പഴയതിന് ദീർഘായുസ്സ്, പുതിയതിന് അൽപ്പായുസ്സ്; ഇതെന്തു മറിമായം?

HIGHLIGHTS
  • റിപ്പയർ ചെയ്യുന്നതിലും ലാഭം പുതിയതു വാങ്ങുന്നതാണെന്ന സ്ഥിതി വരുത്തി വച്ചിരിക്കുന്നു
  • അധികകാലം ഈടുനിൽക്കുന്നത് ഉപഭോക്താക്കൾക്കും വേണ്ടാത്ത കാര്യമാണത്രെ
business-boom-column-planned-obsolescence
Photo Credit : Aris-Tect Group / Shutterstock,com
SHARE

ശബ്ദം നിലച്ച 14 വർഷം പഴക്കമുള്ള ടിവി നന്നാക്കാൻ വന്നയാൾ ചിരിച്ചു. ഇന്നത്തെ ടിവികൾക്ക് നാലഞ്ചു കൊല്ലത്തിനപ്പുറം ആയുസ്സല്ല. ഇതു നന്നാക്കാതെ ആക്രി വിലയ്ക്കു വിറ്റ് പുതിയതു വാങ്ങുന്നതാണു നല്ലത്.  ഗൃഹോപകരണങ്ങളുടെ വലിയ ശൃംഖലയുടെ എംഡി പറഞ്ഞത് അതിലും കൗതുകകരമായിരുന്നു–‘‘എന്റെ അമ്മയ്ക്ക് ഇതുപോലൊരു ടിവിയുണ്ട്. 2005ൽ വാങ്ങിയത്. 16 കൊല്ലമായിട്ടും വലിയ കുഴപ്പമില്ല...’’.   ഈ സൂക്കേട് സർവ ഇലക്ട്രോണിക് സാധനങ്ങൾക്കുമുണ്ട്. പഴയതിന് ദീർഘായുസ്സ്, പുതിയതിന് അൽപ്പായുസ്സ്. ഇതെന്തു മറിമായം? 

മാസ് ഉപഭോഗത്തിനായി ഇത്തരം ഉൽപന്നങ്ങളുടെ വില കുറച്ചപ്പോൾ ആയുസ്സു കുറച്ചതാണത്രെ. വേഗം കേടായാൽ മാറ്റി പുതിയതു വാങ്ങുമല്ലോ. ടിവിക്കു മാത്രമല്ല മൊബൈൽ,ലാപ്ടോപ്, ടാബ്‌ലറ്റ് തുടങ്ങി സർവ സാധനങ്ങളും ഇങ്ങനെയാണ്. റിപ്പയർ ചെയ്യുന്നതിലും ലാഭം പുതിയതു വാങ്ങുന്നതാണെന്ന സ്ഥിതി വരുത്തി വച്ചിരിക്കുന്നു. പ്രധാന അമേരിക്കൻ ഫോൺ ബ്രാൻഡ് കേടായാൽ റിപ്പയർ ചെയ്യാനേ പ്രയാസമാണ്.  

ഇത് മന:പൂർവം സംഭവിക്കുന്നതാണ്. ഇതിനെ കോർപ്പറേറ്റ് ലോകത്ത് planned obsolescence എന്നു വിളിക്കുന്നത്. ആസൂത്രിതമായ പഴഞ്ചനാക്കൽ. വേഗം അടിച്ചുപോകണം,എങ്കിലേ പുതിയതു വാങ്ങൂ...മൊബൈലുകളും മറ്റും രണ്ടു കൊല്ലത്തിനപ്പുറം നിൽക്കാത്തത് ഇതുകൊണ്ടു തന്നെയാണ്.  

ലൈറ്റ് ബൾബ് ഉണ്ടാക്കുമ്പോൾ തന്നെ എത്ര മണിക്കൂർ കത്തണം എന്നു തീരൂമാനിച്ചിട്ടുണ്ട്. കലിഫോർണിയയിലെ ലിവർമോറിൽ 115 വർഷമായി ഒരു ലൈറ്റ് ബൾബ് കത്തിക്കിടക്കുന്നുണ്ട്. അക്കാലത്തെ ബൾബ് കമ്പനികൾ ചേർന്നു തീരുമാനിച്ചതാണ് അങ്ങനെ കത്തിക്കിടന്നാൽ നമ്മുടെ കച്ചവടം പൂട്ടും. അതിനാൽ വേഗം ഫിലമെന്റ് അടിച്ചു പോകുന്നത് ഉണ്ടാക്കണം.  

business-boom-column-planned-obsolescence-mobile-phone
Photo Credit : Vladimir A Veljanovski / Shutterstock,com

പുതിയ കാലത്ത് വേറൊരു കാരണം കൂടി വന്നു. മാസങ്ങൾ കൂടുമ്പോൾ പുതിയ ടെക്നോളജി വരുന്നു. അതു കൂടി ചേർത്ത് പുതിയ മോഡലുകൾ ഇറങ്ങുമ്പോൾ ജനത്തിന് അതു വാങ്ങണം. കാറിന്റെ പുതിയ മോഡലും ഇതേപോലാണ്.  അധികകാലം ഈടുനിൽക്കുന്നത് ഉപഭോക്താക്കൾക്കും വേണ്ടാത്ത കാര്യമാണത്രെ. അയൽക്കാരന്റെ വീട്ടിലേതു വാങ്ങിയില്ലെങ്കിൽ ഇരിക്കപ്പൊറുതി ഇല്ലല്ലോ...  

പക്ഷേ ഈ സ്ഥിതിയിൽ മാറ്റം വരുന്നുണ്ട്. വെറും ഫാഷനുവേണ്ടി കാറും മറ്റും മോഡൽ മാറ്റുന്നത് മാറി വരുന്നു. അമേരിക്കയിലും മറ്റും കാറിന്റെ ശരാശരി ഉപയോഗം 10 വർഷത്തിലേറെയാണ്. സാധനം ആകെ മാറ്റുന്നതിനു പകരം അതിനുള്ളിലെ ബാറ്ററി, സോഫ്റ്റ്‌വെയർ എന്നിവ മാത്രം മാറ്റുന്ന രീതി വ്യാപകമാവാൻ പോവുകയാണത്രെ. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃശീലം മാറാതെ രക്ഷയില്ലെന്ന തോന്നൽ കമ്പനികൾക്കു തന്നെ ഉണ്ടായിരിക്കുന്നു.  

ഒടുവിലാൻ∙ ആഡംബര വാച്ചുകളിലാണ് തലമുറകൾ കൈമാറി വന്നത് എന്ന പരസ്യം. വെറും പുളു. പഴയ വാച്ച് തലമുറ കൈമാറി ഉപയോഗിക്കുന്നതൊക്കെ പഴയകാലത്ത്. സമയം അറിയാൻ 500 രൂപയ്ക്കു കിട്ടാവുന്ന സാധനത്തിന് അരലക്ഷവും 5 ലക്ഷവും ചെലവാക്കിക്കാനുള്ള വേലയാണിത്.  

English Summary : Business Boom Column by P Kishore - Planned obsolescence 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.