ഒളിഞ്ഞുനോട്ടക്കാരീ... എല്ലാമറിയുന്നുണ്ട് കേട്ടോ...

young-woman-peeping-through
Representative Image. Photo Credit : Korionov/Shutterstock.com
SHARE

– ശ്‌ശ്... അവൾടെ ഫെയ്സ്ബുക് പോസ്റ്റ് കണ്ടോ?

– അല്ലാ അവളെന്തിനാ ഇൻസ്റ്റയിൽ എപ്പോഴുമെപ്പോഴും പ്രൊഫൈൽ പിക് മാറ്റുന്നേ?

– ഇന്നാള് അവളെഴുതിവച്ചിരിക്കുന്നത് വായിച്ചോ? 

കത്രീനാമ്മയുടേതാണ് ഇമ്മാതിരി ആവലാതികൾ. ഈയടുത്ത കാലത്താണ് പുള്ളിക്കാരി ഈ സോഷ്യൽ മീഡിയയിലൊക്കെ അങ്ങ് ആക്ടീവായത്. അടുക്കളപ്പണിയെല്ലാം ഒതുക്കിക്കഴിഞ്ഞാൽ പിന്നെ മൊബൈൽഫോണുമെടുത്ത് പിന്നാമ്പുറത്തെ വരാന്തയിലിരുന്ന് ഇതുപോലെ മറ്റുള്ളവരുടെ ഫെയ്സ്ബുക്, ഇൻസ്റ്റ ഇത്യാദി സോഷ്യൽമീഡിയ അക്കൗണ്ടുകൾ നിരങ്ങി  ആവലാതിപ്പെടുന്നതാണ് പ്രധാന പരിപാടി. വീട്ടുകാരും വകയിലെ ബന്ധുക്കളും പണ്ടു കൂടെപ്പഠിച്ചവരും മുതൽ  ഇടവകപ്പള്ളിയിലെ കുർബാനയ്ക്കിടയിലെ സ്തോത്രപ്പരിചയം മാത്രമുള്ളവർ വരെയുണ്ട് കത്രീനാമ്മയുടെ ഫ്രണ്ട് ലിസ്റ്റിൽ.  ഇന്നാള് കൊച്ചമ്മായിയുടെ മോന്റെ കുഞ്ഞിന്റെ മാമ്മോദീസായ്ക്കു പോയപ്പോൾ അവിടെക്കണ്ട ഒരു ഫോട്ടോഗ്രാഫറു ചെറുക്കനെക്കൊണ്ട് അതിയാന്റേം മക്കളുടെയും കൂടെയുള്ള ഒരു ഫാമിലി ഫോട്ടോ എടുപ്പിച്ചായിരുന്നു. അതാണ് കത്രീനാമ്മേടെ പ്രൊഫൈൽ പിക്. അല്ലേലും കുടുംബത്തിൽ പെറന്ന പെണ്ണുങ്ങള് അങ്ങനെയുള്ള പടങ്ങളേ പോസ്റ്റ് ചെയ്യാവൂ എന്ന വിശ്വാസക്കാരിയാണ് കത്രീന. ഇടയ്ക്കിടെ വീട്ടുമുറ്റത്തെ പൂച്ചെടികളുടെയും വളർത്തുനായയായ ജാക്കിയുടെയും പടങ്ങൾ അപ്‌ലോഡ് ചെയ്യുമെന്നതൊഴിച്ചാൽ വലിയ ആക്ടിവിറ്റിയൊന്നുമില്ല കത്രീനാമ്മയുടെ ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലും. എന്നാലും ന്യൂസ് ഫീഡു വഴി പോകുന്ന ആരുടെ പടംകണ്ടാലും ഒന്നു ലൈക്കടിക്കാതെ കത്രീനാമ്മ വിടില്ല. എന്നാൽ സത്യം പറഞ്ഞാൽ അത്ര ലൈക്ക് തോന്നിയിട്ടൊന്നുമല്ല ഈ ലൈക്ക് അടിക്കുന്ന പരിപാടി. ചുമ്മാ.. ഞാനും ഇതിലൊക്കെ ആക്ടീവാണെന്നു നാലാൾക്കു തോന്നിക്കോട്ടെ എന്നു വിചാരിച്ചിട്ടല്യോ. ഇപ്പോഴുമെപ്പോഴും ആ പച്ചവെളിച്ചം മിന്നിച്ചോണ്ടിരിക്കണം. 

മറ്റുള്ളവരുടെ ഫെയ്സ്ബുക് പോസ്റ്റുകൾ ഇഴകീറി പരിശോധിച്ച് അതിന്റെ ജാതകം നോക്കി അവരെക്കുറിച്ച് ഓരോന്നു സങ്കൽപിച്ചുകൂട്ടലാണ് കത്രീനാമ്മയ്ക്കു താൽപര്യം. പള്ളിയിലെയും റസിഡൻഷ്യൽ അസോസിയേഷനിലെയും മഹിളാവിഭാഗം പ്രവർത്തകയൊക്കെയാണെങ്കിലും പെണ്ണുങ്ങൾ സോഷ്യൽ മീഡിയയിൽ അത്രയ്ക്കങ്ങ് ആക്ടീവാകുന്നതൊന്നും കത്രീനാമ്മയ്ക്കു പിടിക്കില്ല. പിന്നെ അവളുമാരെ മതിലുചാട്ടക്കാരിയെന്നുവരെ വിളിച്ച് നാലുപേരോടു ദുഷിപ്പു പറയാതെ കത്രീനാമ്മയ്ക്കു സമാധാനമില്ല. ദോഷം പറയരുതല്ലോ ഇങ്ങനെയൊക്കെ ചെയ്താണ് കത്രീനാമ്മ അവരുടെ ജീവിതസായൂജ്യം കണ്ടെത്തുന്നത്. അതുകൊണ്ടു നമുക്ക് കത്രീനാമ്മയെ അവരുടെ പാടിനു വിട്ടേക്കാം.

നമ്മുടെ ജീവിതത്തിലും ചില അവസരങ്ങളിൽ തിരിച്ചറിയേണ്ടിവന്നിട്ടില്ലേ ഇത്തരം കത്രീനാമ്മമാരെ. സോഷ്യൽമീഡിയയിൽ കളിയായോ കാര്യമായോ ഒക്കെ നാം പോസ്റ്റ് ചെയ്യുന്ന ഓരോന്നിനോടും മറഞ്ഞിരുന്നു കുശുകുശുക്കുന്നവരില്ലേ? പരസ്യമായി നമ്മൾ നൽകിയ പോസ്റ്റിനു താഴെ പ്രതികരിക്കാൻ വരാതെ സ്വകാര്യ ഗ്രൂപ്പുകളിൽ നമ്മെക്കുറിച്ച് അപവാദം പറഞ്ഞുനടക്കുന്നവരില്ലേ.. നമ്മുടെ ജീവിതത്തിന്റെ തുറന്ന പുസ്തകമായി ഇത്തരം സമൂഹമാധ്യമങ്ങളെക്കണ്ട് അതിന്റെ മാത്രം പേരിൽ നമ്മെ വിലയിരുത്താൻ വരുന്നവർ സത്യത്തിൽ ഒരു വിശദീകരണവും അർഹിക്കുന്നില്ല. 

പണ്ടു നാട്ടിടവഴികളിലൂടെ നടന്നുപോകുമ്പോൾ വേലിക്കൽ മറഞ്ഞിരുന്ന് നമ്മെക്കുറിച്ച് കുശുകുശുത്തിരുന്ന പഴയ കാലത്തെ പരദൂഷണക്കമ്മിറ്റിക്കാരിൽനിന്ന് ഇവർക്ക് എന്തെങ്കിലും വ്യത്യാസമുണ്ടോ? നിറത്തിന്റെയോ നിലപാടിന്റെയോ പേരിൽ, തനിച്ചാകലിന്റെയോ തന്റേടത്തിന്റെയോ പേരിൽ നമ്മെക്കുറിച്ച് അടക്കം പറഞ്ഞു പരിഹസിക്കുമായിരുന്ന പണ്ടത്തെ ഏഷണിക്കൂട്ടം ചെയ്തിരുന്നതു തന്നെയല്യോ ഈ ന്യൂജെൻ കാലത്തും ചിലർ ചെയ്തുകൊണ്ടിരിക്കുന്നത്?  

കാലം മാറിയതിനനുസരിച്ച് ഒളിഞ്ഞുനോട്ടത്തിന്റെ രീതികൾ മാറി എന്നതല്ലാതെ നമ്മുടെ സ്വകാര്യ സൈബർ ഇടങ്ങളിലേക്കു നീളുന്ന അസ്വസ്ഥതപ്പെടുത്തുന്ന അതിക്രമങ്ങൾക്കു കുറവു വന്നിട്ടുണ്ടോ? നമ്മളറിയാതെ തന്നെ ബോഡി ഷെയിമിങ്ങിന്റെ ഇരകളായി നമ്മെ മാറ്റുന്ന എത്രയോ ചുഴിഞ്ഞുനോട്ടങ്ങൾ.. ശരീരത്തെ മാത്രമല്ല നമ്മുടെ മനോഭാവത്തെയും നിലപാടുകളെയും കൂടെ സ്‌ലട് ഷെയിം ചെയ്യുന്നവരില്ലേ. നമ്മുടെ സ്വകാര്യതയുടെ പരസ്യവിചാരണാധികാരം മറ്റുള്ളവർക്ക് നാം ഏൽപിച്ചുകൊടുത്തിട്ടുണ്ടോ? വിമർശനങ്ങളോടു മുഖം തിരിക്കണമെന്നല്ല പക്ഷേ വിമർശനങ്ങൾക്കുണ്ടാകേണ്ട മാന്യത പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടോ? 

നമ്മളറിയാ ഇടങ്ങളിലിരുന്ന് നമ്മെക്കുറിച്ച് ആധികാരികതയോടെ വിലയിരുത്തുന്നതിലെ അസംബന്ധം എന്തു മാത്രമുണ്ടാകും. സമൂഹമാധ്യമങ്ങൾ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഒരു തുടർച്ചയായിത്തന്നെ മാറിയിരിക്കുന്നു ചിലർക്കത് നിലപാടുകളുടെയും രാഷ്ട്രീയത്തിന്റെയും അരങ്ങാണ്. മറ്റു ചിലർക്കത് ജീവിതത്തിലെ ചില സുന്ദരനിമിഷങ്ങളുടെ പ്രകാശമാനമായ ഇടമാണ്. ചിലർക്കത് സമരഭൂമിയും സംഘർഷയിടവുമാണ്. ചിലർക്ക് ഇതെല്ലാംകൂടിച്ചേർന്നതാണ്. അടർത്തിമാറ്റിയുള്ള വായനകളിലും പരിഹാസക്കണ്ണട വച്ചുള്ള ചുഴിഞ്ഞുനോട്ടങ്ങളിലും നിങ്ങൾക്കു കണ്ടെത്താനാകുന്നത് അപക്വവും അപൂർണവുമായ നിരീക്ഷണങ്ങൾ മാത്രം. അതിന്റെകൂടെ വ്യക്തിപരമായ വിദ്വേഷവും സ്വന്തം ജീവിതത്തിലെ അസ്വസ്ഥകളും കൂടെ ചേർത്തുവച്ചാണു നിങ്ങൾ മറ്റൊരാളെ വിലയിരുത്തുന്നതെങ്കിൽ ആ കാഴ്ചയുടെ ദയനീയതയോടു സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ...

Content Summary: Pink Rose column on peeping toms on social media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS