മിഷേലിന്റെ ഇരട്ട ശൂന്യതകൾ

HIGHLIGHTS
  • വെയിലത്ത് സ്കൂൾ ഗ്രൗണ്ടിലൂടെ എല്ലാവരും നോക്കിനിൽക്കെ അവളുടെ ഒാട്ടം കണ്ട് ചെക്കന്മാർ വിസിലടിക്കുകയും കൂക്കിവിളിക്കുകയും ചെയ്തു. ‘‘പെണ്ണേ നിന്നെ വേഗംപിടിച്ച് കെട്ടിക്കാൻ നിന്റെ അപ്പനോട് പറയണേ...’’
fashion
(Credit:CasarsaGuru/ Istock)
SHARE

ദീർഘദൂര യാത്രകൾ ഇപ്പോൾ പണ്ടത്തെപ്പോലെ ആസ്വദിക്കാൻ കഴിയാത്തതിൽ മിഷേലിന് സങ്കടം തോന്നിത്തുടങ്ങിയിരുന്നു. തലേരാത്രി മുഴുവൻ നീണ്ട യാത്രയ്ക്കിടയിൽ ഇടയ്ക്കിടെ പലയിടത്തും കാർ നിർത്തിനിർത്തിയാണ് പുലരുമ്പോഴേക്കും ബെംഗളൂരുവിലെ ഫ്ലാറ്റിലേക്ക് തിരിച്ചെത്തിയത്. വേഗം കുളിച്ചു ഫ്രഷായി വീണ്ടും ഓഫിസിലേക്ക്... ബാത്‌റൂമിലെ വലിയ കണ്ണാടിയിൽ നോക്കി, മുഖത്തെ ക്ഷീണമൊക്കെ ഒരു ഫെയ്സ്‌വാഷിൽ കഴുകിക്കളയുന്നതിനിടെ വീണ്ടും ഒന്നുരണ്ടുവട്ടം ഓക്കാനിക്കുന്നുണ്ടായിരുന്നു അവൾ. രണ്ടുദിവസം നീണ്ട യാത്രയുടെ ക്ഷീണം പലവട്ടമായി ഓക്കാനിച്ചുതീർക്കുന്നതുപോലെ അവൾക്കു തോന്നി. അപ്പോഴാണ് മൊബൈൽ റിങ് കേട്ടത്. ഷേരുവാണ്, ഓഫിസിൽനിന്ന്. ഷോ ഉള്ള ദിവസമായതുകൊണ്ട് നേരത്തെ വരില്ലേ എന്നു ചോദിക്കാൻ വിളിച്ചതാണ്. മിഷേൽ അക്കാര്യം മറന്നിരുന്നു. ഷോയുടെ കാര്യം ഓർമിപ്പിച്ചതിന് ഷേരുവിനോടു നന്ദി പറഞ്ഞ് മിഷേൽ വേഗം കുളിച്ചിറങ്ങി. അലമാരയിൽനിന്ന് ആദ്യം കയ്യിൽകിട്ടിയ ഒരു ട്യൂണിക് ടോപ്പും ഷോർട്സും ധരിച്ച് കാറിൽ നേരെ ഓഫിസിലേക്ക്.

ഒരു ഫാഷൻ ഡിസൈനറായ തനിക്കു കുറച്ചുകൂടി ഫാഷൻ സെൻസ് ആകാം. കാറിന്റെ റിയർവ്യൂ മിററിൽ നോക്കിയപ്പോൾ മിഷേലിന് കുറ്റബോധം തോന്നി. വയസ്സ് നാൽപത്തഞ്ചു കഴിഞ്ഞിരിക്കുന്നു. നാൽപതു കഴിയുമ്പോഴാണത്രേ ഒരു സ്ത്രീ ഏറ്റവും സുന്ദരിയാകുന്നതെന്ന് എവിടെയോ വായിച്ചത് അവൾ വെറുതെയോർത്തു. ഓഫിസിലെത്തിയപ്പോഴേക്കും എല്ലാവരും ഷോയ്ക്കു പോയിക്കഴിഞ്ഞിരുന്നു.  ടീനേജ് കോളജ് പെൺകുട്ടികളുടെ ക്യാംപസ് ക്യാറ്റ് വാക് ആണ് തീം. മിഷേൽ ഡിസൈൻ ചെയ്ത വേഷങ്ങളാണെല്ലാം. അവൾക്കും റാംപ്‌വാക് കാണണമെന്നുതോന്നി. 

‘‘അല്ലാ, മിഷേൽ യൂ സിറ്റിങ് ഹിയർ? വൈ ഡോണ്ട് യു ജോയിൻ ദം?’’

കൂടെ ജോലിചെയ്യുന്ന റോമിയാണ് ഒരു നെസ്കഫേ കോഫിയുമായി അവളുടെ അടുത്തേക്കു വന്നത്. ഒന്നാന്തരം കോർപറേറ്റ് കോഴി. അയാൾ പെണ്ണുങ്ങളെ കണ്ടാൽ എന്തെങ്കിലും ചോദിച്ച് അടുത്തുകൂടും. ആ നേരമൊക്കെയും അവന്റെ നോട്ടം പെണ്ണുങ്ങളുടെ ശരീരത്തിലേക്കു തന്നെയായിരിക്കും. കുനിഞ്ഞിരുന്ന് ഷൂവിന്റെ ലെയ്സ് കെട്ടുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു ഇത്തവണ റോമിയുടെ രംഗപ്രവേശം. അവളുടെ ട്യൂണിക് ടോപ്പിന്റെ ഇറക്കിവെട്ടിയ കഴുത്തിനിടയിലൂടെ അയാളുടെ കണ്ണുകൾ ചുഴിഞ്ഞിറങ്ങുന്നത് മിഷേലിനെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടായിരുന്നു. 

‘‘നിനക്കൊരു ഷോൾ ഇട്ടു നടന്നുകൂടെ?’’

പണ്ടു കോൺവെന്റ് സ്കൂളിൽ പഠിക്കുന്ന കാലത്ത് മേരിക്കുട്ടി സിസ്റ്റർ എപ്പോഴും ചോദിക്കാറുള്ളത് മിഷേൽ അപ്പോൾ വീണ്ടുമോർത്തു. ഏഴാംക്ലാസിലോ മറ്റോ ആയിരുന്നെന്നാണ് അവളുടെ ഓർമ. ക്ലാസിലെ മറ്റു കുട്ടികളേക്കാൾ നേരത്തെ വയസ്സറിയിച്ചതിന്റെ തുടുപ്പും മിനുപ്പും അവളുടെ ശരീരത്തിലുണ്ടായിരുന്നു. കൂട്ടുകാരികളെല്ലാം പെറ്റിക്കോട്ടു വെട്ടിത്തയ്ച്ചിട്ടു നടക്കുന്ന കാലത്ത് ഒരു ദിവസം മേരിക്കുട്ടി സിസ്റ്റർ മിഷേലിന്റെ അമ്മയോടു പറഞ്ഞു; പെങ്കൊച്ച് നോക്കിനിൽക്കുമ്പോഴേ വളർന്ന് പോകുന്നുണ്ട്. ഇനി പെറ്റിക്കോട്ടു മാത്രം പോരാ... 

മേരിക്കുട്ടി സിസ്റ്റർ പറയുന്നത് തലകുനിച്ചുനിന്നാണ് മിഷേൽ കേട്ടത്. ക്ലാസിലെ മറ്റു കൂട്ടുകാരികൾക്കൊന്നുമില്ലാത്ത നിറഞ്ഞ മാറിടങ്ങളുടെ ഭാരംകൊണ്ട് പിന്നെപ്പിന്നെ മിഷേലിന്റെ ചുമലുകൾ എപ്പോഴും കുനിഞ്ഞുതന്നെയിരുന്നു. ശിരസ്സെപ്പോഴും താഴ്ന്നു തന്നെയിരുന്നു. അവറാച്ചൻ സാറിന്റെ കൂടെയുള്ള പിടി പിരീയഡുകൾ മിഷേലിന് ഭയമായിരുന്നു. അസംബ്ലിയിൽ വരിതെറ്റിച്ചെന്നും നിരതെറ്റിച്ചെന്നുമൊക്കെയുള്ള ഓരോ കാരണം പറഞ്ഞ് അയാൾ അവളെ സ്കൂൾ ഗ്രൗണ്ടിലൂടെ എല്ലാ പിടി പിരീയഡും രണ്ടുംമൂന്നും വട്ടം ഓടിച്ചുകൊണ്ടേയിരുന്നു. വെയിലത്ത് സ്കൂൾ ഗ്രൗണ്ടിലൂടെ എല്ലാവരും നോക്കിനിൽക്കെ അവൾ ഓടിത്തളർന്നു. അവളുടെ ഒാട്ടം കണ്ട് ചെക്കന്മാർ വിസിലടിക്കുകയും കൂക്കിവിളിക്കുകയും ചെയ്തു. ‘‘പെണ്ണേ നിന്നെ വേഗംപിടിച്ച് കെട്ടിക്കാൻ നിന്റെ അപ്പനോട് പറയണേ...’’ അവറാച്ചൻ സാർ ആൾക്കൂട്ടം കേൾക്കെ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചിരുന്നത് മിഷേൽ ഇപ്പോഴും ഓർക്കുന്നു. 

അവളേക്കാൾ വേഗം അവളുടെ മാറിടങ്ങൾ വളർന്നു. പത്താംക്ലാസെത്തിയപ്പോഴേക്കും കണ്ണാടിനോക്കാൻപോലും കഴിയാതെ അവളുടെ ആത്മാഭിമാനം ഇടിഞ്ഞുതൂങ്ങിയിരുന്നു. അമ്മച്ചിയും വല്യമ്മച്ചിയുമുൾപ്പെടെ വീട്ടിലെ പെണ്ണുങ്ങൾക്കെല്ലാം വലിയ മുലകളുണ്ടായിരുന്നു. എല്ലാവരും നന്നെ തടിച്ച ശരീരപ്രകൃതമുള്ളവർ. മാത്യു ആദ്യമായി പെണ്ണുകാണാൻ വന്നദിവസം, പടിഞ്ഞാറേ മുറ്റത്തെ മാവിൻചോട്ടിലേക്കു മാറിനിന്നു സംസാരിച്ചപ്പോൾ നോട്ടം അവളുടെ മുഖത്തേക്കല്ലായിരുന്നെന്ന് പറഞ്ഞ് മിഷേൽ പലപ്പോഴും മാത്യുവിനെ പിന്നീട് കളിയാക്കിയിട്ടുണ്ട്. കട്ടിയുള്ള കോട്ടൺ ഷാൾകൊണ്ട് പുതച്ചുമൂടി മാത്രമേ മാത്യു കല്യാണം കഴി‍ഞ്ഞ് അവളെ പുറത്തിറക്കിയിട്ടുള്ളൂ. സ്ത്രീകളുൾപ്പെടെ പലരുടെയും അസ്വസ്ഥതപ്പെടുത്തുന്ന നോട്ടങ്ങളേറ്റുവാങ്ങിവാങ്ങി മിഷേലിനും പിന്നീട് അതൊരു ശീലമായി. ഓർത്തെടുക്കാൻ തുടങ്ങിയാൽ അങ്ങനെയൊരുപാട് കഥകളുണ്ട് മിഷേലിനു പറയാൻ... പലപ്പോഴും അവൾ സ്വയം ശാസിച്ചു ചോദിച്ചുപോകാറുണ്ട്: ‘‘എന്തിനാണിങ്ങനെ എന്നെ വീർപ്പുമുട്ടിക്കുന്നത്? എന്തിനാണിങ്ങനെ ആളുകളെക്കൊണ്ട് പറയാൻ വേണ്ടി ഇത്രമാത്രം വളർന്നത്?’’

എന്തായാലും ആ പരാതിയും പരിഭവവും ഉടയതമ്പുരാൻ കേട്ടെന്ന് രണ്ടുവർഷം മുൻപാണ് മിഷേലിന് ബോധ്യമായത്. കൃത്യമായി പറഞ്ഞാൽ ടെസി ഡോക്ടറുമായുള്ള മൂന്നാമത്തെ കൺസൽറ്റേഷനിൽ. പെട്ടെന്നു ശരീരം മെലിഞ്ഞതും ഭാരം കുറഞ്ഞതുമുൾപ്പെടെയുള്ള അവ്യക്തമായ രോഗലക്ഷണങ്ങളോടെ കാണാൻ ചെന്നതായിരുന്നു ടെസി ഡോക്ടറെ. പക്ഷേ അപ്പോഴേക്കും വൈകിയിരുന്നു.

‘‘കുറച്ച് അഡ്വാൻസ്ഡ് സ്റ്റേജ് ആണ് മിഷേൽ.. കീമോ കൊണ്ട് നിൽക്കുമോ എന്നു നോക്കാം ഇല്ലെങ്കിൽ സർജറി വേണം. രണ്ടും റിമൂവ് ചെയ്യേണ്ടിവരും...’’ 

മനസ്സിലൊരു ഇടിത്തീ വീണപോലെയാണ് മിഷേൽ അത് കേട്ടത്. മുലയില്ലായ്മയോട് എങ്ങനെയാണ് ഒരു പെണ്ണിന് പൊരുത്തപ്പെടാനാകുകയെന്ന് അവൾ വ്യാകുലപ്പെട്ടിട്ടുണ്ട്. കീമോ കഴിഞ്ഞ് പോസ്റ്റ് റേഡിയേഷൻ വാർഡിലെ ഇരുട്ടുമുറിയിൽ കിടക്കുമ്പോൾ മിഷേലിന്റെ കാതിൽ പഴയ പിടി ക്ലാസ് പിരീയഡുകൾ ഓർമ വരുമായിരുന്നു. ചുറ്റിലുംനിന്ന് ആരൊക്കെയോ ‘ചക്കമുലച്ചീ’ എന്നു നീട്ടി വിളിക്കുന്നത് കാതിൽ മുഴങ്ങുമായിരുന്നു. 

‘‘മേഡം ഇപ്പോഴും ഇവിടെയിരിക്കുകയാണോ? സ്റ്റുഡിയോയിൽ റാംപ് വാക് തുടങ്ങിക്കഴിഞ്ഞു. വേഗം ഫ്ലോറിലേക്ക് ചെല്ലൂ’’

മേക്കപ്പ് ആർട്ടിസ്റ്റ് ഷർമിളയായിരുന്നു മിഷേലിനെ ആലോചനയിൽനിന്നു വിളിച്ചുണർത്തിയത്. ഷോയ്ക്കു പോകുമ്പോൾ മിഷേലിന് ഇടാനുള്ളൊരു നല്ല ഫ്ലോറൽ ഡ്രസ് ഷേരു ടേബിളിൽവച്ചിരുന്നു.  മിഷേൽ അതുമായി വേഗം വാഷ്‌റൂമിലേക്കോടി. വീട്ടിൽനിന്നു ധരിച്ചുവന്ന ട്യൂണിക് ടോപ്പും ഷോർട്സും മാറ്റി, പൂക്കൾ തുന്നിയ പുതിയ ഉടുപ്പിട്ട് മുഖത്ത് പെട്ടെന്നൊരു മേയ്ക്കപ്പ് ചെയ്ത് മിഷേൽ ആത്മവിശ്വാസത്തോടെ കണ്ണാടി നോക്കി.

‘‘ഫാഷൻ ഡിസൈനർക്ക് ഇത്രയും ഫാഷൻ സെൻസ് മതി...’’ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. വാഷ്റൂമിൽനിന്ന് ഇറങ്ങാൻനേരം എന്തോ മറന്നപോലെ അവൾ പെട്ടെന്നു വാനിറ്റി ബാഗിൽ എന്തിനോ പരതി. ബാഗിൽസൂക്ഷിച്ച സിലിക്കോൺ ബ്രെസ്റ്റ് പാഡ് രണ്ടെണ്ണമെടുത്ത് ബ്രേസിയറിനുള്ളിലെ വേദനിപ്പിക്കുന്ന ശൂന്യതയിൽ തിരുകിക്കയറ്റി ഒരിക്കൽകൂടി കണ്ണാടിനോക്കി; അപ്പോൾ കണ്ണാടിയിൽനിന്നാരോ അവളെ കമന്റടിക്കുന്നതുപോലെ മിഷേലിന് തോന്നി. ‘‘ചക്കമുലച്ചീ.....’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS