ഇന്ന് മെഡിക്കൽ സയൻസ് അഭൂതപൂർവമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ശക്തമായ നൂതന ഔഷധങ്ങൾ കണ്ടെത്തിയിട്ടുള്ളതും അതിവിദഗ്ധവും സങ്കീർണങ്ങളുമായ ശസ്ത്രക്രിയാ മാർഗങ്ങൾ പ്രയോഗിക്കാൻ കഴിയുന്നതും ഇന്നത്തെ വമ്പിച്ച നേട്ടങ്ങളാണ്. അതേസമയം നിരാശാജനകമായ മറ്റൊരു സാഹചര്യവുമുണ്ട്. പല പുതിയ രോഗങ്ങളുടെ കടന്നാക്രമണം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. രോഗികളുടെ സംഖ്യ വളരെ വർധിച്ചിട്ടുമുണ്ട്.
ശസ്ത്രക്രിയാരംഗത്തു പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്, രോഗികളുടെ ബോധം കെടുത്തുവാനു ള്ള ഉത്തമവും സുരക്ഷിതവുമായ മാർഗം കണ്ടെത്തിയതാണ്. അതിനായി കഠിനമായി പ്രയത്നിച്ചു ഗവേഷണം നടത്തി വിജയം വരിച്ച വ്യക്തിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. അദ്ദേഹത്തിന്റെ മുഴുവൻ പേര്, സിംപ്സൺ സർ യങ്ങ് ജെയിംസ് എന്നാണ്.
1811–ൽ സ്കോട്‍ലന്റിലായിരുന്നു ജനനം. അറുപതു തികയുന്നതിനു മുൻപ് ജീവിതത്തിനു തിരശ്ശീല വീണു. ഒരു ബേക്കറി ഉടമയുടെ എട്ടാമത്തെ സന്താനമായിരുന്നു സിംപ്സൺ. ബാല്യത്തിൽ തന്നെ അവന്റെ പ്രതിഭ പല കാര്യങ്ങളിലും വെളിപ്പെട്ടു. മാതാപിതാക്കൾ അവനു വലിയ പ്രോത്സാഹനം നൽകി. കേവലം 14 വയസ്സുള്ളപ്പോൾ എഡിൻബറോ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടി. ഇരുപതു തികയുന്നതിനു മുൻപേ തന്നെ റോയൽ കോളജ് ഓഫ് സർജസിന്റെ അംഗത്വം കരസ്ഥമാക്കി.
പക്ഷേ, തീരെ ചെറുപ്പമായിരുന്നതു കൊണ്ട് പ്രാക്ടീസ് ആരംഭിച്ചില്ല. അതുകൊണ്ടു പതോളജി ഡിപ്പാർട്മെന്റിലെ ഡോക്ടർ തോമസിന്റെ അസിസ്റ്റന്റായി പ്രവർത്തനമാരംഭിച്ചു. പ്രതിഭാ സമ്പന്നനായ യുവഡോക്ടറെ ഒബ്സ്റ്റട്രിക്സ് (സ്ത്രീകളുടെ ഗർഭസംബന്ധമായ വിഷയം) എന്ന വകുപ്പിൽ പ്രവർത്തിക്കാൻ ഡോക്ടർ തോമസ് ഉപദേശിച്ചു. മെഡിക്കൽ ശാസ്ത്രത്തിൽ അന്ന് ഏതാണ്ട് അവഗണിക്കപ്പെട്ട അവസ്ഥയിലായിരുന്നു ഇൗ വിഭാഗം.
പ്രവർത്തനത്തിന്റെ ആരംഭം മുതൽ സിംപ്സനെ ചിന്താധീനനാക്കിയ വിഷയം പ്രസവം നടത്തുമ്പോഴും ഓപ്പറേഷൻ വേണ്ടി വന്നാൽ ആ സമയത്തും സ്ത്രീകൾ അനുഭവിക്കേണ്ട വേദനയെപ്പറ്റി ആയിരുന്നു. എങ്ങനെ വേദന ഇല്ലാതാക്കാനോ അല്ലെങ്കിൽ ലഘൂകരിക്കാനോ കഴിയുമെന്നായി അദ്ദേഹത്തിന്റെ ചിന്ത. അത് അദ്ദേഹത്തെ ഗവേഷണ തൽപരനാക്കി. അദ്ദേഹത്തിന്റെ രണ്ടു സതീർഥ്യരും സഹകാരികളായിട്ടു ണ്ടായിരുന്നു.
1847–ൽ തന്നെ അദ്ദേഹം ക്ലോറോഫോം പ്രയോഗിച്ചു നോക്കി. ആദ്യം തന്റെ സതീർഥ്യരിലാണ് പ്രയോഗിച്ചു നോക്കിയത്. വളരെ തൃപ്തികരമെന്നു കണ്ടെത്തി. പിന്നീട് എഡിൻബറോയിലെ റോയൽ ഇൻഫർമറിയിൽ പരസ്യമായി പ്രയോഗിച്ചു. ഫലപ്രദമെന്നു മനസ്സിലാക്കി. അങ്ങനെ പരസ്യമായി പ്രയോഗിച്ച് അംഗീകാരം നേടി. വിക്ടോറിയാ രാജ്ഞിയുടെ പ്രസവത്തിൽ ക്ലോറോഫോം പ്രയോഗിച്ചാണ് ബോധം കെടുത്തിയത്. അതോടുകൂടി രാജകീയ അംഗീകാരവും നേടുകയായി.
ക്ലോറോഫോം മാത്രമല്ല, ഡോക്ടർ സിംപ്സന്റെ മെഡിക്കൽ രംഗത്തെ സംഭാവന. ഹോസ്പിറ്റലുകളുടെ നിലവാരം ഉയർത്തുന്നതിനും രോഗികളുടെ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പല നടപടികളും കൈക്കൊള്ളുവാൻ പ്രേരണ നൽകി. ഡോക്ടർ സിംപ്സൻ മെഡിക്കൽ രംഗത്തു ചെയ്തിട്ടുള്ള നിസ്തുലമായ സംഭാവനകളെ അംഗീകരിച്ച് അദ്ദേഹത്തിനു വിശിഷ്ട പദവികളും സ്ഥാനങ്ങളും നൽകി സമൂഹം ആദരിച്ചു.
ഒരു പത്രപ്രതിനിധി അദ്ദേഹത്തോടു ചോദിച്ചു: എന്താണ് താങ്കളുടെ വലിയ കണ്ടുപിടിത്തമായി കരുതുന്നത്? ഡോക്ടർ സിംപ്സൻ വളരെ അഭിമാനത്തോടും ആദരവോടും പറഞ്ഞു: ‘‘That I have a Savior.’’ എനിക്കൊരു രക്ഷകൻ ഉണ്ടെന്നുള്ളതാണ് ഏറ്റവും ശ്രേഷ്ഠമായ കണ്ടുപിടിത്തം. ശാസ്ത്രരംഗത്തെ തന്റെ വളർച്ചയും ഉയർച്ചയും കണ്ടുപിടിത്തങ്ങളും അദ്ദേഹത്തെ കൂടുതൽ രക്ഷകനോട് അടുപ്പിക്കുകയായിരുന്നു. താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ, തനിക്ക് എന്തെങ്കിലും സംഭാവന ശാസ്ത്രരംഗത്തു നൽകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു തന്റെ ദൈവാശ്രയത്തിന്റെ ഫലമായിട്ടാണെന്ന് അദ്ദേഹം വിശ്വസിച്ചു.
ശാസ്ത്രവും മതവും തമ്മിൽ യോജിക്കയില്ല. ശാസ്ത്രം മതത്തെ അകറ്റുകയും പുച്ഛിക്കുകയും ചെയ്യുന്നു എന്നു സങ്കൽപിക്കുന്ന ചിലരൊക്കെയുണ്ട്. എന്നാൽ ഉന്നതശീർഷരായ അനേകം ശാസ്ത്രജ്ഞന്മാരും
ഈശ്വര കാരുണ്യത്തിൽ വിശ്വസിക്കുന്നവരും ആശ്രയിക്കുന്നവരുമാണ്. മെഡിക്കൽ മിഷൻ രംഗത്തു പ്രവർത്തിക്കുന്ന ഡോക്ടേഴ്സിന്റെ ആത്മപ്രചോദനമായി അവർ കാണുന്നതു ക്രിസ്തുവിൽ വെളിപ്പെട്ട ദിവ്യസ്നേഹമാണ്.
അനവധി പ്രാവശ്യം പല ശസ്ത്രക്രിയകൾക്കു വിധേയനാകുവാൻ ഇടയായിട്ടുള്ള ഒരു വ്യക്തി പ്രസ്താവിക്കുന്നത്: എനിക്കു ഡോക്ടർ സിംപ്സനെക്കുറിച്ച് ഒന്നും അറിയാൻ പാടില്ലായിരുന്നെങ്കിലും അനസ്‌തീസിയയ്ക്കു വിധേയനാകുന്നതു കൊണ്ടു സുഖനിദ്രയുടെ അനുഭവത്തിലേക്കു ദൈവം നടത്തുകയായിരുന്നു. ഓപ്പറേഷന്റെ വേദനയൊന്നും അറിയാതെ കാത്തുസൂക്ഷിക്കുവാൻ കഴിഞ്ഞതു തികഞ്ഞ ദൈവവിശ്വാസിയും നീതിനിഷ്ഠനുമായ ഒരു വിദഗ്ധന്റെ ഗവേഷണ ഫലമായിട്ടാണല്ലോ എന്നു ചിന്തിക്കുന്നു.
English Summary: Sir James Young Simpson