പണ്ടു പറഞ്ഞു പറഞ്ഞു കേട്ടൊരു കോമഡിയുണ്ട്.
പ്രേമിച്ചു നടക്കുമ്പോൾ ലൈഫ് കമലിന്റെ സിനിമപോലെ കളർഫുൾ..
കല്യാണം കഴിഞ്ഞാൽ പുതുമോടിക്ക് പ്രിയദർശൻ സിനിമ പോലെ റൊമാന്റിക്...
പിന്നീട് ഷാജി കൈലാസ് സിനിമ പോലെ സ്റ്റണ്ടും ഗുണ്ടും..
അതും കഴിഞ്ഞ് ഒടുക്കം അടൂരിന്റെ സിനിമ പോലെ അവാർഡ് പടം...
ഇപ്പോൾ ജീവിതം അവാർഡ് പടംപോലെയാകാൻ പലർക്കും അധികസമയം വേണ്ടിവരാറില്ലെന്നു തോന്നുന്നു. അപ്പുറമിപ്പുറമുള്ള വീടുകളിലേക്കൊന്ന് എത്തിനോക്ക്യേ.. (അങ്ങനെ ചെയ്യുന്നത് ശരിയല്ലെങ്കിലും) പിള്ളേരെയൊക്കെ ഹയർസ്റ്റഡീസെന്നും പറഞ്ഞ് തല്ലിയോടിച്ചു വിട്ടിട്ട് (അതിങ്ങള് ഇനി വീട്ടിലുണ്ടെങ്കിലും ഏതെങ്കിലും മുറിയടച്ചിരിപ്പല്യോ) കെട്ട്യോനും കെട്ട്യോളും തമ്മിൽത്തമ്മിൽ ഒന്നും മിണ്ടാനുംപറയാനുമില്ലാതെ അവാർഡ് പടത്തിലെ നിഴലുപോലെ വീട്ടിലെ ഓരോരോ മൂലയ്ക്കലായി ഉച്ചംകുത്തിയിരിപ്പുണ്ടാകും. ആകെയെന്തെങ്കിലും മിണ്ടുന്നുണ്ടെങ്കിൽ അത് കയ്യിലെ മൊബൈൽ ഫോണിനോടു മാത്രം. അല്ലാത്ത നേരമത്രയും ഇങ്ങനെ അവനവന്റേം അവളവളുടേം കാര്യം നോക്കി മിണ്ടാട്ടമില്ലാതെ, പൊട്ടിച്ചിരികളില്ലാതെ, കെട്ടിപ്പിടിത്തങ്ങളില്ലാതെ വല്ലാത്ത ഗൗരവത്തിൽ ഇരുന്നുകളയും.
ചട്ടീം കലോം ആകുമ്പോൾ തട്ടീം മുട്ടീമിരിക്കും എന്നു പണ്ടു കാർന്നോന്മാരു പറയുവായിരുന്നു. എന്നാ പറഞ്ഞാലും അതിനൊരു സുഖമുണ്ടായിരുന്നു. എടിയേ.. എന്നകത്തേക്കൊരു നീട്ടിവിളി.. എന്നാ അച്ചായോ എന്നൊരു മധുരമറുവിളി. ഇച്ചിരിയെന്നതെങ്കിലും ഇങ്ങു കൊറിക്കാനെടുത്തേ എന്ന് അതിയാന് അന്നേരമൊരു കറുമുറെക്കൊതി... അവുലോസുണ്ടയോ അച്ചപ്പമോ നുറുക്കോ ഒരു കിണ്ണത്തിലെടുത്ത് ഉമ്മറത്തിരുന്ന് രണ്ടുപേരുംകൂടി പിന്നെ പരദൂഷണപ്പൊതിയഴിക്കുകയായി.. അതിൽ അന്നാട്ടിലെ ലേറ്റസ്റ്റ് ഒളിച്ചോട്ടം മുതൽ അയലത്തെ പയ്യിന്റെ പേറ്റുനോവുവരെ വിഷയമായിട്ടു കടന്നുവരും. പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പ്രത്യേകിച്ചൊരു ഗുണമൊന്നുമില്ലേലും ഓരോന്നു മിണ്ടിപ്പറഞ്ഞോണ്ടിരിക്കാൻ എന്തോ ഒരു സുഖം.. അതിനിടേൽ അതിയാനൊന്നു നുള്ളാനോ തോണ്ടാനോ വന്നാൽ ഈ വയസ്സാംകാലത്താണോ മനുഷ്യാ പൂതി... ?എന്നും പറഞ്ഞ് ചട്ടയൊന്നു ചുളുക്കു നിവർത്തി, മുണ്ടിന്റെ പിൻഞൊറിയൊന്നു കുലുക്കിത്തുള്ളി പെൺപെറന്നോരന്നേരം അവുലോസുണ്ടേം കൊണ്ട് അകത്തേക്കുപോകും. എന്നിട്ടു വാതിലിന്റെ മറവിലെത്തിയൊരു പിന്തിരിഞ്ഞുനോട്ടമുണ്ട്. എന്റെ പുണ്യാളാ.. അതിയാന് അന്നത്തേക്കതുമതി.
ഇപ്പോഴെന്തോ മിണ്ടാട്ടം മുട്ടിയ വീടുകളിലല്യോ മിക്കവരുടെയും താമസം. ശ്വാസം മുട്ടുന്ന വീട്ടകങ്ങൾ. രാവും പകലും അടുക്കളപ്പണിയും വീട് അടിച്ചുവാരലും തൂക്കലും മെഴുകലുമൊക്കെയായി അവളങ്ങ് കഴിഞ്ഞുകൂടും. അതിയാന് പിന്നെ ആപ്പീസിലും ക്ലബ്ബിലും നാട്ടുനാൽക്കവലയിലുമൊക്കെ മാത്രമാണ് സംസാരം. വീട്ടിലെത്തിയാൽ വായിൽ പ്ലാസ്റ്ററൊട്ടിച്ചപോലെ സൈലന്റ് മോഡിലേക്കു മാറും. ചായകൊടുക്കലും കുളിക്കാൻ വെള്ളം ചൂടാക്കലും അത്താഴത്തിനു ചോറും കൂട്ടാനുമൊരുക്കലും പാത്രംമോറിക്കഴുകലുമൊക്കെയായി അവളുടെ ജോലികൾ മുറയ്ക്കു നടക്കുന്നുണ്ടാകും. പക്ഷേ ആ നേരമത്രയും അങ്ങേര് ഒരു മൊബൈൽഫോണും തോണ്ടിത്തോണ്ടി സോഫായിലൊറ്റയിരിപ്പാണ്. ടിവിയിൽനിന്നുയരുന്ന ചർച്ചപ്പാടുകളും നിലവിളീം ചേർന്ന് ആ വീടിന്റെ നിശ്ശബ്ദതയ്ക്കൊരു വൃത്തികെട്ട ബിജിഎം പകരുന്നുണ്ടാകും. കറന്റ് ബില്ലോ പാൽക്കാരന്റെ ബാക്കി പൈസയോ മറ്റോ കൊടുക്കാനുണ്ടെങ്കിൽ അതവൾ ഓർമിപ്പിച്ചെന്നിരിക്കും.. അതിനൊക്കെ ഒന്നുമൂളിയെന്നുവരുത്തി അങ്ങേരുവീണ്ടും പ്രതിമ കണക്കെ ഇരിപ്പുതുടരും. ചാനലിലെ അവസാന സീരിയലും ചർച്ചയും കഴിഞ്ഞാൽ പിന്നെ ടിവി ഓഫാക്കി കിടപ്പുമുറിയിലേക്ക്. അവിടെയൊരു കൂർക്കംവലിയുടെ പതിവ് അപശ്രുതിയിലേക്ക് ആ ദിവസത്തെ എല്ലാ നിശ്ശബ്ദതയും ചിറകൊതുക്കി ചേക്കേറും...
കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടി സ്വന്തം സ്വപ്നങ്ങൾ മറന്ന്, നിറമാർന്ന എല്ലാ പുറംകാഴ്ചകളും പൊതു ഇടങ്ങളും വേണ്ടെന്നുവച്ച് വീട്ടകത്തെ തണുപ്പിലേക്കും ഇരുട്ടിലേക്കും സ്വയം ചുരുണ്ടുകൂടിയ ചില സ്ത്രീകളുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കിയാൽ കേൾക്കാം, എന്നോടൊന്നു മിണ്ടൂ എന്ന മൃദുവായ അവരുടെ യാചനകൾ. ഭർത്താവ് ജോലിത്തിരക്കിലേക്കും മക്കൾ മുതിർന്ന് അവരുടെ ലോകത്തേക്കും മുഴുകുന്നതോടെ മിണ്ടാതായും മിണ്ടാട്ടം കേൾക്കാതായും പോകുന്ന എത്രയെത്ര പെണ്ണുങ്ങളുണ്ടെന്നോ നമുക്കു ചുറ്റും. അടുക്കളയിൽ വേവറിയിച്ചു വിസിലടിക്കുന്ന പ്രഷർകുക്കറിന്റെ വിളിയൊച്ചയും മിക്സിയുടെയും ഗ്രൈൻഡറിന്റെയും മുരക്കവുമല്ലാതെ അവർക്കു മറ്റെന്താണു കേൾക്കാനുള്ളത്. അളന്നുമുറിച്ച് അത്യാവശ്യങ്ങൾക്കല്ലാതെ പരസ്പരം മിണ്ടാത്ത രണ്ടുപേർ ഒരുമിച്ചുതാമസിക്കുന്ന വീട്ടിൽ തളംകെട്ടിക്കിടക്കുന്ന നിശ്ശബ്ദത എത്ര ഭീതിദമായിരിക്കും അവൾക്കെങ്കിലും. കാരണം അവളുടെ ലോകം ആ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ തുടങ്ങി അവിടത്തന്നെ ഒടുങ്ങുന്നു. പുറംലോകത്തിന്റെ ആരവങ്ങളും ആർപ്പുവിളികളും വിശേഷങ്ങളും അവൾ വേണ്ടെന്നുവച്ചത് ആ വീടിനുവേണ്ടിയല്ലേ... അതിനകത്തുനിന്നു പ്രണയത്തിന്റെയും കരുതലിന്റെയും കൂട്ടിരിപ്പിന്റെയും മധുരസിംഫണി ഉയരാത്തിടത്തോളം അവളുടെ കാതുകൾ ഈയമുരുക്കിയൊഴിച്ചതുപോലെ ബധിരം... ഓരോ പുഞ്ചിരിയിലും അവൾ ഒളിപ്പിക്കുന്നുണ്ടാകും ആ നിശ്ശബ്ദതയുടെ ദുരിതം... കാതോർത്താൽ കേൾക്കാം എന്നോടൊന്നു മിണ്ടൂ എന്ന അവളുടെ ആരോടെന്നില്ലാത്ത ആത്മഗതം...
Content Summary: Pink rose column by riya joy on Family Relationship