ന്യൂസിലാൻഡിലെ പ്രധാനമന്ത്രി ജസീന്ത ആർഡേൻ വീട്ടിലിരുന്ന് നടത്തിയ സൂം മീറ്റിങ്ങിനിടെ അവരുടെ കൊച്ച് അമ്മേന്നു വിളിച്ച് നെലോളിച്ചപ്പോ ഞാനിപ്പംവരാം എന്നു പറഞ്ഞ് മീറ്റിങ് മതിയാക്കിപ്പോയ വാർത്തയൊക്കെ നമ്മള് എത്ര കേമായാ ആഘോഷിച്ചത്. അങ്കമാലിയിലെ പ്രധാനമന്ത്രിയാണെന്ന ഗമയിൽ ഉമ്മറത്തിരുന്ന് വീട്ടിലെ പെണ്ണിനേം പിഞ്ചിനേം ഭരിക്കുന്ന ആൺപിറന്നോന്മാരൊക്കെ ജസിന്ത വിഡിയോ വാട്സാപ് ഗ്രൂപ്പുകളിൽ ഷെയറി ഭാര്യമാരോട് കസറി.. കണ്ടോടീ.. ജസീന്തയെ കണ്ടു പഠീ.. ഓ പിന്നെ നമ്മുടെ നാട്ടിലൊക്കെ കൊച്ചുങ്ങളുടെ നെലോളി മാറ്റുന്നത് ആണുങ്ങളാണല്ലോ എന്ന തർക്കുത്തരം അകത്തുനിന്നുയർന്നത് കേട്ടഭാവം നടിക്കാതെ അവർ ചാറ്റിലേക്ക് മുഴുകി...
ഈ കൊച്ചിനെനോട്ടം കൊച്ചിനെനോട്ടം എന്നു പറയുന്നത് കൊത്തങ്കല്ലു കളിക്കുന്നപോലെ എന്തോ എളുപ്പപ്പണിയാണെന്നാ ചെലരു വിചാരിച്ചുവച്ചിരിക്കുന്നത്. സ്ത്രീ അമ്മയാണ് അമ്മിയാണ് അമ്മൂമ്മയാണെന്നൊക്കെ പറഞ്ഞ് മാതൃത്വത്തിന്റെ എല്ലാ വയ്യാവേലികളും അവളുടെ തലയിലേറ്റിവച്ചിട്ടുവേണമല്ലോ ആണുങ്ങൾക്ക് ഫ്രീയാകാൻ. ഇതിപ്പോ ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കറിക്കരിയാനും കൊച്ചിനെ നോക്കാനുമൊന്നും നമ്മുടെ ആൺപിറന്നോന്മാർക്ക് അറിയില്ലെങ്കിൽ അവരെ പടച്ചുവിട്ട വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ. ‘ഓ.. അവന് അതൊന്നും ശീലമില്ലെന്നേ’ എന്ന പതിവു പല്ലവിപാടി ആൺമക്കളെ ഇള്ളക്കുട്ടികളാക്കിത്തന്നെ ഇരുത്തുന്ന എത്രയെത്ര അമ്മപെങ്ങന്മാരുണ്ട് നമ്മുടെ ചുറ്റും. അവന്മാരുടെ ഭാര്യമാരായി വരുന്ന പെണ്ണുങ്ങൾ പിന്നെ ഇതൊക്കെ പഠിച്ചിട്ടാണല്ലോ ജനിച്ചുവീണതു തന്നെ!
കോളജിൽ പോയി വല്യ വല്യ പഠിത്തം പഠിക്കാനും വല്യ വല്യ ഉദ്യോഗം നേടാനും ആണിനും പെണ്ണിനും ഒരുപോലെ കഴിയുമെങ്കിൽ പിന്നെ കഞ്ഞിക്കരിയിടാനും ഒരു ചമ്മന്തിക്കരയ്ക്കാനും മാറാല തട്ടാനുമൊക്കെയുള്ള ഇമ്മിണി ചെറിയ പരീക്ഷകളിൽ നമ്മളെന്തിനാ ആൺമക്കളെ തോൽക്കാൻ വിട്ടുകൊടുക്കുന്നത്. അവർ അതും പഠിക്കട്ടേന്ന് അമ്മമാർ വിചാരിച്ചാൽ തീരുന്നതേയുള്ളൂ പ്രശ്നം.... പാചകം മാത്രമല്ല കുഞ്ഞുങ്ങളെ ഊട്ടുക, ഉറക്കുക, അവരുടെ ഡയപ്പർ മാറ്റുക തുടങ്ങിയെന്തെല്ലാം പണികളായിരിക്കും കൊച്ചുമക്കളുള്ള വീടുകളിൽ. അമ്മ കുഞ്ഞിനു പാലൂട്ടുന്ന ജോലി ഏറ്റെടുക്കുമ്പോൾ അപ്പി കോരുന്ന ജോലി അച്ഛനു ചെയ്തുകൂടെ എന്നു ചോദിച്ചാൽ ഈ സ്ത്രീക്കെന്താ വട്ടാണോ എന്നു കൊഞ്ഞനം കുത്തുന്ന പെണ്ണുങ്ങൾ തന്നെയുള്ള നാട്ടിൽ എങ്ങനെ ആണുങ്ങളെ കുറ്റം പറയാനൊക്കും? നമ്മൾ വില കുറഞ്ഞവരാണെന്നും നമ്മൾ ചെയ്യുന്ന ഇച്ചീച്ചി ജോലികൾ ആണുങ്ങളെക്കൊണ്ട് ചെയ്യിക്കാൻ പാടില്ലെന്നും വൈഫിനെ പാചകത്തിനു വിട്ട് അവർ ഉമ്മറക്കസേരയിൽ വൈഫൈയിൽ വാചകമടിച്ചിരുന്നോട്ടെയെന്നും നമ്മൾതന്നെ തീരുമാനിച്ചാൽ പിന്നെ ആരെയും പറഞ്ഞിട്ടു കാര്യമില്ല. ഒന്നുമില്ലെങ്കിലും വീട്ടിലെത്തിയാൽ റെസ്റ്റെടുത്ത് റെസ്റ്റെടുത്ത് ‘തളരുന്ന’ കെട്ട്യോന്മാരോടു ചെയ്യുന്ന ക്രൂരതയാണതെന്നെങ്കിലും നമ്മൾ പെണ്ണുങ്ങൾ തിരിച്ചറിയണ്ടേ..
ഇതു പറയുമ്പോഴേക്കും അതിന് ആണുങ്ങളല്ലേ ജോലി ചെയ്തു കുടുംബം നോക്കുന്നേ എന്നുംപറഞ്ഞ് ചാടിവീഴും ചിലർ. പെണ്ണുങ്ങള് ഉദ്യോഗത്തിനു പോയിത്തുടങ്ങിയതും ആണിനൊപ്പമോ അല്ലാതെയോ അവരും വരുമാനമുണ്ടാക്കി വീട്ടിലേക്കു കൊണ്ടുവന്നുതുടങ്ങിയതൊന്നും അവർ അറിഞ്ഞുകാണില്ല. ഒരാൾ മാത്രം പുറത്തുപോയി ജോലി ചെയ്യുന്ന വീടുകളുണ്ടെങ്കിൽ അവിടെ വീട്ടുപണി രണ്ടാമത്തെയാൾ ഏറ്റെടുക്കുന്നതിൽ െതറ്റില്ല. അകംപണിക്കൊരാൾ, പുറംപണിക്കൊരാൾ.. അത് അവർ തമ്മിൽ തീരുമാനിച്ചോട്ടെ... അല്ലെങ്കിലും വീടു വൃത്തിയാക്കിയും കഞ്ഞീം കൂട്ടാനുംവച്ചും പിള്ളാരെനോക്കിയുമിരിക്കുന്നത് അത്ര നിസ്സാര കാര്യമാണോ?
കൂടെപ്പഠിച്ചൊരു കൂട്ടുകാരിയും കെട്ട്യോനും അങ്ങ് അമേരിക്കയിലാണ്. നേരത്തിനും കാലത്തിനും രണ്ടു പിള്ളേരുമുണ്ടായി. അവനും അവളും സോഫ്റ്റ്‌വെയർ കമ്പനിയിലാണ്. രണ്ടുപേരും കമ്പനിയുമായി ഒരു അഡ്ജസ്റ്റ്മെന്റ് ധാരണയിലെത്തിയിട്ടുണ്ട്. ആറു മാസം അവന് ഓഫിസ് ജോലി. അവൾക്ക് വീട്ടുപണി. അടുത്ത ഷിഫ്റ്റിൽ ആറു മാസം അവൾ ഓഫിസിൽ, അവൻ എന്തെങ്കിലും വച്ചുകാലമാക്കി പിള്ളേരേം നോക്കി വീട്ടിൽ. ഈ ‘ഇക്വാളിറ്റി ഇക്വാളിറ്റി’ എന്നൊക്കെ പറയുന്നത് ഇതാണ്. അവനും അവളും കല്യാണോം കഴിഞ്ഞ് ഇങ്ങ് പുളിന്താനത്തോ കിനാശ്ശേരിയിലോയെങ്ങാനുമാണ് സെറ്റിൽ ചെയ്തിരുന്നെങ്കിൽ എന്നൊന്ന് ആലോചിച്ചുനോക്കിയേ.. അവന് ഓഫിസിൽ സുഖ ജോലി. അവൾക്ക് ഓഫിസ് വിട്ടുവന്നിട്ട് വീട്ടുപണികൂടി... കുശുമ്പുകൊണ്ടു പറയുന്നതല്ല കേട്ടോ, ചില കാര്യങ്ങളിൽ വിദേശ രാജ്യങ്ങളാണ് നമ്മളേക്കാൾ പൊളി.
അതിയാനെ അടുക്കളയുടെ പരിസരത്തുപോലും അടുപ്പിക്കാത്ത ചില അമ്മച്ചിമാരൊക്കെ ആശിച്ചുമോഹിച്ച് ആൺമക്കളെ അമേരിക്കയിലേക്കയച്ചിട്ട് ‘ഇച്ചായൻ ഇവിടെ അടുക്കളയിൽ എന്നെ അസ്സലായി ഹെൽപ് ചെയ്യും അമ്മച്ചീ’ന്ന് മരുമോളു വിളിച്ചുപറയുന്നതു കേട്ട് മൂക്കത്തുവിരല് വച്ചിരിക്കുകയല്യോ... അല്ലേലും അമേരിക്കേലോ ഫിലാഡെൽഫിയായിലോ പോയി അടുക്കളപ്പണി ചെയ്താലും ആര് അറിയാൻ.. നമ്മുടെ നാട്ടിലെങ്ങാനും അതിയാനെ അരിയാനും വയ്ക്കാനും കൂട്ടുവിളിച്ചാൽ അയലത്തുള്ള പെമ്പിളമാർക്ക് പിന്നെ ഇരിക്കപ്പൊറുതിയില്ല. ‘ഓ അവള് അങ്ങേരേ അടിപ്പാവാടത്തുമ്പത്തു കെട്ടിയിട്ടേക്കുവാ’ എന്നൊരു പുച്ഛം പാസാക്കലുണ്ട്. ഈ പറയുന്ന അവളുമാരൊക്കെ നാലുനേരോം വച്ചുവിളമ്പി അങ്ങേരുടെ അടിവസ്ത്രോം തിരുമ്മിപ്പിഴിഞ്ഞ് നടുവൊടിയാറായി കിടക്കുകയാണെന്നതു വേറെ കാര്യം.
കൊച്ചിനെ നോക്കുന്നതും വച്ചുണ്ടാക്കണതും അടിച്ചുതളിക്കുന്നതുമൊന്നും വേണ്ടെന്നല്ലാട്ടോ... കുടുംബമാകുമ്പോൾ അതൊക്കെ ചെയ്തേ പറ്റൂ.. പക്ഷേ വീട്ടുപണിയുടെ അട്ടിപ്പേറവകാശം അവൾടെ മാത്രം തലയിൽ വച്ചുകെട്ടേണ്ട കാര്യമുണ്ടോ. അവൾക്കു ചെയ്യാമെങ്കിൽ അവനും ചെയ്യാം.. ചെയ്യണം... എല്ലാരും ഒരേ ചോറു തന്നെയല്ലേ ഉണ്ണുന്നത്... പോരാത്തതിന് മീനും ഇറച്ചിയുമൊക്കെ കൂട്ടാൻവയ്ക്കുമ്പോൾ നല്ല മുന്തിയ കഷ്ണം തിന്നുള്ള ഇച്ചിരി ആരോഗ്യക്കൂടുതൽ ആണുങ്ങൾക്കു നാം ഉണ്ടാക്കിക്കൊടുത്തിട്ടുമുണ്ടല്ലോ...
Content Summary: Pink Rose column on why men should involve in domestic chores