എഴുപതിനേഴ് ! മലയാളത്തിനൊരു പുതിയ അക്കം

penkonthan-mammootty-turns-70-article-main--image
മമ്മൂട്ടിയുടെ പിറന്നാൾ സമ്മാനമായി, ചിത്രകാരിയായ മകൾ സുറുമി മനോരമയ്ക്ക് വേണ്ടി വരച്ച അദ്ദേഹത്തിന്റെ പോർട്രെയ്റ്റ്
SHARE

മലയാളത്തിന്റെ സംഖ്യാചരിത്രം മാറുന്നു. പുതിയ അക്കം വന്നു. എഴുപതിനേഴ്. ഇത്തിരി ‘സംഖ്യാ ജാതകവും’ ആവാം

അപ്പോൾ നമുക്ക് എണ്ണിത്തുടങ്ങാം..

അറുപത്തേഴ്, അറുപത്തെട്ട്, അറുപത്തൊമ്പത്, എഴുപതിനേഴ്.. 

69 കഴിഞ്ഞാൽ 70 അല്ലേ. ഇതേതാ പുതിയ അക്കം.? 

എഴുപതിനേഴ്. അത് അക്കത്തിൽ ഒന്നെഴുതിക്കാണിക്കാമോ?

പെട്ട്!

നിങ്ങളൊന്ന് എഴുതി നോക്കിയേ. 

70ന്റെ കൂടെ 17 എഴുതിയാൽ 7017 ആയിപ്പോകും. ഏഴിന്റെ കൂടെ പതിനേഴ് ആവാമെന്നു വച്ചാൽ 717.

പക്ഷേ, എഴുപതിനേഴ് എന്ന പുതിയ സംഖ്യ നമുക്ക് കണ്ടേ പറ്റൂ. 

ദേ നോക്കിയേ, ആ സംഖ്യയുടെ രൂപം എങ്ങനെയിരിക്കുമെന്നോ? സുന്ദരം, അരോഗ ദൃഢഗാത്രം, തലയെടുപ്പ്..

അതേ, ആ അക്കമാണ് നമ്മുടെ ഇക്ക, മമ്മൂക്ക!

ൈവക്കം ചെമ്പ് പനപറമ്പിൽ ഇസ്മയിലിന്റെ മകൻ മുഹമ്മദ് കുട്ടി.

എഴുതാൻ പറ്റാത്ത, പറയാൻ പറ്റാത്ത, മനസിലാക്കാൻ പറ്റാത്ത ഒരു സംഖ്യാവിസ്മയം. അതാണ് ഇന്ന് 70 വയസ്സ് തികയുമ്പോഴും 17 വയസ്സിന്റെ ചെറുപ്പം നിൽക്കുന്ന നമമുടെ ഇക്ക, അത്ഭുത അക്കം!

ചെമ്പിൽ പിറന്ന പൊന്നാണ് മമ്മുക്ക.

ഒരു ദിവസം പെട്ടെന്നു നക്ഷത്രമായതല്ല.. കാർമേഘപാളികൾ നീക്കി ഇടിമിന്നലുകൾക്കും പെരുമഴയ്ക്കും ഇടയിലൂടെ മെല്ലെ മെല്ലെ തെളിഞ്ഞുവന്ന താരം.

എന്നാൽ ശരി, ആ  താരത്തിന്റെ ജാതകം ഒന്നു നോക്കിയാലോ? സെലിബ്രിറ്റികളുടെ ജാതകം നോക്കുന്ന അസ്ട്രോ സേജ് എന്ന ആപ്പിന്റെ സഹായത്തോടെ നോക്കിക്കളയാം.

ജനനതീയതി :1951 സെപ്റ്റംബർ ഏഴ്.

ജനന സമയം :12.00

നക്ഷത്രം : വിശാഖം.

ജന്മസ്ഥലം :ചെമ്പ് (അക്ഷാംശം 76ഇ 23, 9എൻ48)

സമയമണ്ഡലം: 5.5

penkonthan-mammootty-turns-70-article-image

മമ്മൂട്ടിയുടെ പലകാലത്തെ ദശഫലം ജാതകങ്ങളിൽ കൂടുതലും പറയുന്നതെന്താണെന്നോ?

∙ ജോലിയിലും സുഹൃത്തുക്കൾക്കിടയിലും വ്യക്തിത്വത്തെ നിലനിർത്തുന്നതിനായി പുതിയ വഴികൾ പഠിച്ചുകൊണ്ടേയിരിക്കും. (ക്യാമറ, ടെക്നിക്കൽ വിഷയങ്ങൾ ഇപ്പോഴും പഠിക്കുന്നില്ലേ)

∙വലിയ പാരിതേഷികങ്ങൾ നേടും. (പത്മ പുരസ്കാരങ്ങൾ കിട്ടിയില്ലേ)

∙ജീവിതത്തിൽ അനുഭവിച്ച മാറ്റങ്ങൾ നീണ്ടു നിൽക്കും. (പ്രായം കണ്ടില്ലേ)

∙കുട്ടികൾക്ക് സമൃദ്ധിയും വിജയവും കൊണ്ടുവരും (മച്ചാനേ, ദുൽഖർ സൽമാൻ പോരേ അളിയാ)

മമ്മൂട്ടിയുടെ2021ലെ വ്യാഴം സംക്രമണ ജാതകം പറയുന്നതു കേൾക്കൂ.

penkonthan-mammootty-speical-column

∙നിങ്ങൾ അനശ്വരശുഭാപ്തി വിശ്വാസിയാണ്. (എന്നും അങ്ങനെ തന്നെ)

∙ഈ വർഷത്തെ സംഭവങ്ങൾ ആ വിശ്വാസം ബലപ്പെടുത്തും. (പിറന്നാൾ തികവിൽ കത്തിനിൽക്കുകയല്ലേ)

∙പ്രിയപ്പെട്ടവരിൽ നിന്നും കൂട്ടാളികളിൽ നിന്നും സഹകരണവും സന്തോഷവും ലഭിക്കും. (സഹകരണം, ആനന്ദം നൂറുമേനി)

∙പ്രണയസംബന്ധമായ ആനന്ദം ലഭിക്കും. (മമ്മൂട്ടിയെ പ്രണയിക്കുന്നവർ എത്രയോ?)

ഇനി സ്വഭാവജാതകത്തിൽ പറയുന്നത് നോക്കിയാലോ?

∙ കഴിവുള്ള വ്യക്തിത്വമാണ്. 

∙ ചിട്ടയായ പ്രകൃതമുണ്ട്. (അത് പണ്ടേ പ്രസിദ്ധം)

∙ നിസാരമായ വിശദീകരണങ്ങൾ വരെ ശ്രദ്ധിക്കുന്നതിനാൽ ജീവിതത്തിലെ വലിയ അവസരങ്ങൾ നഷ്ടപ്പെടാം. (സിനിമകൾ കഥകേട്ട് ഒഴിവാക്കുമ്പോൾ അങ്ങനെ സംഭവിച്ചിട്ടുണ്ടാകുമോ?)

∙ ആരെങ്കിലും ഭയാനകമായ ദുരവസ്ഥയിലാണെന്നോ നിങ്ങളുടെസഹായഹസ്തം ആവശ്യമുണ്ടെന്നോ അറിഞ്ഞാൽ സഹായിച്ചിരിക്കും (മമ്മൂട്ടിയുടെ ഷെയർ ആൻഡ് കെയർ ഫൗണ്ടേഷൻ ഉദാഹരണം)

∙ നേട്ടങ്ങൾ കൈവരിക്കാൻ വിശ്രമരഹിതനായിരിക്കും. (കഠിനാധ്വാനി)

∙ സമർപ്പിക്കപ്പെട്ട ജീവിതപങ്കാളി ആയിരിക്കും.

penkonthan-mammootty-birthday

അതെല്ലാം അവിടെ നിൽക്കട്ടെ. നമുക്കറിയേണ്ട മറ്റൊന്നുണ്ട്. മമ്മൂട്ടിയുടെ ആരോഗ്യ ജാതകം എങ്ങനെയുണ്ടാകും? അതാണല്ലോ ഈ എഴുപതിനേഴിന്റെ രഹസ്യം.

ദാ കേട്ടോളൂ.

∙നിങ്ങൾക്ക് നല്ല ശരീര ഘടനയുണ്ട്. (ഉണ്ടല്ലോ)

∙ഗണ്യമായ ഓജസ്, തേജസ് ഉണ്ടാവും. (ഉണ്ടല്ലോ)

അടുത്തതാണ് അച്ചട്ട്.

∙നിങ്ങൾ വ്യായാമങ്ങൾ ധാരാളം ചെയ്യുകയാണെങ്കിൽ വയസ്സാകുന്നതുവരെ നല്ല രീതിയിൽ സംരക്ഷിക്കപ്പെടും.  (അതല്ലേ പോയിന്റ്)

വിനോദവൃത്തി സംബന്ധിച്ച ജാതകത്തിൽ പറയുന്നതുകേട്ടോ.

∙ഒരു വയർലെസ് സെറ്റ് മുതൽ ഒരുകൂട്ടം ഛായാഗ്രഹണപതിപ്പികൾ (ക്യാമറ എന്നർഥം)  പോലുള്ളവയിൽ ആനന്ദം കണ്ടെത്തും.

തൊഴിൽ സംബന്ധമായി പറഞ്ഞിരിക്കുന്നതു കേട്ടോളൂ:

∙അനുയായി ആകുന്നതിനേക്കാൾ നേതാവാകണം. (മലയാളത്തിലെ വൺ സിനിമ മുതൽ ഹിന്ദിയിലെ അംബേദ്കറും തെലുങ്കിൽ വൈഎസ്ആർ റെഡ്ഡിയുടെ ജീവിതം പറഞ്ഞ യാത്ര വരെയുള്ള സിനിമകൾ ഓർക്കുക)

ഈ വർഷം സെപ്റ്റംബർ 28 വരെയുള്ള ജാതകത്തിൽ പറയുന്നതു കൂടി പറഞ്ഞ് അവസാനിപ്പിക്കാം.

∙ പഴയ പരിഷ്കാരത്തിലുള്ള അധ്വാനിക്കുന്ന ആളായി മാറുക.

∙ ജോലിയിലുള്ള ഉത്തരവാദിത്തം കൂടും.

∙ മോഷണം നേരിടേണ്ടി വരാം..

അതാണ് ഹൈലൈറ്റ്: എഴുപതിനേഴ് പ്രായത്തിലുള്ള ഈ ‘കൊച്ചു കള്ളനെ’ മോഷ്ടിക്കാത്ത ആരാധക മനസ്സുകളുണ്ടോ, ഉണ്ടോ, ഉണ്ടോ..?

ശുഭം

Content Summary : Pen Konthan Column : Mammootty turns 70

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS