തലേന്നത്തെ ഷൂട്ട് കഴിഞ്ഞപ്പോഴേക്കും ഏറെ വൈകി. രണ്ടുമൂന്നുദിവസമായി ഉറങ്ങിയിട്ട്. തൊണ്ട വരളുന്നപോലെ. കയ്യിൽകിട്ടിയ കുപ്പിയിലെ അവസാനതുള്ളി വെള്ളവും കുടിച്ച് തീർത്ത് അവൾ കിടക്കയിലേക്കു കുഴഞ്ഞുവീണു. ഇളംനീലയിൽ വെളുത്ത നക്ഷത്രപ്പൂക്കൾ വിടർന്നുനിൽക്കുന്ന കോട്ടൺ ബെഡ്ഷീറ്റിൽ മുഖമമർത്തി കിടക്കുമ്പോൾ മീനുവിനു

തലേന്നത്തെ ഷൂട്ട് കഴിഞ്ഞപ്പോഴേക്കും ഏറെ വൈകി. രണ്ടുമൂന്നുദിവസമായി ഉറങ്ങിയിട്ട്. തൊണ്ട വരളുന്നപോലെ. കയ്യിൽകിട്ടിയ കുപ്പിയിലെ അവസാനതുള്ളി വെള്ളവും കുടിച്ച് തീർത്ത് അവൾ കിടക്കയിലേക്കു കുഴഞ്ഞുവീണു. ഇളംനീലയിൽ വെളുത്ത നക്ഷത്രപ്പൂക്കൾ വിടർന്നുനിൽക്കുന്ന കോട്ടൺ ബെഡ്ഷീറ്റിൽ മുഖമമർത്തി കിടക്കുമ്പോൾ മീനുവിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലേന്നത്തെ ഷൂട്ട് കഴിഞ്ഞപ്പോഴേക്കും ഏറെ വൈകി. രണ്ടുമൂന്നുദിവസമായി ഉറങ്ങിയിട്ട്. തൊണ്ട വരളുന്നപോലെ. കയ്യിൽകിട്ടിയ കുപ്പിയിലെ അവസാനതുള്ളി വെള്ളവും കുടിച്ച് തീർത്ത് അവൾ കിടക്കയിലേക്കു കുഴഞ്ഞുവീണു. ഇളംനീലയിൽ വെളുത്ത നക്ഷത്രപ്പൂക്കൾ വിടർന്നുനിൽക്കുന്ന കോട്ടൺ ബെഡ്ഷീറ്റിൽ മുഖമമർത്തി കിടക്കുമ്പോൾ മീനുവിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലേന്നത്തെ ഷൂട്ട് കഴിഞ്ഞപ്പോഴേക്കും ഏറെ വൈകി. രണ്ടുമൂന്നുദിവസമായി ഉറങ്ങിയിട്ട്. തൊണ്ട വരളുന്നപോലെ. കയ്യിൽകിട്ടിയ കുപ്പിയിലെ അവസാനതുള്ളി വെള്ളവും കുടിച്ച് തീർത്ത് അവൾ കിടക്കയിലേക്കു കുഴഞ്ഞുവീണു. ഇളംനീലയിൽ വെളുത്ത നക്ഷത്രപ്പൂക്കൾ വിടർന്നുനിൽക്കുന്ന കോട്ടൺ ബെഡ്ഷീറ്റിൽ മുഖമമർത്തി കിടക്കുമ്പോൾ മീനുവിനു തലചുറ്റുന്നുണ്ടായിരുന്നു. അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ ഇപ്പോൾ മുടിയിഴകളിലൊക്കെ വിരലോടിച്ച് മടിയിൽപിടിച്ചു കിടത്തിയേനേ. കഴിഞ്ഞയാഴ്ചയും അമ്മ വിളിച്ചിരുന്നു. 

– എന്തായി മോളേ? 

ADVERTISEMENT

അവൾക്ക് അതുകേട്ട് ദേഷ്യം വരുന്നുണ്ടായിരുന്നു.  

– ഓണത്തിനാണ് റിലീസ് അമ്മേ. ഹീറോയിൻ ആണ്. വളരെ നല്ല റോൾ...

അതും പറഞ്ഞ് ഫോൺകട്ട് ചെയ്തപ്പോൾ അവൾക്കു കുറ്റബോധം തോന്നി. കണ്ണാടിയിൽ കൊതിയോടെ നോക്കിത്തുടങ്ങിയകാലം മുതലുള്ള സ്വപ്നമായിരുന്നു സിനിമ. നാട്ടിൽ സമാജത്തിന്റെ നാടകങ്ങളിൽ സ്ഥിരം വേഷമുണ്ടായിരുന്ന ഷെർളിയുടെ മകൾക്ക് അങ്ങനെ മോഹം തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. അമ്മയുടെ നാടകത്തിനു കൂട്ടുപോയിരുന്ന കുട്ടിക്കാലംതൊട്ടേ അവൾ മനസ്സുകൊണ്ട് സിനിമയെ സ്നേഹിച്ചുതുടങ്ങിയതാണ്. അയലത്തെ റോസമ്മാന്റിയുടെ വീട്ടിൽ ഞായറാഴ്ച വൈകുന്നേരം നാലുമണിയുടെ സിനിമ കാണാൻ മുന്നിൽതന്നെ പോയിരിക്കുമായിരുന്നു. 

‘ഷേർളീടെ മോളുതന്നെ, ഓൾക്ക് സിനിമേല് നല്ല ഭാവിയുണ്ടാകും. എന്താ മുഖശ്രീ’...റോസമ്മാന്റി ഓരോ വട്ടം അതുപറയുമ്പോഴും അവൾ നാണംകൊണ്ടു മുഖംകുനിക്കും. കണ്ണാടിനോക്കുമ്പോൾ മുഖത്തൊരൽപം എണ്ണമെഴുക്കു കണ്ടാൽ, കവിളത്തൊരു മുഖക്കുരു വന്നാൽ, കീഴ്ച്ചുണ്ടിനോടു ചേർന്നുള്ള കടുകുമണിയോളമുള്ളൊരു കാക്കപ്പുള്ളിക്ക് അരൽപം കൂടുതൽ വലുപ്പം തോന്നിച്ചാൽ, കണ്ണെഴുതിയ കരിമഷി പടർന്ന് കൺതടങ്ങൾ കറുത്തുകിടന്നാൽ.. അപ്പോഴൊക്കെ അവൾക്ക് ആധിയാണ്. അമ്മയുടെ കൂടെ നാടകത്തിനു പോകുമ്പോൾ നാടകട്രൂപ്പിലെ ഭാസ്കരേട്ടനും അപ്പുണ്ണിയും തോമാച്ചായനും മണിയണ്ണനുമൊക്കെ അവളുടെ സൗന്ദര്യത്തെ പുകഴ്ത്തി സംസാരിക്കുന്നത് അവൾ കേൾക്കാറുണ്ട്. 

ADVERTISEMENT

– പെങ്കൊച്ച് നോക്കിനിക്കണ വേഗത്തിൽ വളർന്ന് വല്യ പെണ്ണാകും ഷേർളി. നീ നമ്മുടെ ആശാന്റെയടുത്ത് അവളെ കൊണ്ടുപോണം. ആശാൻ നെന്റെ മോളെ നന്നായൊന്നു കാണട്ടെ. നാടകത്തിലെ അടുത്ത നായികയാക്കും. അതും പറഞ്ഞ് മണിയണ്ണൻ അവളുടെ കവിളത്തുനുള്ളും. എപ്പോഴും ബീഡിയിരുന്നു പുകയുന്ന മണിയണ്ണന്റെ കറുത്ത വിരലിലെ കൂർത്ത നഖങ്ങൾ തന്റെ കവിളത്തു പോറൽ വീഴ്ത്തുമെന്നു പേടിച്ച് അവൾ നീങ്ങിനിൽക്കും. 

–നിങ്ങളാ പെങ്കൊച്ചിനെ വെറുതെ വിട്ടേരേ... 

അമ്മയുടെ കൂട്ടുകാരി, നാടകത്തിൽ സ്ഥിരം അമ്മവേഷം ചെയ്യുന്ന ഗോമതിച്ചേച്ചി അപ്പോഴേക്കും അവളെ കൈപിടിച്ചു പിന്നോട്ടുവലിക്കും. ഗോമതിച്ചേച്ചി ഇരുപതു വർഷമായി നാടകത്തിലെത്തിയിട്ട്; വന്ന അന്നുമുതൽ അമ്മവേഷം ചെയ്യുന്നതാണ്. നല്ല പ്രായത്തിലാരെങ്കിലും കെട്ടിക്കൊണ്ടുപോയിരുന്നെങ്കിൽ ഈ തൊഴിലിന് വരില്ലായിരുന്നുവെന്ന് ഗോമതിച്ചേച്ചി ഇടയ്ക്കിടെ പിറുപിറുക്കുന്നത് അവൾ കേട്ടിട്ടുണ്ട്. 

–അതിന് നെനക്കെന്തിന്റെ കുറവാടീ... നിന്നെ പൊന്നുപോലെയല്ലേ ഞാനും തോമാച്ചായനും മണിയണ്ണനുമൊക്കെ മാറിമാറി നോക്കുന്നത്. അതുംപറഞ്ഞ് ഉറക്കെച്ചിരിക്കുമ്പോൾ ഭാസ്കരേട്ടന്റെ വായിൽനിന്നു മുറുക്കിത്തുപ്പൽ പുറത്തേക്കു തെറിക്കും. അവൾക്കു പണ്ടേ ഭാസ്കരേട്ടനോട് അറപ്പാണ്. നാടകത്തിനു പോകുന്നിടത്തൊക്കെ അയാൾ മുറുക്കിത്തുപ്പിക്കൂട്ടുന്നതു കാണാം. കടവായിലൂടെ മുറുക്ക് ഒലിച്ചിറങ്ങിയല്ലാതെ ഒരിക്കലും അയാളെ കണ്ടിട്ടേയില്ല. 

ADVERTISEMENT

അമ്മയേക്കാൾ അഴകുണ്ടായിരുന്നു ഗോമതിച്ചേച്ചിക്കെന്നു തോന്നിയിട്ടുണ്ട്. തട്ടിൽ കയറിയാൽ പെട്ടെന്നാണ് ഗോമതിച്ചേച്ചിയുടെ ഭാവമാറ്റം. ഒരിക്കൽ നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിന് നാടകം കളിക്കാൻ പോയപ്പോൾ പതിവുപോലെ മീനുവും ഉണ്ടായിരുന്നു സ്റ്റേജിനു പിന്നിൽ. നാടകത്തിനൊടുവിൽ സാരികൊണ്ട് കുരുക്കുണ്ടാക്കി തൂങ്ങിച്ചാകുന്ന ഒരു രംഗത്ത് ഗോമതിച്ചേച്ചിയുടെ എന്തൊരു അഭിനയമായിരുന്നെന്നോ. കണ്ണൊക്കെ പുറത്തേക്കു തുറിച്ച്, നാവു പുറത്തേക്കു തള്ളി, മുടിയൊക്കെ അഴിഞ്ഞ്, കൈകാലിട്ടടിച്ച്... ഗോമതിച്ചേച്ചിയുടെ അനക്കം നിലയ്ക്കുംവരെ അപ്പുണ്ണി കർട്ടൻ താഴ്ത്തിയില്ല. അമ്പലപ്പറമ്പിൽ നാടകം കാണാൻ വന്നവരൊക്കെ എഴുന്നേറ്റുനിന്നാണ് കയ്യടിച്ചത്. ഗോമതിച്ചേച്ചി തട്ടിൽ കളിക്കുന്നത് നാടകമല്ല, ജീവിതം തന്നെയാണെന്ന് അന്നാണ് മീനുവിനു മനസ്സിലായത്. ഭാസ്കരേട്ടനെയും മണിയണ്ണനെയും തിരക്കി പൊലീസ് വന്ന പിറ്റേന്ന്  നാടകട്രൂപ്പ് വിട്ടതാണ് അമ്മ. അതിൽപിന്നെ അമ്മ ഒരിക്കലും മുഖത്തു ചായമിടുന്നത് അവൾ കണ്ടിട്ടില്ല. 

മീനു ചെന്നൈയിലെത്തിയിട്ട് വർഷമൊന്നു കഴി‍ഞ്ഞിരിക്കുന്നു. ഇപ്പോഴും പക്ഷേ സിനിമകളിലെ ഗ്രൂപ് ഡാൻസ് രംഗങ്ങളിൽ ഏറ്റവും പിൻനിരയിലാണ് അവളുടെ സ്ഥാനം. പുലർച്ചെവരെ നീളുന്ന രാത്രിഷോട്ടുകൾ. കടുംനിറങ്ങളിലുള്ള പട്ടുപാവാടകളും ധാവണിയും സാരിയുമൊക്കെ മാറിമാറി ഉടുക്കാൻ കിട്ടിയിട്ടും അവളുടെ ജീവിതം നിറംകെട്ടുകിടന്നു. മുഖത്ത് ഭാവങ്ങൾ മിന്നിമറിഞ്ഞെങ്കിലും ക്യാമറയിൽ പതിഞ്ഞതു മിക്കപ്പോഴും അവളുടെ കാൽപാദങ്ങളും അരപ്പട്ട കെട്ടിയ ആലിലവയറും മാത്രം. ഒരിക്കൽപോലും അവളുടെ മുഖത്തേക്കു സൂം ചെയ്യാത്ത ക്യാമറയെ ദൂരെമാറിനിന്നെങ്കിലും അവൾ കൊതിയോടെ നോക്കുമായിരുന്നു. പൊരിവെയിലത്തും രാത്രി ഉറക്കമിളച്ചും തുള്ളിത്തുള്ളി ഇപ്പോഴവളുടെ മുഖം കരുവാളിച്ചുപോയിരിക്കുന്നു. സ്വപ്നങ്ങളും... റോസമ്മാന്റി എപ്പോഴും പറയാറുള്ള മുഖത്തിന്റെ അഴകൊക്കെ നോക്കിനിന്ന കാലം മറന്നു. ഒരു കണ്ണാടിക്കും ഒരു കൂട് പൊട്ടിനും പൗഡറിനും വേണ്ടി ചില ജൂനിയർ ആർട്ടിസ്റ്റ് പെണ്ണുങ്ങൾ തമ്മിൽത്തല്ലുന്നതുകണ്ട് കണ്ട് അവൾ ഇപ്പോൾ കണ്ണാടി നോക്കാതെയായിരിക്കുന്നു. 

രാത്രി വൈകിയുള്ള ഷൂട്ടിങ് കഴിഞ്ഞ് ഒന്നു നടുചായ്ച്ച് കിടക്കാനൊരിടം. അത്ര മാത്രമേ അവൾക്കിപ്പോൾ വേണ്ടതുള്ളൂ. ഇളംനീലയിൽ വെളുത്ത നക്ഷത്രപ്പൂക്കൾ വിടർന്നുനിൽക്കുന്ന കോട്ടൺ ബെഡ്ഷീറ്റിൽ തളർന്നുകിടന്നുറങ്ങുമ്പോഴൊക്കെ അവൾ ഒരുപാടു സ്വപ്നങ്ങൾ കണ്ടുകൂട്ടുന്നു. എല്ലാ സ്വപ്നത്തിലും അവൾതന്നെ നായിക. അതിസുന്ദരിയായ അവളുടെ നായികാകഥാപാത്രത്തെ പ്രണയിക്കാൻ മുൻനിര നായകന്മാർ നിരനിരന്നുനിൽക്കുന്നു. എല്ലാ നൃത്തരംഗങ്ങളിലും ക്യാമറ അവളുടെ അഴകിലേക്കു സൂം ചെയ്യുന്നു. തെരുവുകളിലെ മതിൽക്കെട്ടുകളിൽ അവളുടെ മുഖംനിറഞ്ഞുനിൽക്കുന്ന സിനിമാ പോസറ്ററുകൾ പതിയുന്നു. ആളുകൾ അവളെ അസൂയയോടെയും ആരാധനയോടെയും നോക്കിനിൽക്കുന്നതുകണ്ട് ഉറക്കത്തിലും അവളുടെ കണ്ണുനിറഞ്ഞിരുന്നു. ആൾക്കൂട്ടത്തിൽ പലപ്പോഴും ബീഡിപ്പുകച്ചുരുളുമായി മണിയണ്ണനും മുറുക്കാൻ ചവച്ച് ഭാസ്കരേട്ടനും തോമാച്ചായനും അപ്പുണ്ണിയുമൊക്കെ വന്നുംപോയുമിരുന്നു. 

അപ്പോഴാണ് മൈക്കിൽ ഒരു അലർച്ച കേട്ടത്...

–യാരത്? അന്ത ജൂനിയർ ആർട്ടിസ്റ്റ് പെണ്ണിനോട് ഫ്രെയിമിൽനിന്ന് കൊഞ്ചം മാറിക്കിടക്കാൻ പറയ്...

ഞെട്ടിയുണർന്നപ്പോഴാണ്, നേരംവെളുക്കാറായെന്ന് അവൾ തിരിച്ചറിഞ്ഞത്. ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞിരുന്നു. അടുത്തത് ആളൊഴിഞ്ഞ തൊടിയിൽ നായിക തൂങ്ങിമരിക്കുന്ന ഷോട്ടാണ്. ശ്വാസംമുട്ടി ഞരമ്പുകൾ വലിഞ്ഞുമുറുകി മരക്കൊമ്പിൽ തൂങ്ങിയാടുന്ന നായികയുടെ രണ്ടുപാദങ്ങൾ മാത്രമേ ഫ്രെയിമിൽ വേണ്ടതുള്ളൂ. നായികയുടെ ആത്മഹത്യാരംഗം അവതരിപ്പിക്കുന്നതിനുള്ള ഊഴം തനിക്കാണല്ലോ എന്നു പെട്ടെന്നാണ് അവളോർമിച്ചത്. പെട്ടെന്ന് തട്ടിക്കുടഞ്ഞെഴുന്നേറ്റ് മുഖംകഴുകി ഉടുത്തൊരുങ്ങി നായികയുടേതെന്നു തോന്നിപ്പിക്കുന്ന ചിലങ്കയണി‍ഞ്ഞ് അവൾ മരക്കൊമ്പിലെ കയറിൽ തൂങ്ങിക്കിടന്നു. ക്യാമറ അവളുടെ കാൽപാദങ്ങളിലേക്കു മാത്രം സൂം ചെയ്തപ്പോൾ, ശ്വാസം കിട്ടാത്തപ്പോഴെന്നപോലെ അവൾ കാലിട്ടടിക്കുന്നുണ്ടായിരുന്നു. കണ്ണൊക്കെ പുറത്തേക്കു തുറിച്ച്, നാവു പുറത്തേക്കു തള്ളി, മുടിയൊക്കെ അഴിഞ്ഞ്, കൈകാലുകൾ വരിഞ്ഞുമുറുകി.... അവളുടെ അനക്കം നിലയ്ക്കുംവരെ ക്യാമറ കട്ട് പറഞ്ഞതേയില്ല... പെട്ടെന്നൊരു നിമിഷം കൺമുന്നിൽ ഗോമതിച്ചേച്ചിയുടെ മുഖം മിന്നി.

ക്യാമറയ്ക്കു മുന്നിൽ ഗോമതിച്ചേച്ചിയെപോലെ അവളും ജീവിക്കുകയായിരുന്നോ? അതോ അഭിനയിക്കുകയായിരുന്നോ?