ഫുൾസ്പീഡിലെ‍ാരു പെൺവണ്ടി !

young-beautiful-blackhaired-woman-driving-car
Representative Image. Photo Credit : Martin Novak / Shutterstock.com
SHARE

‘‘ഓ ഇനി പെണ്ണുങ്ങള് വളയോം പിടിച്ചോണ്ട് വഴീലോട്ടിറങ്ങാത്തതിന്റെ കുറവേയുള്ളൂ.. വീട്ടിലെങ്ങാനും ഇരുന്നാൽ പോരേ.. അതല്ല വല്ലോടത്തും പോകണമെന്നുണ്ടേൽ വീട്ടിലെ ആൺപിറന്നോന്മാരില്യോ കൊണ്ടാക്കാൻ. തന്നെ വണ്ടിയോടിച്ചു പോകണമെന്നുണ്ടോ? ഇതൊന്നും പെണ്ണുങ്ങൾക്കു പറഞ്ഞിട്ടുള്ള പണിയല്ലെന്റെ അന്നാമ്മേ..’’

അമ്മച്ചിയോട് പലവട്ടം അപ്പച്ചൻ ഇതു പറയുന്നതു കേട്ടുകേട്ട് വാശികേറിയിട്ടാണ് ലില്ലിക്കുട്ടി പണ്ട് കാറോടിക്കാൻ പഠിക്കാൻ തീരുമാനിച്ചത്. വയസ്സ് 18 തികഞ്ഞായിരുന്നേ.. പതിനേഴാം പിറന്നാളിനു മുന്നേ തന്നെ അപ്പച്ചനെ പള്ളിസെമിത്തേരിയിലേക്കു കൊണ്ടുപോയത് നന്നായെന്നേ ലില്ലിക്കുട്ടിക്കു തോന്നിയിട്ടുള്ളു. അല്ലായിരുന്നേൽ  അമ്മച്ചിയുടെ പല കൊച്ചുകൊച്ചുമോഹങ്ങൾക്കും ചുവപ്പുകൊടി കാട്ടിയതുപോലെ ലില്ലിക്കുട്ടിയുടെ ഡ്രൈവിങ് മോഹത്തിനും വിലങ്ങുതടിയുമായി എന്തെങ്കിലും മുട്ടാപ്പോക്കുംകൊണ്ട് വന്നേനേ കാർന്നോര്. ഇതിപ്പോ റൂട്ട് ക്ലിയറായിക്കിട്ടി ആദ്യമേ തന്നെ. പിന്നെയുള്ളത് മൂക്കിളയൊലിപ്പിച്ചു നടക്കണ ആങ്ങളച്ചെറുക്കന്മാരാണ്. അപ്പൻ പോയതിന്റെ ഒഴിവു നോക്കി അധികാരം കാണിക്കാൻ അവന്മാരൊന്നു നോക്കിയതാ. "ലില്ലിക്കുട്ടിക്കിപ്പോ വണ്ടിയോടിക്കണമെന്ന് നിർബന്ധമെന്നാത്തിനാ.. അങ്ങനാണേൽ തന്നെ അതൊക്കെ കല്യാണംകഴിഞ്ഞ് കെട്ട്യോന്മാരുടെ അനുവാദത്തോടെയായാൽ പോരേ" എന്നൊക്കെ ചോദിച്ച് അവന്മാര് ചൊറിയാൻ വന്നിരുന്നു. 

അതിനെന്തോ തറുതലയും പറഞ്ഞ്, അപ്പന്റെ മഹേന്ദ്ര ജീപ്പുമെടുത്ത് കാഞ്ഞിരപ്പള്ളിയിലെ റബർ എസ്റ്റേറ്റുകൾക്കിടയിലെ കഠാമുഠാ റോഡിലേക്ക് വാശിക്കിറങ്ങിയതാ ലില്ലിക്കുട്ടി. അപ്പന്റെ കൂടെയിരുന്നു കണ്ടുപഠിച്ച ഡ്രൈവിങ്ങിന്റെ എബിസിഡി പോരാ ശരിക്കും വണ്ടിയോടിക്കാൻ എന്നു തിരിച്ചറിഞ്ഞത് വീടിന്റെ ഗേറ്റുംകടന്ന് ചവിട്ടിവിട്ട വണ്ടി അപ്പുറത്തെ അവറാന്റെ ഈട്ടിൽപോയി ഇടിച്ചുനിന്നപ്പോഴാണ്. അതുകൊണ്ടൊന്നും ലില്ലിക്കുട്ടിയുടെ ഡ്രൈവിങ് അഭിനിവേശത്തെ തകർക്കാൻ കഴിഞ്ഞില്ല. ആങ്ങളച്ചെറുക്കന്മാര് പല്ലിറുമ്മിയെങ്കിലും അമ്മച്ചി കട്ടയ്ക്കു കൂടെനിന്നു. "നീ വണ്ടി പഠിക്ക് പെണ്ണേ... നിന്റെ ലൈഫിന്റെ സ്റ്റിയറിങ് നിന്റെ കയ്യിൽ വേണം..."

പഴയ സ്റ്റെല്ല മേരീസ് പ്രോഡക്ടായ അമ്മച്ചി അങ്ങനെ വല്ലപ്പോഴുമൊക്കെയ കാഞ്ഞിരപ്പള്ളി കൊച്ചൗസേപ്പിന്റെ പാവംകെട്ട്യോൾ പരിവേഷത്തിൽനിന്നു പുറത്തുകടക്കാറുള്ളൂ. ലില്ലിക്കുട്ടി അമ്മച്ചിയുടെ ആ വാചകം ശിരസ്സാവഹിച്ചു. തൊട്ടുപിറ്റേന്നു തന്നെ, ഡ്രൈവിങ് സ്കൂൾ മാസ്റ്ററായ കൃഷ്ണൻനായരെപ്പോയി കണ്ടു. പെണ്ണൊരുത്തി വളയം പിടിക്കാൻ വന്നതിലെ ദുർനടപ്പുകൊണ്ടാണോ എന്തോ ഡ്രൈവിങ് പഠിപ്പിക്കാൻ ഇരട്ടി കൂലിയാണ് ചോദിച്ചത്. കൊടുക്കാതെ തരമില്ല. അടുത്ത ദിവസം മുതൽ വണ്ടിപഠിത്തം തുടങ്ങി. കല്ലുവെട്ടി നിരപ്പായിക്കിടന്നൊരു മൈതാനത്ത് കുറെ കമ്പിയും കോലും കുടച്ചക്രവുമൊക്കെ കുത്തിനാട്ടി കൃഷ്ണൻനായർ തന്റെ ചടപരത്തി അംബാസഡറും കൊണ്ട് വന്നു കാത്തുനിൽപായി.

‘‘ക്ലച്ച് ചവിട്ട് പെണ്ണേ.. കാലുകൊട് പെണ്ണേ.. വണ്ടി തുള്ളണ് പെണ്ണേ... ഗിയറ് മാറ് പെണ്ണേ.. സ്റ്റിയറിങ് ഒടിക്ക് പെണ്ണേ..’’ ഇങ്ങനെ ഓരോ ആക്രോശങ്ങളുടെയുമൊടുവിലെ പെണ്ണേ പെണ്ണേ വിളി ലില്ലിക്കുട്ടിക്കു തീരെ പിടിച്ചിരുന്നില്ല. മൈതാനത്തു ക്രിക്കറ്റു കളിക്കാൻ കൂടിയ ആൺപിള്ളേര് പന്ത് പൊന്തക്കാട്ടിലെറിഞ്ഞ് ലില്ലിക്കുട്ടിയുടെ വണ്ടിപഠിത്തം കാണാൻ വട്ടംകൂടി. വണ്ടി ഇടയ്ക്കിടെ ഒരു മരട്ടുകാളയെപ്പോലെ കുതിക്കുന്നതും അമറുന്നതുമൊക്കെ കണ്ട് അവന്മാര് കൂട്ടച്ചിരിയായി.. അതൊക്കെ സഹിക്കാം. ഗിയറു മാറുമ്പോഴും മറ്റും ലില്ലിക്കുട്ടിയുടെ തുടയിലൊരു തൊട്ടുംതലോടലുമുണ്ട് ആശാന്.. ഒന്നുരണ്ടു വട്ടം മുഖം കറുപ്പിച്ചു തറപ്പിച്ചൊന്നു നോക്കി താക്കീതു കൊടുത്തതാണ് ലില്ലിക്കുട്ടി. വല്യപ്പന്റെ പ്രായമുള്ളൊരു മനുഷ്യനല്ലേ.. വേണ്ടാ വേണ്ടാന്ന് വിചാരിച്ചിരിക്കുമ്പോഴാ കിളവന്റെ ഗിയറുമാറ്റം അതിരുകടന്നത്. പിന്നൊന്നും നോക്കിയില്ല കരണത്തൊന്നു പൊട്ടിച്ച് ലില്ലിക്കുട്ടി കാറിനു പുറത്തേക്കു ചാടി.. ഞൊറിയിട്ടുടുത്തത് ഫുൾപാവാടയായിപ്പോയി. അപ്പന്റെ സ്റ്റൈലിൽ വല്ല കസവോ കരയോ ഉള്ള മുണ്ടു വല്ലതുമായിരുന്നെങ്കിൽ അതും മടക്കിക്കുത്തി ഒരു നടപ്പു നടന്നേനേ ലില്ലിക്കുട്ടി. അമ്മാതിരി ആക്‌ഷനല്ലായിരുന്നോ. വായ്നോക്കിനിന്ന ആൺപിള്ളേര് വരെ ഞെട്ടി.

 എന്തായാലും വണ്ടിപഠിത്തം ലില്ലിക്കുട്ടി അന്നത്തോടെ അവസാനിപ്പിച്ചു. പിന്നെ അപ്പന്റെ ജീപ്പെടുത്ത് സ്വന്തമായി കസർത്തു തുടങ്ങി. തട്ടിയും തടഞ്ഞുമൊക്കെ പതുക്കെപ്പതുക്കെ ഒടുവിൽ ലില്ലിക്കുട്ടി അസ്സലായി വളയം പിടിക്കാൻ തുടങ്ങി. അമ്മച്ചിയെ മുൻസീറ്റിലിരുത്തി ഇടവകപ്പള്ളിയിലേക്കായിരുന്നു കന്നിയാത്ര. അമ്മച്ചി ജീവിതത്തിലാദ്യമായാണ് ജീപ്പിന്റെ മുൻസീറ്റിലിരിക്കുന്നത്. അപ്പനുള്ളപ്പോൾ ആ സീറ്റിൽ പുള്ളിക്കാരത്തിയെ ഇരുത്താറില്ല. പെണ്ണുങ്ങൾക്കു മുൻസീറ്റു പാടില്ലത്രേ.. അതുകൊണ്ടാണോ എന്തോ അത്രകാലം വിലക്കപ്പെട്ട ആ സീറ്റിൽ അമ്മച്ചിയെ പിടിച്ചിരുത്തി കാഞ്ഞിരപ്പള്ളിയിലെ റബർമരങ്ങൾക്കിടയിലൂടെ പറപ്പിക്കുമ്പോൾ ലില്ലിക്കുട്ടിക്ക് എന്നാ ഒരു ആവേശമായിരുന്നെന്നോ.. 

കൃഷ്ണൻനായർക്കിട്ടൊന്നു പൊട്ടിച്ചതിന്റെ പലിശയും പലിശയ്ക്കു പലിശയും അയാൾ തീർത്തത് ലില്ലിക്കുട്ടിക്കു വന്ന കല്യാണാലോചനകൾ ഓരാന്നായി മുടക്കിക്കൊണ്ടായിരുന്നു. അക്കാര്യത്തിൽ അമ്മച്ചിക്കു നല്ല മനോവിഷമം ഉണ്ടായിരുന്നെങ്കിലും ലില്ലിക്കുട്ടിക്ക് കൃഷ്ണൻനായരോട് പെരുത്ത നന്ദി മാത്രമേ ഉണ്ടായിരുന്നുള്ളു. അല്ലായിരുന്നെങ്കിൽ അത്രയും നേരത്തെ വല്ലോനെയും കെട്ടി പണ്ടാരമടങ്ങേണ്ടിവന്നേനേ എന്നു ലില്ലിക്കുട്ടി മനസ്സിൽ കരുതി. 

എന്തായാലും ഒടുവിൽ എല്ലാ കല്യാണംമുടക്കികളെയും വെല്ലുവിളിച്ച് കോട്ടയം പട്ടണത്തിൽനിന്നുള്ള സ്റ്റീഫനെന്നൊരുത്തൻ ലില്ലിക്കുട്ടിക്കു മിന്നികെട്ടി. അതിയാൻ പിന്നെ അപ്പനെപ്പോലെയൊരു മൂരാച്ചിയല്ലാത്തതുകൊണ്ടും രണ്ടെണ്ണമടിച്ചു പൂസായി വെളിവില്ലാതാകുമ്പോൾ വണ്ടിയോടിക്കാൻ കൂടെ ഡ്രൈവറൊരുത്തിയുണ്ടാകുന്നതു കൊള്ളാമല്ലോയെന്ന അതിബുദ്ധിക്കാരനായതുകൊണ്ടും ലില്ലിക്കുട്ടിക്ക്  ധൈര്യമായി വണ്ടിയുടെ ചാവിയെടുത്തു കൊടുക്കുകയും ചെയ്തു. അങ്ങനെ വണ്ടിയെടുത്തു കോട്ടയം പട്ടണംചുറ്റണമെന്ന ലില്ലിക്കുട്ടിയുടെ ചിരകാലാഭിലാഷം പൂവണിഞ്ഞു. വണ്ടിയോട്ടമങ്ങനെ ടോപ്ഗിയറിൽ പോകുമ്പോഴാണ് ലില്ലിക്കുട്ടിക്കു പെണ്ണുങ്ങൾക്കു മാത്രമായി ചില ട്രാഫിക് നിയമങ്ങളുണ്ടെന്ന കാര്യം പിടികിട്ടിയത്. ആണൊരുത്തനോടിക്കുന്ന വണ്ടി ആണും പെണ്ണൊരുത്തി ഓടിക്കുന്ന വണ്ടി പെണ്ണുമാണെന്നൊരു അലിഖിത നിയമം റോഡിലുണ്ടത്രേ. ആണിനോട് ഒരു പെണ്ണ് ചെയ്യാൻ പാടില്ലാത്ത ഒന്നും ആൺവണ്ടിയോടു പെൺവണ്ടിയും ചെയ്യാൻ പാടില്ല. മുന്നിൽ മെല്ലെപ്പോകുന്നൊരു ആൺവണ്ടിയെ അറിയാതെങ്ങാനും ഒരു പെൺവണ്ടി ഓവർടേക് ചെയ്താൽ ഉടൻ ആൺവണ്ടിയുടെ മെയിൽ ഈഗോ സടകുടഞ്ഞെഴുന്നേൽക്കുകയായി. പിന്നെ ആ പെൺവണ്ടിയെ ഓവർടേക് ചെയ്യാതെ അവന്റെ ആക്സിലേറ്ററിനു വിശ്രമമില്ല. 

ഇനി ചില കൂട്ടരുണ്ട്; മുന്നിലെങ്ങാനും ഒരു പെൺവണ്ടി കണ്ണിൽപെട്ടാൽ പിന്നെ ഒരുമാതിരി വായ്നോക്കിപ്പയ്യമ്മാര് ചൂളംകുത്തിയും മൂളിപ്പാട്ടുപാടിയും ചൊറിയാൻവരുന്നതുപോലെ വെറുതെ നീട്ടി നീട്ടി ഹോണടിക്കുന്ന ആൺവണ്ടികൾ.. എത്ര സൈഡ്കൊടുത്താലും അവന്മാര് കയറിപ്പോകില്ല, ഇങ്ങനെ ഒലിപ്പീരും വലിപ്പീരുമായി പെൺവണ്ടിയുടെ പിന്നാലെ കൂടിക്കൊള്ളും. പിന്നെ ചിലരുണ്ട്; പെണ്ണൊരുത്തി ഓടിക്കുന്ന വണ്ടി കണ്ടാൽ തൊട്ടു തൊട്ടില്ല... മുട്ടീ.. മുട്ടീല എന്ന മട്ടിൽ പഞ്ചാരയ്ക്കുവരുന്ന ആൺവണ്ടികൾ...പിന്നെയൊരു കാര്യം. വണ്ടിക്കകത്ത് ആൺപിറന്നോന്മാരാരെങ്കിലും കൂടെയുണ്ടെങ്കിൽ അവരോടു തന്നെ വണ്ടിയോടിക്കാൻ പറയണം. അതിയാനെ സൈഡ് സീറ്റിലിരുത്തി വണ്ടിയോടിക്കുന്ന പെണ്ണുങ്ങളെ തന്റേടികളെന്നു വിലയിരുത്തിക്കളയും.

ലില്ലിക്കുട്ടിക്കു പക്ഷേ ഇത്തരം പോക്കണംകേടുകളൊക്കെ പുല്ലാണേ... അല്ലേലും അപ്പന്റെ ആണത്തം മുഴുവനും കിട്ടിയത് പെണ്ണായിപ്പിറന്ന ലില്ലിക്കുട്ടിക്കാണെന്ന് അമ്മച്ചി മരിക്കുന്നതിന്റെ തലേന്നുകൂടി പറയുമായിരുന്നു.

കാലം പോയൊരു പോക്കേ.. ലില്ലിക്കുട്ടിയുടെ മോളിപ്പോൾ പതിനെട്ടു കഴിഞ്ഞു. അവളുടെ കൂടെ എസ്‌യുവിയിൽ മുൻസീറ്റിലിരുന്ന് കൊച്ചി സിറ്റിയിലൂടെ ചുറ്റിയടിക്കുക്കുന്നതിനിടയിൽ എതിരെ വരുന്ന ഒരുപാടു പെൺവണ്ടി കാണാറുണ്ട് ലില്ലിക്കുട്ടി. അതിനുള്ളിൽ ആത്മവിശ്വാസത്തോടെ വളയം പിടിച്ചിരിക്കുന്ന പെണ്ണുങ്ങളെയും. പെണ്ണുങ്ങൾ വളയംപിടിക്കുന്നതൊന്നും ഇപ്പോൾ ഒരു കൗതുകമേ അല്ലാതായിരിക്കുന്നു. എങ്കിലും ഇടയ്ക്കു ചില ആൺവണ്ടികൾ അവശേഷിക്കുന്ന മെയിൽ ഈഗോയിൽ ആക്സിലേറ്റർ അമർത്താറില്ലേ എന്നു ലില്ലിക്കുട്ടിക്കു സംശയം.. ‘‘സാരമില്ലേന്റെ ലില്ലിക്കുട്ടീ.. വി ടേക്ക് ഇറ്റ് ആസ് ഫൺ...’’ 

മകളുടെ മറുപടി കേൾക്കുമ്പോൾ ലില്ലിക്കുട്ടിയുടെ എൻജിനും കൂളാകും.. ‘‘പിന്നല്ലാതെ.. നീയങ്ങ് ചവിട്ടിവിട് പെണ്ണേ.. നിന്റെ ലൈഫിന്റെ കൂടി സ്റ്റിയറിങ്ങല്യോ ഈ കയ്യിലിിക്കുന്നേ... ’’ അമ്മച്ചി ദേ വീണ്ടും ഫിലോസഫി പറയാൻ തുടങ്ങിയെന്നു കളിയാക്കിക്കൊണ്ട് അവൾ കാർ സ്റ്റീരിയോവിൽ ബിടിഎസിന്റെ മ്യൂസിക് ഉറക്കെവയ്ക്കും.. യാത്ര വീണ്ടും തുടരുകയായി... 

Content Summary: Pink Rose column by Riya Joy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS