കടൽ കടന്നെത്തി എന്റെ ശ്വാസം

HIGHLIGHTS
  • നാലുവർഷംകൂടി ആദ്യമായി അവധിക്കു വരുന്നതാണ്. പള്ളിപ്പറമ്പിലൂടെ കൈപിടിച്ചുനടക്കണ്ടേ...പെരുന്നാള് കൂടണ്ടേ....
woman-standing-in-front-of-holy-church.jpg
Representative Image. Photo By: rvimages/www.istockphoto.com
SHARE

– ദീനാമ്മയ്ക്കിനി അറബിയൊക്കെ പഠിക്കേണ്ടി വരൂലോ... 

തെങ്ങിനു തടമെടുക്കുന്നതിനിടയിൽ രാഘവേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു. തെങ്ങിനിടാനുള്ള രണ്ടു ചാക്ക് വളം കൊണ്ടുവന്നുവച്ചിട്ട് ഒരു മാസമാകുന്നു. ചാക്ക് പൊട്ടിക്കുന്ന തിരക്കിലായിരുന്നു ദീനാമ്മ. രാഘവേട്ടൻ പറയുന്നതുകേട്ട് അവളുടെ മുഖം തുടുത്തു. രാഘവേട്ടന് ഒരു നുള്ളു വച്ചുകൊടുത്തിട്ട് അവൾ തെങ്ങിൻതോപ്പിലേക്ക് ഓടി. തെറുത്തുകയറ്റിയ പാവാട ചുരുളഴിഞ്ഞ് നിലത്തുവലിഞ്ഞപ്പോൾ ഇഞ്ചപ്പുല്ലും തൊട്ടാവാടിയുമൊക്കെ കൊളുത്തിവലിച്ചു. തോപ്പിൽ തെങ്ങിൻമടല് ഉണക്കാനിട്ടിരുന്നിടത്ത് അവൾ പടിഞ്ഞിരുന്നു. ഓടിയതിന്റെ കിതപ്പും രാഘവേട്ടൻ പറഞ്ഞപ്പോഴുണ്ടായ ഉൾത്തുടിപ്പും കാരണം അവൾ നന്നെ കിതയ്ക്കുന്നുണ്ടായിരുന്നു. 

നട്ടുച്ചനേരം. നല്ല ചൂട്. ഉച്ചിയിൽ നിന്നുകത്തുന്ന സൂര്യനെ നോക്കി ദീനാമ്മ ആത്മഗതം പറഞ്ഞു, ‘‘അവിടെയിപ്പോ എത്ര മണിയായിക്കാണും? ഗൾഫിൽ ഇവിടത്തേക്കാൾ രണ്ടു രണ്ടര മണിക്കൂർ പിന്നോട്ടാണു നേരമെന്നാ രാഘവേട്ടൻ പറഞ്ഞത്. അങ്ങനെയങ്കിൽ അവിടെ പതിനൊന്നുമണി കഴിഞ്ഞുകാണണം.’’ ദീനാമ്മ കൈവിരലു മടക്കി കണക്കുകൂട്ടി നോക്കി. ‘‘ചേട്ടായി ഇപ്പോൾ പണിക്കുപോയിട്ടുണ്ടാകും. താമസിക്കുന്ന സ്ഥലത്തുനിന്ന് പണിസ്ഥലത്തേക്കു നല്ല ദൂരമുണ്ടത്രേ. വണ്ടിയിലാണ് കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടാക്കുന്നതും. വാർക്കപ്പണിയാണ്. പതിനേഴുനില ഉയരമുള്ളൊരു കെട്ടിടത്തിന്റെ മുകളിൽ...’’ കർത്താവേ ദീനാമ്മയ്ക്ക് ഓർക്കാൻകൂടി വയ്യ. അല്ലെങ്കിലും ഇത്തിരിപ്പൊക്കത്തിൽനിന്നുപോലും താഴേക്കു നോക്കിയാൽ ദീനാമ്മയ്ക്കു തലചുറ്റും. കൊച്ചമ്മയുടെ വീട്ടിലെ മച്ചിൻപുറത്ത് ഉണക്കാനിട്ട അടയ്ക്കയും കൊപ്രയും ഒട്ടുപാലുമൊക്കെ കൊട്ടയിലാക്കി തലച്ചുമടുമായി, കൈവരിയിലില്ലാത്ത ഗോവണിപ്പടിയിലൂടെ താഴേക്കിറങ്ങിവരുമ്പോൾ ദീനാമ്മ സകല പുണ്യാളന്മാരെയും ഉറക്കെ വിളിക്കും. വിളിക്കുന്ന കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്, രണ്ടു ദിവസമായി ഗൾഫിൽനിന്ന് ചേട്ടായിയുടെ വിളിയൊന്നും വന്നില്ലല്ലോ എന്ന്. രണ്ടു ദിവസം കൂടുമ്പോഴെങ്കിലും ഒരു വിളി പതിവുള്ളതാണ്. എന്താ ദിവസവും രണ്ടുനേരം വിളിച്ചാലെന്ന് ചോദിച്ച് ദീനാമ്മ മുഖംവീർപ്പിക്കുമ്പോൾ, കാശൊക്ക ഫോൺവിളിച്ചു കളയാമോ പെണ്ണേ, മിന്നുമാല വാങ്ങാൻ കൂട്ടിവയ്ക്കണ്ടേ എന്നു ന്യായം പറയും. 

ചേട്ടായി അല്ലെങ്കിലും പിശുക്കനാണ്. ചത്തുകിടന്നു പണിയും. പകൽമുഴുവൻ വാർക്കപ്പണി കഴിഞ്ഞ് രാത്രി ചുമടെടുക്കാനും മറ്റും പോകും. കിട്ടുന്ന പണമൊക്കെ കൂട്ടിവച്ച് നാട്ടിലെ ബാങ്കിലേക്ക് അയയ്ക്കും. ചേട്ടായി ഗൾഫിലേക്കു പോയത് നാലുവർഷം മുൻപാണ്, ഇടവകപ്പള്ളിയിലെ ഗീവർഗീസ് പുണ്യാളന്റെ പെരുന്നാള് കഴിഞ്ഞായിരുന്നു യാത്ര. അന്ന് ചേട്ടായിയുടെ കയ്യുംപിടിച്ച് പള്ളിപ്പറമ്പിലൂടെ പെരുന്നാളിന്റെ അലങ്കാരങ്ങളൊക്കെ കണ്ടുനടന്നത് ഇന്നലെയെന്നപോലെ ദീനാമ്മയ്ക്ക് ഓർമയുണ്ട്. എത്ര വർഷമായുള്ള പരിചയമാണ്. പള്ളിക്കൂടം തൊട്ടേ പരസ്പരം അറിയാവുന്നവർ. ചേട്ടായി പത്താംക്ലാസിൽ തോറ്റപ്പോഴാണ് പഠിത്തം നിർത്തി വാർക്കപ്പണിക്കു പോയിത്തുടങ്ങിയത്. ചേട്ടായി ഇല്ലാത്ത സ്കൂളിലേക്ക് അവളും പോയില്ല. സാറാക്കൊച്ചമ്മയുടെ വീട്ടിലെ അടുക്കളപ്പണിയും പറമ്പിൽപണിയും മതിയെന്ന് അവളും തീരുമാനിച്ചു. പഠിപ്പിക്കാൻ പണമുണ്ടാക്കേണ്ട ബാധ്യത ഇനിയില്ലല്ലോ എന്നു കരുതിയാകണം അപ്പനും ആ തീരുമാനത്തോടു യോജിച്ചു. ഞായറാഴ്ചകുർബാന കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയിക്കഴിയുമ്പോൾ പള്ളിമേടയിൽ ദീനാമ്മ ചേട്ടായിയെ കാത്തിരിക്കുമായിരുന്നു. രാവിലെ അമ്മച്ചി പുഴുങ്ങിവച്ച ഉണക്കക്കപ്പയും മുളകുചമ്മന്തിയും ഒരു ചോറ്റുപാത്രത്തിലാക്കി അവൾ കയ്യിൽ കരുതും. ചേട്ടായിയെ കൂടെയിരുത്തി അതു കഴിപ്പിച്ചുകഴിഞ്ഞാൽ പിന്നെ സർക്കീട്ടാണ്. പള്ളിക്കവലയിലും ആശാരിമുക്കിലും ലക്ഷംവീട്ടിലേക്കുള്ള ഇടവഴിയിലുമൊക്കെ രണ്ടുപേരുംകൂടി കറങ്ങിനടക്കും. വെയിൽ മൂക്കുമ്പോൾ ഏതെങ്കിലും മരച്ചോട്ടിലിരുന്ന് തണലുകായും. ചേട്ടായിയെ മടിയിൽ പിടിച്ചുകിടത്തി ആ തലമുടിയിലൂടെ വിരലോടിച്ച് എത്രയെത്ര ഉച്ചനേരങ്ങൾ... ദീനാമ്മയ്ക്ക് ഇപ്പോഴും അതൊക്കെ ഓർമിക്കുമ്പോൾ നാണം വരുന്നു. 

‘‘നാട്ടുകാരെക്കൊണ്ട് അതുമിതും പറയിക്കാതെ ഒരു മിന്നുകെട്ടി ദീനാമ്മയെ നിന്റെ വീട്ടിലേക്കു കൊണ്ടുപോടാ...’’

അൻപതുനോമ്പു തുടങ്ങിയപ്പോൾ പള്ളിയിലെ വികാരി തോമസച്ചൻ ചേട്ടായിയെ വിളിച്ചു പറഞ്ഞതിനുശേഷമാണ് കാര്യങ്ങൾക്ക് ഒരു തീരുമാനമായത്. അപ്പോഴേക്കും ചേട്ടായിക്ക് ഗൾഫിലേക്കുള്ള വീസ ശരിയാകുകയും ചെയ്തു. അമ്മച്ചിയും അപ്പനും അനിയത്തിമാരും പറഞ്ഞു, എല്ലാം ദീനാമ്മയുടെ ഭാഗ്യമാണെന്ന്. പേരിന് ഒരു മനഃസമ്മതം മാത്രം നടത്തി അന്ന് പോയതാണ് ചേട്ടായി. ഒറ്റ വർഷം കഴിഞ്ഞു വരാമെന്നു പറഞ്ഞുപോയിട്ട് വർഷം നാലാകുന്നു. മിന്നുകെട്ടു കഴിഞ്ഞാൽ പിന്നെ ദീനാമ്മയെ ഒറ്റയ്ക്കാക്കി പോകാൻ തോന്നൂല്ല, അതുകൊണ്ട് ഇവിടെ കുറച്ചുനാൾകൂടി നിന്ന് പത്തു കാശുണ്ടാക്കിയിട്ടു വരാമെന്നു പറഞ്ഞ് ഇതുവരെ ഒരു അവധിക്കുപോലും നാട്ടിൽ വരാതെ പാവം അവിടെ കഷ്ടപ്പെടുന്നതോർക്കുമ്പോൾ ദീനാമ്മയ്ക്കു കരച്ചിൽ വരും. ഇനി രണ്ടാഴ്ച കൂടി കഴിഞ്ഞാൽ പുണ്യാളന്റെ പെരുന്നാളാണ്. അപ്പോഴേക്കും നാട്ടിൽ വരുമെന്നും പിന്നെ തിരിച്ചുപോകില്ലെന്നും പറഞ്ഞ് കഴിഞ്ഞയാഴ്ച വിളിച്ചിരുന്നു. പെരുന്നാള് കഴിഞ്ഞാൽ പിറ്റേന്ന് മിന്നുകെട്ട്. ദീനാമ്മയ്ക്ക് ഇതിൽപരം മറ്റെന്തുവേണം മനോരാജ്യം കാണാൻ....

‘‘എന്നതാ പെണ്ണേ ഒരു കണക്കുകൂട്ടല്?’’

സാറാക്കൊച്ചമ്മയാണ്... മൂശേട്ട സ്വഭാവമാണ്. പണിക്കിടയിൽ ഒന്നു നടുനിവർത്താൻപോലും സമ്മതിക്കില്ല. മനുഷ്യന്മാര് മെഷീൻപോലെ പണിയണമെന്നാ കൊച്ചമ്മയുടെ വിചാരം. ഇനി ചേട്ടായി വിളിക്കുമ്പോ പറയണം, കൊച്ചമ്മയുടെ വീട്ടുപണി മതിയാക്കാൻപോകുകയാണെന്ന്. എന്നാലും ചേട്ടായിയെന്താ രണ്ടുമൂന്നുദിവസമായി ഒന്നു വിളിക്കുക പോലും ചെയ്യാത്തതെന്ന് വീണ്ടും വീണ്ടും ദീനാമ്മ വേവലാതിപ്പെട്ടുകൊണ്ടേയിരുന്നു. 

‘‘പുറംപണി മതിയെടീ, നീ വന്നെന്റെ കാലൊന്ന് ഉഴിഞ്ഞേ.. എന്താ കടച്ചില്... നീരുണ്ടെന്നു തോന്നുന്നു.’’

കൊച്ചമ്മയുടെ വിളികേട്ട് അവൾ കയ്യിലെ മണ്ണും ചെളിയും കഴുകിക്കളഞ്ഞ് വരാന്തയിലേക്ക് കയറിച്ചെന്നു. ചാരു കസേരയിൽ മലർന്നു കിടക്കുകയാണ് കൊച്ചമ്മ. ചൂടാക്കിയ കുഴമ്പു തേച്ചുപിടിപ്പിക്കാൻ കാലു നീട്ടിവച്ചിട്ടുണ്ട്. ടിവിയിലെ വാർത്തയും കേട്ട് ചാരുകസേരയിൽ മലർന്നു കിടക്കുന്ന നേരം ദീനാമ്മ കുഴമ്പു തേച്ചുകൊടുക്കുന്നത് കൊച്ചമ്മയ്ക്കൊരു പതിവാണ്. ആ ഇരിപ്പിൽതന്നെ കൊച്ചമ്മ ഉറങ്ങിപ്പോകുകയും ചെയ്യും. എത്ര നേരമിരുന്നെന്ന് ഓർമയില്ല, ദീനാമ്മയും ഒന്നു മയങ്ങിയിരിക്കണം. പെരുന്നാളിന് ചേട്ടായിയുടെ കയ്യിൽപിടിച്ച് പള്ളിപ്പറമ്പിലൂടെ നടക്കുന്നത് സ്വപ്നംകണ്ടാണ് അവൾ ഞെട്ടിയുണർന്നത്. കൊച്ചമ്മ അപ്പോഴും മയക്കത്തിൽതന്നെ. രാഘവേട്ടൻ തെങ്ങിനു ചുവടെടുത്തുകഴിഞ്ഞ് പോയിരുന്നു. നേരമെത്രയായോ ആവോ... പുറത്ത് വെയിലു കെട്ടുകിടന്നു. 

cemetery
Representative Image. Photo By: Nickbeer/www.istockphoto.com

ടിവിയിൽ മാത്രം വലിയ ബഹളം.. എവിടെയോ നടന്ന തീപിടിത്തത്തെക്കുറിച്ചാണ്... കർത്താവേ ഗൾഫിലാണ് സംഭവമെന്ന്.. വലിയൊരു കെട്ടിടത്തിൽനിന്നു തീയും പുകയും ഉയരുന്നതു കണ്ട് ദീനാമ്മയുടെ ഉള്ളു കത്തി. അപകടത്തിൽപെട്ട മലയാളികളുടെ മുഖചിത്രങ്ങൾ സ്ക്രീനിൽ ഇടയ്ക്കിടെ മിന്നിമറയുന്നുണ്ട്. അതിലൊരാൾ ചേട്ടായിയെ പോലെ തോന്നിക്കുന്നു. വാർത്ത ഇംഗ്ലിഷിലായതുകൊണ്ട് ദീനാമ്മയ്ക്കൊന്നും മനസ്സിലാകുന്നില്ലായിരുന്നു. ചേട്ടായിയുടേതുപോലെതന്നെ തോന്നിപ്പിക്കുന്ന ആ മുഖചിത്രം ഇടയ്ക്കിടെ ടിവിയിൽ കാണിച്ചുകൊണ്ടേയിരുന്നു.. ദീനാമ്മയ്ക്കു കണ്ണിൽ ഇരുട്ടുകയറുന്നതുകാരണം ഒന്നും കാണാൻ കഴിയാത്ത പോലെ.. അവൾക്കു ബോധം മറയുന്നപോലെ... ‘‘ഏയ് അതൊരിക്കലും ചേട്ടായി ആയിരിക്കില്ല. ചേട്ടായി ഇവിടെ എന്റെ കൂടെ പുണ്യാളന്റെ പെരുന്നാളു കൂടാൻ പള്ളിയിൽ വന്നിരിക്കുകയല്ലേ... പള്ളിപ്പറമ്പിലൂടെ ഞങ്ങളൊരുമിച്ച് കൈപിടിച്ചു നടക്കുകയല്ലേ...’’ അവളുടെ ചെവിയിലപ്പോഴും ആ ബാൻഡ് മേളം മുഴങ്ങുന്നു...ചുറ്റും കത്തിനിൽക്കുന്ന ദീപാലങ്കാരം കണ്ണിൽ നിറയുന്നു... ആ മായക്കാഴ്ചയിൽനിന്ന് ദീനാമ്മ വീണ്ടും ഒരു നീണ്ട മയക്കത്തിലേക്ക്...

ബോധമുണർന്നപ്പോൾ ദീനാമ്മ ശരിക്കും പള്ളിപ്പറമ്പിൽതന്നെയായിരുന്നു. ചുറ്റും പെരുന്നാളിന്റേതുപോലെതന്നെയുള്ള ആൾക്കൂട്ടം. എല്ലാവരും വെള്ളയുടുത്തിരിക്കുന്നു.... കുന്തിരിക്കം വാസനിക്കുന്ന കാറ്റ്... ചേട്ടായി എവിടെ? നാലുവർഷംകൂടി ആദ്യമായി അവധിക്കു വന്നതാണ്...പള്ളിപ്പറമ്പിലൂടെ കൈപിടിച്ചുനടക്കണ്ടേ...പെരുന്നാള് കൂടണ്ടേ....  ഇത്രയും വലിയ ആൾക്കൂട്ടത്തിനിടയിൽ ഈ ചേട്ടായി എവിടെപ്പോയിക്കിടക്കുന്നു.. അവൾ പിറുപുറുത്തു... ആർക്കോ നേർന്നുവച്ചൊരു മിന്നു പോലെ അപ്പോൾ അസ്തമയ സൂര്യൻ കൽക്കുരിശിനുമേലേ കത്തിനിൽക്കുന്നത് അവൾ കണ്ടു. പള്ളിസെമിത്തേരിയിൽ, പൂക്കൾകൊണ്ട് അലങ്കരിച്ചൊരു കറുത്ത പെട്ടിക്കുള്ളിൽ, അവൾ തേടിനടന്ന അവളുടെ ചേട്ടായി അപ്പോൾ ശ്വാസംമുട്ടിക്കിടക്കുന്നുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS