വല്ലോരും വല്ലതും പറയട്ടെ... അതിനു നമുക്കെന്നാ?

angry-women
SHARE

ഒരിടത്ത് എൽസമ്മയെന്നൊരു ചുണക്കുട്ടിയുണ്ടായിരുന്നു.  വേദപാഠം ക്ലാസിൽ പഠിപ്പിക്കാനും തയ്യലു കടയിൽ പണിയെടുക്കാനുമൊക്കെ വിട്ടെങ്കിലും എൽസമ്മ വേലി ചാടുമെന്ന് ഏതാണ്ട് ഉറപ്പായപ്പോൾ അവൾടപ്പൻ കറക്ട് ടൈമിൽതന്നെ അവളെ കെട്ടിച്ചുവിട്ടു. അതോടെ പൊന്നുമോൾടെ വേലിചാട്ടത്തിനൊരറുതി വന്നല്ലോ എന്നു കരുതി സമാധാനമായിരിക്കുകയായിരുന്നു അന്ത്രപ്പനും കെട്ട്യോളും. എന്തു ചെയ്യാൻ! പുതുമോടി കഴിഞ്ഞപ്പോഴേക്കും സ്ത്രീധനം പോരെന്നും പറഞ്ഞ് എൽസമ്മേടെ കെട്ട്യോൻ അവൾടെ കരണക്കുറ്റിക്കു രണ്ടു പൊട്ടിച്ചു വീട്ടിൽ നിന്നിറക്കിവിട്ടു. മുൻവശത്തെ രണ്ടു പല്ല് തറയിൽനിന്നു തപ്പിപ്പിടിച്ചു പെറുക്കിയെടുത്ത് ചോരേം കണ്ണീരുമൊലിപ്പിച്ച് എൽസമ്മ വീണ്ടും അപ്പന്റെ വീട്ടിലേക്കു കയറിച്ചെന്നു. അങ്ങനെ പേറും പൊറുതിയും സ്വന്തം വീട്ടിൽതന്നെയായി എൽസമ്മ. സ്വസ്ഥം. പക്ഷേ വൈകാതെ പള്ളീലച്ചനും പഞ്ചായത്തു മെമ്പറുമൊക്കെ മധ്യസ്ഥം നിന്ന് എൽസമ്മേനെ ഉന്തിത്തള്ളി അവൾടെ കെട്ട്യോന്റെ വീട്ടിലേക്കുതന്നെ തിരിച്ചയച്ചു.  ഇനിയുമവളെ ഇറക്കിവിടാതിരിക്കാൻ പുഞ്ചപ്പാടം വിറ്റവകയിൽ കിട്ടിയ നല്ലൊരു സംഖ്യകൂടി അവളുടെ കെട്ട്യേന്റെ പേർക്ക് എഴുതിക്കൊടുക്കാനും മറന്നില്ല അന്ത്രപ്പൻ. അങ്ങനെ നിവൃത്തിയില്ലാതെ, കെട്ട്യോന്റെ വീട്ടിൽ മൂന്നാലു പിള്ളേരേം അഞ്ചാറു പൈക്കളേം നോക്കിയും കഞ്ഞിയും കറിയും വച്ചുകാലമാക്കിയും പറമ്പിൽ പണിതും അവളങ്ങു കഴിഞ്ഞുകൂടുന്നു... 

എന്നിരുന്നാലും പിന്നെയും സ്ത്രീധനബാക്കി തേങ്ങയായോ കച്ചിയായോ നെല്ലായോ കെട്ട്യോന്റെ വീട്ടിലേക്കു കൊണ്ടുപോകാൻ എൽസമ്മ ഇടയ്ക്കിടെ ഒരു വരവുണ്ട്. വഴിനീളെ, പരിചയത്തിലുള്ള ആയോരേം ഈയോരെംകുറിച്ചു നൊണേം നൊണ്ണാച്ചീം പറച്ചിലു തന്നെയാ പെണ്ണിന്റെ പ്രധാന പരിപാടി. അവളുടെ വയ്പു പോര, ഇവളുടെ വൃത്തിപോരാ.. കൊച്ചിനെ നോക്കാൻ അറിയാമ്മേല, കെട്ട്യോനാണേൽ സ്നേഹം പോരാ... എന്നുവേണ്ട തൊഴുത്തിൽകിടക്കണ ആടുമാടുകളെക്കുറിച്ചുവരെ കുറ്റംപറയാതെ ഉറക്കംവരൂല്ല. എന്തുചെയ്യാൻ! ചിലർ അവരുടെ ദുരിതോം വേദനേം മറ്റുള്ളവരോടു പറഞ്ഞുതീർക്കുന്നു; എൽസമ്മേനെപ്പോലുള്ളോർ മറ്റുള്ളവരെ ചൊറിഞ്ഞുതീർക്കുന്നു; അത്ര തന്നെ. 

നിങ്ങളുടെ ജീവിതത്തിലുമുണ്ടോ ഇതുപോലെയുള്ള എൽസമ്മമാർ? ഉണ്ടാവാതിരിക്കില്ല. അതോ നിങ്ങൾ തന്നെ ഒരു എൽസമ്മയാണോ? കാലം കുറെയൊക്കെ മാറിയെങ്കിലും ഏഷണിക്കാർക്കും പരദൂഷണക്കാർക്കും വംശനാശം വരുന്നതെങ്ങനെ? മനസു നിറഞ്ഞ് സ്വന്തം ജീവിതം ജീവിക്കുന്ന ആരും മറ്റുള്ളവരെക്കുറിച്ചു കുറ്റം പറയാനോ അവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടാനോ വരില്ല. കാരണം അവർ അവരുടെ സന്തോഷവും സ്വാതന്ത്ര്യവും അനുഭവിക്കുന്നതിന്റെ തിരക്കിലല്യോ. ഇതൊന്നുമില്ലാത്തവർക്കാണ് ഏനക്കേടും കണ്ണുകടിയും. നമ്മെക്കുറിച്ച് നമ്മോടല്ലാതെ മറ്റാരോടെങ്കിലും കുറ്റം പറഞ്ഞുകൊളുത്തിക്കൊടുക്കുന്നവർ സ്വന്തം ജീവിതം കോഞ്ഞാട്ടയായതിന്റെ കൊതിക്കെറുവു തീർക്കുന്നവരാണെന്നു തോന്നിയിട്ടില്ലേ. അല്ലേൽ മാനംമര്യാദയ്ക്കു നമ്മോടു നേരിട്ടു കാര്യം പറഞ്ഞാൽ പോരേ. അതു പറയാൻ ധൈര്യം പോരാതെ, നമ്മുടെ മറുപടി കേൾക്കാൻ മനസ്സു കാണിക്കാതെ ഒളിഞ്ഞും മറഞ്ഞുമിരുന്ന് നമ്മുടെ ഇല്ലാക്കുറ്റം പറയുന്നവരെ അങ്ങു കണ്ടില്ലെന്നു നടിച്ചേക്കണം. എന്നിട്ട് അന്തസ്സായി ജീവിച്ചു കാണിക്കണം. 

എന്തായാലും ഒരു കാര്യം ഉറപ്പാണ്. നമ്മളില്ലാത്ത നമ്മളിടങ്ങളിൽ നമ്മെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും അനാവശ്യം കുശുകുശുക്കുന്നുണ്ടെങ്കിൽ അതവർക്ക് അസൂയയും അസ്വസ്ഥതയും അസ്ഥിക്കു പിടിച്ചിട്ടാണ്.  സത്യത്തിൽ അവർ സഹതാപമാണ് അർഹിക്കുന്നത്. സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാക്കാം, പുറമേക്കല്ലെങ്കിലും അവരനുഭവിക്കുന്ന ശൂന്യതയും നിരാകരണവും നിരാലംബതയും. സ്വന്തം ഇഷ്ടങ്ങൾക്കൊത്തു ചിറകുവച്ചു പറക്കുന്നവർ എപ്പോഴും അവരുടെ ആകാശം കണ്ടെത്തലിന്റെ കൗതുകങ്ങളിലായിരിക്കും. ഇഷ്ടങ്ങളുടെ ചിറകരിഞ്ഞു കൂട്ടിലടയ്ക്കപ്പെടുന്നവരാണ് അവരുടെ നഷ്ടബോധം മറക്കാൻ മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യ ഇടപെടലുമായി അതിക്രമിച്ചുകയറുന്നത്. ഇതിന്റെ ഏറ്റവും വലിയ രസമെന്താന്നുവച്ചാൽ ഇവരുടെ ഒളിഞ്ഞുനോട്ടങ്ങളും ആരോപണങ്ങളുമൊന്നും തിരിച്ചറിയാൻ കഴിയാത്തത്ര ഇള്ളക്കുട്ടികളാണു നമ്മൾ എന്നാണ് ഇവരുടെയൊക്കെ മണ്ടൻധാരണ. ഇതും ഇതിലപ്പുറവും ചാടിക്കടന്നവരല്യോ നമ്മൾ എന്ന മട്ടിൽ അങ്ങു പുച്ഛിച്ചു തള്ളിയേക്കണം. അല്ലാതെ ആരെങ്കിലും നമ്മെക്കുറിച്ച് ഒളിച്ചുംപാത്തും പറയുന്നതുകേട്ട് അതിന്റെ പേരിൽ നമ്മുടെകൂടി സ്വസ്ഥത കളയണോ.... അവര് പറയട്ടേന്നേ... അങ്ങനെങ്കിലും അവർ അവരുടെ ദെണ്ണം ചൊറിഞ്ഞുതീർക്കട്ടെ... നമ്മളെന്തിനു കൂടെ മാന്തണം???

English Summary : Pink Rose Column about Mental Stengtth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS