സ്നേഹമുണ്ടെങ്കിൽ ക്ഷമയുണ്ടാകും

forgiveness
SHARE

‘‘സ്നേഹമാണഖിലസാരമൂഴിയിൽ’’ എന്ന പ്രസിദ്ധ കവിതാശകലം സ്നേഹത്തിന്റെ മഹത്വത്തെയും പ്രാധാന്യത്തെയും ചൂണ്ടിക്കാണിക്കുന്നു. തെയ്യാദി ഷാർദിൻ എന്ന ക്രൈസ്തവ വേദശാസ്ത്ര‍‍ജ്ഞൻ സ്നേഹത്തിന്റെ ഊർജം ഇനിയും വേണ്ടവിധം നാം മനസ്സിലാക്കിയിട്ടില്ല എന്നു വീക്ഷിക്കുന്നു. ഊർജസ്രോതസ്സുകളായി പലതിനെയും ചൂണ്ടിക്കാണിക്കാനുണ്ട്. എന്നാൽ സ്നേഹത്തിന്റെ ഊർജത്തെപ്പറ്റി അധികമാരും പ്രതിപാദിച്ചിട്ടില്ല.

കുടുംബങ്ങളെ ഭൂമിയിലെ പറുദീസയാക്കിത്തീർക്കുന്നത് സാമ്പത്തികൗന്നത്യമോ സുഖസൗകര്യങ്ങളുടെ സമൃദ്ധിയോ ആധുനിക സജ്ജീകരണങ്ങളുടെ ലഭ്യതയോ ഒന്നുമല്ല. ഇവയൊക്കെയുണ്ടായിട്ടും നരകതുല്യമായ അനുഭവം ഉണ്ടായി എന്നു വരാം. എന്നാൽ, സ്നേഹത്തിന്റെ ഊഷ്മാവ് അവിടെ നിർലോപം വ്യാപരിക്കുന്നപക്ഷം അതു പറുദീസയുടെ അനുഭവം കൈവരുത്തും. കുഞ്ഞുങ്ങൾ വളരേണ്ടതും ശ്വസിക്കേണ്ടതും സ്നേഹത്തിന്റെ ആത്മാവിലാണ്. അങ്ങനെ മാത്രമേ അവരുടെ വ്യക്തിത്വം വളരുകയും വികസിക്കുകയുമുള്ളൂ.

സമൂഹത്തിൽ സ്നേഹത്തിന്റെ അഭാവമാണ് ഇന്നു ദർശിക്കാനുള്ളത്. വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയും വെറുപ്പിന്റെയും വികാരമല്ലേ അധികമായി വ്യാപരിക്കുന്നത്. മൂന്നു സുപ്രധാന സുകൃതങ്ങളെപ്പറ്റി പൗലോസ് അപ്പോസ്തലൻ ചൂണ്ടിക്കാണിക്കുന്നു. വിശ്വാസം: ഇതു വളരെ പ്രധാനം തന്നെ. ജീവിതത്തിന്റെ അടിസ്ഥാനമായി അതിനെ കാണാം. ‘നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു’ എന്നു യേശുക്രിസ്തു ചിലരെക്കുറിച്ച് ശ്ലാഘിച്ചു പ്രസ്താവിച്ചിട്ടുണ്ട്.

പ്രത്യാശ: ഇതാണ് രണ്ടാമത്തെ വിഷയം. ജീവിതത്തിൽ ലക്ഷ്യബോധമുണ്ടാക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും പ്രചോദനം നൽകുന്നതാണ്. സ്നേഹം: ഇതാണ് മൂന്നാമത്തെ വിഷയം. ഈ മൂന്നിൽ വലുതോ സ്നേഹമാണെന്ന് അപ്പോസ്തലൻ പ്രഖ്യാപിക്കുന്നു. ഇന്ന് അത് അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്തുകൊണ്ടാണ് ഉഗ്രമായ പോരാട്ടങ്ങളും പ്രഖ്യാപനങ്ങളും മുന്നേറ്റങ്ങളും എല്ലാം നടത്തുന്നത്.

ഏറ്റവും വലുത് സ്നേഹമാണെന്നു പറഞ്ഞ് അവസാനിപ്പിക്കയല്ല; സ്നേഹത്തിന്റെ മാഹാത്മ്യത്തെയും ഔന്നത്യത്തെയും ഉദീരണം ചെയ്തുകൊണ്ട് ഒരു മനോഹരമായ ‘കാവ്യം’ അപ്പോസ്തോലൻ രചിക്കുന്നു. അവിടെ പറയുന്നു: ‘‘സ്നേഹം ദീർഘക്ഷമയുള്ളതാണ്, അത് കരുണയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസ ചെയ്യുന്നില്ല, അത് അഹങ്കരിക്കുന്നില്ല, അതു പരുഷമല്ല. സ്നേഹം സ്വാർഥത ഇല്ലാത്തതാണ്, അത് ക്ഷോഭിക്കുന്നില്ല, വിദ്വേഷം വച്ചു പുലർത്തുന്നില്ല, അത് അധർമത്തിൽ ആനന്ദിക്കുന്നില്ല, സത്യത്തിലാണ് ആനന്ദിക്കുന്നത്.സ്നേഹം എല്ലാം ക്ഷമിക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എല്ലാം സഹിക്കുന്നു.

ദൈവം ഇല്ലെന്നു ശഠിക്കുന്നവരും ദൈവം ഉണ്ടോ എന്നു ശങ്കിക്കുന്നവരും എല്ലാ കാലഘട്ടങ്ങളിലും ഉണ്ടാകുമെന്ന് ക്രിസ്തുശിഷ്യനായ യോഹന്നാന് അറിയാമായിരുന്നു. അദൃശ്യനായ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനുള്ള വൃഥാവ്യായാമത്തിനൊന്നും യോഹന്നാൻ ശ്രമിച്ചില്ല. നമ്മുടെ ആനന്ദത്തെ ശതഗുണീഭവിപ്പിക്കുന്ന, ദുഃഖങ്ങളിൽ ആശ്വാസം പകരുന്ന സ്നേഹമെന്ന യാഥാർഥ്യം അദ്ദേഹം എടുത്തു കാട്ടി. സ്നേഹത്തിന്റെ അദ്ഭുതസിദ്ധി അറിയാത്തവർ ചുരുക്കമാണ്. അതുകൊണ്ട് ആ ദിവ്യാനുഭൂതിയെ സാക്ഷിയാക്കി യോഹന്നാൻ പറഞ്ഞു: ‘‘ദൈവം സ്നേഹമാകുന്നു. ആത്മാർഥ സ്നേഹത്തിൽ വിശ്വസിക്കുന്നവനിൽ ദൈവം വസിക്കുന്നു. അവൻ ദൈവത്തിലും വസിക്കുന്നു.’’

സ്നേഹത്തിന്റെ വലിയ അനുഭവം ക്ഷമിക്കാൻ പ്രേരിപ്പിക്കുന്നതാകുന്നു. ജോണി എന്ന ബാലൻ നാട്ടിൻപുറത്തെ അവന്റെ വല്യച്ഛനെയും വല്യമ്മയെയും സന്ദർശിക്കാനെത്തി. അവർ അവനൊരു കവണ സമ്മാനിച്ചു. അവൻ അതുമായി, പ്രാന്തത്തിലുള്ള ചെറിയ കാട്ടിലേക്കു പോയി. അണ്ണാനെയും പക്ഷിയെയും ഒക്കെ ഉന്നംവച്ചു കവണ പ്രയോഗിച്ചു. പക്ഷേ, ഒന്നിനെയും കിട്ടിയില്ല. നിരാശനായി മടങ്ങുമ്പോൾ വീടിന്റെ പിന്നാമ്പുറത്ത്, വല്യമ്മ വളർത്തുന്ന താറാവിനെ കണ്ടു. കല്ലു കവണയിൽ വച്ച് പ്രയോഗിച്ചുനോക്കി. ഉന്നം തെറ്റിയില്ല. താറാവ് ചത്തുവീണു. അവനു പരിഭ്രാന്തിയായി. വല്യമ്മയുടെ പ്രതികരണം ഓർത്താണ് പരിഭ്രമം. ആരും കാണാതെ താറാവിനെ എടുത്ത് അടുത്തുള്ള കാട്ടിൽ കൊണ്ടിട്ടു. ആരും കണ്ടില്ല എന്നു വിചാരിച്ചു വീടിന്റെ വരാന്തയിലേക്കു നോക്കുമ്പോൾ അവന്റെ സഹോദരി സാലി, എല്ലാറ്റിനും സാക്ഷിയായി നിൽപുണ്ടായിരുന്നു. അവൾ പക്ഷേ ഒന്നും പറഞ്ഞില്ല.

ഉച്ചഭക്ഷണം കഴിഞ്ഞ് വല്യമ്മ ‘‘സാലീ, നമുക്ക് പാത്രമൊക്കെ കഴുകാം’’ എന്നു പറഞ്ഞപ്പോൾ, സാലി പറഞ്ഞു: ‘‘ഇന്ന് അടുക്കളയിലെ കാര്യങ്ങളിലെല്ലാം സഹായിക്കാമെന്ന് ജോണി പറഞ്ഞിട്ടുണ്ട്. അല്ലേ ജോണീ’’. തുടർന്ന് അവൾ അവന്റെ ചെവിയിൽ പറഞ്ഞു: ‘‘താറാവിന്റെ കാര്യം എനിക്കറിയാം എന്നോർത്തോ’’. പാവം ജോണി ആ ജോലി ചെയ്തു.

അന്നു നാലുമണിക്ക് വല്യച്ഛൻ മീൻ പിടിക്കാൻ അടുത്തുള്ള ജലാശയത്തിൽ പോകാൻ അവരെ വിളിച്ചു. വല്യമ്മ അപ്പോൾ പറഞ്ഞു: ‘‘അത്താഴമൊരുക്കാൻ സഹായത്തിന് സാലിയെ എനിക്കാവശ്യമുണ്ട്’’. സാലി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, ‘‘വല്യമ്മേ, അക്കാര്യങ്ങളൊക്കെ ചെയ്യാൻ ജോണി സമ്മതിച്ചിട്ടുണ്ട്.’’ അവൾ ജോണിയുടെ ചെവിയിൽ മന്ത്രിച്ചു, ‘താറാവിന്റെ കാര്യം നീ ഓർത്തോ!’. പാവം ജോണി വല്യമ്മയെ സഹായിക്കാൻ നിൽക്കേണ്ടിവന്നു. സാലി വല്യച്ഛന്റെ കൂടെ മീൻ പിടിക്കാൻ പോവുകയും ചെയ്തു.

ഇങ്ങനെ പല ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജോണി മടുത്തു. സാലി അവനെക്കൊണ്ട് എല്ലാ പണിയും എടുപ്പിക്കുകയാണ്. അവൻ ധൈര്യപൂർവം വല്യമ്മയുടെ അടുക്കലെത്തി താറാവിനെ കൊന്ന കാര്യം തുറന്നുപറഞ്ഞു.

അപ്പോൾ വല്യമ്മ ചിരിച്ചുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു, ‘‘അന്ന് ഞാൻ ജനലരികെ നിന്നുകൊണ്ട് നീ ചെയ്തതെല്ലാം കാണുന്നുണ്ടായിരുന്നു. മോനേ, നിന്നെ ഞാൻ സ്നേഹിക്കുന്നതുകൊണ്ട് നിന്നോടു ക്ഷമിക്കുകയായിരുന്നു. എന്നാൽ, ഞാൻ ചിന്തിച്ചിരുന്നു, നിനക്ക് എത്രനാൾ സാലിയുടെ അടിമപ്പണി ചെയ്യേണ്ടിവരുമെന്ന്’’. അതു കേട്ടപ്പോൾ സാലിക്ക് ലജ്ജയും ജോണിക്ക് വല്യമ്മയോട് ബഹുമാനവും സ്നേഹവും തോന്നി.

ഈ ചെറിയ ഗാർഹിക സംഭവത്തിൽ നമ്മുടെ ശ്രദ്ധയിൽ വരേണ്ടത് വല്യമ്മയുടെ വാക്കുകൾ ആണ്. സ്നേഹമാണ് ക്ഷമിക്കാൻ ഇടയാക്കിയത്. അതൊരു ജീവിതയാഥാർഥ്യമാണ്. സ്നേഹം ഹൃദയത്തിൽ ഉയർന്നു നിൽക്കുമ്പോൾ, കോപത്തെയും വിദ്വേഷത്തെയും അതിജീവിക്കാനും ക്ഷമയുടെ പൊൻകിരണം പ്രകാശിക്കാനും ഇടയാകും. പരിശുദ്ധാത്മാവിന്റെ ഏറ്റവും വിശിഷ്ടമായ സ്നേഹമെന്ന ദാനം നമ്മുടെ ഹൃദയങ്ങളിൽ വ്യാപരിക്കട്ടെ.

English Summary: What is Love Without Forgiveness

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ