രക്തദാനത്തിന്റെ മഹത്വം

blood-donation
SHARE

അനേകായിരങ്ങളുടെ ജീവൻ മരണവക്ത്രത്തിൽ നിന്നു രക്ഷപ്പെട്ടിട്ടുള്ളത് മനുഷ്യസ്നേഹികളും ഔദാര്യ നിധിക ളുമായവരുടെ രക്തദാനത്താലാണ്. ഇന്നു സാധാരണ ജനങ്ങൾക്കു പോലും രക്തദാനത്തിന്റെ ആവശ്യകതയും മഹനീയതയും ബോധ്യമായിട്ടുണ്ട്. പൊലിഞ്ഞു പോകാമായിരുന്ന ജീവിതങ്ങളെ അതുവഴി ജീവനിലേക്കു തിരിച്ചു കൊണ്ടുവരാൻ കഴിയുന്നു.

പല പ്രാവശ്യമായി ഏതാണ്ട് അൻപതിലധികം പേരുടെ രക്തം സ്വീകരിക്കേണ്ടി വന്ന ഒരു വ്യക്തി കർമനിരതനായി കഴിയുന്നു. അദ്ദേഹം നൽകുന്ന സാക്ഷ്യം ശ്രദ്ധേയമാണ്. ‘‘കർത്താവായ യേശുക്രിസ്തുവിന്റെ രക്തത്താൽ എനിക്ക് ആത്മരക്ഷ സംപ്രാപ്യമായി. എന്നാൽ, സ്നേഹസമ്പന്നരും ഉദാരമതികളുമായ അൻപതിൽപരം പേരുടെ രക്തത്താൽ എന്റെ ശരീരം മരണമുഖത്തു നിന്നു രക്ഷപ്പെട്ട് ഇന്നും കർമനിരതമാ യിരിക്കുന്നു. അങ്ങനെ എനിക്ക് അനേകം ‘രക്തബന്ധുക്കൾ’ മദ്രാസ് മുതൽ വിവിധ ഭാഗങ്ങളിലായുണ്ട്.’’ 

രക്തദാനം വഴി ജീവൻ രക്ഷിക്കുക എന്നുള്ളത് എത്ര മഹനീയ കർമമാണ്. യഹൂദ വിശ്വാസം, ജീവൻ സ്ഥിതി ചെയ്യുന്നതു രക്തത്തിലാണ് എന്നാണ്. അതുകൊണ്ട് അവർ രക്തത്തോടു കൂടിയ മാംസം ഭക്ഷിക്കാറില്ല. മാർക്കറ്റിൽ നിന്നു ലഭിക്കുന്ന മാംസം അവർ ഒരിക്കലും ഭക്ഷിക്കില്ല. കാരണം, രക്തം അതിൽ ഉൾക്കൊള്ളുന്നു എന്നതാണ്. ദേവാലയം ഉണ്ടായിരുന്ന കാലത്ത്  അവർക്കു മൃഗബലി ഉണ്ടായിരുന്നു. ഇപ്പോൾ സിനഗോഗി ലെ ആരാധന മാത്രമേയുള്ളൂ. അതിൽ ബലികളൊന്നുമില്ല. ബലി അർപ്പിച്ചിരുന്നപ്പോൾ മഹാപുരോഹിതൻ മൃഗത്തിന്റെ രക്തവുമായി അതിവിശുദ്ധ സ്ഥലത്തു പ്രവേശിച്ച് യാഗപീഠത്തിന്മേൽ രക്തം സമർപ്പിക്കു മായിരുന്നു. അതിന്റെ വിവക്ഷ, ആ മൃഗത്തിന്റെ ജീവൻ യാഗമായി അർപ്പിക്കുന്നു എന്നാണ്.

ക്രിസ്തീയ വിശ്വാസികൾ യേശുക്രിസ്തുവിന്റെ രക്തത്താൽ രക്ഷിതരായി എന്നു വിശ്വസിക്കുന്നു. കാൽവരിയിൽ ക്രൂശിന്മേൽ ക്രിസ്തു സ്വന്തം രക്തം ചൊരിഞ്ഞു സ്വജീവൻ അർപ്പിക്കുകയായിരുന്നു. അങ്ങനെ അവിടുത്തെ ജീവാർപ്പണം, പാപങ്ങൾക്കു പരിഹാരവും രക്ഷയ്ക്കു നിദാനവുമായിത്തീർന്നു എന്നാണ്.

അതുല്യവും അനിതരസാധാരണവുമായ ഒരു രക്തദാനത്തെക്കു റിച്ചു വായിക്കാനിടയായി. സംഭവം ഓസ്‌ട്രേലിയയിലാണ്. എൺപത്തിയൊന്നാമത്തെ വയസ്സിൽ എത്തിനിൽക്കുന്ന ജയിംസ് ഹാരിസൺ ഏതാണ്ട് അറുപതു വർഷം രക്തദാനം നടത്തി. ഇത് ഓസ്‌ട്രേലിയൻ റെഡ്ക്രോസ് ബ്ലഡ് സർവീസ് സക്ഷ്യപ്പെടുത്തുന്നതാണ്. അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത് ‘‘സ്വർണകരങ്ങളുള്ള’’ ജയിംസ് എന്നാണ്. ആയിരത്തിൽപരം പ്രാവശ്യം രക്തദാനം ചെയ്യാൻ ആ കരങ്ങൾ നീട്ടപ്പെട്ടിട്ടുള്ളതു കൊണ്ടാണ് ആ വിശേഷണം. 

ഹൃദ്യമായും ശ്രദ്ധേയമായും സംസാരിക്കുന്ന ചിലരെ സ്വർണനാവുകാരൻ എന്നു വിശേഷിപ്പിക്കാറുണ്ട്. അപ്രകാരം വിശേഷിപ്പിക്കപ്പെട്ട ഒരു സഭാപിതാവ് നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു (ജോൺ ക്രിസോസ്റ്റം).

ആയിരത്തിലധികം പ്രാവശ്യം രക്തദാനം ചെയ്തു ജയിംസ് ഹാരിസൺ രക്ഷിച്ച ജീവിതങ്ങളുടെ സംഖ്യ കേൾക്കുമ്പോൾ നാം അദ്ഭുതസ്തബ്ധരായിപ്പോകും. ഏകദേശം രണ്ടു ദശലക്ഷം ശിശുക്കളുടെ ജീവൻ രക്ഷിക്കാൻ ആ അദ്ഭുതമനുഷ്യനു സാധിച്ചു. 

അദ്ദേഹത്തിന്റെ രക്തത്തിൽ ഒരു സവിശേഷ  ഘടകമുണ്ട് –  anti-D immunoglobulin എന്ന ഔഷധമൂല്യം.  Roh - immunoglobulin എന്നും ആ ഘടകത്തെ വിശേഷിപ്പിക്കുന്നു. ഇതു ഗർഭിണികൾക്കു നൽകുന്നതു മൂലം, ഭ്രൂണങ്ങൾക്കുണ്ടാകുന്ന വൈകല്യങ്ങൾ പരിഹരിക്കാൻ  കഴിയുന്നു. Rh- incompatibility എന്ന പേരിൽ അറിയപ്പെടുന്ന വൈകല്യങ്ങളുള്ള ഗർഭിണികൾക്കാണ് ഇതാവശ്യമായിട്ടുള്ളത്. അതുമൂലം ഭ്രൂണത്തിന്റെ പോരായ്മയെ അകറ്റുവാൻ സാധിക്കുന്നു.

യുഎസിലെ മിയാമി നിക്കളോസ് ശിശുരോഗ ആശുപത്രിയിലെ ഭ്രൂണസംരക്ഷണ കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന ഡോക്ടർ അഫ്താബ് എഴുതുന്നു: ‘‘കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവും വലിയ ജീവരക്ഷാ കണ്ടുപിടിത്തങ്ങളിൽ സുപ്രധാനമായ ഒന്നാണ് ഈ ആന്റിബോഡി.’’ ജയിംസിനെപ്പോലെ അപൂർവം ചിലരുടെ രക്തത്തിൽ മാത്രമുള്ള ഈ പ്രതിഭാസം ലക്ഷങ്ങളുടെ ജീവരക്ഷയ്ക്കുതകുന്നു എന്നുള്ളതു സന്തോഷകരമായ കാര്യമാണ്. അതു സൗമനസ്യത്തോടെ പങ്കുവയ്ക്കാൻ സന്നദ്ധമാകുന്നതാണ് നമ്മുടെ അഭിനന്ദനത്തിനും പ്രശംസയ്ക്കും വിഷയമാകേണ്ടത്.

രക്തദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു ശ്രേഷ്ഠകാര്യമാണ്. എന്നാൽ രക്തദാനം വിലക്കുന്നവരും രക്തം സ്വീകരിക്കുന്നതു തെറ്റാണെന്നു പഠിപ്പിക്കുന്നവരുമുണ്ട്. രക്തദാനം എന്ന ഉത്കൃഷ്ട കർമത്തിൽക്കൂടി അനേകം ജീവൻ രക്ഷിക്കാൻ കഴിയുന്നു എന്നുള്ളത് ഒരു യാഥാർഥ്യമാണ്. ക്രമമായി രക്തദാനം ചെയ്യുന്ന ധന്യാത്മാക്കൾ നമ്മുടെ നാട്ടിൽ അനേകരുണ്ട്. അവരിൽ ചിലർ വൈദികരാണ്. അവരുടെ സേവനത്തെയും സന്മനോഭാവ ത്തെയും സമൂഹം ആദരവോടും കൃതജ്ഞതയോടും സ്മരിക്കുന്നു. അവർ നൽകുന്ന മാതൃകയും സന്ദേശവും വളരുന്ന തലമുറയെ സ്വാധീനിക്കേണ്ടതാണ്. ‘രക്തദാനം മഹാദാനം’ എന്ന അവബോധം സമൂഹത്തിൽ വ്യാപകമാക്കാനും ആ സന്ദേശം പ്രചരിപ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

English Summary : Importance Of Donating Blood

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.