കഷണ്ടിയും കുംഭയും മറ്റു മാന്യൻമാരുടെ ലക്ഷണങ്ങളെല്ലാം തികഞ്ഞ രണ്ടു പേർ കല്യാണ സ്ഥലത്ത് ഇണപിരിയാതെ ഹാപ്പിയായി നിന്ന് വർത്താനമാണ്. എന്താവും ഇത്ര പറയാനെന്ന് അത്ഭുതം കൂറിയപ്പോൾ ഒരു ജ്ഞാനി പറഞ്ഞു: അവർ സ്റ്റോക്ക് മാർക്കറ്റ് പണ്ടേഴ്സാണ്.
ഡിക്‌ഷ്ണറിയിൽ പണ്ടർ (PUNTER) എന്നാൽ ബെറ്റ് വയ്പുകാരൻ, റിസ്ക്കുള്ള നിക്ഷേപം നടത്തുന്നവൻ എന്നൊക്കെയാണ് അർഥം. അപ്പോഴേക്കും അടുത്തിടെ ആദ്യ ഓഹരി വിൽപ്പന നടത്തിയ കമ്പനിയിലേക്ക് സംഭാഷണം മാറിയിരുന്നു. ലിസ്റ്റ് ചെയ്തയുടൻ വില ഇരട്ടിയിലേറെയായി. ഛെ, നിക്ഷേപിക്കേണ്ടതായിരുന്നു എന്ന ഇച്ഛാഭംഗം പലർക്കും. വേറേ ചിലർക്ക് മുന്തിരി പുളിക്കുന്നു. ഓ പിന്നേ...
ഇതിപ്പൊ പഴയ കാലത്ത് ഡിജിറ്റൽ ഡിവൈഡ് ഉണ്ടായിരുന്നപോലൊന്ന് ഉണ്ടായിരിക്കുകയാണ്. ഇന്റർനെറ്റ് ഇറങ്ങിയ കാലത്ത് അതുള്ളവരും ഇല്ലാത്തവരും അഥവാ അത് ഉപയോഗിക്കാൻ അറിയുന്നവരും അറിയാത്തവരും എന്നതിനെയാണ് ഡിജിറ്റൽ ഡിവൈഡ് എന്നു വിളിച്ചിരുന്നത്. ഇപ്പോഴാകട്ടെ വിപണിയെ മുതലാക്കാനറിയുന്നവരും അല്ലാത്തവരും എന്നായി. അറിയുന്നവർ കാശുണ്ടാക്കുന്നു, അല്ലാത്തവർ അയ്യടാന്ന് നോക്കി നിൽക്കുന്നു.
ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനാണ് അക്കാലത്ത് ഐടി മിഷൻ ഡയറക്ടറായിരുന്ന എം.ശിവശങ്കർ എന്ന ചെറുപ്പക്കാരൻ അക്ഷയ കേന്ദ്രം എന്ന ആശയവുമായി വന്നത്. അത് ഹിറ്റായെന്നു മാത്രമല്ല മറ്റു സംസ്ഥാനങ്ങളും അനുകരിച്ചു. ഇന്റർനെറ്റ് ഇല്ലേ, നേരേ അക്ഷയ കേന്ദ്രയിലോട്ട് ചെന്നാൽ 10 രൂപയ്ക്ക് ആർക്കും കിട്ടും സേവനം. ഇക്കാലത്ത് സ്മാർട്ട് ഫോണും ഡേറ്റയും സർവ കൈകളിലുമെത്തിയിട്ടും അക്ഷയ കേന്ദ്രങ്ങൾ തുടരുന്നുമുണ്ട്.
പതിറ്റാണ്ടുകളായി ഓഹരി നിക്ഷേപം നടത്തുന്ന ചങ്ങാതിയോട് രഹസ്യമായി ചോദിച്ചു? എത്ര തടഞ്ഞു?
ലോകത്താരും ബാങ്ക് ബാലൻസ് ആരോടും പറയാറില്ലല്ലോ? അച്ഛനമ്മമാർ മക്കളോടു പോലും പറയില്ല പിന്നാ! അവർ മരിച്ചിട്ട് ബാങ്കിൽ അന്വേഷിക്കുമ്പോഴാവും എത്ര തുകയുണ്ടെന്നും നോമിനി ആരൊക്കെയെന്നു അറിയുന്നത്. അപ്പോൾ പിന്നെ ഓഹരി നിക്ഷേപം എത്രയുണ്ടെന്നും ലാഭം എത്രയെന്നും ആരും പറയത്തില്ലല്ലോ.
പക്ഷേ ചങ്ങാതി രഹസ്യമായി തന്നെ മറുപടി പറഞ്ഞു– 6 കോടി ചില്വാനം. മുടക്ക് 3 കോടിയേ ഉള്ളു.ബാക്കി വില കേറിയതാണ്. ഇരട്ടിയിലേറെ ലാഭം!!!
വേറൊരു ചങ്ങാതി മ്യൂച്വൽ ഫണ്ടുകളുടെ അപ്പോസ്തലനാണ്. എത്രയുണ്ട്? 8 കോടി ചില്വാനം. മുടക്ക് മൂന്നര കോടിയേ വരൂ. അതിൽ നിന്ന് ഓരോ ആവശ്യങ്ങൾക്ക് കാശിനു വേണ്ടി കുറേ റെഡീം ചെയ്തിട്ടുമുണ്ട്. എന്നും ബാക്കി ഇത്രയുണ്ട്!!!
ഒടുവിലാൻ∙ മാസം ചെലവു കഴിഞ്ഞു മിച്ചം പിടിക്കുന്ന ശമ്പളം ബാങ്കിൽ ഇടാതെ എസ്ഐപി നിക്ഷേപം നടത്തുന്നവരുണ്ട്. അവർ പണം വളരുന്നതു നോക്കി ആനന്ദിക്കുന്നു.