എന്റെ മെഴുകുതിരിനാളമേ... ഇഷ്ടം...

HIGHLIGHTS
  • അടുത്തെങ്ങുമെന്നല്ല, ഈ ജന്മത്തിലേ കല്യാണം വേണ്ട എന്നതായിരുന്നു നേരത്തെതന്നെ അവളുടെ തീരുമാനം. പക്ഷേ ആരോട് പറയാൻ!
she-and-me
This image created by midjourney AI
SHARE

– അടുത്ത നിമിഷം അരികിലേക്കു ചേർത്തുപിടിച്ച് മുഖം പിടിച്ചുയർത്തി എന്റെ കീഴ്ച്ചുണ്ടിൽ അവൻ ഉമ്മ വച്ചേക്കുമോ എന്നു തോന്നിപ്പിച്ച ആ സെക്കൻഡിൽ ഞാൻ അവിടെനിന്ന് സ്കൂട്ടായി മോളേ..

–ഛെ.. നീയെന്തു പണിയാ കാണിച്ചേ? സ്വപ്നമായിരുന്നെങ്കിലും നല്ല റൊമാന്റിക് മൊമന്റ് ആയിരുന്നു.. ഉമ്മയല്ലേ.. ചുമ്മാ ഒരെണ്ണം വാങ്ങിക്കൂടായിരുന്നോ?

– പോടീ... വല്ലവന്റെ ഉമ്മയോടൊന്നും എനിക്ക് ഡിമാൻഡ് ഇല്ലെടീ... അല്ലെങ്കിലും അവന്റെ കുറ്റിത്താടി.. വൃത്തിക്കൊന്നു ഷെയ്‌‌വ് ചെന്നുവന്നാല് അപ്പോ നോക്കാം.

– അയ്യേ എനിക്കീ കിണ്ണം വടിച്ചപോലെ കവിളുള്ളവന്മാരെ കണ്ടുകൂടാ.. ഇച്ചിരി കുറ്റിത്താടിയൊക്കെ ഒരു ത്രില്ലല്ലേ... അതിന്റെ കൂടെ ഓൾഡ് സ്പൈസ് ആഫ്റ്റർ ഷേവ് ലോഷന്റെ മണവും.. ആഹാ.. പറക്കും മോളേ..

–ങ്ഹാ... എന്നാൽ നീ ഇവിടെയിരുന്നു പറന്നോ. എനിക്ക് വേറെ പണിയുണ്ട്. 

ഡോറയോടു കത്തിവച്ചതു മതിയാക്കി സോഫി പുതപ്പുമാറ്റി എഴുന്നേറ്റു. മണി പത്തു കഴിഞ്ഞിരിക്കുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കാഞ്ഞിരപ്പിള്ളിയിലേക്കുള്ള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്. അതു കിട്ടിയാൽ ഇരുട്ടുമ്പോഴേക്കും വീട്ടിലെത്താം. നാളെയാണ് പെണ്ണുകാണൽ. ഹോസ്റ്റൽ മെസ്സ് ഇപ്പോൾ അടച്ചിട്ടുണ്ടാകും. അല്ലെങ്കിലും കത്രീനച്ചേടത്തിയുടെ പുളിച്ച സാമ്പാറും ഇഡലിയും അവൾക്ക് മടുപ്പായിത്തുടങ്ങിയിരുന്നു. കല്ലുപോലെയാണ് അവരുടെ മനസ്സും ഇഡലിയും. വായിൽനിന്നു വീഴുന്ന പുളിച്ച വർത്തമാനത്തേക്കാൾ ഭേദമാണ് അവർ ഉണ്ടാക്കുന്ന സാമ്പാർ എന്നതാണ് ഏക ആശ്വാസം. മുറിക്കു പുറത്തെ വരാന്തയിൽ ഉലാത്തിക്കൊണ്ടു പല്ലു തേയ്ക്കുമ്പോൾ സോഫി ആലോചിക്കുകയായിരുന്നു. റിസർച്ചിനെന്നും പറഞ്ഞ് വീടുംവിട്ട് നിൽക്കാൻ തുടങ്ങിയിട്ട് വർഷം നാലായിരിക്കുന്നു. റിസർച്ചും പരിപാടിയുമൊക്കെ ഒരു വഴിക്ക് നടക്കുന്നുണ്ടെങ്കിലും സോഫിക്ക് മനസ്സിന് ഒരു സമാധാനവുമില്ല. 

ലൈഫ് വളരെ ബോറായിരിക്കുന്നു എന്ന് ഇന്നലെക്കൂടി അവൾ ഡോറയോടു പറഞ്ഞതേയുള്ളൂ. റിസർച് പേപ്പർ ഉടനെയൊന്നും പൂർത്തിയാക്കാൻ കഴിയുമെന്നു തോന്നുന്നില്ല. അല്ലെങ്കിലും വേഗം പൂർത്തിയാക്കണമെന്ന് അവൾക്കും ആഗ്രഹമില്ല. ബിഎഡ്, എംഫിൽ, റിസർച് എന്നൊക്കെ പറഞ്ഞ് അമ്മച്ചിയെ പറ്റിച്ച് മാറിനിൽക്കുന്നത് സത്യത്തിൽ കല്യാണത്തിൽനിന്നൊരു രക്ഷപ്പെടലല്ലേ. ഡോറയോടു മാത്രമേ ആ രഹസ്യം അവൾ തുറന്നുപറഞ്ഞിട്ടുള്ളൂ. അടുത്തെങ്ങുമെന്നല്ല, ഈ ജന്മത്തിലേ കല്യാണം വേണ്ട എന്നതായിരുന്നു നേരത്തെതന്നെ സോഫിയുടെ തീരുമാനം. പക്ഷേ ആരോട് പറയാൻ! വയസ്സറിയിച്ച നാൾ മുതൽ കേട്ടുതുടങ്ങിയതാണ് മറ്റൊരുത്തന്റെ വീട്ടിലേക്കു കെട്ടിക്കേറിച്ചെല്ലേണ്ട പെണ്ണാണെന്ന അമ്മച്ചിയുടെ ഓർമപ്പെടുത്തൽ. മീൻകറി പുളിയിട്ടു വയ്ക്കാൻ പഠിക്കണം,  പോത്തിറച്ചി കൂർക്കയും തേങ്ങാക്കൊത്തുമിട്ട് ഉലർത്താൻ പഠിക്കണം, പിടിയുരുട്ടാനും, കോഴി വറുത്തരയ്ക്കാനും പഠിക്കണം, മുക്കിമുക്കി മൂന്നുനാലെണ്ണത്തിനെ പെറാൻ വരെ പഠിക്കണം. ഇത്രയൊക്കെ പഠിപ്പിക്കാനുള്ള അമ്മച്ചിയുടെ തത്രപ്പാടിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയാണ് സോഫി ഓരോ കോഴ്സിന്റെ പേരുംപറഞ്ഞ് ഹോസ്റ്റലിലേക്കു മാറിയത്. അതിൽപിന്നെ ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ തലേന്നു രാത്രി ചെന്നു കയറിയാൽ രണ്ടുദിവസം എങ്ങനെയെങ്കിലും തള്ളിനീക്കാനുള്ള ഇടമായി മാറി സോഫിക്ക് അവളുടെ വീട്. വീടിനു പുറത്തായിരുന്നു അവളുടെ ശ്വാസം. 

ഓരോ തവണ ചെല്ലുമ്പോഴും പള്ളിത്താഴത്തെ പത്രോസ് ബ്രോക്കറോട് പറഞ്ഞ് അമ്മച്ചി ഏതെങ്കിലും കോന്തനെ വിളിച്ചുവരുത്തും, അവളെ പെണ്ണുകാണാൻ. വീട്ടിലേക്കു വരുംമുൻപേ ഡോറയ്ക്കൊപ്പം ഹോസ്റ്റലിൽ പെണ്ണുകാണലിനു റിഹേഴ്സൽ നടത്തുമായിരുന്നു അവൾ. അടക്കവുമൊതുക്കവുമുള്ള നാണക്കാരിയായി ഡോറ അവൾക്ക് അഭിനയിച്ചുകാണിച്ചുകൊടുക്കും. ഡോറ പായ്ക്കുചെയ്തുകൊടുക്കുന്ന നാണം മുഴുവൻ പൊതിഞ്ഞെടുത്തുകൊണ്ടാണ് പിറ്റേന്ന് ഒറിജിനൽ ചെറുക്കന്റെ മുന്നിൽപോയി സോഫി നിൽക്കുക. പത്രോസ് ബ്രോക്കറുടെയും ചെറുക്കന്റെയും മുന്നിൽ തലകുനിച്ചും വിരൽകടിച്ചും കുഴിനഖം കുത്തിത്തുടങ്ങിയ കാലുകൊണ്ടു കളംവരച്ചും നമ്രശിരസ്കയായി നിൽക്കാനുള്ള ശ്രമം കുറെനേരമൊക്കെ വിജയിക്കാറുമുണ്ട്. എങ്കിലും ചെറുക്കനും പെണ്ണും വീട്ടിനു പുറത്തെ ജാതിച്ചോട്ടിൽ മാറിനിന്ന് സംസാരിക്കുന്ന ആ നിർണായക നേരമാകുമ്പോഴേക്കും, ഡോറ പൊതിഞ്ഞുതന്ന നാണമൊക്കെ മാറ്റിവച്ച് സോഫി നല്ല ഫോമിലാകും. ഒടുക്കം, ചേട്ടന് എന്നേക്കാൾ നല്ല പെൺകുട്ടികളെ കിട്ടുമെന്ന മംഗളം ആശംസിച്ച് സോഫി ആ പെണ്ണുകാണൽ നാടകത്തിനു തിരശ്ശീല വീഴ്ത്തും. ശുഭം.. 

അങ്ങനെ എത്രയെത്ര ശുഭപര്യവസായിയായ കല്യാണംമുടക്കലുകൾക്കു സാക്ഷ്യം വഹിച്ചിരിക്കുന്നു ആ ജാതിമരം. അതുകൊണ്ടായിരിക്കാം കായ്ഫലം കാര്യമായില്ലെങ്കിലും ആ ജാതിമരത്തോട് സോഫിക്ക് വല്ലാത്തൊരിഷ്ടം. കഴിഞ്ഞ തവണ, പെണ്ണുകാണലിനു ശേഷം മുഖംചുളിച്ചു പുറത്തേക്കിറങ്ങിയ പത്രോസ് ബ്രോക്കർ ജാതിമരം നോക്കി അമ്മച്ചിയോടു ചോദിച്ചു; 

– ഈ ജാതിയെന്താ ത്രേസ്യാമ്മേ കായ്ക്കാത്തേ? ആൺജാതിയാണോ?

സോഫിയാണ് മറുപടി പറ​ഞ്ഞത്.

– പെൺജാതിയാണ്, പക്ഷേ കായ്ക്കാൻ തീരുമാനിച്ചിട്ടില്ല. എന്തേ, പത്രോസ് ബ്രോക്കർ ജാതിമരത്തിനും ചെറുക്കനെ നോക്കിത്തരുമോ?  

പതിവു ചായ സൽക്കാരനേരം മുഴുവൻ ഏതെങ്കിലുമൊരുത്തന്റെ മുന്നിൽ ഇളിച്ചുകൊണ്ടു നിൽക്കേണ്ടിവരുന്ന ഗതികേടിനെ പ്‌രാകിക്കൊണ്ട് സോഫി ആ നാടകം ഓരോ വരവിലും ആവർത്തിച്ചു. അമ്മച്ചി കൊടുക്കുന്ന നൂറുരൂപാ വണ്ടിക്കാശിനും മധുരമിടാത്തൊരു ചായയ്ക്കും കുഴലപ്പത്തിനും രണ്ടരക്കഷ്ണം പാർലെ–ജി ബിസ്കറ്റിനും വേണ്ടി പത്രോസ് ബ്രോക്കർ വീണ്ടും വീണ്ടും ചെറുക്കന്മാരെ കൊണ്ടുവന്നുകൊണ്ടേയിരുന്നു. (അവസാന ബിസ്കറ്റിന്റെ രണ്ടാംപാതി ചായയിൽ വീണു പോകാറാണ് പതിവ്)  

ഇത്തവണയെങ്കിലും സോഫിക്ക് ചെറുക്കനെ പിടിക്കാൻ ഭരണങ്ങാനം പള്ളിയിൽ അമ്മച്ചി രണ്ടു വലിയകൂട് മെഴുകുതിരി നേർന്നിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം പറഞ്ഞുകേട്ടു. പാവം അമ്മച്ചി. റബറുവെട്ടിയും ഒട്ടുപാലെടുത്തും നാലഞ്ചു പയ്യിനെക്കറന്നു പാലു വിറ്റും കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. എന്തായാലും അമ്മച്ചിയോട് ഉള്ളിലിരിപ്പ് തുറന്നു പറയണമെന്ന് അവൾ തീരുമാനിച്ചിരുന്നു. വെറുതെയെന്തിനാ പത്രോസ് ബ്രോക്കർക്ക് വണ്ടിക്കൂലി കൊടുക്കുന്നത്. അവൾക്ക് കല്യാണം വേണ്ടെന്ന് പറയുമ്പോൾ അമ്മച്ചി ചിലപ്പോൾ വലിയ പൊട്ടിത്തെറിയുണ്ടാക്കുമായിരിക്കും, വികാരിയച്ചനെക്കൊണ്ട് തലയ്ക്കു കൈവച്ചു പ്രാർഥിപ്പിച്ച്, കൊന്ത വെന്തെരിപ്പിച്ച് ധ്യാനം കൂടിക്കുമായിരിക്കും. ചിലപ്പോൾ മുടിക്കുത്തിനു പിടിച്ച് ചെവിക്കല്ലുനോക്കി രണ്ടു പൊട്ടിച്ചെന്നും വരും. എങ്കിലും ഇനിവയ്യ, വല്ല കോന്തന്റെയും മുന്നിൽ പെണ്ണുകാണലിന്റെ പേരുംപറഞ്ഞ് ഉടുത്തൊരുങ്ങി നിൽക്കാൻ. 

ഓരോന്നാലോചിച്ച് ആലോചിച്ച് കോൾഗേറ്റ് പേസ്റ്റിന്റെ പത അണ്ണാക്കിലൊട്ടിത്തുടങ്ങിയപ്പോഴാണ് പല്ലുതേച്ചു തീർന്നില്ലെന്ന കാര്യം സോഫി ഓർത്തത്. ഡോറ അപ്പോഴേക്കും കുളി കഴിഞ്ഞ് അലക്കിയ തുണിക്കെട്ടുമായി കുളിമുറിയിൽനിന്നിറങ്ങുന്നതു കണ്ടു. ഈറൻമുടി അവളുടെ ചുമലിലും കഴുത്തിലുമായി വെള്ളം വാർന്നു കിടന്നു. വെളുത്ത പെറ്റിക്കോട്ട് ദേഹത്തോടു നനഞ്ഞൊട്ടിക്കിടക്കുമ്പോൾ അവളെന്തൊരു ചരക്കാണെന്ന് സോഫി അവൾ കേൾക്കാതെ അടക്കം പറഞ്ഞു. അവൾ അടുത്തേക്കു വരുന്തോറും നല്ല കാച്ചെണ്ണയുടെ മണം സോഫിയുടെ മൂക്കിലേക്കടിച്ചു. ചേർത്തുവലിച്ചടുപ്പിച്ച് പെണ്ണിന്റെ കവിളത്തൊരു കടിവച്ചുകൊടുക്കാൻ അവളുടെ ചുണ്ട് തരിച്ചു. 

വരാന്തയിൽ വലിച്ചുകെട്ടിയ അഴയിൽ തുണി വിരിക്കുമ്പോൾ സോഫി ഡോറയെത്തന്നെ നോക്കിനിൽക്കുകയായിരുന്നു. അവളറിയാതെ അവളെ നോക്കുമ്പോൾ ഇരട്ടി ചന്തമാണ്. അവളുടെ പിൻകഴുത്തിലെ നഖപ്പാടുകൾ അപ്പോഴാണ് ശ്രദ്ധിച്ചത്. സോഫി അസ്വസ്ഥതയോടെ നോട്ടം പിൻവലിച്ചു. 

– ഇന്നലെ നീ, നിന്റെ മറ്റവനെ, ആ രതീഷിനെ കാണാൻ പോയിരുന്നല്ലേ?

പരുഷമായിരുന്നു സോഫിയുടെ ചോദ്യം. 

ഡോറ ആ ചോദ്യത്തിനു മറുപടി പറയാതെ ഉഴപ്പി. പിൻകഴുത്തിലെ നഖപ്പാടുകൾ മറയ്ക്കാൻ നനഞ്ഞ കച്ചത്തോർത്തു കഴുത്തിൽ ചുറ്റിക്കൊണ്ട് ഡോറ വരാന്തയിൽനിന്നു തിരിച്ചുകയറി. 

–അല്ലാ സോഫി ഇനിയും റെഡിയായില്ലേ? 

ഡോറ തന്നെ ഒഴിവാക്കുകയാണ്. സോഫിക്ക് അത് അറിയാഞ്ഞിട്ടല്ല.

– ബസ് പോകും സോഫി, നാളെയല്ലേ പെണ്ണുകാണൽ? വൈകണ്ട.

സോഫിക്ക് അവളോട്, അമ്മച്ചിയോട്, ഈ ലോകത്തോടു തന്നെ വിളിച്ചുപറയണമെന്നുണ്ടായിരുന്നു, ഡോറയാണ് തന്റെ പെണ്ണെന്ന്.. പക്ഷേ സോഫി പറഞ്ഞില്ല. അന്നുച്ചയ്ക്ക് ഒന്നരമണിക്ക് കാഞ്ഞിരപ്പിള്ളിയിലേക്കുള്ള സൂപ്പർഫാസ്റ്റ് കെഎസ്ആർടിസി ബസിൽ കയറാൻ അവൾ പതിവുപോലെ തമ്പാനൂർ ബസ് സ്റ്റാൻഡിൽ കാത്തുനിന്നു. അവളുടെ വരവും കാത്ത് അങ്ങുദൂരെ അമ്മച്ചിയും കാത്തുനിന്നു. ബസിന്റെ സൈഡ് സീറ്റിൽ കാറ്റുംകൊണ്ടിരിക്കുമ്പോൾ സോഫി ആലോചിച്ചത് ഭരണങ്ങാനം പള്ളിയിൽ അമ്മച്ചിക്ക് ഒരിക്കലും കത്തിക്കേണ്ടി വരില്ലാത്ത ആ രണ്ടുകൂടു മെഴുകുതിരികളെക്കുറിച്ചായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS