ദം പെ‍ാട്ടുന്ന കാതൽ ബിരിയാണി

unhappy-cooking
Representative Image. Photo Credit :Motortion Films / Shutterstock.com
SHARE

അതിയാൻ റിമോട്ട് താഴെവച്ച് പത്രവുമെടുത്ത് ഉമ്മറത്തേക്കു പോയ നേരംനോക്കി മോളിക്കുട്ടി അടുക്കളയിൽ നിന്നോടിയെത്തി. കയ്യിലെ കരിയും അരിമാവും നൈറ്റിയിൽതുടച്ച് റിമോട്ടെടുത്ത് ചാനലിന്റെ വോളിയം കൂട്ടി ശ്രദ്ധാപൂർവം നയൻതാരയുടെ കല്യാണവിശേഷം കാണാനും കേൾക്കാനും തുടങ്ങി.  

–മോളിക്കുട്ടീ നയൻസിന്റെ ഫാനാണോ... മൊബൈലും കുത്തിക്കൊണ്ടിരിക്കുന്ന മൂത്തമകന്റെ ചോദ്യം.  

–അല്ലെടാ.. ഞാൻ വിക്കീടെ ഫാനാ...  

–മോളിക്കുട്ടിയല്ലേലും പൊളിയല്ലേ... എന്നും പറഞ്ഞ് അവൻ മൂടുംതട്ടി എഴുന്നേറ്റുപോയി..  

ശല്യക്കാരൊക്കെ പോയിക്കഴിഞ്ഞ സമാധാനത്തിൽ മോളിക്കുട്ടി നയൻസ്– വിക്കി കല്യാണവാർത്തയിലേക്ക് ഏകാഗ്രയായി. അല്ലേലും ആര് കെട്ടിയാലെന്താ പിരിഞ്ഞാലെന്താ.. അതൊക്കെ അവരുടെ കാര്യം.. മനുഷ്യന്മാർക്ക് മനസ്സമാധാനമല്യോ വലുത്... ഇഷ്ടോള്ളോര് കെട്ടട്ടെ... മോളിക്കുട്ടിക്ക് നയൻതാരയുടെ കല്യാണക്കാര്യത്തിലല്ല ആകാംക്ഷ. അപ്പോ നിങ്ങള് വിചാരിക്കും, കല്യാണത്തിനുടുത്ത ആ കടുംചുവന്ന സാരി കാണാനായിരിക്കുമെന്ന്... ഏയ്.. സാരിപ്രേമമൊക്കെ പണ്ടുണ്ടായിരുന്നു മോളിക്കുട്ടിക്ക്.. ഇപ്പോ ജിമ്മിക്കു ചോറുകൊടുക്കാൻ പറമ്പിലെ പട്ടിക്കൂട്ടിലേക്കല്ലാതെ എങ്ങോട്ടും പുറത്തിറങ്ങാത്ത മോളിക്കുട്ടിക്ക് സാരിയെന്നാത്തിനാ..? പിന്നെ നിങ്ങള് വിചാരിക്കും നയൻസ് കല്യാണത്തിനണിഞ്ഞ പണ്ടങ്ങൾ കാണാനാണ് ടിവിക്കു മുന്നിൽ മോളിക്കുട്ടി ഇരിപ്പുറപ്പിച്ചതെന്ന്.. ഏയ്.. അതുമല്ല.. അപ്പൻ പത്തമ്പതു പവൻ പൊന്നും പണ്ടോമൊക്കെ മാന്യമായിക്കൊടുത്താണ് മോളിക്കുട്ടിയെ കെട്ടിച്ചയച്ചത്.. അതുകൊണ്ട് നയൻസിന്റെ എമറാൾഡൊന്നും കണ്ടാൽ മോളിക്കുട്ടിക്കു കണ്ണുപുളിക്കുകേല... പിന്നെ പൊന്നു കണ്ടാൽ ഇച്ചിരി കുശുമ്പും കൊതിയും തോന്നാത്ത അവളുമാര് പെണ്ണുങ്ങളാണോ എന്നൊരു മറുചോദ്യം ചോദിച്ച് നമ്മുടെ വായടപ്പിക്കും മോളിക്കുട്ടി...  

അപ്പോ ഇനി കാര്യം പറയാം.. നയൻസിന്റെയും വിക്കിയുടെയും കല്യാണസദ്യക്കു വിളമ്പിയ സ്പെഷ്യൽ ഐറ്റം ‘കാതൽ ബിരിയാണി’യുടെ വിശേഷങ്ങളറിയാനാണ് മോളിക്കുട്ടിയുടെ ടിവിക്കുമുന്നിലെ ഈ ധ്യാനിച്ചിരിപ്പ്... ടിവിയിൽ ഒരു മിന്നായം പോലെ കാതൽ ബിരിയാണിയുടെ ക്ലോസപ് കാണിച്ചപ്പോഴേ മോളിക്കുട്ടിക്ക് ആകാംക്ഷ അടക്കാനായില്ല. സംഗതി ചക്കകൊണ്ടുള്ള ഒരു പ്രത്യേക റെസിപ്പിയാണെങ്കിലും കാതൽ ബിരിയാണിയെന്ന ആ പേര് മോളിക്കുട്ടിക്കു നന്നെ പിടിച്ചു. അല്ലേലും കാത്തുകാത്തിരുന്നു നടന്നൊരു കാതൽമാംഗല്യത്തിനു വിളമ്പുന്ന വിഭവത്തിനു ഇതിലും ചേരുന്നൊരു പേരു വേറെയുണ്ടോ..  

–അയ്യേ ചക്കബിരിയാണിയോ.. ഇതാണോ ഇത്ര സ്പെഷൽ ഡിഷ്‌? 

തൊട്ടപ്പുറത്തെ സോഫയിൽ ഒരു പായ്ക്കറ്റ് കുർകുറെയുമായി വന്ന് ഇരിപ്പുറപ്പിച്ച മകൾ കാതൽബിരിയാണിയെ പരിഹസിച്ചത് മോളിക്കുട്ടിക്കു പിടിച്ചില്ല. റിമോട്ട് സോഫയിലേക്ക് വലിച്ചെറിഞ്ഞ് കെറുവിച്ചുംകൊണ്ട് മോളിക്കുട്ടി അടുക്കളയിലേക്കു തിരിച്ചുനടന്നു.  

അപ്പോഴും മോളിക്കുട്ടിയുടെ മനസ്സിൽ കാതൽബിരിയാണിയുടെ രുചിമണം ദംപൊട്ടിക്കാതെ കിടന്നു. പെരുത്തിഷ്ടമുള്ളൊരു ദിവസത്തേക്കു വിളമ്പാൻ അവർ കണ്ടുവച്ച വിഭവമായിരിക്കണം. പണ്ട് മുട്ടിറക്കമുള്ള നേവി ബ്ലൂ പാവാടയുമുടുത്ത് പള്ളിക്കൂടംവിട്ടുവരുംവഴി പാടവരമ്പത്തോടുചേർന്നുനിന്നൊരു അയ്നിപ്ലാവും അതിന്റെ താഴേക്കു ഞാന്നുകിടക്കുന്ന കൊമ്പിലെ കടുംമധുരമുള്ള അയ്നിച്ചക്കയും അതു പറിച്ചു തന്റെ നേർക്കുനീട്ടിയൊരു ചുരുണ്ടമുടിക്കാരൻ കൂട്ടുകാരനും മോളിക്കുട്ടിയുടെ ഓർമയിൽ ഒരു മിന്നായം പോലെ തെളിഞ്ഞു. പാടയിറമ്പത്തെ അയ്നിച്ചക്കയ്ക്കു പ്രണയം പറയാമെങ്കിൽ കാതൽ കല്യാണത്തിനു ചക്കബിരിയാണിയും വിളമ്പാം. അല്ലേലും ഇഷ്ടമുള്ളൊരാൾക്കു വച്ചുവിളമ്പുമ്പോൾ ഏതുവിഭവത്തിലും കാതലിന്റെ മസാലക്കൂട്ട് ചേർക്കാതിരിക്കില്ല... വിശന്നുണ്ണാൻ വന്നിരിക്കുന്നൊരാൾക്ക് അവളുടെ മനസ്സുംകൂടി ചേർത്തുവേണ്ടേ വിളമ്പിവയ്ക്കാൻ.. ആ മനസ്സിലെ ഇഷ്ടംകൂടി ചേർത്തല്ലേ വിരുന്നൊരുക്കാൻ...  വച്ചുണ്ടാക്കുന്നത് എപ്പോഴും അവൾ മാത്രമാകണമെന്നുമില്ല. അവനും ഇതേ കാതൽമസാലയുടെ രഹസ്യക്കൂട്ടറിയുന്ന നളനാകാം...  

ശ്ശ്്... കുക്കറിന്റെ വിസിൽ ഉച്ചത്തിൽ കൂവുന്നതുകേട്ടപ്പോഴാണ് മോളിക്കുട്ടി നളദമയന്തിലോകത്തുനിന്ന് പിടിവിട്ട് അന്തോണിച്ചന്റെ വീട്ടിലെ അടുക്കളയിലേക്കു വീണ്ടും തിരികെവന്നു വീണത്. കർത്താവേ ചെറുതായൊന്ന് ഉടഞ്ഞുകിട്ടാൻ കുക്കറിലിട്ട കപ്പയിപ്പോൾ നാലഞ്ചു കൂവിച്ച കൂവി വെന്തുകുഴഞ്ഞുകാണുമോ?. അതു കടുകുപൊട്ടിച്ച് താളിച്ച് പ്ലേറ്റിലാക്കി മുന്നിൽകൊണ്ടുചെന്നുവയ്ക്കുമ്പോഴുള്ള അതിയാന്റെ മുഖം അതിലേറെ ചുവന്നളിഞ്ഞിട്ടുണ്ടാകും. അല്ലേലും എന്തു വച്ചാലും എങ്ങനെവച്ചാലും ആ തിരുമുഖം ഒന്നു തെളിഞ്ഞു കാണാറേയില്ല മോളിക്കുട്ടി. അങ്ങനെയാണ് കല്യാണത്തിനുമുന്നേതന്നെ വലിയ പാചകവിദഗ്ദയായിരുന്ന മോളിക്കുട്ടിയുടെ പാചകപ്രിയം കല്യാണത്തോടെ കെട്ടടങ്ങിയത്.  

ചോറിൽ വല്ലപ്പോഴും ഒരു കല്ലു കടിച്ചാൽ, കറിയിൽ കഷ്ടകാലത്തിനെങ്ങാനും ഒരു മുടി കണ്ടാൽ, ഉപ്പൊരൽപം കുറഞ്ഞാൽ, വേലിക്കൽനിന്നു പറിച്ചെടുത്ത പച്ചമുളകിന്റെ നീറ്റൽ അൽപം കൂടിയാൽ, ചായയ്ക്ക് പാൽ കുറഞ്ഞാൽ, കട്ടൻകാപ്പിക്ക് കടുപ്പം കൂടിപ്പോയാൽ, ജീരകവെള്ളത്തിന്റെ ചൂടുപാകം തെറ്റിയാൽ.. എന്തിന് കള്ളപ്പത്തിന്റെ തുളയുടെ എണ്ണം കുറഞ്ഞാൽ പോലും അതിയാന്റെ മുഖം മാറും.. വച്ചുണ്ടാക്കിക്കൊടുത്ത ഒന്നിനും ഒരിക്കലും ഒരു നല്ലവാക്കുപോലും പറഞ്ഞുകേട്ട ഓർമയില്ല മോളിക്കുട്ടിക്ക്. ചിലരങ്ങനെയല്യോ.. അടുക്കളയിലെ കുക്കറും ഇഡ്ഡലിപ്പാത്രവും പുട്ടുകുറ്റിയുംപോലെയൊക്കെത്തന്നെയാണ് കെട്ട്യോളും എന്നങ്ങു കരുതിയേക്കും. അപ്പോ പിന്നെ നന്ദിവാക്കുംവേണ്ട, നല്ലതും പറയണ്ട. ദേഷ്യം വരുമ്പോൾ ആരൊക്കെയോ എടുത്തെറിഞ്ഞ് ചളുങ്ങിപ്പിളുങ്ങിപ്പോയ പിച്ചളപ്പാത്രങ്ങൾപോലെ അങ്ങനെയെത്രയെത്ര മോളിക്കുട്ടിമാർ... ഓരോ അടുക്കളയുടെയും ഇരുണ്ട പിന്നാമ്പുറങ്ങളിൽ അവരങ്ങനെ കാത്തിരിക്കുകയാണ്, ഇതുവരെ ഒരിക്കലും രുചിച്ചുനോക്കാത്തൊരു കാതൽ ബിരിയാണിയുടെ ദംപൊട്ടിക്കുന്ന നിമിഷത്തിനായി...

Content Summary: Pink Rose column by Riya Joy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS