അതായിരുന്നു, ഞാൻ ആദ്യം കേട്ട അശ്ലീലം

menstruation
Representative Image. Photo Credit: TORWAISTUDIO / Shutter Stock
SHARE

ഏഴാംക്ലാസുകാലം. നാലാം പിരീഡു കഴിഞ്ഞ് ഉച്ചക്കഞ്ഞിക്കുള്ള കൂട്ടമണികേട്ടു ചാടിയതാണ് പുറത്തേക്ക്. പൊടിപാറണ മൈതാനത്തിന്റെ അങ്ങേയറ്റം ഉന്നംവച്ച് ഒരൊറ്റ ഓട്ടമാണ്. അവിടെയാണ് പെൺപിള്ളേരുടെ മൂത്രപ്പുര. ആ ഓട്ടപ്പാച്ചിലിനിടയിലാണ് കൂട്ടുകാരി മുന്നിൽവന്നു കൈ വട്ടം പിടിച്ച് എന്നെ തടഞ്ഞുനിർത്തിയത്. 

– ഞാൻ നിന്നോട് ഒരീസം ചോയ്ക്കണംന്ന് വിചാരിക്കായിരുന്നു.

– എന്തുവാ?

– ഒന്നൂലാ.... നിനക്ക് അത് വന്നോ?

– എന്ത്?

– അല്ലാ.. എല്ലാർക്കും വരണ ആ അത്?

– ഏത്?

– ശ്ശോ... നിനക്ക് വയറുവേന വരാറുണ്ടോ?

– പിന്നല്ലാതെ, ജാതിക്കാ ഉപ്പുംകൂട്ടി തിന്നുമ്പോ വരാറ്ണ്ടല്ലോ..

– അതല്ല, നിനക്കു നിന്റെ അമ്മ കൊറേ കൊറേ പലഹാരങ്ങളൊക്കെ തന്ന്.. പുതിയ വളേം മാലേമൊക്കെ ഇടീച്ച്.. അതാ ഞാൻ ചോയ്ക്കണേ

– ഓ അത്. എനിക്കും വന്നെടീ... പലഹാരോന്നും കിട്ടീല. വല്ലാത്ത ഏനക്കേടാന്നേ... ഇനി എല്ലാ മാസോം വരൂന്നാ പറഞ്ഞേ.. (ചക്കമുളഞ്ഞീനിൽ ചവിട്ടിയ ഭാവം മുഖത്ത്)

കൂടെപ്പഠിച്ച പെൺകുട്ടികൾക്കിടയിൽ അക്കാലത്തെ ഏറ്റവും രഹസ്യചർച്ചാ വിഷയമായിരുന്നു ‘അത്’. കൂലങ്കഷമായി അതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ആൺപിള്ളേരെങ്ങാനും ആ വഴി വന്നാൽ പെട്ടെന്നു സ്വയംനിയന്ത്രിതമായ ഒരു ഗൂഢാത്മക മൗനം അവിടമാകെ പരക്കും. ആണുങ്ങൾ കേൾക്കാൻപാടില്ലത്രേ... പെൺകുട്ടികളുടെ ഇത്തരം രഹസ്യചർച്ചകളിലേക്ക് സ്വാഭാവികമായും ആൺകുട്ടികളുടെ സിഐഡിതല തിരിയുകയും ചെയ്തു. അതിലൊരുത്തൻ അവസാനം ആ ‘അത്’ കണ്ടുപിടിച്ചുകളഞ്ഞു. അവന് പത്താംക്ലാസിൽ പഠിക്കുന്ന ഒരു ചേച്ചിയുള്ളതുകൊണ്ട് മണത്തറിഞ്ഞതാകണം. ക്ലാസിലെ പെൺകുട്ടികൾ ‘ടീച്ചറേ വയറുവേദന..’ എന്നു പറഞ്ഞു വീട്ടിൽപോകുമ്പോഴും, പാവാടയിൽ കറ പറ്റിയത് ആരെയും കാണിക്കാതെ ഞൊറി കൂട്ടിപ്പിടിച്ച് കഴുകാൻപോകുമ്പോഴൊക്കെ അവൻ ഗോപ്യമായ ഒരു ചിരിയോടെ ഞങ്ങളെ ഇടംകണ്ണിട്ടു നോക്കും. ആരോടും പറയല്ലേ എന്ന അതിദൈന്യഭാവത്തിൽ അന്നേരം പെൺകുട്ടികൾ അവനെ നോക്കിക്കെഞ്ചും... ‘അത്’ അതിരഹസ്യമാക്കി വയ്ക്കേണ്ട സ്വകാര്യമാണെന്നാണ് അന്ന് ഞാനുൾപ്പെടെയുള്ള പെൺകുട്ടികൾ മനസ്സിലാക്കിയത്. ആരോടും പറയാൻ പാടില്ലെന്ന് മനസ്സിലുറപ്പിച്ച ആദ്യത്തെ അശ്ലീലവും അതുതന്നെയായിരുന്നു; ആർത്തവം.

മുട്ടിറക്കമുള്ള കുട്ടിയുടുപ്പുകൾ നിറഞ്ഞിരുന്ന അലമാരയിലേക്ക് ഫുൾപാവാടകളും ചുരിദാറുകളുമൊക്കെ വരവറിയിച്ചത് അതിനു ശേഷമാണ്. ചുനമണക്കുന്ന മാവിൻകൊമ്പിൽ വലിഞ്ഞുകയറി മാങ്ങ പറിച്ചിരുന്ന പെൺകുട്ടികൾ മരംകേറ്റം നിർത്തി ആരേലും പറിച്ചുതരുന്ന മാങ്ങയ്ക്കു വേണ്ടി മാഞ്ചോട്ടിൽ മേൽപോട്ടു നോക്കി പോസ്റ്റായിത്തുടങ്ങിയതും അതിനു ശേഷമാണ്. പെറ്റിക്കോട്ടിനുള്ളിൽ മെലിഞ്ഞുകൊലുന്നനെയടങ്ങിക്കിടന്ന ശരീരത്തിലേക്കു കൗമാരത്തിന്റെ പൊടിപ്പുകൾ പടർന്നുകയറിയതും അതിനു ശേഷമാണ്. ‘ദേ.. കൊച്ചുപെണ്ണങ്ങ് വലുതായിപ്പോയല്ലോ...’ വിരുന്നുകാരുടെയും അയൽക്കാരുടെയും അളന്നുതൂക്കിയുള്ള നോട്ടങ്ങൾക്കുമുന്നിൽ ചൂളിത്തുടങ്ങിയതും അതിനു ശേഷമാണ്. മുറിയിലെ നിലക്കണ്ണാടിക്കു മുന്നിൽ നോക്കിനിന്നു നേരംപോകുന്നതറിയാതായതും അതിനു ശേഷമാണ്. 

പക്ഷേ ആർത്തവത്തെക്കുറിച്ചുള്ള പെണ്ണോർമകൾ പലപ്പോഴും അത്ര റൊമാന്റിക് അല്ല. എല്ലാ മാസവും നാലോ അഞ്ചോ ദിവസം ശരീരത്തെയും മനസ്സിനെയും അടിമുടിയുലച്ചു കടന്നുവരുന്ന ചോരച്ചദിനങ്ങൾ... ആദ്യ ദിവസങ്ങളിലെ വേദനകൾ.. ഹോട്ട് വാട്ടർ ബാഗുകൾ അടിവയറ്റിലമർത്തിവച്ചു തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കച്ചടവു വിട്ടുമാറാത്ത പുലർച്ചകൾ... ഇഷ്ടമുള്ള ഇളംനിറങ്ങളിലെ ഉടുപ്പുകൾ മാറ്റിവച്ച് പകരമിട്ടുകൊണ്ടുപോയ കടുംവർണപ്പാവാടകളിൽ ചിലപ്പോഴെങ്കിലും വരഞ്ഞ ചോരപ്പാടുകൾ... ചിലർക്കു കോണോടുകോൺ മടക്കിയിറുക്കെ കെട്ടിയ തീണ്ടാരിത്തുണികൾ ഉൾത്തുടകളിലുരഞ്ഞു പൊട്ടിയതിന്റെ നീറ്റലും സഹിച്ച് നടക്കേണ്ടി വന്ന നോവുദൂരങ്ങൾ... മറ്റുചിലർക്കു ചോരവാർന്നൊലിച്ചുപോകുമ്പോഴുള്ള തലചുറ്റലുകൾ... തളർച്ചകൾ... അങ്ങനെ ഓരോ പെണ്ണിനും അവളുടെ അടിവയറ്റിലെ ആഴങ്ങളിൽ അടയാളപ്പെട്ടുകിടക്കുന്നുണ്ട് ആർത്തവത്തിന്റെ ശേഷിപ്പുകൾ... 

അന്നത്തെ ഏഴാംക്ലാസിൽനിന്ന് പിന്നീട് മിക്സഡ് കോളജിലെ പോസ്റ്റ് ഗ്രാജുവേഷൻകാലത്തേക്കു മുതിർന്നപ്പോഴേക്കും മനസ്സിലെ അബദ്ധ പഞ്ചാംഗങ്ങളൊക്കെ തീയിട്ടു കത്തിച്ചുകളയാൻ കഴിഞ്ഞത് എത്ര ഭാഗ്യം. തീയതിതെറ്റി വന്ന പിരീഡ്സ് ദിനത്തിൽ ക്ലാസിലെ ആൺസുഹൃത്തിനോട് ‘പാഡ് വാങ്ങിവരാമോ’ എന്നു ചോദിക്കാൻ മാത്രം ആർത്തവത്തെ അതിസാധാരണമായ ഒരു ശാരീരിക പ്രക്രിയയായി കാണാൻ ഇന്നു കുറെ പെൺകുട്ടികൾക്കെങ്കിലും കഴിയുന്നത് ചെറിയ കാര്യമാണോ? പക്ഷേ ഇപ്പോഴും വെള്ളിടി വെട്ടിപോലും വെളിച്ചം വീഴാത്ത ഇരുണ്ട ഇടനാഴികളിൽ ആർത്തവം അരുതാത്ത എന്തോ ആയി തുടരുന്നുവെന്നതുവേറെ കാര്യം. 

ആ ദിവസങ്ങളിലെപ്പോഴൊക്കെയോ സ്വയം ഒരു അന്യഗ്രഹജീവിയായി മാറിയതുപോലെ തോന്നിയെന്ന് ചില കൂട്ടുകാരികൾ പരിഭവപ്പെട്ടത് ഓർമിക്കുന്നു. ‘ഇങ്ങനെ എല്ലാടവും തൊട്ടുംപിടിച്ചും അശുദ്ധമാക്കല്ലേ കുട്ടീ.. വല്ലയിടത്തും അടങ്ങിയിരി.. അച്ഛന്റെയും ഏട്ടന്മാരുടെയുമൊന്ന് അടുത്ത് അധികം നിന്നുതിരിയല്ലേ... അടുക്കളേൽ കേറല്ലേ.. അച്ചാറുഭരണി തുറക്കല്ലേ.. വിളക്കുകൊളുത്തല്ലേ..... ’ എന്നുതുടങ്ങി എത്രയെത്ര അരുതുകളുടേതുകൂടിയായിരുന്നു ആ ദിനങ്ങൾ... നസ്രാണിപ്പെണ്ണായതുകൊണ്ട് ആർത്തവം കാരണം വ്യക്തിപരമായി രണ്ടു പ്രധാന നഷ്ടങ്ങളാണുണ്ടായതെന്ന് പിന്നീടെനിക്കു തോന്നാറുണ്ട്. അന്നത്തെ കൂട്ടുകാരി പറഞ്ഞതുപോലെ പലഹാരങ്ങളൊക്കെയായി നാലാളെ വിളിച്ചുകൂട്ടിയുള്ള പരിപാടിയൊന്നുമുണ്ടായില്ല... കുറച്ചുനേരം വല്യമ്മച്ചി അടുത്തുവിളിച്ചിരുത്തി ഒരു സ്റ്റഡി ക്ലാസ് തന്നത് ഓർമിക്കുന്നു. ചുളുചുളുക്കുന്ന വയറുവേദനയ്ക്കിടയിൽ അതൊക്കെ ആരു കേൾക്കാൻ... പിന്നെ ആ ദിവസങ്ങളിൽ പള്ളിയിലെ കുർബാന കൂടാൻ പോകാൻ അനുവാദമുണ്ടായിരുന്നില്ല. 

കടകളിൽ പോയി അന്നൊക്കെ പെൺപിള്ളേര് പാഡ് വാങ്ങുന്നതൊക്കെ ‘ലഹരിമരുന്നു വാങ്ങുന്ന പോലെ രഹസ്യ’മായിട്ടായിരുന്നു. കടയിൽ സാധനമെടുത്തു തരാൻ ചേച്ചിമാരില്ലെങ്കിൽ ചേട്ടന്മാരോടു കാര്യം പറയുകപോലും ചെയ്യാതെ തിരിച്ചിറങ്ങിപ്പോരുമായിരുന്നു. അത്യാവശ്യക്കാർ അവിടെനിന്നു പരുങ്ങുന്നതുകാണുമ്പോൾ ഒന്നും ചോദിക്കാതെ ഒരു പാക്കറ്റ് സ്റ്റേഫ്രീയെടുത്തു ന്യൂസ്പേപ്പറിൽ പൊതിഞ്ഞുതന്ന ചേട്ടന്മാരോടൊക്കെ പെൺപിള്ളേർക്ക് വല്ലാത്ത മമത തോന്നിയതു വെറുതെയല്ല. ഇന്നു ഹൈപ്പർമാർക്കറ്റിലെ ഷോപ്പിങ്ങിനിടയിൽ സ്റ്റേഫ്രീയുടെയോ വിസ്ഫറിന്റെയോ ഒരു ജംപോ പാക്ക്  ട്രോളിയിലേക്ക് വലിച്ചിട്ട് ആൾത്തിരക്കുള്ള ബില്ലിങ് കൗണ്ടറിൽ ഒരു ഭാവഭേദവും കൂടാതെ നിൽക്കുമ്പോൾ ഇപ്പോഴും ആ പഴയ കാലം ഓർമിച്ച് സ്വയം ചിരിക്കും. എത്ര നാളെടുത്തു ആർത്തവം പെണ്ണുടലിന്റെ അശ്ലീലമല്ലാതായി മാറാൻ.... എന്നിട്ടും ഇപ്പോഴും ചിലർ ആ തീണ്ടാരിച്ചുവപ്പിനോടു തീണ്ടാപ്പാടാകലം സൂക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

Content Summary: Pink Rose column by Riya Joy on Menstruation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS