പ്രശസ്തങ്ങളായ ഒട്ടേറെ ജീവചരിത്രങ്ങൾ രചിച്ച ഹെൻട്രി ഗീയോൺ എന്ന ഗ്രന്ഥകാരൻ ‘ജർമാനി’ എന്നൊരു ഇടയബാലി കയുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. അപ്രശസ്തയായ ഒരു ഗ്രാമീണ കന്യകയുടെ ചരിത്രം എന്തിനാണ് പ്രശസ്തനായ സാഹിത്യകാരൻ എഴുതിയത് എന്നു പലരും വിസ്മയിച്ചേക്കാം. ഒരു സാഹസികമായ സംരംഭമായി വിലയിരുത്തിയെന്നും വരാം. അനിതരസാധാരണമായ ചിലകാര്യങ്ങൾ അവളിൽ ദർശിക്കാൻ ആ പണ്ഡിതനു കഴിഞ്ഞു. അതാണ് ആ ജീവചരിത്ര രചനയ്ക്ക് അദ്ദേഹത്തിനു പ്രചോദനമായത്.
മേൽപറഞ്ഞ പെൺകുട്ടിയുടെ തൊഴിൽ ആട്ടിൻപറ്റത്തെ പരിപാലിക്കലായിരുന്നു. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ മാത്രമുള്ള വിദ്യാഭ്യാസമേ അവൾക്കുണ്ടായിരുന്നുള്ളൂ. കോടക്കാറ്റും മഞ്ഞുമുള്ള ദിവസങ്ങളിൽ അവൾ അവയെ മേയ്ക്കാൻ വളരെ ക്ലേശിച്ചുനടന്നു. പ്രകൃതിയുടെ പ്രതികൂലാവ സ്ഥ യെ ചെറുക്കാൻ തക്ക വേഷവിധാനങ്ങ ളൊന്നു മില്ല. ആടുകളെ മേയ്ക്കയല്ലാതെ മറ്റു ജീവിതമാർഗമൊന്നും അവളുടെ മുന്നിൽ തുറന്നു കിടപ്പുണ്ടായിരുന്നില്ല. അഷ്ടിക്കു മാത്രമുള്ള വകയേ അവൾക്കു പ്രതിഫലമായി ലഭിച്ചിരുന്നുള്ളൂ. എങ്കിലും അവൾ സദാ സംതൃപ്തയും ഉന്മേഷവതിയുമായിരുന്നു.
അവളുടെ സംതൃപ്തിക്കും ഉന്മേഷത്തിനുമുള്ള കാരണം ഗ്രന്ഥകാരൻ ഹെൻട്രി ഗീയോൺ പറയുന്നുണ്ട്. ആ ഇടയബാലിക അചഞ്ചലമായ വിശ്വാസത്തോടെ തന്റെ ജോലിക്കിടയിൽ ഇങ്ങനെ പ്രാർഥിച്ചിരുന്നു: ‘‘ ദൈവമേ, അത്യധികമായ തണുപ്പ് നീ എനിക്കു നൽകരുതേ. കരുണയുള്ള പിതാവേ, കഠിനമായ വിശപ്പുകൊണ്ട് എന്നെ നീ ശിക്ഷിക്കരുതേ. സ്നേഹനാഥാ! അനൽപമായ ദാഹം കൊണ്ട് എന്നെ വിഷമിപ്പിക്കരുതേ...’’
എത്ര നിഷ്കളങ്കമായ പ്രാർഥന! ആ പ്രാർഥനയിൽകൂടി അവൾക്കു സന്തോഷവും സമാധാനവും സംതൃപ്തിയും സർവഥാ കൈവരിക്കാൻ കഴിഞ്ഞുവെന്നാണ് ജീവചരിത്രകാരൻ വ്യക്തമാക്കുന്നത്. പ്രശസ്തനായ ഒരു എഴുത്തുകാരന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ പോന്നതായിരുന്നു അവളുടെ ലളിത ജീവിതവും നിഷ്കളങ്ക പ്രാർഥനയും. പ്രാർഥനയിലുള്ള ആശ്രയബോധം, ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം... ക്ലേശനിർഭരമായ ജീവിതത്തിൽ പ്രത്യാശയുടെ കിരണങ്ങൾ തെളിഞ്ഞു നിൽക്കുന്നു. കളങ്കവും കാപട്യവുമില്ലാത്ത ഹൃദയം, ഉത്തമ വിശ്വാസം – ഇവയാണ് പ്രാർഥനയ്ക്കു മിഴിവും ശക്തിയും നൽകുന്നത്.
പ്രാർഥനയുടെ ശക്തി അളവറ്റതാണ്. ഹൈന്ദവ ചിന്തയിൽ തപസ്സും പ്രാർഥനയും ഒരു നാണയത്തിന്റെ ഇരുപുറങ്ങൾപോലെ പരസ്പരം ബന്ധപ്പെട്ടതാണ്. പ്രാർഥനയുടെ ഉദാത്തരൂപമാണ് തപസ്സെന്നു പറയാം. തപിപ്പിക്കുക എന്ന വാക്കിനു ചൂടാക്കുക, ഉജ്വലമാക്കുക എന്നെല്ലാമാണ് അർഥം. മനസ്സിനെ വിവിധ വിഷയ ങ്ങളിൽ നിന്ന് നിവർത്തിപ്പിച്ച് ഏകാഗ്രത കൈവരിക്കലാണ് അത്.
ഈശ്വരോന്മുഖമായ മനസ്സിന്റെ പ്രയാണത്തിൽ ഉണ്ടാകുന്ന താപം ദർശനീയമാണ്. ചൂട് നാനാ ഭാഗത്തേക്കും വികിരണം ചെയ്യപ്പെടുന്നതുപോലെ ഏകാഗ്രമായി പ്രവർത്തിക്കുന്നവന്റെ താപംകൊണ്ട് അയാൾ തന്നെയും തനിക്കു ചുറ്റുമുള്ളവരെയും തപിപ്പിക്കുന്നു.
ഒരു ഉത്തല ദർപ്പണം (Convex Lens) സൂര്യാഭിമുഖമായി പിടിച്ചാൽ രശ്മികൾ ഒരു ബിന്ദുവിൽ കേന്ദ്രീകൃത മാകുന്നു. ആ ലെൻസിനു താഴെ കടലാസോ പഞ്ഞിയോ വച്ചിരുന്നാൽ അതു തീപിടിച്ചു ചാരമാകുന്നു (നട്ടുച്ച നേരത്ത് കണ്ണാടി സൂര്യനഭിമുഖമായി പിടിച്ച് കുട്ടികൾ ഇത്തരം പരീക്ഷണങ്ങൾ നേരമ്പോക്കായി ചെയ്യാറുണ്ടല്ലോ).
തപസ്സു ചെയ്യുന്ന വ്യക്തിയുടെ മനസ്സാകുന്ന കോൺവെക്സ് ലെൻസ് ഈശ്വരോന്മുഖമായി വർത്തിക്കുന്നു. അപ്പോൾ ഊർജം അതിൽ പ്രകടമാകുന്നു. ഭൗതിക ശക്തികളെ നിയന്ത്രിക്കാവുന്ന ആത്മീയശക്തിയാണ് അവിടെ നിന്നു പ്രസരിക്കുക. തപഃശക്തികൊണ്ട് സ്വർലോക ഗംഗയെ ഭൂലോക ഗംഗയാക്കി മാറ്റിയ ഭഗീരഥന്റെ കഥ പുരാണത്തിലുണ്ട്. തപസ്സു മൂലം ഈശ്വരന്റെ അനുഗ്രഹവർഷത്തിന് മനുഷ്യൻ പ്രാപ്തനാകുന്നു എന്നതായിരിക്കാം ഇക്കഥയുടെ പൊരുൾ.
യേശുവും അവിടുത്തെ കാഹളവാഹകനായ യോഹന്നാൻ സ്നാപകനും പ്രാർഥനയുടെയും തപസ്സിന്റെയും ശക്തിവിശേഷം വ്യക്തമാക്കിയിട്ടുണ്ട്. മരുഭൂമിയിലും, ഏകാന്തമായ സാഹചര്യങ്ങളിലും ബാഹ്യകാര്യങ്ങ ളിൽനിന്നു വിരമിച്ച് ഏകാഗ്രതയോടെ പ്രാർഥന നടത്തിയതായി കാണാം. ഏകാഗ്രതയോടും ഉത്തമ വിശ്വാസത്തോടും തിരുസാന്നിധ്യബോധത്തോടുംകൂടി ജാഗരിക്കുന്നവന്റെ അർഥന അസ്ത്രങ്ങൾക്കു സമം ആകാശമാർഗം തുളച്ചുകയറും.
പ്രാർഥനയുടെ ആവശ്യകത നിഷേധിക്കുന്നവരെ നിഷ്പ്രഭരാക്കുന്ന അദ്ഭുതങ്ങൾ നാം ജീവിക്കുന്ന ഈ കാലയളവിലും സംഭവിക്കുന്നുണ്ട്. ദീർഘകാലമായി മാറാതെ അലട്ടിക്കൊണ്ടിരുന്ന രോഗങ്ങളിൽനിന്നും ജീവിതത്തിൽ നേരിടുന്ന പല പ്രതിസന്ധികളിൽനിന്നുമെല്ലാം പ്രാർഥന മൂലം വിടുതൽ ലഭിച്ചിട്ടുള്ളതിന്റെ സാക്ഷ്യങ്ങൾ എത്രവേണമെങ്കിലുമുണ്ട്.
ക്രിസ്തു സ്വജീവിതത്തിൽകൂടിയും ഉപദേശത്തിൽ കൂടിയും പ്രാർഥനയുടെ അദ്ഭുതശക്തിയെയും സാധ്യതയെയും വെളിപ്പെടുത്തിയിട്ടുണ്ട്. ശിഷ്യന്മാർക്ക് പ്രേരണയും പ്രചോദനവും ആയിരുന്നത് അവിടു ത്തെ പ്രാർഥനാനുഭവമാണ്. നിർണായക ഘട്ടങ്ങളിലൊക്കെ ഏകാന്ത സ്ഥലത്ത് ഏകാഗ്രതയോടെ പ്രാർഥിക്കുന്ന മാതൃക അപ്പസ്തോല സമൂഹത്തെ ആകർഷിച്ചു.
പ്രാർഥനയുടെ അദ്ഭുതസാധ്യതകളെപ്പറ്റി മനസ്സിലാക്കണമെങ്കിൽ പ്രബന്ധങ്ങളെയോ ഗ്രന്ഥങ്ങളെയോ അല്ല, കറകളഞ്ഞ വിശ്വാസവും പ്രാർഥനാ ചൈതന്യവും ഉള്ളവരുടെ ജീവിതാനുഭവങ്ങളെയാണ് ആശ്രയിക്കേണ്ടത്.
English Summary : The Power Of Prayer