‘‘ഇങ്ങനെ നുള്ളിപ്പെറുക്കിത്തിന്നോണ്ടിരുന്നാലെങ്ങനെയാ.. കപ്പുകുപ്പെന്നു പറഞ്ഞ് വയറ് നിറയെ ചോറുണ്ണ് പെണ്ണേ. തടിയൊക്കെയിങ്ങു പോരട്ടെ. രണ്ടുമൂന്നാലുകൊല്ലം കഴിഞ്ഞാ ഒരുത്തന്റെ കൂടെ കെട്ടിച്ചുവിടാനുള്ളതാ.. ഇങ്ങനെ കോലംകെട്ടു കുരങ്ങരിച്ചതുപോലിരുന്നാൽ ആണുങ്ങളാരും കെട്ടിക്കൊണ്ടുപോകില്ല കേട്ടോ..’’
നാട്ടുമ്പുറങ്ങളിലെ ചേടത്തിമാർക്ക് മെലിഞ്ഞുകൊലുന്നനെയിരിക്കുന്ന കൊച്ചുപെൺപിള്ളേരെ കണ്ടാൽ ഇങ്ങനെയെന്തെങ്കിലും ഡയലോഗ് ഉണർത്തിച്ചില്ലെങ്കിൽ വല്ലാത്തൊരു ഏനക്കേടാന്നേ. അരച്ചാക്കുവീതം റേഷനരി പുഴുങ്ങി വെട്ടിവിഴുങ്ങി വണ്ണം വയ്പിച്ചില്ലെങ്കിൽ പെൺപിള്ളാര് കെട്ടാച്ചരക്കായി വീട്ടിലിരുന്നുപോകുമെന്നു തോന്നിപ്പിക്കുന്ന മട്ടിലായിരിക്കും അവളുമാരുടെ വർത്തമാനം. പെൺകൊച്ചുങ്ങളായാൽ ഇച്ചിരി ഫ്രണ്ടും ബായ്ക്കും വേണമത്രേ. അതിന് നമ്മളെന്താ അശോക് ലെയ്‌ലാൻഡിന്റെ ഷോറൂമീന്നാണോ പെറന്നേ.. ഇമ്മാതിരി ശരീരം നന്നാക്കൽ ഉപദേശത്തിന്റെ ഹോൾസെയിലെടുത്ത ചില പാർട്ടികളെ കണ്ടിട്ടില്ലേ... കല്യാണപ്രായത്തോടടുപ്പിച്ചാണ് ഈ ബ്രോയിലർ ഉപദേശം കൂടുതൽ കേൾക്കേണ്ടിവരിക. ഓ പിന്നെ... കെട്ടാൻ വരുന്നോന്മാരൊക്കെ സൽമാൻ ഖാന്മാരല്ലേ എന്നൊന്നും തിരിച്ചു ചോദിച്ചേക്കരുത്. കാരണം, സാമ്പ്രദായികമായി ചെറുക്കനിത്തിരി ക്ഷീണമോ മെലിച്ചിലോ ചടച്ചിലോ ഒക്കെ ഉണ്ടെങ്കിലും സാരമില്ല. അവൻ കുടുംബം മുഴുവൻ തലയിൽ ചുമന്ന് ക്ഷീണിച്ചുപോയതുവല്ലതുമായിരിക്കുമെന്ന് മറ്റുള്ളോര് സമാധാനിച്ചോളും. പക്ഷേ പെണ്ണുങ്ങളുടെ കാര്യം അങ്ങനെയല്ല. നല്ല നെയ്ക്കുമ്പളങ്ങ പോലെയായാൽ നന്ന്. തുടുത്തുകൊഴുത്ത് കൂഴച്ചക്കപ്പരുവത്തിലിരുന്നില്ലെങ്കിൽ കാണുന്നോർക്ക് എന്തോ ഒരു ചൊറിച്ചിൽ.. അത്ര തന്നെ.
കൗമാരത്തിലെത്തുമ്പോഴേ ചില അമ്മച്ചിമാരും വല്യമ്മച്ചിമാരുമൊക്കെ പെൺകൊച്ചുങ്ങളെ പിടിച്ചിരുത്തി നെയ്യും വെണ്ണയുമൊക്കെ തീറ്റിച്ച് ചില നാട്ടുവൈദ്യം മരുന്നുകളൊക്കെ പരീക്ഷിച്ചുതുടങ്ങും. ശരീരവളർച്ചയ്ക്കും ഓജസ്സിനും വേണ്ടിയെന്ന ലേബലിൽ അങ്ങാടിയിൽ കിട്ടുന്ന അരിഷ്ടവും ആസവങ്ങളും ലേഹ്യവുമൊക്കെ സേവിച്ചാൽ അടിമുടി പുഷ്ടിപ്പെടുമെന്നാണ് സങ്കൽപം. എന്നാൽ ഇതൊക്കെ കഴിച്ചാലും കാര്യമായ മാറ്റമൊന്നും ഉണ്ടാവില്ലെന്നു മാത്രം. ‘പുഷ്ടിപ്പെട്ട’ ചിലരാകട്ടെ പിന്നീട് ഏറെക്കാലം ദുർമേദസ്സ് ഇറക്കിവയ്ക്കാനാവാതെ കഷ്ടപ്പെടുകയാണെന്നത് വേറെ കാര്യം. ഇനി ആസവം കൊണ്ടൊന്നും രക്ഷപ്പെട്ടില്ലെങ്കിൽ അടുത്ത ഉപദേശവും സഹതാപവുമൊക്കെയായി വീണ്ടും ചേടത്തിമാർ അടുത്തുകൂടും. പെണ്ണിന് എത്ര പഠിപ്പുണ്ടെങ്കിലും ജോലിയുണ്ടെങ്കിലും അഴകും അളവുമൊത്തെ ശരീരമില്ലെങ്കിൽ അവളെയാർക്കും വേണ്ടെന്ന മട്ടിലുള്ള വിധിയെഴുത്തുകൾ ഏറെപ്പേർക്കിടയിൽ ഇന്നുമുണ്ട്. അതിന്റെ തുടർച്ചയാണ് നീർക്കോലിയെന്നും ഈയാംപാറ്റയെന്നും കോലിൽ തുണികെട്ടിവച്ച കോലമെന്നും ഒന്നൂതിയാൽ പറന്നുപോകുമെന്നും മട്ടിലുള്ള കളിയാക്കലുകൾ. സാരിയുടുത്തു നടക്കുമ്പോൾ തട്ടിമുട്ടിവീണാലും സാരമില്ല, രണ്ടുംമൂന്നും അടിപ്പാവാടയിട്ടു അരവണ്ണം കൂട്ടിയില്ലെങ്കിൽ മനസ്സിനു തൃപ്തി വരില്ല. പാഡുവച്ച ഉൾവസ്ത്രങ്ങളും കുതിരക്കുളമ്പുപോലെ മടമ്പുള്ള ഹൈ ഹീൽഡ് ചെരുപ്പുകളും വയ്പുമുടിയുമൊക്കെ അവൾ ചോദിച്ചുവാങ്ങുന്നതും ഇതൊന്നുമില്ലാത്ത അവളെ അവൾക്കുപോലും അംഗീകരിക്കാനുള്ള മടികൊണ്ടുതന്നെ.
പലപ്പോഴായി കേട്ടുകേട്ട് മെലിവ് ഒരു മഹാപരാധമാണെന്ന അപകർഷത്തോടെ തലതാഴ്ത്തുന്ന എത്രയെത്ര കൗമാരക്കാരികളുണ്ട് നമുക്കുചുറ്റും. ആ പ്രായത്തിന്റെ അരക്ഷിതാവസ്ഥയ്ക്കിടയിലും അവളെ ആശങ്കപ്പെടുത്തുന്നത് സമൂഹം പെണ്ണിന് അളന്നുകുറിച്ചുവച്ച വലിപ്പത്തിലേക്കും തൂക്കത്തിലേക്കും ശരീരം വളരാത്തതിലുള്ള നിരാശയായിരിക്കില്ലേ. മനസ്സും ശരീരവും ഒരു കാലിഡോസ്കോപ്പിലെന്ന പോലെ വർണവ്യതിയാനങ്ങളിലൂടെ കടന്നുപോകുന്ന കൗമാരത്തിന്റെ ആനന്ദങ്ങളൊന്നും ഈ അപകർഷബോധം കാരണം അവർക്ക് ആസ്വദിക്കാനും കഴിയുന്നില്ല. സമപ്രായക്കാരികളുടെ ‘പുഷ്ടിപ്പെട്ട’ ശരീരത്തിലേക്ക് അസൂയയോടെ തുറിച്ചുനോക്കി സ്വന്തം മുറിയിലെ നിലക്കണ്ണാടിക്കാഴ്ചയിൽ സ്വയം വേദനിച്ചുതീരുന്ന കൗമാരം ഒരു പക്ഷേ തുടർന്നങ്ങോട്ടുള്ള മുഴുവൻ ജീവിതത്തിന്റെയും പ്രസാദാത്മകത കൂടിയാണ് അവർക്കു നഷ്ടപ്പെടുത്തുന്നത്.
‘പുളിയിലനേർക്കര മുണ്ടുമടക്കി പൂവു നിറച്ച അമ്മാളു’വിൽനിന്ന് ഇന്നത്തെ പെൺകുട്ടികൾ എത്രയേറെ ദൂരം മുന്നോട്ടുപോയ്ക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടും മുടിക്കു തഴപ്പു പോരാഞ്ഞും കവിളത്തു മിനുപ്പു പോരാഞ്ഞും ചർമത്തിനു നിറം പോരാഞ്ഞും അവൾ സങ്കടപ്പെട്ടുകൊണ്ടേയിരിക്കുന്നു. മാറിടങ്ങൾക്കും അരക്കെട്ടിനും ചന്തം പോരെന്നും അണിവയറിന് ആലില ഓമനത്തം പോരെന്നും നൊമ്പരപ്പെട്ട് അവൾ മറ്റുള്ളവർക്കു മുന്നിൽ സൗന്ദര്യവതിയല്ലാതാകുന്നു. സൗന്ദര്യം അത് കാണുന്നവന്റെ കണ്ണിലാണെന്ന കാലഹരണപ്പെട്ട മണ്ടത്തരം കേട്ടുവിശ്വസിച്ച പെൺപിള്ളേര് കാണുന്നോരെക്കൊണ്ട് മുഴുവൻ നല്ലതു പറയിക്കാൻ പെടാപ്പാടു പെടുന്നതൊക്കെ ആരറിയാൻ. വെറുതെയല്ല ‘ആരെ കാണിക്കാനിറങ്ങിയിരിക്കുകയാ’ എന്നു പെണ്ണുങ്ങളുടെ നേരെ ചിലർ കലിതുള്ളിയുറയുന്നത്. അങ്ങനെ ‘കാണിക്കാൻ’ വേണ്ടി മാത്രമാണോ നമ്മൾ സുന്ദരിയാകുന്നത്?
സത്യത്തിൽ നമ്മുടെ സൗന്ദര്യം നമ്മുടെ തന്നെ കണ്ണുകളിലാണ്; നമ്മുടെ തന്നെ കാഴ്ചയിലും. സ്കെയിലും ഫിൽറ്ററും കട്ടിത്രാസും കൊണ്ട് നമ്മുടെ ശരീരം അളന്നു തൂക്കി നോക്കാൻ വരുന്നവരോടുള്ള തക്കമറുപടി മനസ്സിൽ കരുതിവച്ചേച്ച് കൂളായി പുറത്തേക്കിറങ്ങണം. അല്ലെങ്കിലും നമ്മളിച്ചിരി മെലിഞ്ഞിരുന്നാലും മറ്റുള്ളവർക്കെന്താ? നമ്മെക്കൊണ്ട് അരച്ചാക്ക് റേഷനരി അധികം തീറ്റിക്കണമെന്ന് അവർക്ക് പിടിവാശിയെന്തിനാ...?
Content Summary : Pink Rose Column by Riya Joy - How tough it is to get buff