വാൾ; തിമിംഗലത്തിന്റെയും സാറയുടേയും ! അസാരം ഛർദ്ദിയതിസാരാംശ ചിന്തകൾ

HIGHLIGHTS
  • തിമിംഗലത്തിന്റെ ഛർദി വിൽക്കാൻ ശ്രമിച്ചവർക്കെതിരെ വനംവകുപ്പ് കേസെടുത്ത് വട്ടം കറക്കുകയാണ്
  • ഒരു സിനിമ, ആറു മാസമോ ഒരു വർഷമോ നീട്ടി വച്ചാൽ എന്താണു തെറ്റ്?
ambergris-in-reality-is-whale-poop-and-why-it-is-so-valuable6.jpg.image.845
തിമിംഗല ഛർദ്ദിൽ (ആംബർ ഗ്രിസ്)
SHARE

ലോകത്തെ ഏറ്റവും പ്രശസ്തവും വിലയേറിയതുമായ വാൾ ഡെമോക്ലസിന്റേതായിരുന്നു. ചരിത്രത്തിന്റെ തലയ്ക്കുമീതേ അന്നുമിന്നും മിന്നിത്തിളങ്ങി തൂങ്ങിക്കിടക്കുന്ന വാൾ.

പലരും വാളെടുക്കുകയും, വാൾ ഉറയിലിടുകയും ചെയ്തെങ്കിലും ആ ശബ്ദം കുറച്ചുനേരം മാത്രമേ നീണ്ടുനിന്നുള്ളു. ന്യൂജൻ കാലത്താണെങ്കിൽ കട്ടപ്പ ബാഹുബലിയെ കുത്താൻ ഉപയോഗിച്ച വാളാകട്ടെ, കുറച്ചുമാസങ്ങൾ നിലനിന്നു; ‘കട്ടപ്പ ബാഹുബലിയെ കുത്തിയത് എന്തിന്?’ എന്ന ചോദ്യത്തിന്റെ മുനയുമായി. അതും ബാഹുബലി രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ മുനയൊടിഞ്ഞുപോയി.

കട്ടപ്പയുടെ വാൾ, അയാളാണ് ആധുനിക ഡമോക്ലസ്.

ഈ 2 വാളുകൾക്കും തിളക്കവും മിനുസവും കുറഞ്ഞത് ദാ നാലു ദിവസം മുന്നേയാണ്.. ഇപ്പോൾ മിന്നുന്നത് വേറൊരു വാളാണ്. അതിനു സ്വർണത്തേക്കാൾ മൂല്യമാണ്. തിമിംഗലത്തിന്റെ ‘വാൾ’. നാടൻ ഭാഷയിൽ പറഞ്ഞാൽ തിമിംഗല ഛർദ്ദിൽ. ആംബർ ഗ്രിസ് ഓമനപ്പേര്. ഓമനയായാലും പേരായാലും ഛർദ്ദിൽ എന്നു കേൾക്കുമ്പോൾ ഒരു ഓക്കാനമൊക്കെ തോന്നിയേക്കാം. പക്ഷേ, അതിന്റെ വില കിലോയ്ക്ക് എട്ടുകോടി രൂപ വരെയാണെന്ന് അറിയുമ്പോൾ നമ്മൾ ആ ഓക്കാനം വല്ല ഏനക്കേടുമായിരിക്കും എന്നു സമാധാനിക്കുക.

∙ തിമിംഗലത്തിന്റെ ഛർദ്ദി

തൃശൂരിൽ തിമിംഗലത്തിന്റെ ഛർദി വിൽക്കാൻ ശ്രമിച്ചവർക്കെതിരെ വനംവകുപ്പ് കേസെടുത്ത് വട്ടം കറക്കുകയാണ്. ഛർദിച്ച തിമിംഗലത്തിനു പരാതിയില്ല. തിമിംഗലം ഛർദിച്ചു നാശമാക്കിയ കടലിനു പരാതിയില്ല. പിന്നെന്തിന് അതു കൈവശം വച്ച പിള്ളാർക്കു മീതേ ഇനി ജീവിതകാലം മുഴുവൻ തിമിംഗലത്തിന്റെ ‘ഡമോക്ലസ് വാൾ’ തൂങ്ങിക്കിടക്കും. തിമിംഗലം പോയിട്ട് ഇത്തിരിപ്പോന്ന ചൂടക്കൊഴുവയെ സ്വപ്നം കണ്ടാൽ പോലും അവർ ഞെട്ടിയുണരും. (സ്വപ്നം എന്നിവിടെ മനപ്പൂർവം എഴുതിയതാണ്. അത് പിന്നാലെ വരുന്നുണ്ട്)

ആ തിമിംഗലമുണ്ടോ ഇതു വല്ലതും അറിയുന്നു. അങ്ങേര് ഛർദ്ദീം കഴിഞ്ഞ് 2 ഏമ്പക്കവും 4 കീഴ്ശ്വാസവും വിട്ട് ഇപ്പോൾ അറബിക്കടലിൽ നീന്തിനടക്കുന്നുണ്ടാകും.

ഇതിനിടെ ഒരു കള്ളുകുടിയൻ ചോദിച്ചതുപോലെ ഞങ്ങളുടെ ചർദ്ദിക്ക് എന്താ, എന്താ വിലയില്ലേ.

അത് വെറും വാള്. 

അതു പോട്ടെ. മറ്റുചില ഛർദി അതിസാര രസചിന്തകൾ കൂടി പറഞ്ഞ് അവസാനിപ്പിക്കാം.

കോവിഡ് കാലത്തെ ലോക്ഡൗൺ കാലത്ത് കോവിഡ് കുഞ്ഞുങ്ങൾ ധാരാളം പിറക്കുന്നുണ്ടത്രേ. അതായത് ലോക്ഡൗണിനിടെ അടച്ചിട്ട മുറികളിൽനിന്നു ഛർദ്ദിയുടെ ശബ്ദങ്ങൾ അസാരം കേൾക്കുന്നുണ്ടെന്ന്.

anna-ben-sara-sa-movie-scene-still
അന്ന ബെൻ. ചിത്രം : സാറാസ്

∙ സാറയുടെ ഛർദ്ദി

തിമിംഗലത്തിന്റെ കോടികൾ വിലമതിക്കുന്ന ഛർദ്ദിക്കിടയിൽ എന്റെ കുഞ്ഞു ഛർദ്ദിയെ മുക്കിക്കളയരുതേ എന്നു പറയാൻ പറഞ്ഞു. ഏട്ടൻ ആടുതോമയല്ല, സാറ, സാറാസിലെ സാറയാണു പറഞ്ഞത്.

അവൾ കെട്ടിയോനുമൊത്ത് വാച്ച് ടവറിനു മുകളിൽ രാത്രിയിരുന്നു ബിയർ അടിക്കുമ്പോഴാണല്ലോ ആദ്യമായി ഛർദ്ദിക്കുന്നത്. അത് കോടികൾ വിലമതിക്കുന്ന ഛർദ്ദിയാണോ എന്നു തീരുമാനിക്കുന്നത് ഇപ്പോൾ പ്രേക്ഷകരാണ്.

ആറ്റു നോറ്റിരുന്ന സിനിമ സംവിധാനം ചെയ്യാൻ അവസരം വന്നതിന്റെ ബീയർ രസം നുണഞ്ഞിരിക്കുമ്പോഴാണോ പിള്ളേരുണ്ടാകുന്നത് ? സിനിയ്ക്കുവേണ്ടി അത് അബോർട്ട് ചെയ്തുകളയുന്നതും ആ സിനിമ മികച്ച അഭിപ്രായം നേടുന്നതുമാണ് സാറാസ് എന്ന സിനിമയുടെ ഇതിവൃത്തം.

വേണ്ടെന്നു വിചാരിച്ചിരിക്കുമ്പോൾ വരുന്ന ഛർദ്ദി. അഥവാ പ്ലാനിങ് തെറ്റിവരുന്ന ഗർഭം എന്തു ചെയ്യണം. ചുമ്മാതങ്ങ് കട്ട് ചെയ്തിട്ട് സ്വപ്നത്തിനു പിന്നാലേ പൊയ്ക്കോളൂ.. എന്നാണു പടം പറയുന്നത്. ശരിയാണ്. പെണ്ണിന്റെ സ്വപ്നങ്ങൾ അങ്ങനെ ഛർദ്ദിച്ചു കളയാനുള്ളതല്ല.

പക്ഷേ, എല്ലാ ഛർദ്ദിയും അങ്ങനെ സ്വപ്നത്തിനു വേണ്ടി കളയണോ? ജിൽസ എന്നൊരു പെൺകുട്ടി ഫെയ്സ്ബുക്കിൽ എഴുതിയതു പോലെ ഒരു കുഞ്ഞിന്റെ കൈ പിടിച്ചു കൊണ്ടുതന്നെ സ്വപ്നം കാണുന്നതിൽ എന്താണു തെറ്റ്. അവൾ വളരെ പാടുപെട്ടും കഷ്ടപ്പെട്ടും പ്രസവിച്ചും കുഞ്ഞുങ്ങളെ വളർത്തുകയും അവരോടൊപ്പം തന്റെ സ്വപ്നങ്ങൾ കണ്ടെത്തുകയും ചെയ്തത്രേ.

pen-konthan-column-sara-sa-move-scene
അന്ന ബെൻ. ചിത്രം : സാറാസ്

അല്ല ചോദിക്കട്ടെ, അവൾക്ക് പ്രസവിച്ചിട്ട് സിനിമ എടുത്താൽ പോരേ. ഒരു സിനിമ, ആറു മാസമോ ഒരു വർഷമോ നീട്ടി വച്ചാൽ എന്താണു തെറ്റ്? അതു പറഞ്ഞാൽ മനസ്സിലാവാത്ത ആളാണോ ആ കലക്ടർ ബ്രോ, അല്ലെങ്കിൽ ആ ബോറൻ നായകൻ.

അഥവാ ഏതു സിനിമയാണ് നിശ്ചയിച്ച സമയത്തു തീർന്നിട്ടുള്ളത് ? ആറുമാസം മുതൽ 12 വർഷം വരെ പെട്ടിയിൽ ഇരുന്നിട്ടും ബ്ലാക്ക് ഫംഗസ് അഥവാ പൂപ്പൽ വന്നിട്ടില്ല. പിന്നെ സാറ കുഞ്ഞിനു കട്ട് പറഞ്ഞ് സ്വപ്നത്തിന് ആക്‌ഷൻ പറഞ്ഞ് ഇറക്കുന്ന സ്വപ്ന സിനിമ കോവിഡ് കാലത്താവുകയും തിയറ്ററിൽ ഇറങ്ങാതിരിക്കുകയും ഒടിടിയിൽ റിലീസ് ചെയ്യുകയും പിറ്റേന്നു തന്നെ ടെലഗ്രാമിൽ കോപ്പി വരികയും എട്ടു നിലയിൽ പൊട്ടുകയും നിർമാതാവ് തെരുവോരത്ത് കീറത്തുണി പുതച്ചു കിടന്നു തന്റെ സ്വപ്നം കാണുകയും.....

ഒരു കഥയാകുമ്പോ അങ്ങനെയും സംഭവിക്കാം.

ങേ, എന്തൂട്ട് തേങ്ങയാടോ താൻ പറയുന്നേ, സ്ത്രീ വിരുദ്ധതയോ.. അയ്യോ.. ! മഹാപാപം, മഹാപാപം.. എന്നാണോ, കമന്റിൽ പൊങ്കാലയിടാൻ വരും മുൻപ് ഒരുദ്ദാഹരണം പറയാം.

പണ്ട് മലപ്പുറത്ത് ഒരമ്മ ഛർദ്ദിച്ചു. നല്ല അത്യുഗ്രൻ വാള്. ആരോഗ്യം അത്രയില്ലാത്തതിനാൽ ഛർദ്ദിയുടെ മൂലകാരണമായ അശ്രീകരം കുഞ്ഞിനെ അങ്ങു കളയാൻ തീരുമാനിച്ചു. പഴയ കാലമാണ്. ഇപ്പോഴത്തേപ്പോലെ ഗർഭപാത്രത്തിൽ കേറുന്ന കത്രികയൊന്നുമില്ലാത്ത കാലമാണ്. പക്ഷേ, കുഞ്ഞിനെ കളയുകയല്ലാതെ മാർഗമില്ല. തൊടിയിലെ പച്ചമരുന്നുകളൊക്കെ കലക്കി വൈദ്യർ കൊടുത്തു.

കാത്തിരുന്നു. പക്ഷേ, കുഞ്ഞു പോണില്ലെന്ന്.

അശ്രീകരം.

വീണ്ടും കലക്കിക്കൊടുത്തു. ഛർദ്ദിക്കുന്ന അത്ര എളുപ്പത്തിൽ ആ കുട്ടി പോയില്ല.

എന്തുചെയ്യാൻ. ചുമക്കാൻ തീരുമാനിച്ചു. അന്നത്തെ പാവം വീട്ടമ്മമാർക്ക് വലിയ സ്വപ്നങ്ങളൊന്നുമില്ലല്ലോ. അതിനാൽ അവർ വീട്ടിൽത്തന്നെ കൂടി.

ഒടുവിൽ പ്രസവിച്ചപ്പോൾ കുഞ്ഞ് ഉണങ്ങിയ പൊക്കിൾക്കൊടി തണ്ടുപോലെ ... തിരുവാതിര ഞാറ്റുവേലയിൽ നട്ടിട്ടും ഗതി പിടിക്കാതെ പോകുന്ന ചില കുരുമുളകുവള്ളിപോലെ.. ഉണങ്ങിക്കരിഞ്ഞ്, മെലിഞ്ഞുണങ്ങി ഒരു അന്തകവിത്ത് മാതിരി. അമ്മാതിരി മരുന്നു പ്രയോഗമല്ലായിരുന്നോ?

അമ്മേം ചത്തില്ല, കുഞ്ഞും ചത്തില്ല.

ആ കുഞ്ഞിനെപ്പറ്റി ചിലപ്പോൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. 2 അക്ഷരമേയുള്ള ആ പേരിന്.. പക്ഷേ ഛർദ്ദിച്ചുകളയാൻ ശ്രമിച്ചാൽ ആരുടെയും തൊണ്ടയിൽ കുടുങ്ങും ആ അക്ഷരങ്ങൾ.

എംടി എന്നാണ് ആ കുട്ടിയുടെ ഇപ്പോഴത്തെ പേര്. എം.ടി. വാസുദേവൻ നായർ എന്നുവിളിക്കും.

അയാൾ കാണിച്ചപോലെ മലയാളിയെ സ്വപ്നം കാണിച്ച ആളുണ്ടോടോ? അയാൾ എഴുതിയപോലത്തെ സിനിമ എഴുതാൻ ആളുണ്ടോടോ? അയാളുടെ അമ്മയേയും അച്ഛനേയും പോലെ സ്വപ്നത്തിനു പേറ്റന്റുള്ള കാർന്നോമ്മാരുണ്ടോടോ?

literature-malayalam-wrtier-m-t-vasudevan-nair
എം.ടി. വാസുദേവൻ നായർ

അതിനാൽ സ്വപ്നം കാണുന്നതിൽ തെറ്റില്ല. സിനിമ കാണുന്നതിലും തെറ്റില്ല. ഏത് വടക്കൻ വീരഗാഥയായാലും.

പക്ഷേ,

ഗർഭം, തോന്നിയാൽ അപ്പോ ഒരു കുഴപ്പവുമില്ലാതെ മുനയൊടിച്ചു കളയാവുന്ന ഒരു ദർഭമുനയാണെന്നു കാണികൾ വെറുതെ കരുതേണ്ട. 

കുഞ്ഞിനെ ഛർദ്ദിച്ചു കളയും മുൻപ് ഒന്നാലോചിച്ചോളൂ.

ചിലപ്പോൾ ആ കുഞ്ഞാകാം നിങ്ങളുടെ ബോക്സോഫീസ് ഹിറ്റ്!

നിങ്ങളുടെ ബംപർ ഹിറ്റാകുന്ന ആമ്പർഗ്രിസ്.

നിങ്ങളുടെ തിമിംഗല ഛർദ്ദി.

ഇനി ഈ പറഞ്ഞത് നിങ്ങൾക്ക് ദഹിക്കുന്നില്ലെങ്കിൽ അങ്ങ് ഛർദ്ദിച്ച് കളഞ്ഞോളൂ.

എനിക്ക് പരാതിയില്ല.

Content Summary Pen Konthan Column - The curious case of Ambergris and Sara's

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.