നാടുകൾ നന്നാവുന്നതും നശിക്കുന്നതും

city-mm-large
Photo Credit: Representative image created using AI Image Generator
SHARE

സുവർണരേഖാ നദിക്കു കുറുകെയുള്ള പാലത്തിനപ്പുറം ജംഷദ്പൂർ അഥവാ ടാറ്റാ നഗർ. ഇപ്പുറം ജാർഖണ്ഡ് അവികസിതം. അപ്പുറം യൂറോപ്പിനെ വെല്ലുന്ന റോഡുകളും, മനോഹരമായ പാർക്കുകളുമായി എന്തൊരു വെടിപ്പും വൃത്തിയും സൗഭഗവും! ലോകമാകെ എന്തുകൊണ്ട് ഇങ്ങനെയൊരു അന്തരം എന്നു  ഗവേഷണം നടത്തിയതിനാണത്രെ ഇക്കൊല്ലത്തെ ഇക്കണോമിക്സ് നൊബേൽ സമ്മാനം 3 സായിപ്പൻമാർ കബൂലാക്കിയത്.

ടാറ്റാ സ്റ്റീലിന്റെ ആസ്ഥാനമായ ജംഷദ്പൂരിനെയല്ല, അമേരിക്കൻ അതിർത്തിയിൽ മെക്സിക്കോയിലും യുഎസിലുമായി കിടക്കുന്ന നൊഗെൽസ് എന്ന ഗ്രാമത്തെയാണ് അവർ പഠനവിധേയമാക്കിയത്. അതിർത്തിക്കിപ്പുറം യുഎസിലെ കൊക്കേസിയൻ സായിപ്പിന്റെ മിടുക്കു കൊണ്ട് മനോഹരം, അപ്പുറം പാവം മെക്സിക്കൻ ഹിസ്പാനിക്കുകളുടെ കഴിവില്ലായ്മ കൊണ്ട് ആകെ കുളം! ക്രമസമാധാനം, നീതിന്യായ വ്യവസ്ഥ, ഭരണം, നിയമവാഴ്ച തുടങ്ങിയ ‘വ്യവസ്ഥാപിത സ്ഥാപനങ്ങൾ’ കൊള്ളാമെങ്കിൽ നാട് നന്നാവും ഇല്ലെങ്കിൽ കോഞ്ഞാട്ടയാവും എന്നതാണ് പഠനത്തിന്റെ ആകെത്തുക.

ഇതു പുതിയ കാര്യമൊന്നുമല്ല. അനവധി പഠനങ്ങൾ ഈ വിഷയത്തെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. കൊളോണിയലിസം അഥവാ സാമ്രാജ്യത്തം മൂലമാണ് നമ്മൾ ഈ ഗതിയായിപ്പോയത് എന്നു പലരും തട്ടിവിടാറുണ്ടല്ലോ. ബ്രിട്ടൻ ഇന്ത്യയെ അടക്കി വാണില്ലായിരുന്നെങ്കിൽ... എന്ന് സിനിമാതാരം ജയന്റെ ശൈലിയിൽ നീട്ടിപ്പറയും. ഒന്നു ചോദിച്ചോട്ടെ–അഫ്ഗാനിസ്ഥാനിൽ ഒരിക്കലും സാമ്രാജ്യത്തം ഉണ്ടായിരുന്നില്ലല്ലോ..? എന്നിട്ട് അഫ്ഗാനിസ്ഥാൻ ഇപ്പോഴും ശിലായുഗത്തിലല്ലേ?

പെട്രോളിയം ഉൾപ്പടെ അസംസ്കൃത വസ്തുക്കൾ ധാരാളമുണ്ടെങ്കിൽ വച്ചടി കേറുമെന്നു വേറേ ചിലർ പറയും. വെനിസ്വേലയിൽ പെട്രോളിയം ഇഷ്ടം പോലുണ്ടല്ലോ, എന്നിട്ടെന്താ മുടിഞ്ഞു പോയത്? ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വർണവും വൈരക്കല്ലുകളും ഉൾപ്പടെ അസംസ്കൃത വസ്തുക്കൾ ഒരുപാടുണ്ടല്ലോ, എന്നിട്ടെന്താ ഗുണം പിടിക്കാത്തത്? 

ജനാധിപത്യമുണ്ടെങ്കിൽ ഗംഭീരമാവും ഏകാധിപത്യമാണെങ്കിൽ പോക്കാണ് എന്നു വേറൊരു തിയറിയുണ്ട്. അപ്പോൾ സിംഗപ്പൂരോ?  ഗൾഫ് രാജ്യങ്ങളോ? ജനാധിപത്യമില്ലാത്തതുകൊണ്ട് ആർക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലല്ലോ. രാഷ്ട്രീയ സ്ഥിരത വേണമെന്നും ചിലർ പറയും. ജപ്പാനിൽ 65 പ്രധാനമന്ത്രിമാർ മാറിമാറി വന്നിട്ടുണ്ട്. 2000 മുതൽ നോക്കിയാൽ 11 പേർ, ഒരു കുഴപ്പവുമില്ല. 

ഒരുമിച്ചു സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയും പാക്കിസ്ഥാനും വേറൊരു ഉദാഹരണം. ആദ്യ വർഷങ്ങളിൽ പാക്കിസ്ഥാൻ സാമ്പത്തിക പുരോഗതിയിൽ ഇന്ത്യയുടെ മുന്നിലായിരുന്നു. ഇപ്പോൾ ഗോതമ്പ് ഇറക്കുമതി ചെയ്യാൻ കാശില്ലാതെ ഐഎംഎഫിന്റെ മുന്നിൽ പിച്ചച്ചട്ടിയുമായി നിൽക്കുന്നു.

ഒടുവിലാൻ∙ ജീവനും സ്വത്തിനും സംരക്ഷണമാണ് ആദ്യം വേണ്ടത്. നിങ്ങൾ സ്ഥലം വാങ്ങി റജിസ്റ്റർ ചെയ്തു കരം അടച്ചാൽ നിങ്ങളുടേതായി. ആർക്കും മാറ്റാനൊക്കില്ല. ആഫ്രിക്കയിലെ പലരാജ്യങ്ങളിലും വാങ്ങിയ സ്ഥലം അഭിവൃദ്ധിപ്പെട്ടാൽ കൂട്ടമായി വന്നു കയ്യേറും. പിന്നെങ്ങനെ മുതൽമുടക്കും?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA