ഒന്നേയുള്ളൂലോ എന്നു കരുതി കണ്ടില്ലെന്ന മട്ടിലിരിക്കുകയായിരുന്നു കുറച്ചുനാളായിട്ട്. അപ്പോഴാണ് കഴിഞ്ഞ ഞായറാഴ്ച കുർബാനയ്ക്കിടയിൽ പിന്നിൽനിന്നൊരുത്തി തോണ്ടി വിളിച്ചിട്ട് പറഞ്ഞിരിക്കുന്നു... അയ്യോടീ നിന്റെ തലയൊക്കെ നരച്ചു തുടങ്ങീലോ.. നീയിതൊന്നും കണ്ടില്ലേന്ന്..ചുറ്റും കൊന്തയെത്തിച്ചു നിന്ന ചേടത്തിമാരൊക്കെ അന്നേരമെന്നെയൊരു നോട്ടം. അവരൊക്കെ പണ്ടേ മുടി നരച്ച് ഡയ്യടിച്ചു നടക്കുന്നോരാണെങ്കിലും എന്റെ തലയിലൊരു നര കണ്ടപാടേ എന്നോടൊരു അയ്യോ പാവം മട്ടായി. അല്ലേലും മുടിയിൽ നര കയറിത്തുടങ്ങിയാൽ പിന്നെ വല്ലാത്തൊരു വെഷമമാണെന്നേ. കാര്യം ഡയ്യും ഹെന്നയും കളറിങ്ങുമൊക്കെയായി പല തട്ടിപ്പു പരിപാടികളുമുണ്ടെങ്കിലും രാവിലെ ഉറക്കപ്പിച്ചിലെഴുന്നേറ്റു മുടി പിച്ചിപ്പറിച്ച് കണ്ണാടി നോക്കുമ്പോൾ മുഴുവൻ കോൺഫിഡൻസും ചോർത്തിക്കൊണ്ട് ആ നരച്ച മുടിയിഴകളങ്ങനെ നമ്മെത്തന്നെ തുറിച്ചുനോക്കും. വയസ്സായിത്തുടങ്ങി എന്നും പറഞ്ഞ് അന്നേരം ഉത്തരത്തിലൊരു പല്ലി ചിലയ്ക്കും.
ആദ്യമാദ്യമൊക്കെ ഒറ്റനര ഭാഗ്യ നരയാണെന്നു പറഞ്ഞു പിടിച്ചുനിൽക്കും. പിന്നെപ്പിന്നെ മുടി മെല്ലെ വകഞ്ഞു നരച്ച മുടിയിഴകൾ തേടിപ്പിടിച്ചു പിഴുതെടുത്തു കളഞ്ഞുനോക്കും, എന്നിട്ടും രക്ഷയില്ലാതാകുമ്പോഴാണ് പ്രശ്നം. പരിചയത്തിലുള്ള ബ്യൂട്ടീഷ്യന്മാരോടു ചോദിച്ചും ഗൂഗിളിൽ പരതിയും വേലിക്കലും വല്ലോരുടേം പറമ്പിലും നിൽക്കുന്ന ആടലോടകം, കയ്യൂന്നി, കറ്റാർവാഴ എന്നു തുടങ്ങി കഞ്ഞിവെള്ളവും മുട്ടയുടെ വെള്ളയും വരെ അടിച്ചു പതപ്പിച്ചു തലയിൽ പഞ്ചറൊട്ടിച്ചുനോക്കും. വലിയ മെനക്കേടുള്ള ഈ പരിപാടി എത്ര തുടർന്നാലും വെള്ളിവീണ തലുടി കറുക്കുന്നതിന്റെ ഒരു ലക്ഷണവും കാണാതെ വരുമ്പോൾ പിന്നെ ഹെന്നയിൽ കേറിപ്പിടിക്കും. രണ്ടോ മൂന്നോ ആഴ്ചകൂടുമ്പോൾ തലയിലൊരു കിണ്ണം ഹെന്നയങ്ങു വച്ചു കാച്ചും. ചിലർ നേരെ ഏതെങ്കിലും സെലിബ്രിറ്റി സലൂണിൽ അപ്പോയിന്റ്മെന്റെടുത്ത് പച്ച, മഞ്ഞ, വയലറ്റ്, പിങ്ക് തുടങ്ങിയ വെറൈറ്റി നിറങ്ങളിൽ തലമുടിയൽപം പെയിന്റടിച്ച് കുട്ടപ്പനാക്കും. പായലേ വിട.. പൂപ്പലേ വിട.. നരച്ച മുടിയേ വിട..
കുറച്ചു നാള് കളറടിച്ച് കയ്യിലെ കാശിനു മൊതലാവില്ലെന്നും കണ്ടുനിൽക്കുന്നോരൊക്കെ അയ്യടാാന്നാ പറയുന്നതെന്നുമുള്ള നഗ്നസത്യം തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ കളറിങ് സാഹസം മതിയാക്കും. ഒടുവിൽ ഏതെങ്കിലും ഡൈ തന്നെ ശരണം. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ ഒരു ടൂത്ത് ബ്രഷോ പെയിന്റിങ് ബ്രഷോ എടുത്തു പിടിച്ച് കറുത്തചായത്തിൽ മുക്കി കണ്ണാടിനോക്കി തലമുടിയിൽ കട്ടയ്ക്കു തേച്ചുപിടിപ്പിക്കും. അതു കഴിഞ്ഞ് കുളീം കഴിഞ്ഞ് പുറത്തിറങ്ങിയാൽ പിന്നെ ധൈര്യമായി ഒരു മൂളിപ്പാട്ടൊക്കെ മൂളാം.. എണ്ണക്കറുപ്പിന്നേഴുനിറം... രണ്ടാഴ്ച കഴിയുമ്പോഴേക്കും ഡയ്യൊക്കെ നിറംമങ്ങി മുടി നല്ല ചെമ്പിച്ചുകാണപ്പെടുംമുൻപേ ഈ കലാപരിപാടി വീണ്ടും തുടരണം. അല്ലെങ്കിൽ നാട്ടുകാർക്ക് ചിലപ്പോ ആളെ പിടികിട്ടിയെന്നുവരില്ല. ഒരിക്കൽ ഡൈ തേച്ചുതുടങ്ങിയാൽ പിന്നെ ഒരിക്കലും അതു നിർത്താൻ സമൂഹം അനുവദിക്കില്ലെന്നതാണ് അടുത്ത പ്രശ്നം.
അല്ലെങ്കിലും അതിയാൻ അടിമുടി ഡയ്യടിച്ച് മീശ വരെ കറുപ്പിച്ച് ചുള്ളനായി നടക്കുമ്പോൾ പെൺപെറന്നോർക്ക് ഡൈ ഉപയോഗിക്കാതെ തരമില്ല. മുടി നരച്ച് മുതുകെളവിയായി കൂടെനടന്നാൽ അങ്ങേര് അരക്കാതം ദൂരെ മാറിനടന്നുകളയും. അല്ലെങ്കിലേ രണ്ടു പെറ്റതിൽപിന്നെ വണ്ണം വച്ചുവച്ച് അതിയാന്റെ അമ്മയുടെ പ്രായം തോന്നിക്കുമെന്നാണ് കുടുംബക്കാരു മുഴുവൻ പറഞ്ഞു നടക്കുന്നേ. ഇനി നരകേറി വെളുത്തിട്ടു വേണം അതിയാന്റെ വല്യമ്മച്ചിയെന്നു വിളിപ്പിക്കാൻ. ഇനി നേരെ തിരിച്ച് അങ്ങേർക്ക് ഡൈ ഉപയോഗിച്ചാൽ തലനീരിറക്കമോ കണ്ണിനു ചൊറിച്ചിലോ പോലുള്ള വല്ല ഏനക്കേടുമുണ്ടെങ്കിൽ പെണ്ണുമ്പിളയുടെ ഡൈ മോഹം മിക്കവാറും പെട്ടിയിലടക്കേണ്ടിവരും. അങ്ങേരു സാന്താക്ലോസ് അപ്പൂപ്പനെപ്പോലെയിരിക്കുമ്പോൾ കെട്ട്യോള് മുടി കറുപ്പിച്ച് കൊച്ചുപെണ്ണായി നടന്നാൽ ആൾക്കാർ വല്ലതും പറഞ്ഞുണ്ടാക്കിയാലോ... പക്ഷേ, സ്കൂളിൽ പിള്ളേരുടെ പിടിഎ മീറ്റിങ്ങിനൊക്കെ പോകുമ്പോ എല്ലാരും കറുപ്പിച്ചോണ്ടു വരുമ്പോൾ നമ്മളുമാത്രം ഇങ്ങനെ പഞ്ഞിക്കുരു പൊട്ടിയപോലെ തല മുഴുവൻ വെളുപ്പിച്ചുചെന്നാൽ അവറ്റുങ്ങൾക്കുകൂടി കുറച്ചിലല്യോ.. ഇനിയെങ്ങാനും ഡൈ തീർന്നിട്ടു പുതിയ പായ്ക്കറ്റ് മേടിക്കാൻ മറന്നാൽ ടെൻഷനടിക്കേണ്ട... ബ്രഷെടുത്ത് തലയിൽ അവിടെയുമിവിടെയുമൊക്കെയായി തോണ്ടി മാന്തി കറുപ്പിച്ച് ബാക്കി നരയുമായി പോകാം. പണ്ടാരോ പാതി ഡൈ ചെയ്തു പുറത്തിറങ്ങി സോൾട്ട് ആൻഡ് പെപ്പർ എന്നൊരു സ്റ്റൈൽ ഉണ്ടാക്കിവച്ചത് നമുക്ക് ഉപകാരമായെന്നു പറഞ്ഞാൽ മതീലോ..
പാരമ്പര്യം മുതൽ മാനസിക സമ്മർദം വരെ പലതും നരയ്ക്കു കാരണമാകാറുണ്ടെന്ന് ഡോക്ടർമാർ പറയാറുണ്ടെങ്കിലും നര മറച്ചുവയ്ക്കൻ നമുക്ക് ഒറ്റ കാരണമേയുള്ളു. പ്രായം പുറത്തറിയല്ലേ എന്നു കട്ടായം ചിന്തിക്കുന്ന പ്രേംനസീർ സിൻഡ്രോം. അല്ലെങ്കിലും എല്ലാവരെയും പ്രായം അറിയിച്ചിട്ട് പ്രത്യേകിച്ച് എന്നാ കാര്യം. പിന്നെ എല്ലാരും കറുപ്പിച്ചോണ്ടിറങ്ങുന്ന നാട്ടിൽ ഒരു വെളുത്ത തലയുണ്ടായിപ്പോയതാണെന്റെ കുറ്റം എന്നു ചിന്തിക്കുന്നവരെയും തെറ്റു പറയാനൊക്കില്ല. പണ്ടും തലനരച്ചുതുടങ്ങിയ വല്യമ്മച്ചിമാരൊക്കെ കഞ്ഞിക്കലത്തിന്റെ കരിക്കറുപ്പെടുത്തു തലമുടിയിൽ തൂത്തുവച്ചിട്ടില്ലെന്ന് ആരു കണ്ടു. അല്ലെങ്കിലും വയസ്സ് വെറും നമ്പർ മാത്രമാണെന്നല്ലേ എല്ലാരും പറയുന്നേ. വയസ്സ് അറിയിക്കാതിരിക്കാൻ ഓരോരോ നമ്പറുകളെന്നു പറഞ്ഞു കൊച്ചുപിള്ളേര് കളിയാക്കുമെങ്കിലും നമ്മളതെന്തിനു ഗൗനിക്കണം. തലമുടിയിച്ചിരി കറുപ്പിച്ചും കവിളത്ത് അൽപം കുട്ടിക്കൂറ കുടഞ്ഞിട്ടും കണ്ണാടി നോക്കുമ്പോൾ എന്തോ ഒരു ആശ്വാസം കിട്ടുന്നുണ്ടെങ്കിൽ അതെന്തിനു വേണ്ടെന്നു വയ്ക്കണം? ഇനി തല നരച്ചിരുന്നാലും എനിക്കൊരു ചുക്കുമില്ലെന്നു കരുതാനുള്ള ഇമ്മിണി തന്റേടമുണ്ടെങ്കിൽ അതുതന്നെ വലിയൊരാശ്വാസം...
Content Summary : Pink Rose column by Riya Joy on grey hair and women