽ
ADVERTISEMENT

ഓരോ സെൻസർഷിപ്പും ഓരോ ഗ്രേഡിലുള്ള കൊന്നുകളയലാണ്. മിണ്ടരുതെന്നു പറയാൻ വഴികൾ പലതാണ്. അതോരോന്നും  മാധ്യമങ്ങളെ കൊല്ലാനുള്ള വഴികളാണ്. കായികമായ ആക്രമണങ്ങളും ജീവനെടുത്തു കളയുന്നതും അതിലെ ഒരു വഴിയാണ്. ഭയപ്പെടുത്തലിന്റെ തീവ്രമായ രൂപമാണത്. മാധ്യമപ്രവർത്തകരെ ഒന്നാകെയുള്ള ഭയപ്പെടുത്തൽ. പക്ഷേ ബുദ്ധിപരമായി താഴേക്കിടയിലുള്ളവരാണ് അത്തരം ഇടപാടിനു തുനിയുക. മരണഭയം ശാശ്വതമായ ഒരു ഭയമല്ല. പ്രത്യേകിച്ചും ഒരു പ്രവൃത്തിയെ ദൗത്യമായി സ്വീകരിക്കുന്നവർക്ക്. മാധ്യമപ്രവർത്തനത്തിലെത്തുന്ന നല്ല പങ്ക് ആളുകളും ആത്യന്തികമായി ജീവിതനേട്ടങ്ങൾ ലക്ഷ്യമിട്ട് അതിൽ എത്തുന്നവരല്ല. ജീവിതം കൊണ്ട് സഹജീവിതങ്ങൾക്ക് തെല്ലെങ്കിലും മെച്ചം നൽകാൻ കഴിയുക എന്നതു പ്രധാനമായി കാണുന്ന മാനസികാവസ്ഥ ഉണ്ടാകും കൂടുതൽ പേർക്കും. കഷ്ടപ്പാടുകൾക്ക് ആസ്വാദനത്തിന്റെ ഒരു തലം കൂടി അവർ കണ്ടെത്തും. സാഹസികതയിൽ ചിലർ ഹരം കണ്ടെത്തും. വിക്ടർ ജോർജിനെ ഒാർക്കുക. ഖസാക്കിലെ രവിയെപ്പോലെ കാൽ പാമ്പിന്റെ മുന്നിലേക്കു നീട്ടിവച്ചു കൊടുക്കാനും ആകും പലർക്കും. ഇതൊക്കെക്കൊണ്ടുതന്നെ, കൊല്ലപ്പെട്ടവരുടെ വഴിയേ നടക്കാൻ പിന്നെയും ആളുണ്ടാകും. സമൂഹത്തിന്റെ പൊതുനന്മ ലാക്കാക്കിയുള്ള ദൗത്യം സംബന്ധിച്ച ബോധം ജീവിതത്തെ ചില റിസ്ക്കുകൾക്കു വിട്ടുകൊടുക്കാൻ മാധ്യമപ്രവർത്തകർക്കു മനസ്സൊരുക്കം നൽകും. ഒരുപക്ഷേ, പൊതു സമൂഹം ഒരുക്കുന്നൊരു സുരക്ഷ ചുറ്റുമുണ്ടെന്നൊരു ധാരണയും ഉണ്ടാകും.

യുദ്ധമേഖലകളിലോ സംഘർഷ മേഖലകളിലോ മഹാവ്യാധികളുടെ റിപ്പോർട്ടിങ്ങിനിടയിലോ (കോവിഡിന് ഇരയായി മരിച്ച മാധ്യമപ്രവർത്തകർ 200 ലേറെപ്പേരുണ്ട്) സംഭവിക്കുന്ന ജീവനഷ്ടങ്ങൾ കഴിഞ്ഞാൽ കായികമായി നേരിട്ട് ജീവനെടുത്തുകളയുന്ന നിലവാരത്തിൽ പെരുമാറുന്നവർ ഒരു തരം ‘മാഫിയ’ മാനസികാവസ്ഥയിലുള്ളവരാകും. കൊള്ളമാഫിയ, ഖനി മാഫിയ, മണൽ മാഫിയ, മണ്ണു മാഫിയ, ചൂതാട്ട സംഘങ്ങൾ, ലഹരി റാക്കറ്റുകൾ, അധോലോക വാടക ഗുണ്ടകൾ ഇത്യാദി മണ്ഡലങ്ങളിലുള്ളവരാകും  അതു ചെയ്യുക.

അവർ മാത്രമാണ് അതിൽ ഉൾപ്പെടുന്നത് എന്ന് ഇതിനർഥമില്ല. രാഷ്ട്രീയ സംഘടനകളുടെ ചുവടേ മുതലുള്ള ഘടകങ്ങൾ, പൊലീസും മറ്റു നിയമപാലനസംഘങ്ങളും, പലവിധ സ്വാധീനങ്ങളുള്ള പ്രതിലോമ സംഘങ്ങൾ ഇതൊക്കെ ഇതിനോടു ചേർന്നു പ്രവർത്തിക്കുന്നുണ്ടാകും. അവരുടെ എല്ലാ കുപ്രവർത്തനങ്ങളോടു ചേർന്നും മേൽപറഞ്ഞ കൂട്ടങ്ങളുടെ കുൽസിത പിന്തുണ ഉറപ്പാക്കിയിട്ടുണ്ടാകും. അതിന്റെ തെളിവോ സൂചനയോ ആയി പറയാവുന്നത് 2015 മുതൽ 2019 വരെയുള്ള 5 വർഷ കാലയളവിൽ ഇന്ത്യയിൽ മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങളിൽ ശിക്ഷാ തലത്തിലേക്ക് ഒരു കേസും എത്തിയിട്ടില്ല എന്നതാണ്. ഈ കാലയളവിൽ 40 ജേണലിസ്റ്റുകൾ എങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 21 എണ്ണം മാധ്യമപ്രവർത്തനത്തിന്റെ പേരിൽത്തന്നെ എന്ന് ഉറപ്പിച്ചിട്ടുമുണ്ട്. 

2014 ൽ ഒഡീഷയിൽ കൊല്ലപ്പെട്ട തരുൺകുമാർ ആചാര്യയുടെ കൊലപാതകികൾക്ക് 2019 ൽ ജീവപര്യന്തം വിധിച്ചിട്ടുള്ളതാണ് ഒരു വലിയ കാലയളവിൽ സംഭവിച്ചിട്ടുള്ള ശിക്ഷ. കശുവണ്ടി ഫാക്ടറിയിൽ ബാലവേല നടക്കുന്നതു റിപ്പോർട്ട് ചെയ്തതിനാണ് തരുണിനു നേരേ ആക്രമണം ഉണ്ടായത്. 2014 – 2019 കാലത്ത് ഗുരുതരമായ 198 ആക്രമണങ്ങൾ ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്കു നേരേ ഉണ്ടായിട്ടുണ്ട്. 63 എണ്ണവും ഏതെങ്കിലും അന്വേഷണാത്മക വിഷയങ്ങൾ റിപ്പോർട്ട് ചെയ്തവർക്കു നേരേയാണ്. ഇതിൽ 25 എണ്ണത്തിലേ എഫ്ഐആർ ഉണ്ടായിട്ടുള്ളു. അതിൽത്തന്നെ 18 ലും  എഫ്ഐആറിന് അപ്പുറം ഒന്നും സംഭവിച്ചിട്ടില്ല. 

ADVERTISEMENT

നാലെണ്ണത്തിൽ വിചാരണ തുടങ്ങിയ സ്ഥിതിയുണ്ട്. മൂന്നെണ്ണത്തിൽ കുറ്റപത്രം കോടതിയിലെത്തിയിട്ടുണ്ട്. അതിനപ്പുറത്തോട്ടു പോയിട്ടില്ല. ഇതാണ് നാലാം തൂണിനു നേരേ ഉണ്ടാകുന്ന ആക്രമണങ്ങളുടെ മേലുള്ള നടപടികളുടെ ഗതി. പൊതുവേ ഉള്ള അവസ്ഥ തന്നെയാകും ഇത്. കേരളത്തിൽ  2011 ൽ  വി.ബി. ഉണ്ണിത്താനു നേരേ നടന്ന കൊലപാതകശ്രമത്തിൽ പ്രതികളായി ഉയർന്ന പൊലീസ് ഉദ്യാഗസ്ഥരുമുണ്ട്. സിബിഐ വരെ അന്വേഷിച്ച കേസ് ഇപ്പോഴും തുടരുകയാണ്. ക്രൂരമായ ആക്രമണത്തിന്റെ ബാക്കിയായുള്ള ശാരീരികപീഡകൾ ഉണ്ണിത്താന് ഇപ്പോഴും തുടരുന്നു. കേസിലുൾപ്പെട്ട പൊലീസുകാരിലൊരാൾക്ക് പ്രമോഷൻ കിട്ടുകയും ചെയ്തു.

Nobel Peace Prize laureate Yemeni Tawakkol Karman holds a picture of missing journalist Jamal Khashoggi during a demonstration in front of the Saudi Arabian consulate, on October 5, 2018 in Istanbul. Photo Credit : Ozan Kose / AFP Photo

കഥകൾ  ഇങ്ങനെ തുടരുകയാണ്, ലോകമെങ്ങും. തുർക്കിയിലെ സൗദി എംബസിയിൽനിന്നു ജഡമായി പുറത്തുവന്ന ജമാൽ ഖഷോഗിയും കൊന്നുകളഞ്ഞു മിണ്ടാതാക്കിയ കൂട്ടത്തിലാണ്. പക്ഷേ, മുൻപേ പറഞ്ഞപേലെ ഇതു മാധ്യമസ്വാതന്ത്ര്യത്തെ ശാശ്വതമായി നാശപ്പെടുത്താൻ ശേഷിയുള്ള ഒരു മാർഗമല്ല. ജീവന്‍ പൊയ്പ്പോകുന്നയാൾക്കും കുടുംബത്തിനുമൊക്കെ അതു വലിയ നഷ്ടമാണ്. പക്ഷേ ആ ചോരയിൽനിന്ന് ഊർജം വഹിച്ച് ആരെങ്കിലുമൊക്കെ വീണ്ടും ചാകാനും തയാറായി ജേണലിസത്തിലേക്കു വരും. ആ തൊഴിലിൽ നിൽക്കുന്നവർ തന്നെയും പൊയ്പോയ സഹപ്രവർത്തകരുടെ ഓർമയിൽ വീണ്ടും സമർപ്പിക്കും. പൊതുസമൂഹം തന്നെയും  ഐക്യദാര്‍ഢ്യം  ഉറപ്പിക്കും. അതൊക്കെയാണ് സംഭവിക്കുക. ഇതു മനസ്സിലാക്കാത്തവരാണ് ഈ തരത്തിലുള്ള പച്ചയായ ഹിംസയ്ക്കു പുറപ്പെടുക. 

മറ്റേതു നിലവാരം കൂടിയ ഹിംസയാണ്. കൊല്ലാതെ തന്നെ മിണ്ടാതാക്കിക്കളയുക. ശബ്ദം പുറത്തു വിടാൻ കഴിയാതാക്കുക. അതിനു പ്രതിബന്ധങ്ങളൊരുക്കുക, എതിർശബ്ദങ്ങൾക്ക് ഇടം നൽകുന്നതു കുറ്റകൃത്യമാക്കുക. ശരിയായ ശബ്ദം കേൾക്കാൻ ഇടകൊടുക്കാതെ ചുറ്റും കോലാഹലങ്ങൾ സൃഷ്ടിക്കുക. നിരന്തരമായ പീഡനങ്ങൾ നിയമാനുസൃതമായി ചെയ്തു വശംകെടുത്തുക. അതിനു പാകത്തിൽ നിയമലംഘനങ്ങൾ ഉണ്ടായെന്നു വരുത്തിത്തീർക്കുക. സാമ്പത്തിക വഴികളിൽ പ്രതിബന്ധമുണ്ടാക്കുക. ഇതൊക്കെ അതിന്റെ വഴികളാണ്. ഏതെങ്കിലും ഒരു പക്ഷത്തിന് ഇഷ്ടമല്ലാത്ത വാർത്ത ഒരു മാധ്യമത്തിൽ വന്നാൽ അതിൽ പരസ്യം ചെയ്യുന്ന സ്ഥാപനങ്ങളെ  ബഹിഷ്കരിക്കുമെന്നു കൂട്ടം ചേർന്നു ഭീഷണിപ്പെടുത്തുന്നതും അതിനായി പ്രചാരവേലകൾ നടത്തുന്നതും കൂടി കേരളത്തിൽത്തന്നെ കാണാനായി.  

Saudi journalist Jamal Khashoggi, named TIME's Person of the Year 2018. Photo Credit: Time Magazine /Handout via Reuters

അധികാരികൾ പറയാൻ ബാധ്യതപ്പെട്ടതു പറയാതിരിക്കുന്നത് ഇതിലും മേലേയുള്ള ഇനമാണ്. ജനങ്ങൾക്കു കേൾക്കാൻ അവകാശമുള്ളതു പറയാതിരിക്കുക. ചോദിച്ചാലും പറയാതിരിക്കുക. അതു സമൂഹത്തിന്റെ മുഴുവൻ കാതിൽ ഈയം ഉരുക്കിയൊഴിക്കലാണ്. കണ്ണുപൊട്ടിച്ച് ഇരുളിൽ ആഴ്ത്തലാണ്. 

അധികാരത്തിന്റെ ഇരിപ്പിടങ്ങളിൽനിന്ന് ഇതെല്ലാം വരും. അതെല്ലാം നടത്തിയെടുക്കാൻ അവയ്ക്കു കിങ്കരസംഘവും ഉണ്ടാകും. അടിയന്തരാവസ്ഥ വേളയിൽ ഇതു വലിയ തോതിൽ ഇന്ത്യ കണ്ടു. വാർത്തകൾ ജില്ലാ മജിസ്ട്രേറ്റ് പരിശോധിച്ച് അനുവദിച്ചാലേ  അച്ചടിക്കാവൂ എന്ന അവസ്ഥ. പ്രക്ഷേപണത്തിന് അന്ന് സർക്കാർ സംവിധാനമായ ആകാശവാണിയേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ അവിടെ പരിശോധന വേണ്ടിയിരുന്നില്ല. വാർത്താ സംപ്രേഷണത്തിന് അന്നു ടിവി ഉണ്ടായിരുന്നില്ല എന്നതു കൊണ്ട് സെൻസർമാർക്ക് ആ ജോലി ഒഴിവായിക്കിട്ടിയിരുന്നു.  മാധ്യമങ്ങളെ മാത്രമല്ല ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങൾ ഒറ്റയ്ക്കു പറഞ്ഞവരെയും ജയിലിലടച്ചു. വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഒന്നാണെന്ന കൽപന അവിടെ വ്യക്തവുമായി. 

ടെക്നോളജിയെക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സൂക്ഷ്മ നിരീക്ഷണങ്ങളുടെയും ക്ഷിപ്രനടപടികളുടെയും കാലമാണിപ്പോൾ. ഒരു ചാനൽ രണ്ടു ദിവസം സംപ്രേഷണം നടത്തേണ്ട എന്ന് അധികാരി തീരുമാനിച്ചാൽ അവരുടെ സ്ക്രീനിൽ പിന്നെ ഇരുളേ ഉണ്ടാകൂ. അതിനൊപ്പം മുൻപേ പറഞ്ഞ ശാരീരികമായ ശൂന്യപ്പെടുത്തലുകളും പീഡനങ്ങളും ഉണ്ട്. ഇതൊക്കെയും കൂടിവരുന്നതുമാണ് ലോകം കാട്ടിത്തരുന്ന ചിത്രം. വിശാല ജനാധിപത്യ ഭരണ സംവിധാനമുണ്ടെന്നു കരുതുന്ന നാടുകളിൽ പോലും അതു വർധിച്ചു വരുന്നതാണ് കാണാനാവുന്നത്.

ഒന്നാമത് അധികാരികൾ പൊതു മാധ്യമങ്ങളെ അവഗണിക്കുന്നു. അവർ സ്വന്തം സോഷ്യൽ മീഡിയ വഴികളിലൂടെ മാത്രം സംസാരിക്കുന്നു. ഏകമുഖമായ വർത്തമാനം. ചോദ്യങ്ങളില്ലാത്ത തീർപ്പുകൾ, ബോധനങ്ങൾ, ശാസനങ്ങൾ. ലൈക്കുകൾ കൊണ്ട് അവ അമരത്വം പ്രാപിക്കുന്നു.

US President Donald Trump. Photo Credit : Evan Vucci / AP Photo

ശേഷം എന്തെല്ലാം, എവിടെ നിന്നെല്ലാം? പരമ്പരാഗത മാധ്യമങ്ങളെ പുച്ഛിക്കലും അവയെ ഇടിച്ചുകാട്ടലും അവയിലുള്ളതൊന്നും സത്യമല്ലെന്നു പറയലും അനുയായികളെക്കൊണ്ടു പറയിപ്പിക്കലും. അപകീർത്തിപ്പെടുത്തൽ. നമ്മുടെ ഒരു സേനാമേധാവി ഉപയോഗിച്ചൊരു പ്രയോഗമുണ്ടല്ലോ. പ്രെസ്‌റ്റിട്ട്യൂട്ട്സ്. അദ്ദേഹം പിന്നെ മന്ത്രിയായി. എല്ലാറ്റിലുമുപരിയായി അദ്ദേഹം സ്മരിക്കപ്പെടുക ഈ പ്രയോഗത്തിന്റെ പേരിലാകും. അമേരിക്കയിലൊരു നേതാവ് പണ്ടു പറഞ്ഞു– എഡിറ്റർമാർ എന്നാൽ നെല്ലും പതിരും വേർതിരിച്ചിട്ട് പതിർ അച്ചടിക്കുന്നവരാണ് (അഡ്‌ലായി സ്റ്റീവൻസന്‍ I). തമാശ മാത്രമല്ല അത്. മാധ്യമങ്ങളുടെ വിലയിടിക്കൽ അതിൽ ഉദ്ദേശ്യമുണ്ട്. വിശ്വാസ്യതയെ തകർക്കുക എന്ന ലക്ഷ്യമുണ്ട്. ഡോണൾഡ് ട്രംപ് മുഴുവൻ മാധ്യമങ്ങളെയും  ‘ഫെയ്ക്ക്’ എന്നേ പറയൂ. എന്നു മാത്രമല്ല മീഡിയ അമേരിക്കൻ ജനതയുടെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. 

പറയാതെ, പ്രവർത്തിക്കുന്നവരാണധികവും. ചില സംഭവങ്ങൾ കാണുക. പോളണ്ടിൽ സർക്കാരിനെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് ഒരു ചാനലിന് (TVN 24) മൂന്നു കോടി രൂപയ്ക്കു തുല്യം വരുന്ന തുക പിഴയിട്ടു. കാരണം നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു! അതേ, പ്രതിഷേധങ്ങൾ റിപ്പോർട്ടു ചെയ്താൽ അതു നിയമവിരുദ്ധ പ്രവർത്തനമാണ്. നിയമവിരുദ്ധതയെ പ്രോത്സാഹിപ്പിക്കലാണ്!

ഭരണകൂടത്തിനു സംഭവിച്ചുപോകുന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടാൻ ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങൾ ഉണ്ടാകണം എന്ന സങ്കൽപത്തെ കടപുഴക്കാനുള്ള മനഃപൂർവമായ ശ്രമം ആണ് ഇത്തരം നീക്കങ്ങളിലുള്ളത്. ഭരണകൂടങ്ങൾക്ക് വീഴ്ച സംഭവിക്കില്ല, ചെയ്യുന്നതൊക്കെയും ശരിയാണ്, ആരു ചോദ്യം ചെയ്യേണ്ട! ചോദ്യം ചെയ്താൽ അതിലുള്ളത് പക്ഷപാതിത്തമാണ്. അതിലെ ഉള്ളടക്കം വ്യാജമാണ്. അങ്ങനെയാണ് തീർപ്പ്. അധികാരിയുടെ തീർപ്പ് അന്തിമമാണ്. 

തുടർച്ചയായി  ഇത്തരം പറച്ചിലുകൾ ലോകമെങ്ങും ഉണ്ടാകുന്നു. അതിന്റെ ഉദ്ദേശ്യം മുൻപു പറഞ്ഞതുതന്നെ. മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കൽ. എന്തു വിശ്വസിക്കും എന്ന വലിയൊരു സന്ദേഹത്തിലേക്ക് ജനതയെ മുഴുവൻ തള്ളിയിടൽ. എല്ലാറ്റിനെക്കുറിച്ചും ഭരണകൂടം അതിന്റെ ഭാഷ്യം പറയും. അതാണു സത്യം. സ്വതന്ത്ര മാധ്യമങ്ങൾ വ്യാജവാർത്താ ഫാക്ടറികളാണ്. അവയിലുള്ളതൊക്കെ പ്രതിലോമമാണ്. രാഷ്ട്രദ്രോഹപരമാണ്. അവയ്ക്കെതിരായ നടപടികൾ രാഷ്ട്രത്തിന്റെ പുരോഗതിയും കെട്ടുറപ്പും ഉറപ്പിക്കാനാണ്. 

Viktor Orban. Photo Credit : Alexander Klein / AFP Photo

ഹംഗറിയിൽ സംഭവിച്ചതു കാണാം. അവിടെ ഇന്ന് മാധ്യമങ്ങൾ ഏതാണ്ട് മിക്കവാറും സർക്കാറിന്റെ നിയന്ത്രണത്തിലാണ്. നേരിട്ടല്ലതാനും. സ്വതന്ത്ര നിഷ്പക്ഷ നിലപാടുകളിലൂന്നി മുന്നോട്ടു പോയ മാധ്യമങ്ങളെ സർക്കാർ താൽപര്യങ്ങൾ മാത്രം പ്രതിഫലിപ്പിക്കുന്നവയായി മാറ്റാൻ പ്രധാനമന്ത്രി വിക്തോർ ഒർബാൻ (illiberal democracy എന്ന പ്രയോഗത്തിന്റെ കർത്താവാണദ്ദേഹം) ചെയ്തത് സർക്കാർ സിൽബന്തികളായ ബിസിനസ് ഗ്രൂപ്പുകളെ കൊണ്ട് അവയെ ഏറ്റെടുപ്പിക്കുകയായിരുന്നു. ഒട്ടേറെ മാധ്യമങ്ങൾ ടേക് ഓവറിനു വിധേയമായി. അതിനു മുൻപ് സർക്കാർ പരസ്യങ്ങളോ ഇതര പരസ്യങ്ങളോ വിമർശകരായ മാധ്യമങ്ങൾക്ക് എത്താതിരിക്കാൻ ശ്രദ്ധിച്ചു. അങ്ങനെ സാമ്പത്തികമായി പിടിച്ചു നിൽക്കാൻ പറ്റാതാകുന്ന അവസ്ഥയിൽ അവയെ എത്തിച്ചു. പിന്നെ സ്വന്തം താൽപര്യത്തിനൊപ്പം  നിൽക്കുന്നവരെക്കൊണ്ട് നിലവിലുള്ള പത്രങ്ങളെ ഏറ്റെടുപ്പിക്കൽ. അതോടെ മാധ്യമങ്ങളുടെ എഡിറ്റോറിയൽ സ്വഭാവം മാറും. എഡിറ്റോറിയൽ ജീവനക്കാരെത്തന്നെയും മാറ്റിക്കളയും. ഇന്നലെ വരെ വിമർശിച്ചവർ ഇന്ന് സർക്കാർ നടപടികളുടെ പിന്തുണക്കാരാകുന്ന അദ്ഭുതം. ‘പണ്ടത്തെപ്പോലെയല്ല, രാജ്യത്തിന്റെ അവസ്ഥ നിരന്തരം മെച്ചപ്പെടുന്നു’ എന്ന് അവ പറയും. പരസ്യങ്ങളും വരും. അതാണ് രീതി. 

പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യ ജീവിതത്തിനു പിന്നാലെ പായുന്ന പപ്പരാസികളും അവരുടെ കുടുംബാംഗങ്ങളുടെ നഗ്നചിത്രങ്ങൾ വരെ പ്രസിദ്ധീകരിക്കലും  ഒക്കെ അവിടെ മാധ്യമ മണ്ഡലത്തിലെ പുതിയ രീതികളായി. അധികാരത്തിലുള്ളവർ അതൊക്കെ അവരുടെ മേൽക്കൈ ഉറപ്പിക്കാൻ  ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. 

‘‘ഗവൺമെന്റുകൾ ചെയ്യാൻ ധൈര്യപ്പെടുമെന്ന് നാം ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളൊക്കെ അവ ഒടുവിൽ ചെയ്തുകളഞ്ഞിരിക്കുന്നു’’– കോർവിനവ് യൂണിവേഴ്സിറ്റി പ്രഫസർ ആഗ്നസ് ഉർബൻ പറയുന്നു. 

അവഗണിക്കലാണ് മറ്റൊരു തന്ത്രം. ഹംഗറിയിൽ ഏറ്റവും വരിക്കാരുള്ള വാർത്താസൈറ്റ് ഇൻഡെക്സ്.എച്ച്‌യു (Index.hu) വിന്റെ സീനിയർ എഡിറ്റർ ഗെർഗെലി നൈലാസ് (Gergely Nyilas) പറയുന്നു: ‘‘മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഇൻഡെക്സ് റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾ അവഗണിക്കുന്നതു പതിവായി. ജേണലിസ്റ്റുകളെ വിരട്ടുക, നോക്കിപ്പേടിപ്പിക്കുക ഇതൊക്കെ കുറെ നാളായുള്ള തന്ത്രമാണ്’’. 

അവഗണനയുടെ രൂപങ്ങൾ വേറെയുമുണ്ട്. “സ്വതന്ത്ര മാധ്യമങ്ങൾ ഒരു അഴിമതിയോ അപവാദമോ പുറത്തു കൊണ്ടുവന്നാൽ അതിനോട് ഒരു പ്രതികരണവുമുണ്ടാകില്ല. ഒന്നുമേ സംഭവിച്ചിട്ടില്ലെന്ന മട്ടിൽ കാര്യങ്ങൾ മുന്നോട്ടു തന്നെ പോകും.”

ഇതു ഹംഗറിക്കു മാത്രം ബാധകമായ കാര്യങ്ങളല്ല. ഏറിയും കുറഞ്ഞും ലോകമാകെയുണ്ട്. കൂടിക്കൂടി വരുന്നതാണ് അതിന്റെ ഇപ്പോഴത്തെ രീതി. 

ആത്യന്തികമായി ഇതു മാധ്യമങ്ങളെ മാത്രം ഇല്ലാതാക്കുന്ന ഒരു കെടുതിയല്ല. അത് ഇല്ലാതാക്കുക ജനാധ്യപത്യത്തെത്തന്നെയാവും. മാധ്യമങ്ങൾ എന്നു മരിക്കും എന്ന ആലോചനയിൽ ജനാധിപത്യം എന്നു മരിക്കും എന്നതു കൂടി ഉൾപ്പെടുത്തേണ്ട കാലമായിരിക്കുന്നു എന്നു തോന്നുന്നു. ജനാധിപത്യം മനുഷ്യർക്ക് ഒരു സ്വാഭാവിക രീതിയല്ല എന്ന ‘കണ്ടെത്തലുകളും’ വന്നുകൊണ്ടിരിക്കുന്നു (The End of Democracy- Rick Shenkman).

ടെക്നോളജിയുടെ എല്ലാ സാധ്യതയും ഭരണകൂടങ്ങൾ പൗരനിരീക്ഷണത്തിനെന്ന പോലെ മാധ്യമനിരീക്ഷണത്തിനും മാധ്യമപ്രവർത്തക നിരീക്ഷണത്തിനും ഉപയോഗിക്കും. ടെക്നോളജിയുടെ ഒരു പ്രത്യേകത അതിന് യജമാനത്വത്തോടുള്ള സമ്പൂർണ വിധേയത്വമാണ്. ടെക്നോളജിയുടെ അന്തിമമായ നിയന്ത്രണം ഭരണാധികാരികളുടെ കൈയിലായിരിക്കും. ഏതൊരു പൗരന്റെയും ഏതൊരു ചെറിയ പ്രതിഷേധവും വിയോജനസ്വരവും അധികാരികളറിയും എന്ന നിലയിൽ ആണ് ഇന്ന് കാര്യങ്ങൾ. അറിഞ്ഞിട്ടു പരിഹാരം ഉണ്ടാക്കാനല്ല; പിടലിക്കു പിടിക്കാനാണ്. ആരുടെയും മൊബൈൽ ഫോണിലെ കമ്യൂണിക്കേഷൻ വിശദാംശങ്ങൾ ഭരണക്കാർക്കും  അവരുടെ ശേവുകക്കാർക്കും മറവായിരിക്കുന്നില്ല. അതുവഴി ആളുകളുടെ മനസ്സുപോലും വായിക്കാം. ചോദ്യങ്ങളും ഭീഷണിയും പീഡനവും പിന്നാലെ വരാം. രാജ്യത്തെ ജനങ്ങളെ ഭൂരിപക്ഷത്തെയും ഒരുതരം സംത്രാസത്തിലേക്കു തള്ളാം. നിങ്ങൾ എപ്പോഴും നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന അറിവിന്റെ സംത്രാസം. പരസ്യമായി വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നതിന്റെ  ജാള്യവും ജാഡ്യവും ഭീതിയും അതിലടങ്ങിയിട്ടുണ്ടാകും. ചോദ്യങ്ങൾ ചോദിക്കാത്ത ഒരു ജനതയെ സൃഷ്ടിച്ചുകഴിഞ്ഞാൽ മാധ്യമങ്ങളിലും ചോദ്യങ്ങള്‍ ഇല്ലാത്തത് അവർ അറിയുക പോലുമില്ല. എന്തിനാണു ചോദ്യങ്ങൾ? വേണ്ടതൊക്കെ കിട്ടുന്നില്ലേ എന്ന സമീപനം. പിന്നെ മാധ്യമങ്ങൾ ഇല്ലാതാകുന്നതു തന്നെയും അവർ അറിയില്ല. ജനങ്ങളിൽനിന്നു മാധ്യമങ്ങളെ അകറ്റുന്ന തന്ത്രം. മാധ്യമങ്ങളെ ജനങ്ങൾക്കു വേണ്ടാതാക്കുന്ന തന്ത്രം.

മാധ്യമപ്രവർത്തനത്തിൽ  ജനങ്ങളുടെ പങ്കാളിത്തത്തെ തടയുന്നതാണ് മാധ്യമ ഹിംസയ്ക്കുള്ള മറ്റൊരു വഴി. കേരളത്തിൽ പിഴയിടൽ അടക്കം ട്രാഫിക് പരിശോധന സമ്പൂർണമായി ഡിജിറ്റലൈസ് ചെയ്യാനുള്ള 180 കോടിയുടെ ഒരു പദ്ധതിക്ക് നടപടി നീങ്ങിയത് 2020 തുടക്കത്തിലാണ്. പിഴയടിക്കുന്ന തുകയുടെ 90 ശതമാനവും പദ്ധതി നടപ്പാക്കുന്ന സ്വകാര്യ കമ്പനിക്കു പോകുന്ന തരത്തിലായിരുന്നു കരാർ. അഴിമതിയുടെ കടുത്ത മണമുണ്ടായിരുന്നു പദ്ധതിയിൽ. വിഷയം മാധ്യമങ്ങളിലെത്തി. പദ്ധതി ഒഴിവാക്കേണ്ടി വന്നു; അല്ലെങ്കിൽ മരവിപ്പിക്കേണ്ടി വന്നു സർക്കാരിന്.. ഇതേ ഗണത്തിൽ പെടാവുന്ന വേറെ ചില വാർത്തകളും മാധ്യമങ്ങളിൽ വന്നു. എല്ലാറ്റിനുമൊടുവിൽ പൊലീസ് ഡിജിപി ആഭ്യന്തരവകുപ്പു കൂടി കൈവശമുള്ള മുഖ്യമന്ത്രയുടെ ഓഫിസിലേക്കെഴുതി: പൊലീസിൽ നിന്നു തന്നെയുള്ള സോഴ്സുകളാണ് വിവരങ്ങള്‍ മാധ്യമങ്ങളിലേക്കു ചോർത്തിയത്. അതിനാൽ സോഴ്സുകളെ കണ്ടെത്തി നടപടി എടുക്കണം!  

ഉറപ്പായും സോഴ്സുകൾ മാധ്യമപ്രവർത്തനത്തിന്റെ അവിഭാജ്യഘടകമാണ്. പൗരന്മാരുടെ ജാഗ്രതയിൽ നിന്നാണ് സോഴ്സുകൾ ജനിക്കുന്നത്. അഴിമതിക്കും ജനാധിപത്യ ധ്വംസനത്തിനും എതിരായ ജാഗ്രത. ആ സോഴ്സുകളെ പൂട്ടുന്നതിലൂടെ മാധ്യമങ്ങളെ പൂട്ടാമെന്ന കണ്ടുപിടിത്തത്തിൽ മാധ്യമങ്ങളും ജനങ്ങളും ഒന്നാണെന്ന ഭരണകൂട തിരിച്ചറിയലും ഉണ്ട്.  ഡിപ്ലോമാറ്റിക് സ്വർണക്കടത്ത് വിഷയം കേരളത്തിൽ കത്തിക്കയറിയപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു തലത്തിലും കേരള പൊലീസിന്റെ ഒരു നടപടിയും തുടക്കത്തിൽ ഉണ്ടായില്ല. അക്കാര്യം മാധ്യമങ്ങളിൽ വന്നു. ഇതേ ഡിജിപി അപ്പോൾ മാധ്യമങ്ങൾ പൊലീസിനെ ഇകഴ്ത്തുന്നു, നടപടി വേണം എന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് പരാതി അയച്ചു.

പ്രസ് കൗൺസിൽ ഇന്ത്യയിലെ മാധ്യമ പ്രവർത്തനത്തിന്റെ നിലവാരം ഉയർത്താനായി പ്രവർത്തിക്കേണ്ട ഉന്നതവും ഉദാത്തവുമായ ഒരു സ്ഥാപനമാണ്. പത്രങ്ങളെ ശിക്ഷിക്കുക എന്നത് പ്രസ് കൗൺസിലിന്റെ ഉദ്യോഗത്തിൽ പെട്ടതല്ല. തെറ്റുകൾ ബോധ്യപ്പെടുത്തുക, അവ തിരുത്തുക, ക്ഷമാപണം വേണ്ടയിടത്ത് അത് ചെയ്യിക്കുക, നിലവാര വീഴ്ച ചൂണ്ടിക്കാണിക്കുക, അതിൽ നിന്നൊക്കെ കരകയറി ഉയർന്ന നിലവാരത്തിലും മൂല്യങ്ങളിലുമെത്തുന്നതിലേക്കു നയിക്കുക ഇതൊക്കെയാണ് പ്രസ് കൗൺസിലിന്റെ കർത്തവ്യങ്ങൾ. സുപ്രീം കോടതിയിൽ നിന്നു വിരമിക്കുന്ന ജഡ്ജിമാരാണ് ചെയർമാനാകുക. അങ്ങനെ ഒട്ടേറെ ചെയർമാൻമാർ വന്നു. അടുത്ത കാലത്തു വന്ന ഒരു ചെയർമാനു പക്ഷേ അത്തരം കർത്തവ്യങ്ങൾ ഒന്നും ബോധിച്ചില്ല. അദ്ദേഹം പറഞ്ഞു: പത്രങ്ങളെ ശിക്ഷിക്കാനുള്ള അധികാരം വേണം കൗൺസിലിന്. 

ഏതെങ്കിലും അധികാരം കൈയാളിയിട്ടുള്ള ആളുകൾക്കൊക്കെ തോന്നിപ്പോകുന്നു, ശിക്ഷിക്കാനാകുന്നില്ലെങ്കിൽ അധികാരം അധികാരമല്ലെന്ന്. ഒരുപക്ഷേ അദ്ദേഹം നല്ല ഉദ്ദേശ്യത്തേടെ പറഞ്ഞതാകാം. അരുതായ്മകൾചിലതു ചിലേടത്തു കണ്ടിട്ടു പറഞ്ഞതാകാം. പക്ഷേ ശിക്ഷയിലൂടെ അല്ലാതെ നന്നാക്കുന്ന ഒരു സാധ്യത അദ്ദേഹം മറന്നു. നാളെ ആ ശിക്ഷാസാധ്യത ദുരുപയോഗം  ചെയ്യപ്പെടാനുള്ള സാധ്യതയും മറന്നു. 

ഇതേ ആവശ്യം ഉന്നയിക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടിവരുന്നുണ്ട്. അതിനുള്ള ശ്രമങ്ങളും കൂടിവരുന്നുണ്ട്. പ്രസ് കൗൺസിൽ ആക്ടിൽ ഭേദഗതികൾ വേണമെന്ന ആവശ്യങ്ങളുയരുന്നു. അതിനു നീക്കങ്ങളും നടക്കുന്നു. നല്ല ഉദ്ദേശ്യത്തോടെയാണ് എന്നു കാണാൻ കഴിയുന്നവയല്ല ഒന്നും എന്നു മാത്രം. 

English Summary : Vicharam Madhyamaparam : Media Censorship