കപ്പിന് ആണോ ചായയ്ക്ക് ആണോ പ്രാധാന്യം?
Mail This Article
കലാലയ ജീവിതത്തിൽ കൂടെ പഠിച്ചവരിൽ പലരെയും നമ്മളൊക്കെ മറന്നുപോകും. ഫെയ്സ്ബുക്, വാട്സാപ് ഒക്കെ ഉള്ളതുകൊണ്ട് പഴയ കൂട്ടുകാരെ തിരഞ്ഞു പിടിക്കാൻ ഇപ്പോൾ പ്രയാസമില്ല. പലവഴി പിരിഞ്ഞു പോയ കുറച്ചു വിദ്യാർഥികൾ വർഷങ്ങൾക്കു ശേഷം ഒരുമിച്ച് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ തേടിയെത്തി. അധ്യാപകനു സന്തോഷം. എല്ലാവരും നല്ല നിലയിൽ . എന്നാൽ സംസാരം നീണ്ടുപോകുമ്പോൾ അതിലെ പലരും ജീവിതത്തിൽ തൃപ്തരല്ല എന്ന് അധ്യാപകനു ബോധ്യമായി. അദ്ദേഹം അകത്തേക്കു പോയി. കുറച്ച് കഴിഞ്ഞ് ഒരു ട്രേയിൽ ചായ നിറച്ച ഗ്ലാസുകളുമായി വന്ന് അതവർക്കു മുന്നിലുള്ള ടീപ്പോയിൽ വച്ച ഉടനെ അവർ ഒരോരുത്തരും ഓരോ കപ്പ് വീതം കൈയിലെടുത്ത് ചായ കുടിക്കാൻ തുടങ്ങി.
“ഞാനിപ്പോൾ നിങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നു വച്ച ഈ ട്രേയിൽ നിറയെ കപ്പുകളുണ്ടായിരുന്നു. മനോഹരമായ ചിത്രപ്പണികൾ നിറഞ്ഞ വിലകൂടിയ പോർസലീൻ കപ്പുകളും സാധാരണ സ്റ്റീൽ ടംബ്ലറുകളുമുണ്ടായിരുന്നു. പക്ഷേ ഇവയിലെല്ലാറ്റിലും ഉള്ളത് ഒരേ ചായയായിരുന്നു. എന്തുകൊണ്ട് നിങ്ങളാരും സ്റ്റീൽ ടംബ്ലർ എടുത്തില്ല..? എന്തു കൊണ്ടാണ് നിങ്ങൾ പോർസലീൻ കപ്പുകൾ മാത്രമെടുത്തത്..?”
അവർ പെട്ടെന്നൊരുത്തരം പറയാൻ കഴിയാതെ സങ്കോചത്തോടെ പരസ്പരം നോക്കി.
“അതിനുള്ള ഉത്തരം ഞാൻ തന്നെ പറയാം.” അദ്ദേഹം തുടർന്നു.
“ചായ കുടിക്കുക എന്നതാണ് നമ്മുടെ ആവശ്യം. ഇവിടെ കപ്പുകളിൽ മാത്രമേ വ്യത്യാസമുള്ളൂ. അതിനകത്തുള്ള ചായ ഒന്ന് തന്നെയാണ്. ഇവിടെ നാം ചായയ്ക്കാണ് പ്രാധാന്യം നൽകേണ്ടിയിരുന്നത്. പക്ഷേ അറിഞ്ഞോ അറിയാതെയോ നാം പ്രാധാന്യം നൽകിയത് കപ്പുകൾക്കാണ്...”
ഒന്ന് നിർത്തി എല്ലാവരെയുംവമാറി മാറി നോക്കിയ ശേഷം അദ്ദേഹം തുടർന്നു: “നമ്മുടെ ജീവിതം ചായ പോലെയാണ്. നമ്മുടെ തൊഴിലും ബിസിനസ്സും മറ്റും ഈ കപ്പുകൾ പോലെയും. ഇവിടെ ചായയ്ക്കു വേണ്ടിയാണ് കപ്പുകൾ, അല്ലാതെ കപ്പുകൾക്ക്ു വേണ്ടിയല്ല ചായ. നമ്മുടെ ജോലിയും ബിസിനസ്സും വരുമാനവും വസ്ത്രങ്ങളും ആഭരണങ്ങളും സ്വത്തും സമ്പത്തുമെല്ലാം നമ്മുടെ ജീവിതം സന്തോഷകരമാക്കാനുള്ള ചെറിയ ഉപാധികൾ മാത്രമാണ്. അതു തന്നെയാണ് ജീവിതം എന്നു ചിന്തിച്ച് അവയ്ക്കു പുറകേ പോയാൽ സന്തോഷമുണ്ടാകുകയില്ല. അവയ്ക്ക് അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകി ജീവിതത്തിലെ സുപ്രധാന ഘടകങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. ഭാര്യയോടും മക്കളോടുമൊപ്പം സമയം ചെലവഴിക്കുക. പ്രായമായ അച്ഛനമ്മമാരോടൊപ്പമിരിക്കാൻ സമയം കണ്ടെത്തുക. കൂട്ടുകാരോടും സഹപ്രവർത്തകരോടും അൽപനേരം സൊറ പറഞ്ഞിരിക്കുക. അവനവന് സന്തോഷം നൽകുന്ന പ്രവൃത്തികളിലേർപ്പെടുക. ചുരുക്കിപ്പറഞ്ഞാൽ, മത്സരിക്കാനും പിടിച്ചടക്കാനും മാത്രമല്ല, ജീവിക്കാനും സമയം കണ്ടെത്തുക. ജീവിതത്തിൽ എന്തിനാണോ പ്രാധാന്യം നൽകേണ്ടത് അത്ു മാത്രം തലയിലേറ്റിവയ്ക്കുക. കപ്പിന് പുറകേ പോയി ചായയെ മറന്നു കളയാതിരിക്കുക. അപ്പോൾ നിങ്ങൾ നേരത്തേ ചോദിച്ച സന്തോഷവും സമാധാനവും നിങ്ങളെത്തേടി വരും...”
ജീവിതത്തിൽ എന്തിനാണ് പ്രാധാന്യം എന്നു തിരിച്ചറിയുകയാണ് സന്തോഷത്തിലേക്കുള്ള എളുപ്പമാർഗ്ഗം. പദവിയും അധികാരവും സമ്പത്തുമെല്ലാം ജീവിതത്തിന്റെ രുചി കൂട്ടാനുള്ള മേമ്പൊടികൾ മാത്രമാണ്. അവ അളവിൽ കൂടുതൽ വാരിയിട്ടാൽ ജീവിതം ആസ്വദിക്കാൻ കഴിയാതെ വരും. അതിന്റെ രുചിയും നഷ്ടപ്പെടും.
English Summary : Web Column : Hridayakamalam - What should be the top priority in everyone's life?