‘കണ്ടുപഠിക്കെടീ കുരുത്തംകെട്ടോളേ.. പെൺപിള്ളേരായാൽ അങ്ങനെ വേണം...’
വല്യമ്മച്ചി എന്തോ കുന്നായ്മത്തരത്തിന്റെ പൊതിയഴിക്കാൻ തുടങ്ങുകയാണെന്നു മനസ്സിലായപാടേ ദീനാമ്മ അവിടെനിന്ന് എഴുന്നേറ്റ് സ്ഥലം വിട്ടു. അപ്പുറത്തെ വീട്ടിലെ ഷീലയുടെയോ ഉപ്പാപ്പന്റെ ചെല്ലക്കുട്ടി ആനിക്കൊച്ചിന്റെയോ മറ്റോ കാര്യം പറയാനുള്ള പുറപ്പാടായിരിക്കും. അല്ലേലും അവരൊക്കെയാണല്ലോ വല്യമ്മച്ചിയുടെ കൺമുന്നിലെ ലോകമാതൃകകൾ. ഇരിപ്പിലും നടപ്പിലുമെല്ലാം അവരെ കണ്ടു പഠിക്കണമെന്നു വല്യമ്മച്ചി പറയാത്ത ഒറ്റദിവസം പോലും ദീനാമ്മേടെ ഓർമയിലില്ല. അമ്മച്ചിയും അക്കാര്യത്തിൽ മോശമല്ല. മുടിയൊന്നൽപം എണ്ണമയമില്ലാതെ ചടപിടിച്ചു കിടന്നാൽ, മടികാരണം ഒരുദിവസം എഴുന്നേൽക്കാൻ വൈകിയാൽ, തിണ്ണമേലിരുന്ന് വാരിക വായിക്കുമ്പോൾ അറിയാതെയെങ്ങാനും കാലാട്ടിപ്പോയാൽ അപ്പോ കേൾക്കാം അമ്മച്ചീടെ വായിലിരിക്കുന്നത്. ‘അപ്പുറത്തെ ആലിസിനെക്കണ്ടു പഠിക്കണം. എന്തൊരു അടക്കവുമൊതുക്കവുമാ..’ കാര്യം റബർഷീറ്റ് ചന്തേൽകൊണ്ടുപോയി വിറ്റേച്ചുവരുമ്പോൾ നുറുക്കും പരിപ്പുവടയുമെല്ലാം വാങ്ങിവരുമെങ്കിലും അപ്പച്ചനുമുണ്ട് ഈ സൂക്കേട്.. ഓണപ്പരീക്ഷ കഴിഞ്ഞ് പ്രോഗ്രസ് കാർഡ് ഒപ്പിടീക്കാൻ ചെല്ലുമ്പോൾ തുടങ്ങും... ‘നിന്റെ അതേ പ്രായമല്യോ മേരിക്ക്. അവൾക്ക് ഫസ്റ്റ് ക്ലാസുണ്ടല്ലോ...’ അതു കേൾക്കുമ്പോൾ ദീനാമ്മയ്ക്കു സങ്കടമാ സത്യത്തിൽ തോന്നുക. എത്ര കുത്തിയിരുന്ന് പഠിച്ചിട്ടും തലയിൽ കയറാത്തത് ആരോടു പറയാൻ.. ഇങ്ങനെ പലപല അവളുമാരെക്കൊണ്ടും പൊറുതിമുട്ടിയായിരുന്നു എല്ലാക്കാലവും ദീനാമ്മേടെ കുട്ടിക്കാലവും കൗമാരവും.
കന്നിനെവാങ്ങാൻ കൂട്ടിവച്ച കാശെടുത്ത് ദീനാമ്മയെ കോളജിൽ ചേർത്തപ്പോൾ വല്യമ്മച്ചിക്കു വല്ലാത്ത പിറുപിറുപ്പായിരുന്നു.
‘കന്നായിരുന്നെങ്കിൽ നല്ല കറവയെങ്കിലുമുണ്ടായേനേ. ഇവളെപ്പഠിപ്പിച്ച് ഇനി ഉദ്യോഗമൊന്നും കിട്ടിയില്ലേൽ ഉതുപ്പാനേ നിന്റെ ഈ കാശും ഭണ്ണാരത്തിലിട്ടെന്നു കൂട്ടിക്കോ...’ വല്യമ്മച്ചി തന്നെ കന്നിനോടു വരെ താരതമ്യം ചെയ്തതു കേട്ട് ദീനാമ്മ നിന്നിടത്തുനിന്ന് ഉരുകി. മുഖംവക്രിച്ചു കാണിച്ച കോക്കിരിയിൽ ദീനാമ്മേടെ കണ്ണുനീര് ആരും കാണാതെ കവിളത്തുതന്നെ ഉണങ്ങി. പ്രീഡിഗ്രിക്കു ചേർന്നതോടെ ജീവിതം കുറച്ചുകൂടി ആത്മവിശ്വാസത്തോടെയാകണമെന്നു തീരുമാനിച്ചുറപ്പിച്ചിരുന്നു ദീനാമ്മ. പക്ഷേ എന്തു ചെയ്യാൻ. അളന്നും തൂക്കിയുമുള്ള എല്ലാ മൽസരങ്ങളിലും പലപല അവളുമാരോടും നിരന്തരം തോൽക്കാനായിരുന്നു ദീനാമ്മേടെ വിധി. ഫുൾപാവാടയിലേക്കു മാറിയതോടെ ബ്രോക്കർ കണാരൻ ദീനാമ്മേടെ വീട്ടിൽ കയറിനിരങ്ങാൻ തുടങ്ങി. ‘കൊമ്പെന്നു പറഞ്ഞാൽ പോരാ നല്ല ഒന്നാന്തരം പുളിങ്കൊമ്പത്തുനിന്നാന്നേ’.. എന്നും പറഞ്ഞാണ് ഓരോ വരവിവും അങ്ങേര് ഡയറി തുറക്കുക. എന്നിട്ട് ഓരോ പയ്യന്മാരുടെ ഫോട്ടോ എടുത്തു നിരത്തുകയായി. അവരുടെ പറമ്പിന്റെയും മുതലിന്റെയും കണക്കു പെരുപ്പിച്ചു പറഞ്ഞു തുടങ്ങുകയായി. ഒടുക്കം ഡയറി മടക്കാൻനേരം കണാരന്റെ ഒരു കുനിഷ്ഠു ചോദ്യമുണ്ട് അപ്പച്ചനോട്. ‘ഇതിപ്പോ എങ്ങനാ ഉതുപ്പാനേ.. മൂത്തതുങ്ങളെപ്പോലെ കാണാൻ ചന്തക്കാരിയായിരുന്നേല് കണ്ണുംപൂട്ടി കെട്ടിക്കൊണ്ടുപോകാൻ ആള് വന്നേനേ. ദീനാമ്മയ്ക്കു മൂത്തതുങ്ങളുടെയത്ര നെറവുമില്ല. തുടുപ്പുമില്ല....’ വരാന്തയോടു ചേർന്ന കിടപ്പുമുറിയുടെ വാതിൽമറവിലിരുന്ന് ഓരോ വട്ടം അതു കേൾക്കുമ്പോഴും ദീനാമ്മ പൊട്ടിക്കരയും. എന്നിട്ട് കണ്ണാടിയിൽ പോയി നോക്കിനിൽക്കും. ശരിയാണ്. വല്യേച്ചിക്കും കുഞ്ഞേച്ചിക്കുമുള്ള പോലെ പൂവൻപഴത്തിന്റെ നിറമില്ല. ഫുൾപാവാടയ്ക്കൊപ്പം വിടർന്നുനിൽക്കുന്ന അരക്കെട്ടും തിങ്ങിഞെരുങ്ങുന്ന മാറിടങ്ങളുമില്ല. വല്യമ്മച്ചി കളിയാക്കാറുള്ളതുപോലെ പടവലക്കണ്ടത്തിൽ ചാരിവച്ച മാതിരിയൊരു പേക്കോലം. അതുകൊണ്ടാകാം അപ്പച്ചന് പടിഞ്ഞാറേതിലെ പറമ്പു വിൽക്കേണ്ടിവന്നു ഒടുക്കം ദീനാമ്മയെ ഒരുത്തന്റെ കൂടെ ഇറക്കിവിടാൻ.
പ്രീഡിഗ്രിയും ടൈപ്പും പഠിച്ചതിന്റെ ആത്മവിശ്വാസമൊക്കെ സർട്ടിഫിക്കറ്റായിത്തന്നെ വീട്ടിലെ വീഞ്ഞപ്പെട്ടിയിൽ പൂട്ടിവച്ച് ദീനാമ്മ കെട്ട്യോന്റെ വീട്ടിലേക്കു യാത്രയായി. വല്യമ്മച്ചിയുടെയും അപ്പച്ചന്റെയും അമ്മച്ചിയുടെയുമൊക്കെ കുനുഷ്ഠു വർത്തമാനങ്ങളിൽനിന്ന് വിടുതൽ കിട്ടുമല്ലോ എന്നതായിരുന്നു അവറാന്റെ കൈപിടിച്ച് അങ്ങേരുടെ വീട്ടിലേക്കു പോയപ്പോഴുള്ള ഏക ആശ്വാസം. പക്ഷേ അവറാന്റെ വീട്ടിലെ പൊറുതി തുടങ്ങി അധികം വൈകാതെ ദീനാമ്മയ്ക്കു മനസ്സിലായി, അളക്കാനും തൂക്കാനും കണക്കുപറയാനും അവളുമാര് അഞ്ചാറെണ്ണം അവറാന്റെ വീട്ടിലുമുണ്ടെന്ന്. കെട്ടിക്കൊണ്ടുവന്ന നാത്തൂന്മാരും കെട്ടുപ്രായം തികഞ്ഞുനിൽക്കണ പെങ്ങന്മാരും അപ്പച്ചീടെ പെൺമക്കളും അമ്മായിമാരുമൊക്കെയായി ഒരു പെൺപട തന്നെയുണ്ടായിരുന്നു അവറാന്റെ കുടുംബത്തിൽ. ഓരോ ദിവസവും ഓരോ കാര്യത്തിനും ദീനാമ്മ ഇവളുമാരുമായി താരതമ്യം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. സാറാമ്മയേക്കാൾ നിറം കുറഞ്ഞവൾ, ശോശയേക്കാൾ മെലിഞ്ഞുണങ്ങിയവൾ, അവറാന്റെ മൂത്ത ചേട്ടന്മാരുടെ കെട്ട്യോളുമാരേക്കാൾ സ്ത്രീധനം കുറവുകൊണ്ടുവന്നവൾ, സ്റ്റെല്ലയുടെയും സോഫിയുടെയുമത്ര പഠിപ്പില്ലാത്തവൾ, അപ്പച്ചിയെപ്പോലെ കാര്യപ്രാപ്തിയില്ലാത്തവൾ, കുടുംബത്തിലെ മറ്റു പെണ്ണുങ്ങളൊക്കെ വീട്ടിൽതന്നെ മുക്കിമുക്കിപ്പെറ്റപ്പോൾ അതിനുള്ള മിടുക്കുപോലുമില്ലാതെ ആശുപത്രിയിൽ ഓപ്പറേഷനു കിടന്നുകൊടുക്കേണ്ടിവന്നവൾ... ഇങ്ങനെ ഓരോന്നിലും ഓരോരുത്തരുമായി താരതമ്യം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു ദീനാമ്മ പിൽക്കാലം ജീവിതകാലം മുഴുവൻ. ദീനാമ്മയെ ദീനാമ്മയായി കാണാൻ അവിടെയാരും ഉണ്ടായിരുന്നില്ല. എന്തിന്, ദീനാമ്മപോലും കണ്ണാടിയിൽ ദീനാമ്മയെ കാണാൻ മറന്നുപോയിരിക്കണം.
നമ്മളിൽത്തന്നെയുണ്ട് ഇതുപോലെയെത്രയെത്രയോ ദീനാമ്മമാർ. പഠിപ്പിലും മിടുക്കിലും നടപ്പിലും സൗന്ദര്യത്തിലും നിരന്തരം മറ്റുള്ളവരുമായി താരതമ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നവർ. കുടുംബജീവിതത്തിലെ ‘കോംപ്രമൈസുകൾക്കും’ മക്കളെ വളർത്തുന്നതിന്റെ ‘ടിപ്സിനും’ വരെ ‘‘മറ്റുള്ളവരെ കണ്ടുപഠിക്ക്’’ എന്ന സാരോപദേശം കേട്ടുകൊണ്ടേയിരിക്കുന്നവർ. മറ്റൊരുത്തി ചെയ്തതൊക്കെ അതുപോലെ നമ്മളും ചെയ്യണമെന്നും അവർ ചെയ്യാത്തതൊന്നും നമ്മൾ ചെയ്യാൻ പാടില്ലെന്നും ആജ്ഞാപിക്കുന്നവർ എത്ര സുന്ദരവിഡ്ഢികളായിരിക്കണം! നമ്മെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി മാർക്കിടാൻ കണ്ണുംമിഴിച്ചിരിക്കുന്നവരോട് ചങ്കൂറ്റത്തോടെ നമുക്ക് വിളിച്ചുപറയണ്ടേ, ഞാൻ ഇങ്ങനെയാണ്; ഇങ്ങനെയൊക്കെയാകാനേ എനിക്കു കഴിയൂ എന്ന്. കുറ്റങ്ങളും കുറവുകളും ഉണ്ടായിരിക്കാം; അറിവില്ലായ്മയും പരിചയക്കുറവുമുണ്ടായിരിക്കാം, പക്ഷേ അതൊന്നും നിങ്ങൾക്ക് എന്നെ പരിഹസിക്കാനുള്ള കാരണങ്ങളല്ലെന്ന്... മറ്റൊരുത്തിയെ ചൂണ്ടിക്കാട്ടി നമ്മോട് അവളെപ്പോലെയാകണമെന്ന് ശഠിക്കുന്നവരോട് നമുക്ക് ധൈര്യത്തോടെ തിരിച്ചുപറയാം... ഞങ്ങൾക്ക് ഞങ്ങളായാൽ മതിയെന്ന്... നിരന്തര താരതമ്യങ്ങളുടെ അപകർഷത കാരണം ജീവിതത്തിൽ ഒന്നുമാകാതെ പോകുന്നതിനുപകരം നമുക്ക് നമ്മളായിത്തന്നെ തുടരാം... നമ്മുടെ കണ്ണാടിനോട്ടങ്ങളിൽ നമുക്കു നമ്മളെത്തന്നെ കാണാം... കൂടുതൽ അഴകോടെ... അതിലേറെ ആത്മവിശ്വാസത്തോടെ...
Content Summary: Pink Rose, Column by Riya Joy on comparison with others