പ്രാർഥനയെക്കുറിച്ച് ആധുനിക കാലത്തു സംസാരിക്കുന്നതു തന്നെ ശുദ്ധ ഭോഷ്ക്കായി കരുതുന്നവരുണ്ട്. അക്രമം, കൊല, സ്ത്രീപീഡനം, ആത്മഹത്യ, ഹർത്താൽ തുടങ്ങിയ ആനുകാലിക വിഷയങ്ങൾ ഉണ്ടല്ലോ ചർച്ചചെയ്യാൻ. പിന്നെ എന്തിനാണു പ്രാർഥനയെക്കുറിച്ചും ആധ്യാത്മികതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത് എന്നാണ് അവരുടെ ഭാവം.
എന്നാൽ, പ്രാർഥിക്കുവാനും ജീവിതത്തിൽ ദൈവത്തിനു മുഖ്യമായ സ്ഥാനം നൽകുന്നതിനും അതിയായി ആഗ്രഹിക്കുന്നവരാണു ഭൂരിപക്ഷം ജനങ്ങളും. കാരണം മനുഷ്യാത്മാവ് ദൈവത്തെ നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കുന്നു എന്നതു തന്നെ. ഭൗതിക സാഹചര്യങ്ങളും മാനുഷിക ബലഹീനതകളുമാണ് യഥാർഥ കേന്ദ്രമായ ദൈവത്തിൽനിന്നു മനുഷ്യാത്മാവിനെ മാറ്റി നിറുത്തുന്നത്.
എന്നാൽ, ചില പ്രതിസന്ധികളും പ്രാതികൂല്യങ്ങളും ഒക്കെ നേരിടുമ്പോൾ ആശ്രയമർപ്പിക്കുവാൻ മറ്റാരുമില്ലെന്ന നിസ്സഹായാവസ്ഥ അനുഭവപ്പെടുന്നു. അപ്പോൾ അനേകർക്ക് അഭയമായി, ആശ്രയമായി, പരമ കാരുണികനായ ഇൗശ്വരനല്ലാതെ മറ്റാരുമില്ല. ആഫ്രിക്കയിലെ റുവാൻഡയിൽ നിന്നുള്ള ഒരു വനിതയുടെ അനുഭവം ഇവിടെ പ്രസ്താവ്യമാണ്.
ഇമ്മാക്കുലീ എന്നാണ് അവളുടെ പേര്. ഒരു സാധാരണ കുടുംബത്തിലാണു ജനനം. പഠനത്തിനുള്ള തീക്ഷ്ണതയും ഉത്സാഹവും ബാല്യം മുതലേ പ്രകടമായിരുന്നു. അതുകൊണ്ട് ആരംഭം മുതൽ തന്നെ സ്കോളർഷിപ്പു ലഭിച്ചു പഠിക്കുവാൻ കഴിഞ്ഞു. നാഷനൽ ൈഹസ്കൂൾവരെ പ്രശസ്തമായ റാങ്കോടെ വിജയം നേടി. അതിനാൽ യൂണിവേഴ്സിറ്റി പ്രവേശനവും സുഗമമായിരുന്നു. അവിടെയും സ്കോളർഷിപ് കരസ്ഥമാക്കി.
എൻജിനീയറിങ്ങായിരുന്നു താൽപര്യമുള്ള മേഖല. ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ വിഷയങ്ങളിൽ ബിരുദം നേടി. ജോലിക്കുള്ള സാധ്യതകൾ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണു റുവാൻഡയിൽ വർഗീയ കലാപത്തിന്റെ കാട്ടുതീ പടർന്നു പിടിച്ചത്. അന്ന് ഇമ്മാക്കുലിക്ക് ഇരുപത്തിനാല് വയസ്സ്. പ്രധാനമായും ടുട്സികളും ഹുട്ടുവംശജരും തമ്മിലായിരുന്നു പോരാട്ടം. ആയിരങ്ങളുടെ ജീവൻ അപഹരിച്ചു കലാപം രൂക്ഷമായി. ഇമ്മാക്കുലി ടുട്സു വംശജയായിരുന്നു. ഡച്ചുകാരുടെ കോളനിയായിരുന്നു റുവാൻഡാ. ഡച്ചുകാർക്കെതിരെയുള്ള പോരാട്ടമായിട്ടാണ് തുടക്കമെങ്കിലും അതു വർഗീയകലാപമായി രൂപപ്പെടുകയായിരുന്നു.
ഇൗ കലാപത്തിൽ ഇമ്മാക്കുലി അഭയം തേടിയത് ഒരു പാസ്റ്ററുടെ ഭവനത്തിലാണ്. അദ്ദേഹം ഹുട്ടു വംശജനായിരുന്നു. സുരക്ഷ പ്രതീക്ഷിച്ച് തന്നെ സമീപിക്കുന്നവർ ഏതു വംശം എന്നു നോക്കാതെ അദ്ദേഹം അഭയം നൽകി. അവിടുത്തെ കുടുസ്സായ ഒരു മുറിയിൽ വേറെ ഏഴു പേരോടുകൂടെ അനേക ദിവസങ്ങൾ കഴിച്ചുകൂട്ടേണ്ടിവന്നു. അതു വലിയ അഗ്നിശോധനയുടെ അവസരമായിരുന്നു. സുബോധത്തോടെ തുടരുവാനും, ഭയത്തെ അതിജീവിക്കാനും ഒരു മാർഗമേ ഉണ്ടായിരുന്നുള്ളൂ – പ്രാർഥന.
ചെറുപ്പത്തിൽ കുടുംബപ്രാർഥനയിൽ ലഭിച്ചിട്ടുള്ള പരിചയം ഇപ്പോൾ കൂടുതൽ പ്രാവർത്തികമാക്കുവാനുള്ള ആവശ്യമുണ്ടായി. ദിവസം ഇരുപതു മണിക്കൂർ വരെ പ്രാർഥനയിൽ ചെലവിട്ടു. അദൃശ്യനായ ദൈവത്തോട് സജീവ സംസർഗം പുലർത്തി ശക്തിയാർജിച്ചു.
മൂന്നു മാസം നീണ്ടുനിന്ന നരഹത്യ അവസാനിച്ചപ്പോൾ ഇമ്മാക്കുലിയുടെ അടുത്ത ബന്ധുക്കൾ എല്ലാവരും നിര്യാതരായി. ഒരു സഹോദരൻ മാത്രം ജീവനോടെ അവശേഷിച്ചു, കാരണം കാലാപകാലത്ത് അവൻ സെനഗലിൽ പഠനത്തിലായിരുന്നു.
ഇമ്മാക്കുലി ഒരു കാര്യം തീരുമാനിച്ചു. അതു തന്റെ ദീർഘമായ പ്രാർഥനാനുഭവത്തിന്റെ പ്രേരണയാലും പ്രചോദനത്താലുമാണ്. ദൈവത്തിന്റെ ക്ഷമയേക്കുറിച്ചുള്ള മഹത്തായ സന്ദേശം സമൂഹത്തിൽ എങ്ങും പ്രചരിപ്പിക്കുന്നത് തന്റെ നിയോഗമായി അവൾ കരുതി. വിദ്വേഷത്തിന്റെയും ശത്രുതയുടെയും വികാരത്തെ, ദൈവസ്നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശം കൊണ്ട് നേരിടുകയാണു വേണ്ടത് എന്ന് ഇമ്മാക്കുലി ഉറച്ചു വിശ്വസിച്ചു. ആ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
ഇമ്മാക്കുലി പിന്നീട് യുഎന്നിൽ നിയോഗിക്കപ്പെട്ടു. ഇപ്പോൾ അമേരിക്കയിൽ തുടരുന്നു. 2007–ൽ അവർ ഒരു ചാരിറ്റബിൾ ഫണ്ട് സ്ഥാപിച്ചു. റുവാൻഡായിലെ അനാഥരായ കുഞ്ഞുങ്ങളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി. ഇമ്മാക്കുലിയുടെ സേവനത്തെ അംഗീകരിച്ചും അഭിനന്ദിച്ചും പല യൂണിവേഴ്സിറ്റികളിൽ നിന്ന് ഓണററി ബിരുദങ്ങൾ നൽകി.
ആ ധന്യവതിയുടെ അനുഭവം വിലയിരുത്തുമ്പോൾ ദിവ്യമായ ഒട്ടേറെ സന്ദേശങ്ങൾ നമുക്കു ലഭിക്കുന്നു.
(1) മുട്ടിപ്പായി പ്രാർഥിക്കുന്നതിന്റെ പ്രയോജനം – വിഷമസാഹചര്യത്തെ നേരിടുവാൻ ധൈര്യം ലഭിച്ചു എന്നു മാത്രമല്ല ജീവിതത്തിന് ഒരു പുതിയ ദർശനവും ലക്ഷ്യബോധവും കൈവരുന്നു. ക്ഷമയുടെയും സ്നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും വക്താവാക്കി തീർത്തു.
(2) വർഗീയ വിദ്വേഷവും കലാപവും വരുത്തുന്ന ഹീനവും ഭയാനകവുമായ ഭവിഷ്യത്ത്. മത വൈരാഗ്യവും മതവിദ്വേഷവും ഇളക്കിവിട്ടാൽ വരുത്തുന്ന ദുരന്തങ്ങൾ ഭീകരമായിരിക്കും. ദൈവത്തിന്റെ മറ പറ്റിയാകുമ്പോൾ ആവേശം ഏറെയാകും. ഭാരതചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങൾ മതവൈരാഗ്യത്തിൽ നിന്നുയർന്നതാണ്. സഭാചരിത്രത്തിലും ഭൂതകാലത്തും വർത്തമാനകാലത്തും മതഭ്രാന്ത് വരുത്തുന്ന അനർഥങ്ങൾ ഏവർക്കും അറിവുള്ളതാണ്.
(3) ജീവിതത്തിൽ വരുന്ന പരിവർത്തനം, ധാർമികരംഗത്ത് പ്രവർത്തിക്കുവാൻ കൂടുതൽ ഉൗർജം പകരുമെന്ന സത്യം ഇമ്മാക്കുലി ഓർമപ്പെടുത്തുന്നു. മഹാത്മാ ഗാന്ധി സ്വജീവതത്തിൽക്കൂടി ഭാരത ജനതയ്ക്കു നൽകിയ വലിയസന്ദേശം ക്ഷമയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെ വക്താക്കളായും പ്രവർത്തകരായും തീരണമെന്നുള്ളതായിരുന്നു. പ്രാർഥന ആയിരുന്നു അദ്ദേഹത്തിന്റെയും ജീവിതത്തിന്റെ ചാലകശക്തി.
(4) സമർപ്പണജീവിതം നേട്ടങ്ങളുടെ അധ്യായങ്ങളായി മാറുമെന്ന സത്യവും ഇമ്മാക്കുലി നമ്മെ ഓർമപ്പെടുത്തുന്നു.
English Summary: How Does The Power Of Prayer Work