വാഹനം വാങ്ങട്ടെ ആഗ്രഹം നടക്കട്ടെ; പിന്നെ ആനയെ വാങ്ങിയ പോലാണെന്നു തോന്നരുത് !

HIGHLIGHTS
  • ആഗ്രഹം സാധിച്ചുകഴിയുമ്പോൾ ആനയെ വാങ്ങിയപോലാണെന്നു തോന്നാം
  • മേസ്തിരിയുടെ ലോക്കൽ പണി പലതു കഴിയുന്നതോടെ വണ്ടി ആക്രിക്കടയിലേക്കുള്ള യാത്ര തുടങ്ങുന്നു
business-boom-column-used-luxury-car-market
Representative Image. Photo : 4 PM Production / Shutterstock.com
SHARE

അരക്കോടിയുടെ ആഡംബരവണ്ടി യൂസ്ഡ് കാർ ഷോറൂമിൽനിന്ന് അഞ്ചിലൊന്നു വിലയ്ക്ക് ആഗ്രഹസഫലീകരണത്തിനായി വാങ്ങിയ മാന്യൻ ആദ്യ സർവീസ് കഴിഞ്ഞ്  കാൽലക്ഷം രൂപയുമായി വണ്ടി എടുക്കാൻ പോയി. ബിൽ ഒന്നരലക്ഷം! എന്റമ്മച്ചിയേ എന്ന് ഉറക്കെ വിളിച്ചില്ലെന്നേയുള്ളു....

അരക്കോടിയും മുക്കാൽ കോടിയും വിലയുള്ള കാറുകൾ സെക്കൻഡ് ഹാൻഡായി വാങ്ങി ഇംഗിതം സാധിക്കുന്നവരുടെ സംഗീതം ഇങ്ങനെ ഒരുപാടുണ്ട്.  വില കുറച്ചു കിട്ടുന്നതിനാൽ അനേകർ വാങ്ങും. യൂസ്ഡ് കാർ ഷോറൂമുകൾക്ക് നല്ല ബിസിനസാണ്. മുൻപ്, വാങ്ങുന്നയാൾ മാത്രമേ യൂസ്ഡ് കാർ എടുക്കാൻ വരുമായിരുന്നുള്ളൂ. ഇപ്പോൾ സകുടുംബം വന്ന് വണ്ടിയെടുത്ത്, സെൽഫിയെടുത്ത് ഫെയ്സ്ബുക്കിലിട്ട് ആഘോഷമായിട്ടാണു പരിപാടി.

പല ആഡംബരകാറുകളും 10 വർഷം പഴക്കമെങ്കിൽ വാങ്ങിയ വിലയുടെ കാൽഭാഗം കൊടുത്താൽ മതി. 2010ൽ 55 ലക്ഷത്തിന്റെ വണ്ടിക്ക് ഏതാണ്ട് 12–13 ലക്ഷം രൂപ. ആഗ്രഹം സാധിച്ചുകഴിയുമ്പോൾ ആനയെ വാങ്ങിയപോലാണെന്നു തോന്നാം. കേടായാൽ, പാർട്ടുകൾ മാറ്റണമെങ്കിൽ...തുക കേട്ടാൽ വരമ്പു വഴി ഓടേണ്ടി വരും. അതോടെ വേറൊരു അബദ്ധം കാണിക്കുന്നു. ലോക്കൽ വർക്ക്ഷോപ്പുകളിൽ പണിക്കു കൊടുക്കും. ഇമ്മാതിരി വണ്ടികൾക്ക് ഡസൻകണക്കിനു സെൻസറുകളും സിസ്റ്റവുമൊക്കെയുണ്ട്. മേസ്തിരിയുടെ ലോക്കൽ പണി പലതു കഴിയുന്നതോടെ വണ്ടി ആക്രിക്കടയിലേക്കുള്ള യാത്ര തുടങ്ങുന്നു.

യൂസ്ഡ് കാറുകൾക്ക് വിപണിക്കു കോട്ടമില്ല. ആളുകൾ സാമ്പത്തികമായി ഉയരുന്നതിന്റെയും ആഗ്രഹങ്ങൾ സഫലമാക്കുന്നതിന്റെയും ലക്ഷണം കൂടിയാണിത്. പോക്കറ്റുകളിൽ പണം വീഴുകയും മുകളിലേക്ക് ജനം ഉയരുകയും ചെയ്യുന്നതിന്റെ അടയാളം. പാവപ്പെട്ടവർ  ഇടത്തരക്കാരായും ഇടത്തരക്കാർ സമ്പന്നരായും മാറുന്നതൊരു നല്ല കാര്യമല്ലേ? അതല്ലേ രാജ്യപുരോഗതി? അതിനാൽ വണ്ടി പുത്തനോ പഴയതോ, സമ്പദ് വ്യവസ്ഥ എങ്ങനെയുണ്ടെന്നതിന്റെ  ചെറിയൊരു അളവുകോൽ കൂടിയാണ് വാഹനവിപണി.

കാശുള്ളവർ രണ്ടു വർഷത്തിൽ കൂടുതൽ ഒരേ വണ്ടി ഉപയോഗിക്കില്ല. അധികം ഓടിയിട്ടും ഉണ്ടാകില്ലെന്നതിനാൽ 2 കൊല്ലം പഴക്കമുള്ള വണ്ടി സ്വന്തമാക്കാൻ ഇടിയാണ്. പുത്തൻ വണ്ടി വാങ്ങിയിട്ട് താമസിയാതെ വിറ്റാലോ? വാങ്ങിയ വിലയുടെ 25% കുറയും. 5 ലക്ഷം രൂപയുടെ വണ്ടി ആഴ്ചകൾക്കകം വിറ്റാലും വില ഒന്നരലക്ഷം വരെ കുറയാം.

ഒടുവിലാൻ∙ അടുപ്പമുള്ളവർ തമ്മിൽ വണ്ടിക്കച്ചവടവും വസ്തുക്കച്ചവടവും പാടില്ലെന്നാണ്. വണ്ടി വാങ്ങിക്കഴിയുമ്പോൾ പല ഉപദേശകരും വരും– വില കൂടിപ്പോയി, കണ്ടിഷൻ മോശമായിപ്പോയെന്നൊക്കെ പൂള് വയ്ക്കാൻ.

English Summary : Business Boom Column - Pre - owned luxury car business

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.