കൊള്ളപ്പലിശയ്ക്കു കടം കൊടുത്തിട്ട് പകരം വസ്തു ഈടു വാങ്ങുകയും മുതലും പലിശയും കുമിയുമ്പോൾ അതു സ്വന്തം പേരിലാക്കുകയും ചെയ്യുന്ന ബ്ലേഡ് കമ്പനിക്കാരെ നമുക്കു പരിചയമുണ്ട്. ഒരു രാജ്യം തന്നെ അതു ചെയ്താലോ? സഹായിക്കാനെന്ന മട്ടിൽ വന്ന് രാജ്യം തന്നെ വാങ്ങിയെടുക്കുന്ന പരിപാടി നടത്തുന്നതു ചൈനയാണ്. പാക്കിസ്ഥാനും മാലിയും ശ്രീലങ്കയുമൊക്കെയാണ് ചൈന കബൂലാക്കുന്നത്.
ബ്രഹ്മാണ്ഡ പദ്ധതികളുമായി വരും. തുറമുഖം, വിമാനത്താവളം, കടൽപ്പാലം, ഹൈവേ, കടൽ നികത്തി വ്യവസായ മേഖല...അങ്ങനെ പല നമ്പരുകളുണ്ട്. ചൈനക്കാർ പണിത തുറമുഖത്തു കപ്പൽ പോയിട്ട് ബോട്ട് പോലും അടുക്കുന്നില്ല. ശ്രീലങ്കയെയാണ് ഇങ്ങനെ പറ്റിച്ചിരിക്കുന്നത്. ഹംബൻതോട്ട തുറമുഖം സംബന്ധിച്ചു കരാറുണ്ടാക്കിയപ്പോൾ അതിലൊരു വ്യവസ്ഥയുണ്ടായിരുന്നു. തുറമുഖത്തിനു ചൈന ചെലവാക്കുന്ന തുക കടമായി കണക്കാക്കി അതിന്റെ മുതലും പലിശയും തരുന്നില്ലെങ്കിൽ തുറമുഖം തന്നെ തുച്ഛമായ തുകയ്ക്ക് 99 വർഷത്തെ പാട്ടത്തിന് ഏറ്റെടുക്കും. വർഷം 10000 കപ്പൽ വരുമെന്നായിരുന്നു വിശ്വസിപ്പിച്ചിരുന്നത്. ആദ്യ വർഷം വന്നത് 50 കപ്പൽ പോലുമില്ല. തുറമുഖത്തു നിന്നു വരുമാനമില്ലാതെ ശ്രീലങ്കയ്ക്ക് പലിശ കൊടുക്കാൻ കഴിയില്ലല്ലോ. ചൈന തുറമുഖവും സ്ഥലവും 99 വർഷത്തെ പാട്ടത്തിന് ഏറ്റെടുത്തു.
ചൈന എവിടെയും നടപ്പാക്കുന്ന ഇത്തരം പദ്ധതികളിൽ മുതൽമുടക്ക് മാത്രമല്ല തൊഴിലാളികളേയും അവർ തന്നെയാണു കൊണ്ടു വരുന്നത്. വലിയൊരു ചൈനീസ് കോളനിയാക്കി തൊഴിലാളികളെ താമസിച്ച് തുച്ഛമായ ശമ്പളത്തിന് പണിയെടുപ്പിക്കും. പദ്ധതി അടങ്കൽ തുകയുടെ വളരെ കുറച്ചു മാത്രം ചെലവിട്ട് പണി തീർക്കും. കടം വീട്ടാൻ കഴിയാതിരിക്കാനാണ് പദ്ധതി അടങ്കൽ തുക കൂട്ടിവയ്ക്കുന്നത്. കടൽപ്പാലവും മറ്റും പണിത് മാലി ഇതേപോലെ 140 കോടി ഡോളറിന്റെ (10000 കോടി രൂപ) കടക്കാരായി.
കൊളംബോയുടെ ഗോൾഫേസ് റോഡിൽ നിന്നു നോക്കിയാൽ കടൽക്കരയിൽ പഞ്ചനക്ഷത്ര ഹോട്ടലുകളും ബ്രിട്ടിഷ് കാലത്തെ ഓഫിസ് മന്ദിരങ്ങളും. ഇപ്പോൾ അവിടെ ചൈന കടൽ നികത്തുകയാണ്. നികത്തി കിട്ടുന്ന 269 ഹെക്ടർ സ്ഥലത്ത് പ്രത്യേക വ്യവസായ മേഖലയും റിയൽ എസ്റ്റേറ്റ് ബിസിനസും. പോർട്ട്സിറ്റി! 2 ലക്ഷം പേർക്കു തൊഴിൽ കിട്ടും. പക്ഷേ അവിടം ഹോങ്‌കോങ് പോലെ ചൈനീസ് സ്ഥലമാണ്. കറൻസി യുവാൻ! അങ്ങോട്ട് കേറാൻ പാസ്പോർട്ട് വേണം!
പാക്കിസ്ഥാനിലും ചൈന പദ്ധതികൾ പണിതു കൂട്ടുന്നുണ്ട്. 11500 കോടി ഡോളർ (8 ലക്ഷം കോടി രൂപ) മുടക്കി പാക്കിസ്ഥാനെ കടക്കെണിയിലാക്കി.
ഒടുവിലാൻ∙ ഇന്ത്യയിൽ ഈ നമ്പരുകളൊന്നും വിലപ്പോയില്ല. വിഴിഞ്ഞം തുറമുഖം പണിയാൻ ചൈനീസ് കമ്പനി കരാറെടുത്തപ്പോൾ സുരക്ഷാ അനുമതി കൊടുക്കാതെ ഓടിച്ചുവിട്ടു. സീൽക്ക് റൂട്ടുമായി ഹൈവേ പണിയാൻ വന്നപ്പോഴും അടുപ്പിച്ചില്ല.
Content Summary : Business Boom - China's Global Investment Strategy