സജ്ജന സംസർഗം മനുഷ്യരെ കൂടുതൽ നല്ലവരാക്കും. എന്നാൽ ഈശ്വര സംസർഗം പാപികളെപ്പോലും പരിശുദ്ധരാക്കും. ഇതു യാഥാർഥ്യമാണെന്നു തെളിയിക്കുന്ന അനേക ജീവിതസാക്ഷ്യങ്ങൾ ഉണ്ട്.
ജീവിതം മുഴുവൻ തസ്കരവൃത്തിക്കും അക്രമങ്ങൾക്കും മാത്രമായി വിനിയോഗിച്ച ഒരുവൻ യേശുവിനോടൊപ്പം ഗോഗുൽത്താ മലയിൽ കുരിശിൽ തൂങ്ങി.
യേശുവിന്റെ ശാന്തതയും തന്നെ ഉപദ്രവിച്ച ശത്രുക്കൾക്കു വേണ്ടിയുള്ള പ്രാർഥനയും ആ മനുഷ്യനെ ഹഠാദാകർഷിച്ചു. അവന്റെ ചിന്തകളെ ഇളക്കിമറിച്ചു. ഈ കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു നോവൽ അയാളുടെ ആത്മകഥാ രൂപത്തിൽ രചിച്ചതു വായിക്കുവാനിടയായി. ഭാവനകൾ ചിറകു വിടർത്ത ഒരു കൃതിയായി തോന്നി.
യേശുവിലേക്കുള്ള അയാളുടെ ശ്രദ്ധ, സ്വന്തം ജീവിതം സമഗ്രമായി ഒന്നു പരിശോധിക്കുവാനും തെറ്റുകളെക്കുറിച്ചു മനഃസ്താപം കൊള്ളാനും ആ തസ്കരനെ പ്രേരിപ്പിച്ചതു ജഗദ്‌ഗുരുവിന്റെ അന്യാദൃശ്യവും അനുപമവുമായ മാതൃകയായിരുന്നു. ഈശ്വര സംസർഗം മനുഷ്യനെ സ്വർഗത്തോളം ഉയർത്തുന്നു എന്നതിന്റെ ഉത്തമോദാഹരണമാണിത്.
കാളിയമർദന കഥയിൽ യമുനാതീരത്തുള്ള കടമ്പുവൃക്ഷ ത്തെക്കുറിച്ചു പ്രസ്താവമുണ്ട്. കാളിയൻ എന്ന സർപ്പത്തിന്റെ ഉഗ്രമായ വിഷബാധയേറ്റ് വൃക്ഷലതാദികൾ കരിഞ്ഞുപോയി. ആകാശത്തുകൂടി പറന്നുപോയ പക്ഷികൾ ചിറകു കരിഞ്ഞു താഴെ വീണു. എന്നാൽ മേൽപറഞ്ഞ കടമ്പുവൃക്ഷം മാത്രം യാതൊരു ഹാനിയും തട്ടാതെ തളിർത്തു നിന്നു.
ഭാഗവതം ദശമസ്കണ്ഡത്തിൽ മേൽപറഞ്ഞ കടമ്പുവൃക്ഷം കരിയാതെ പച്ചയോടെ നിന്നതിന്റെ കാരണം വിവരിക്കുന്നുണ്ട്. ഗരുഡൻ മുമ്പൊരിക്കൽ സ്വന്തം മാതാവായ വിനതയുടെ ദാസ്യവൃത്തി ഇല്ലാതാക്കുന്നതിനു വേണ്ടി ദേവലോകത്തു നിന്ന് അമൃതം കൊണ്ടുവന്നു. ഗരുഡൻ വഴിക്കു ക്ഷീണം തീർക്കാൻ ഇരുന്നത് ഈ കടമ്പു മരത്തിലായിരുന്നു. അമൃതകുംഭത്തിൽ നിന്നു തുളുമ്പി വീണ തുള്ളികൾ കടമ്പുവൃക്ഷത്തിൽ പതിച്ചു. അതുകൊണ്ടു പിൽക്കാലത്തു കാളിയന്റെ വിഷജ്വാലയേറ്റിട്ടും കടമ്പു മരത്തിനു കേടുണ്ടായില്ല.
ഭൗതികതയുടെയും ലോകതൃഷ്ണയുടെയും വിഷജ്വാല ഈ ലോകജീവിതത്തിൽ എപ്പോഴുമുണ്ടായിരിക്കും. നമ്മുടെ ശക്തിയും ഊർവരതയും നഷ്ടമാക്കുവാൻ അത് ഇടയാക്കും.
തിന്മയിലേക്കു നമ്മെ നയിക്കുന്ന ജഡികാഭിലാഷങ്ങൾ നിരന്തരമായി നമ്മോടു പോരടിക്കുന്നു. ഇന്നത്തെ സോഷ്യൽ മീഡിയയുടെ ദുഃസ്വാധീനവും ഇവിടെ എടുത്തു പറയേണ്ടതാണ്. നമുക്കാവശ്യം സദ്‌വികാരങ്ങ ളെ ഉണർത്തുന്ന മാധ്യമങ്ങളുടെ സ്വാധീനം വർധിപ്പിക്കുകയാണു വേണ്ടത്.
ആധ്യാത്മികതയാകുന്ന ജീവാമൃതം നമ്മുടെ ഹൃദയത്തിൽ നിർഭരമായി നിന്നാൽ തിന്മയുടെ വിഷജ്വാലയേറ്റ് വ്യക്തിത്വം വരണ്ടുണങ്ങുകയില്ല. വിമർശനങ്ങൾ, വിദ്വേഷത്തിന്റെ അമ്പുകൾ, ആക്ഷേപത്തിന്റെയും പരിഹാസത്തിന്റെയും വിഷവായു – ഇവയൊക്കെ നേരിട്ടാലും യഥാർഥ ആധ്യാത്മികത കൈമുതലായിട്ടുണ്ടെങ്കിൽ ഉണങ്ങിപ്പോകാതെ പച്ചപിടിച്ചു നിൽക്കാൻ ഇടയാകും.
ആധ്യാത്മിക ജീവൻ അമൃതമാണ്. ഈശ്വരനിൽ നിന്നു മാത്രമേ ആ അമൃതം നമുക്കു പ്രാപിക്കാൻ കഴിയൂ. അമൃതത്തുള്ളികൊണ്ടു ഭാഗ്യാതിരേകം പുലർന്ന കടമ്പുവൃക്ഷത്തെക്കുറിച്ചു ഹൈന്ദവ പുരാണത്തിൽ പറയുന്നുണ്ടെങ്കിൽ ഈശ്വരന്റെ സ്നേഹാമൃതം കൊണ്ടു നിർഭരനായ ആത്മീയ മനുഷ്യനെ എബ്രായ കവി എങ്ങനെ അവതരിപ്പിക്കുന്നു എന്നു നോക്കുക.
‘‘ആ മനുഷ്യൻ ഭാഗ്യവാൻ! അയാൾ ദുഷ്ടരുടെ ഉപദേശത്തിൽ നടക്കുന്നില്ല. പാപികളുടെ വഴിത്താരയിൽ നിൽക്കുന്നില്ല. പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കുന്നില്ല. അയാളുടെ ആനന്ദം കർത്താവിന്റെ നിയമത്തിലാണ്. അയാൾ രാപകൽ ധ്യാനിക്കുന്നതും അവന്റെ നിയമമാണ്. അരുവിയുടെ കരയിൽ നട്ടതും യഥാകാലം ഫലം തരുന്നതും ഇല വാടാത്തതുമായ വൃക്ഷം പോലെയാണ് അവൻ. ചെയ്യുന്നതിലെല്ലാം അവൻ വിജയം നേടുന്നു.’’
ദൈവികമായ ആനന്ദം പോലെ ജീവനെ മാധുര്യപൂർണമാക്കുന്ന മറ്റൊന്നുമില്ല. അർജുനനു ശ്രീകൃഷ്ണൻ നൽകുന്ന ഗീതോപദേശത്തിൽ ഈ യാഥാർഥ്യമത്രേ എടുത്തു കാട്ടുന്നത്.‘‘ഹേ! അർജ്ജുനാ, കേട്ടാലും. ആനന്ദം മൂന്നു തരമുണ്ട്. അവയിൽ ഈശ്വരധ്യാനം വഴി ഉൽപന്നമാകുന്ന ആനന്ദമാണ് ഏറ്റവും ശ്രേഷ്ഠം. അതുവഴി ദുഃഖമെല്ലാം ദൂരീകൃതമാകുന്നു.
ആരംഭത്തിൽ വിഷമെന്ന പോലെ തോന്നുന്നതും എന്നാൽ അവസാനത്തിൽ അമൃതു പോലെ മധുരിക്കുന്നതുമാണത്. ഈശ്വരധ്യാനം വഴി ലഭിക്കുന്ന ആനന്ദം സാത്വികമാണ്. അതു മനസ്സിന്റെ പ്രശാന്തതയിൽ നിന്നത്രേ ജനിക്കുന്നത്.’’
ഈശ്വരകൃപകളെക്കുറിച്ചും അവിടുത്തെ അദ്ഭുത വ്യാപാരത്തെക്കുറിച്ചുമുള്ള ചിന്തയും അതിൽനിന്നുയരുന്ന സ്തുതിയും നമ്മുടെ ഹൃദയങ്ങളിൽ നിറയട്ടെ.
English Summary : Intimacy With God