ജീവിതമേ, എന്റെ നന്ദിയുമ്മ!
അഞ്ചാം നിലയിലാണ് ഓഫിസ്. ലിഫ്റ്റ് തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾതന്നെ ഇടനാഴിയിൽ ചുറ്റിപ്പറ്റിനിന്നിരുന്ന സഹപ്രവർത്തകർ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്‍ക്കു തോന്നി. രണ്ടുമാസത്തെ നീണ്ട അവധിക്കുശേഷം ആദ്യമായി ഓഫിസിലേക്കു തിരികെയെത്തുകയാണ്. എല്ലാവരുടെ കണ്ണുകളും ആകാംക്ഷയോടെ തന്നിലേക്കു നീളുന്നത്
അഞ്ചാം നിലയിലാണ് ഓഫിസ്. ലിഫ്റ്റ് തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾതന്നെ ഇടനാഴിയിൽ ചുറ്റിപ്പറ്റിനിന്നിരുന്ന സഹപ്രവർത്തകർ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്‍ക്കു തോന്നി. രണ്ടുമാസത്തെ നീണ്ട അവധിക്കുശേഷം ആദ്യമായി ഓഫിസിലേക്കു തിരികെയെത്തുകയാണ്. എല്ലാവരുടെ കണ്ണുകളും ആകാംക്ഷയോടെ തന്നിലേക്കു നീളുന്നത്
അഞ്ചാം നിലയിലാണ് ഓഫിസ്. ലിഫ്റ്റ് തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾതന്നെ ഇടനാഴിയിൽ ചുറ്റിപ്പറ്റിനിന്നിരുന്ന സഹപ്രവർത്തകർ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്‍ക്കു തോന്നി. രണ്ടുമാസത്തെ നീണ്ട അവധിക്കുശേഷം ആദ്യമായി ഓഫിസിലേക്കു തിരികെയെത്തുകയാണ്. എല്ലാവരുടെ കണ്ണുകളും ആകാംക്ഷയോടെ തന്നിലേക്കു നീളുന്നത്
അഞ്ചാം നിലയിലാണ് ഓഫിസ്. ലിഫ്റ്റ് തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾതന്നെ ഇടനാഴിയിൽ ചുറ്റിപ്പറ്റിനിന്നിരുന്ന സഹപ്രവർത്തകർ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്‍ക്കു തോന്നി. രണ്ടുമാസത്തെ നീണ്ട അവധിക്കുശേഷം ആദ്യമായി ഓഫിസിലേക്കു തിരികെയെത്തുകയാണ്. എല്ലാവരുടെ കണ്ണുകളും ആകാംക്ഷയോടെ തന്നിലേക്കു നീളുന്നത് അവളറിയുന്നുണ്ടായിരുന്നു. ഓഫിസിൽ ഏറ്റവും അറ്റത്തെ വലിയ ജനാലയോടു ചേർന്നാണ് അവളുടെ സ്ഥിരംസീറ്റ്. ചുറ്റിലുമുള്ളവരെ ശ്രദ്ധിക്കാതെ അവൾ തിടുക്കപ്പെട്ടു നടന്നു. അവിടെ സീറ്റിലിരുന്നപ്പോഴാണ് അവൾക്കു ശ്വാസം നേരെ വീണത്.
രണ്ടുമാസംകൊണ്ട് ജീവിതം എത്ര മാറിയിരിക്കുന്നു. ഓഫിസിലും വല്ലാത്തൊരു അപരിചിതത്വം അനുഭവപ്പെട്ടു. തൊട്ടടുത്ത സീറ്റിലിരുന്ന രാധാമണിച്ചേച്ചി റിട്ടയർ ചെയ്തു. സരോജം ട്രാൻസ്ഫറായിപ്പോയി. അവരുടെ രണ്ടുപേരുടെയും യാത്രയയപ്പിന് പങ്കെടുക്കാൻ കഴിയാതെപോയതിൽ അവൾക്കു വിഷമം തോന്നി. രാധാമണിച്ചേച്ചിയുമായി പണ്ടേയുള്ള അടുപ്പമാണ്. സരോജമാണെങ്കിൽ ഒരേ പ്രായക്കാരി. ഇരുപത്തഞ്ചുവർഷം മുൻപ് സരോജത്തിനൊപ്പം ഒരേ ദിവസമാണ് ആ ഓഫിസിൽ പ്യൂൺ ആയി ജോലിക്കു കയറിയത്. അന്നു മുതൽ ഇരിപ്പു തുടങ്ങിയതാണ് മൂലയ്ക്കലെ ആ സീറ്റിൽ. മേലുദ്യോഗസ്ഥരുടെ ഫയലുകൾ എടുത്തുകൊടുക്കുന്നതു മുതൽ ഓഫിസിലുള്ളവർക്കു ചായ വാങ്ങിക്കൊടുക്കുന്നതുവരെയുള്ള പിടിപ്പതു പണികളുണ്ട്. സരോജം വലിയ ഉത്സാഹക്കാരിയാണ്. മകളുടെ കല്യാണം കഴിഞ്ഞതോടെ സരോജം ആ കുട്ടി താമസിക്കുന്ന നഗരത്തിലേക്ക് രണ്ടാഴ്ച മുൻപേ സ്ഥലംമാറിപ്പോയി.
അവസാനം കണ്ടപ്പോൾ സരോജം കല്യാണക്കാര്യം പറഞ്ഞ് കളിയാക്കിയത് അവൾ ഓർമിച്ചു. സരോജത്തെ കല്യാണത്തിനു വിളിക്കണമെന്നുണ്ടായിരുന്നു. പക്ഷേ വിളിച്ചില്ല. അവളെയെന്നല്ല ആരെയും വിളിച്ചില്ല. അൻപതാം വയസ്സിൽ ഒരു രണ്ടാംകല്യാണം. അതിൽപരം അശ്ലീലം വേറെന്തുണ്ട് എന്നു തോന്നിപ്പിച്ചു എല്ലാവരുടെയും മട്ടും മാതിരിയും. അതുകൊണ്ട് ചടങ്ങ് ഒതുക്കത്തിലങ്ങു കഴിച്ചു. ഒരു കണക്കിനു നന്നായി. വെറുതെ ആളുകളെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ. ഓഫിസിലെ മാനേജർ മേഡത്തോട് കല്യാണക്കാര്യം പറഞ്ഞ് അവധി ചോദിക്കാൻ തന്നെ മടിയായിരുന്നു.
–ഈ വയസ്സാംകാലത്ത് ഇതിന്റെ കാര്യമുണ്ടോ ശ്രീദേവി? ഒരാളെ തലയിൽനിന്നൊഴിവാക്കാൻ ഞാൻ പാടുപെടുവാ..അപ്പോഴാണ്..
അതുകേട്ടപ്പോൾ പറഞ്ഞതേ അബദ്ധമെന്നായി തോന്നി. അതുകൊണ്ട് വേറെ ആരോടും പറഞ്ഞില്ല. ഒരു മാസത്തെ ശമ്പളമില്ലാത്ത അവധിയെഴുതിക്കൊടുത്ത് മുങ്ങിയതാണ്. അതുപിന്നെ ഓരോരോ കാരണംകൊണ്ട് രണ്ടുമാസമായി നീണ്ടു.
സരോജം പോയതിൽപിന്നെ വരാന്തയിലെ ചെടിച്ചട്ടികളിൽ ആരും വെള്ളമൊഴിച്ചിട്ടില്ലെന്നു തോന്നുന്നു. എല്ലാം വാടിനിൽക്കുന്നു. അലമാരയ്ക്കു മുകളിലെ ഫയലുകൾ അലങ്കോലപ്പെട്ടു കിടക്കുന്നു. സന്ദർശകർ വന്നിരിക്കുന്ന സോഫയുടെ കാലുകൾക്കിടയിൽ മാറാല പിടിച്ചിട്ടുണ്ട്. എല്ലാം ഓരോന്നായി ശരിയാക്കണം. അവൾ സാരിത്തുമ്പു മടക്കിക്കുത്തി ഒരു നെടുവീർപ്പോടെ സീറ്റിൽനിന്നെഴുന്നേറ്റു.
– ശ്രീദേവീ.. ഇവിടെ ഒരു ചായ..
എപ്പോഴും മുറുക്കിക്കൊണ്ടിരിക്കുന്ന ഒരു സാറുണ്ട്. അദ്ദേഹം ദിവസവും ഒരു നാലു ചായയെങ്കിലും ചോദിക്കും. ചായ കൊണ്ടുപോയിക്കൊടുത്തപ്പോൾ നോട്ടം അവളുടെ ദേഹത്തേക്കു വീഴുന്നത് അവൾക്ക് അറിയാമായിരുന്നു. കഴുത്തിലെ പാട് കാണാതിരിക്കാൻ അവൾ സാരിത്തലപ്പു ചുറ്റിപ്പിടിക്കാൻ ശ്രദ്ധിച്ചു.
– ഇപ്പോഴേ ദേഹോപദ്രവമൊക്കെ തുടങ്ങിയോ ശ്രീദേവി?
അയാളുടെ സ്വരത്തിൽ പുച്ഛമാണോ സഹതാപമാണോ എന്നു തിരിച്ചറിയാൻ കഴിയാതെ അവൾ തിരിച്ചുനടന്നു. ആരും കാണാതെ അവൾ കഴുത്തിലെ മുറിവിൽ വിരലമർത്തിനോക്കി. ഉണ്ട്, ചെറിയ വേദനയുണ്ട്.
രണ്ടുമാസത്തെ അവധി മെഡിക്കൽ ലീവാക്കി തരാമെന്നു സൂപ്രണ്ട് പറഞ്ഞിരുന്നു. അത് ഓർമിപ്പിക്കാൻവേണ്ടിയാണ് അവൾ സൂപ്രണ്ടിന്റെ മുറിയിൽ കയറിയത്. അയാളുടെ ഒരു മുനവച്ച നോട്ടം.
– നല്ല പ്രായത്തിൽ കെട്ടി മക്കളുണ്ടായിരുന്നെങ്കിൽ ഇപ്പോ അവരെ കെട്ടിക്കേണ്ട പ്രായമായി.. അപ്പോഴാണ് രണ്ടാമത് വീണ്ടും...
അപേക്ഷയിൽ സീൽവച്ചപ്പോഴും അയാളുടെ നോട്ടം അവളിൽതന്നെയായിരുന്നു. തൊണ്ട വരളുന്നപോലെ തോന്നി. ജനാലയ്ക്കലെ കൂജയിലിരുന്ന വെള്ളംമുഴുവനും ഒറ്റവലിക്കു കുടിച്ചുതീർത്താണ് ആ മുറിയിൽനിന്നിറങ്ങിയത്.
സരോജമില്ലാത്തതുകൊണ്ടായിരിക്കാം അവൾക്ക് ഓഫിസിലിരുന്ന നേരമത്രയും ശ്വാസംമുട്ടുന്നപോലെ തോന്നി. ഓഫിസിൽ മിക്കവരുടെയും അന്നത്തെ സംസാരവിഷയം താനാണെന്ന് അവൾക്ക് അറിയാമായിരുന്നു. രണ്ടാമതും കല്യാണം കഴിക്കുന്നത് വല്ലാത്തൊരു അപരാധമോ വൃത്തികെട്ട സൂക്കേടോ ആണെന്ന് അപ്പോഴാണ് ശ്രീദേവിക്കു മനസ്സിലായത്. അവധി കഴിഞ്ഞ് തിരികെയെത്തുമ്പോൾ എല്ലാവർക്കും കൊടുക്കാൻ ഒരു പായ്ക്കറ്റ് കടലമിഠായി വാങ്ങി ബാഗിൽ കരുതിയിരുന്നു അവൾ. ആ പൊതി പുറത്തേക്കെടുക്കാനുള്ള ധൈര്യം പോലും ഇല്ലാതെയായി. അടക്കം പറഞ്ഞവർക്കും ഉറക്കെപ്പറഞ്ഞവർക്കും ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ.. ഈ വയസ്സാംകാലത്ത് ഇതുവേണമായിരുന്നോ? അവർക്കറിയില്ലല്ലോ ഒറ്റയ്ക്കായിപ്പോകുന്നവരുടെ സങ്കടം.
ഉച്ചയൂണുനേരത്തും ശ്രീദേവി തനിച്ചായി. രാവിലെ പൊതിഞ്ഞെടുത്തുകൊണ്ടുവന്ന ചോറും ചമ്മന്തിയും കൂർക്കമെഴുക്കുപുരട്ടിയും തണുത്തുമലച്ചിരുന്നു. വായിൽവയ്ക്കുമ്പോഴേക്കും ഓക്കാനം വരുന്നപോലെ. സരോജമുണ്ടായിരുന്നെങ്കിൽ നല്ല കടുമാങ്ങ ഉപ്പിലിട്ടതുകൊണ്ടുവന്നേനേ എന്ന് അവൾ വെറുതെ ഓർത്തു. പൊതിച്ചോറ് വേസ്റ്റ് കുട്ടയിലേക്കു തട്ടി അവൾ വാഷ് റൂമിൽ ചെന്ന് കണ്ണാടി നോക്കി. ശരിയാണ്, വയസ്സായിരിക്കുന്നു. മുടി നരച്ചു. കവിൾ തൂങ്ങിത്തുടങ്ങി. നെറ്റിയിൽ ചുളിവുകൾ... കൺതടങ്ങൾ കറുത്തു കരുവാളിച്ചിരിക്കുന്നു. എല്ലാവരും പറയുന്ന ആ നല്ല പ്രായം കടന്നുപോയിക്കഴിഞ്ഞിരിക്കുന്നു. നേരത്തും കാലത്തും നോക്കാനും കൊണ്ടുനടക്കാനുമൊന്നും ആരുമില്ലായിരുന്നു. അതൊക്കെ ആരോട് പറയാൻ... അവൾ തണുത്ത വെള്ളത്തിൽ മുഖംകഴുകി വീണ്ടും കണ്ണാടി നോക്കി. ഇല്ല, ഒരു മാറ്റവുമില്ല... രണ്ടുമാസംകൊണ്ട് ജീവിതമാണ് മാറിപ്പോയത്. ഓർക്കുമ്പോൾ ഇപ്പോഴും ഉള്ളിലൊരു തീയാളുന്നപോലെ അവൾക്കുതോന്നി. എത്ര വേനലുകൾ ഒറ്റയ്ക്കു കുടിച്ചുവറ്റിച്ചിരിക്കുന്നു. എത്ര തീക്കനലുകളിൽ ഒറ്റയ്ക്കു നടന്നു കാൽപൊള്ളിയിരിക്കുന്നു. അപ്പോഴൊന്നും തോന്നാത്തൊരു വേവും നോവുമാണ് ഇപ്പോൾ മനസ്സിൽ. കാണുന്നവരുടെയെല്ലാം കണ്ണിൽ അവളൊരു വേണ്ടാതീനം ചെയ്തപോലെയൊരു ഭാവം. ചിലപ്പോൾ അവൾക്കുതന്നെ തോന്നുന്നുവോ, ഒന്നും വേണ്ടായിരുന്നെന്ന്?
– ഒരു കാലിന് അൽപം സ്വാധീനക്കുറവുള്ള ആൾ അല്ലേ? കുറച്ചു മാസങ്ങൾക്കു മുൻപ് കള്ളുംകുടിച്ച് ബോധമില്ലാതെ ഏതോ ബാറിനു മുന്നിൽ കശപിശയുണ്ടാക്കുന്നതു കണ്ടിരുന്നു.
അറ്റൻഡർ സുധാകരൻ എന്തോ പുതിയ കണ്ടുപിടിത്തം നടത്തിയ ഭാവത്തിൽ ഉറക്കെ പ്രഖ്യാപിക്കുന്നതുകേട്ടപ്പോൾ ശ്രീദേവിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.
– ഓ ഇനി ഇപ്പോ ശ്രീദേവിക്ക് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങാനുള്ള വകുപ്പായല്ലോ...
– അങ്ങേർക്ക് ജാമ്യം നിൽക്കാനും ഒരാളായി...
കോറസ് പോലെ ഉയർന്ന കമന്റുകൾകേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അന്നു വൈകുന്നേരം എങ്ങനെയെങ്കിലും അഞ്ചുമണി ആയാൽ മതിയെന്നായി ശ്രീദേവിക്ക്. ആ ഓഫിസിനുള്ളിൽ അവൾക്കു ശ്വാസംമുട്ടി.
– ആളുകൾ അങ്ങനെയിങ്ങനെ ഓരോന്നു പറയും.. ചേച്ചി അതൊന്നും മനസ്സിൽവയ്ക്കണ്ട...
വൈകിട്ടത്തെ ചായ കൊണ്ടുപോയിക്കൊടുത്തപ്പോൾ ജീന മേഡം പറഞ്ഞതുമാത്രമായിരുന്നു അന്നത്തെ ആശ്വാസം...
ക്ലോക്കിൽ അഞ്ചടിക്കാൻ ബാഗുംതൂക്കി കാത്തുനിൽക്കുമ്പോഴാണ് ആ സാറ് വീണ്ടും ചായ ചോദിച്ചത്. വെപ്രാളപ്പെട്ട് ഓടിയിറങ്ങി അടുത്ത ചായക്കടയിൽനിന്നു ചായയുമായി തിരികെ വന്നപ്പോൾ കൗണ്ടറിൽ ഷീജയും പുഷ്പയും ഏതോ മാസികയിലെ പടവും നോക്കി നിൽക്കുന്നുണ്ടായിരുന്നു.
–ശ്രീദേവിക്ക് കഷ്ടപ്പാട് കൂടിയെന്നേ ഞാൻ പറയൂ.. അങ്ങേര് ജോലിക്കു വല്ലതുംപോകുമോ? എപ്പോഴും അടിയും പിടിയുമാണെന്നാ സുധാകരൻ പറയുന്ന കേട്ടേ...
ഷീജയുടെ കുത്തുവർത്തമാനം കേട്ടമട്ടു ഭാവിക്കാതെ സാറിന്റെ മുറിയിൽ ചായ കൊണ്ടുപോയിക്കൊടുത്ത് തിടുക്കപ്പെട്ടു ബാഗുമെടുത്ത് തിരിച്ചിറങ്ങി. ലിഫ്റ്റിൽ കയറിയപ്പോഴാണ് സമാധാനമായത്. മൊബൈലെടുത്ത് നോക്കി തിരികെ ബാഗിൽവച്ചു. ഇല്ല. വിളിയൊന്നുംവന്നിട്ടില്ല. മറന്നുകാണുമോ? അതോ ഇനി സുധാകരൻ പറഞ്ഞപോലെ ഏതെങ്കിലും ബാറിന്റെ മുന്നിൽ...? ശ്രീദേവിക്ക് ഓരോന്നു ചിന്തിച്ചു തലചുറ്റുന്നപോലെ തോന്നി. ലിഫ്റ്റിൽ താഴെയിറങ്ങി റോഡ് ക്രോസ് ചെയ്തുവേണം ഓട്ടോ പിടിക്കാൻ. ഇരച്ചുപായുന്ന വാഹനങ്ങൾ. കാതടപ്പിക്കുന്ന ഹോണുകൾ.. കണ്ണിൽ ഇരുട്ടുകയറുന്നപോലെ... പെട്ടെന്നാണ് വലംകയ്യിൽ ഒരു തണുപ്പ് വന്നുതൊട്ടത്..
–ഞാൻ നിന്നെ കാത്തുനിൽക്കുകയായിരുന്നു. ലാബിൽനിന്നു വിളിച്ചിരുന്നു, റിസൾട്ട് പോസിറ്റീവ് ആണ്...
ബീഡിക്കറ പുരണ്ട അയാളുടെ പല്ലുകൾക്കിടയിലെ പുഞ്ചിരിക്ക് വല്ലാത്തൊരു ചന്തമുണ്ടായിരുന്നു അതു പറയുമ്പോൾ. അവൾക്ക് സന്തോഷംകൊണ്ട് കണ്ണുനിറയുന്നുമുണ്ടായിരുന്നു. ഒഴുകിനീങ്ങുന്ന ആൾക്കൂട്ടത്തിനിടയിൽ, നഗരത്തിരക്കിന്റെ ഒച്ചപ്പാടുകൾക്കിടയിൽ പെട്ടെന്ന് ലോകം നിശ്ചലമായതുപോലെ തോന്നി. അവിടെ അവളും അയാളും മാത്രമേയുള്ളുവെന്നു തോന്നി. അവൾ അയാളുടെ നെഞ്ചിലേക്കു ചാഞ്ഞു. കൈകളിൽ മുറുകെപ്പിടിച്ചു. പകൽമുഴുവൻ പണിയെടുത്തു തഴമ്പിച്ചതിന്റെ പരുപരുപ്പുണ്ടായിരുന്നു ആ കൈകളിൽ... നല്ല വിയർപ്പുമണവും. കയ്യിലൊതുക്കിപ്പിടിച്ചൊരു പൊതി അയാൾ അവൾക്കുനേരെ നീട്ടി.
–നെയ്യപ്പമാണ്. മാരിയമ്മൻകോവിലിൽ നേദിച്ചത്. നിനക്കു നെയ്യപ്പം ഇഷ്ടമാണെന്നല്ലേ പറഞ്ഞത്.. കഴിക്ക്...എന്നിട്ട് നമുക്ക് കുറച്ചുനേരം ആ ബീച്ചിൽ ചെന്നിരിക്കാം... ചുമ്മാ...
നെയ്യപ്പം പകുതി നുള്ളി അയാളുടെ വായിൽവച്ചുകൊടുത്ത് ബാക്കി അവളും കഴിച്ചു. ബീച്ചിലെ മണലിലൂടെ അയാളുടെ കൈകോർത്തുപിടിച്ച്, കടൽക്കാറ്റും കൊണ്ടുനടക്കുമ്പോൾ അവൾ വെറുതെ ചിരിച്ചു...ജീവിതത്തിന് ചിലപ്പോഴൊക്കെ എന്തൊരു മധുരമാണ്...