എന്താകുന്നു ആയുസ്സു കുറയ്ക്കുന്ന ബിസിനസ്?

HIGHLIGHTS
  • സ്വന്തമായി കമ്പനിയും ഉദ്യോഗസ്ഥരും വൻ സെറ്റപ്പും ഇല്ലെങ്കിൽ നടത്തിക്കൊണ്ടുപോകാനൊക്കില്ല.
  • കോൺക്രീറ്റിങ് 24 മണിക്കൂറും നടക്കുമ്പോൾ ലോറികൾ മിശ്രിതവുമായി വന്ന് ക്യൂ നിൽക്കണം
business-boom-ready-mixed-concrete-business
Representative Image. Photo Crdit : DmytroPerov / Shutterstock.com
SHARE

യുവ വ്യവസായിയുടെ മുഖത്ത് ആശ്വാസം–ആയുസ്സ് കളയുന്ന ബിസിനസ് മതിയാക്കി വേറേ ആർക്കോ വാടകയ്ക്കു കൊടുത്തു. തലവേദന ഒഴിവായി. എന്താകുന്നു ആയുസ്സു കുറയ്ക്കുന്ന ബിസിനസ്? കോൺക്രീറ്റ് റെഡി മിക്സർ.

ലോറികളിൽ കറങ്ങുന്ന മിക്സറുമായി ഓടിക്കൊണ്ടിരിക്കുന്ന വണ്ടികൾ കണ്ടിട്ടില്ലേ? കോൺക്രീറ്റ് മിക്സ് തയാറാക്കി കൊടുത്തു വിട്ടിരിക്കുകയാണ്. കെട്ടിടമോ പാലമോ പണി നടക്കുന്ന സൈറ്റിലെത്തി മിക്സ് നൽകണം. ചിലയിടങ്ങളിൽ ഇത് ടൂബ് വഴി പമ്പ് ചെയ്ത് കയറ്റുകയാണ്. തറയിലിട്ട് സിമന്റും മണ്ണും ചല്ലിയും മറ്റും കുഴയ്ക്കേണ്ട. പാലം പണിക്കും ബെസ്റ്റ്. പക്ഷേ ഇതിന്റെ ബിസിനസ് ഭയങ്കര തൊന്തരവാണെന്നു നടത്തിയവരൊക്കെ പറയുന്നു. അഥവാ സ്വന്തമായി കമ്പനിയും ഉദ്യോഗസ്ഥരും വൻ സെറ്റപ്പും ഇല്ലെങ്കിൽ നടത്തിക്കൊണ്ടുപോകാനൊക്കില്ല.

ഇങ്ങനത്തെ ബിസിനസുകൾ അനേകമുണ്ട്. വെറും റസ്റ്ററന്റ് നടത്തിപ്പു തന്നെ തൊന്തരവാണ്. ഭക്ഷണം കൊള്ളാമെങ്കിൽ കുക്കിനെ വേറാരെങ്കിലും ചാക്കിടും. പിന്നെ വേറൊരാളെ അന്വേഷിക്കണം. പരാതി വന്നാൽ പരിഹരിച്ചില്ലെങ്കിൽ പടം സഹിതം ഫെയ്സ്ബുക്കിൽ കയറും. ഭക്ഷ്യസുരക്ഷക്കാരും ഹെൽത്ത് ഇൻസ്പെക്ടറും വരും. പോർക്ക് വിന്താലു മൂക്കുമുട്ടെ കഴിച്ചിട്ടു വയറിളകിയാൽ മതി ആ ദേഷ്യത്തിന് കട പൂട്ടിക്കാനിറങ്ങും മാന്യ ഉപഭോക്താവ്.

ഗാസ്ട്രോണമിക്കൽ ഗുലുമാലുകളിൽനിന്നു നമുക്കു കോൺക്രീറ്റ് കൂനാങ്കുരുക്കുകളിലേക്കു വരാം. കോൺക്രീറ്റ് മിക്സ് ചെയ്തു ലോഡ് ചെയ്യാൻ ലാബും മറ്റും വേണം. അതിന് ഒരേക്കറെങ്കിലും സ്ഥലം വേണം. സിമന്റ്, ഫ്ളൈആഷ്, മെറ്റൽ,മണൽ വേണം. കൃത്യ അളവിൽ മിക്സ് ചെയ്യണം. ലാബിൽ ടെസ്റ്റ് ചെയ്യണം. തൂക്കി നോക്കി ജെസിബി വച്ച് ലോഡ് ചെയ്യണം. എന്നിട്ട് കൊടുത്തുവിടുമ്പോഴോ വഴിയിൽ ട്രാഫിക് ബ്ളോക്ക്, അത്യാഹിതം അല്ലെങ്കിൽ വഴിതടയൽ സമരം...വണ്ടി അവിടെ കിടക്കും. സിമന്റ് മിക്സാണേ, സമയം പരിധിയുണ്ടേ അതു കഴിഞ്ഞാൽ ഒന്നിനും കൊള്ളില്ല. കോൺക്രീറ്റ് നടത്താൻ റെഡിയായിട്ടിരിക്കുന്നവർ വിളിച്ചുകൊണ്ടിരിക്കും. സംരംഭകനു ടെൻഷൻ കേറി ആയുസ്സു കുറയും.

ഒരു ലോറി പോര. പത്തോ പന്ത്രണ്ടോ വേണം. അതിന്റെ ഇരട്ടി ഡ്രൈവർമാരും. കോൺക്രീറ്റിങ് 24 മണിക്കൂറും നടക്കുമ്പോൾ ലോറികൾ മിശ്രിതവുമായി വന്ന് ക്യൂ നിൽക്കണം. ഒരെണ്ണം തീർന്നാലുടൻ അടുത്തത് കേറണം.

അത്യധ്വാനം വേണമെങ്കിലും ഈ ബിസിനസ് എല്ലാ ജില്ലയിലും എത്തിയിട്ടുണ്ട്. കെട്ടിട നിർമാണ, ക്വാറി ബിസിനസുകൾ നടത്തുന്നവരാണ് ഇതിലേക്കും കടക്കുന്നത്. 300 കോൺക്രീറ്റ് മിക്സർ വരെയുള്ള വൻ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾ ഉത്തരേന്ത്യയിലുണ്ട്. കഠിനാധ്വാനികൾ കാശുണ്ടാക്കുന്നുമുണ്ട്.

ഒടുവിലാൻ ∙ മിക്സ് ചെയ്യാൻ വേണ്ട മെറ്റലും മണലും സ്വന്തമായുണ്ടാക്കാൻ ക്വാറിയും കൂടിയുണ്ടെങ്കിൽ ബെസ്റ്റ്. ക്വാറി ബിസിനസ് അതിലും തലവേദനയാകുന്നു. 

English Summary : Business Boom Column - Ready Mixed Concrete Business

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.