ഒരു ബാലന്റെ ശ്രദ്ധേയമായ ആത്മകഥ

What Do You Learn From His Experience
SHARE

ബൈബിളിലെ നാലു സുവിശേഷങ്ങളിൽ ഒന്നിൽമാത്രം പരാമർശിക്കപ്പെടുന്ന എന്നെക്കുറിച്ചാണ് ഇവിടെ സാക്ഷ്യപ്പെടുത്തുന്നത്. ആദ്യത്തെ മൂന്നു സുവിശേഷകന്മാരും എന്റെ കാര്യം തമസ്കരിച്ചുകളഞ്ഞു. അതിനു ഞാനവരെ കുറ്റപ്പെടുത്തുന്നില്ല. അന്നത്തെ സംസ്കാരത്തിൽ സ്ത്രീകളെയും കുട്ടികളെയും അവഗണിച്ച് പുരുഷന്മാരെ മാത്രം കണക്കിലെടുക്കുന്ന അവസ്ഥയായിരുന്നു. അതുകൊണ്ടാണല്ലോ യേശു വലിയ പുരുഷാരത്തെ തീറ്റി ത‍ൃപ്തിപ്പെടുത്തിയപ്പോൾ പുരുഷന്മാരുടെ മാത്രം സംഖ്യ രേഖപ്പെടുത്തിയത്.

ഏതായാലും ഞാൻ യോഹന്നാൻ ശ്ലീഹായോട് വളരെ കൃതജ്ഞതയുള്ളവനാണ്. എന്നെ അനശ്വരനാക്കുവാ ൻ തക്കവണ്ണം എന്നെപ്പറ്റി അദ്ദേഹത്തിന്റെ സുവിശേഷത്തിൽ പരാമർശിച്ചിട്ടുണ്ട്. ഒറ്റവാചകത്തിൽ ഒതുങ്ങുന്ന വാക്കുകൾ: ‘‘ഇവിടെ ഒരു ബാലകൻ ഉണ്ട്; അവന്റെ പക്കൽ അഞ്ച് യവത്തപ്പവും രണ്ടു മീനും ഉണ്ട്’’ (യോഹ: 6:9). ഇക്കാര്യം ശ്ലീഹന്മാരിൽ ഒരുവനായ അന്ത്രയോസ് ആണ് യേശുവിനോട് അറിയിക്കുന്നത്. എന്നെപ്പറ്റിയും എന്റെ പശ്ചാത്തലത്തെപ്പറ്റിയും വ്യക്തമാക്കുന്ന വാക്കുകളാണവ. നിങ്ങൾക്കുവേണ്ടി ഞാൻ ഒന്നു വിശദീകരിക്കട്ടെ.

1. ഞാനൊരു പാവപ്പെട്ട കുടുംബത്തിൽ പെട്ടവനാണ്. എന്റെ ഭക്ഷണപ്പൊതി അതു വെളിവാക്കുന്നു. അതിലെ ‘അഞ്ച് യവത്തപ്പം’ ഞങ്ങളുടെ പിന്നാക്കാവസ്ഥ സൂചിപ്പിക്കുന്നു. യവം അഥവാ ബാർലി അന്നു കുതിരയ്ക്കു കൊടുക്കുന്ന ഭക്ഷണമാണ്. സമ്പന്നവിഭാഗം നല്ല ഗോതമ്പു വിഭവങ്ങൾ കഴിക്കുമ്പോൾ പാവപ്പെട്ടവർക്കു വിധിക്കപ്പെട്ടതു ബാർലിയാണ്. പണ്ട് യുദ്ധാനന്തര കാലത്ത് നിങ്ങളുടെ സമ്പന്നവിഭാഗം അരിഭക്ഷണം കഴിച്ചപ്പോൾ പാവപ്പെട്ടവർ മരച്ചീനി  കൊണ്ട് തൃപ്തിപ്പെട്ടിരുന്ന പോലെയാണ്.എന്നാൽ, ഞങ്ങളുടെ ദരിദ്രാവസ്ഥ ഞങ്ങളുടെ ആത്മീയതീക്ഷ്ണതയെ കെടുത്തിയില്ല. 

2. ആത്മീയനിഷ്ഠയും തീക്ഷ്ണതയുമുള്ള മാതാപിതാക്കൾ: എന്റെ മഹാഭാഗ്യം എന്റെ മാതാപിതാക്കളാണ്. അവർ ആത്മീയകാര്യങ്ങളിൽ താൽപര്യമുള്ളവരും എന്നെ ആ വിധത്തിൽ പ്രോത്സാഹിപ്പിക്കുന്നവരും ആയി രുന്നു. അതുകൊണ്ട് ദൈവപുരുഷനായ യേശുവിൽനിന്നു കേൾക്കുവാനും തിരുവചനം പഠിക്കുവാനുമുള്ള അവസരം എനിക്ക് ഒരുക്കിത്തന്നു. ആത്മീയ വളർച്ചയ്ക്ക് സഹായകമായ ഒരവസരവും നഷ്ടമാക്കരുതെന്ന് അവർക്കു നിഷ്ഠയുണ്ടായിരുന്നു.

ഇന്നത്തെ മാതാപിതാക്കളോട് ഞാനൊന്നു ചോദിക്കട്ടെ. നിങ്ങൾ നിങ്ങളുടെ മക്കളെ മതപഠനത്തിനും ആധ്യാത്മിക പരിപാടികൾക്കും പ്രോത്സാഹിപ്പിച്ച് അയയ്ക്കാറുണ്ടോ? ഞായറാഴ്ച കോച്ചിങ് ക്ലാസിനും ട്യൂഷനും മറ്റുമായി നിർബന്ധിച്ച് അയയ്ക്കുകയല്ലേ ചെയ്യുന്നത്? ആത്മീയകാര്യങ്ങളിൽ നിങ്ങൾ അവർക്കു മാതൃകയാണോ?

3. ദൈവവചനം കേൾക്കാനും പഠിക്കാനുമുള്ള എന്റെ ദാഹം: യേശുവിനെക്കുറിച്ചും അവിടുന്ന് അരുൾ ചെയ്യു ന്ന ലാവണ്യ വചനങ്ങളെക്കുറിച്ചും ഞാൻ ഏറെ കേട്ടിരുന്നു. ഗലീലിയയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും എല്ലാം സഞ്ചരിച്ച് സ്വർഗരാജ്യത്തിന്റെ സന്ദേശം അവിടുന്ന് അറിയിക്കുകയായിരുന്നു. ദൂരെനിന്നും ചാരെ നിന്നും എല്ലാം ജനാവലി അവിടുത്തെ ഇമ്പമുള്ള വചനം കേൾക്കുവാൻ വന്നണഞ്ഞു. ഞാനും ദൂരെനിന്ന് പൊതിയും കെട്ടിപ്പോയത് യേശുവിനെ നേരിട്ടു കാണാനും കേൾക്കാനുമായിരുന്നു.

തിരുവചനം പഠിക്കാനുള്ള അന്തർദാഹം ദൈവം എനിക്കു നൽകി. ‘‘അപ്പത്തിനുള്ള വിശപ്പല്ല; വെള്ളത്തിനുള്ള ദാഹവുമല്ല. യഹോവയുടെ വചനം കേൾക്കേണ്ടതിനുള്ള വിശപ്പുതന്നെ.’’ (ആമോ: 8:11) ദൈവവചനം കേൾക്കുവാനും പഠിക്കുവാനുമുള്ള എന്റെ ഉത്സാഹവും പരിശ്രമവും നിങ്ങൾക്കു പ്രചോദനമായിത്തീരട്ടെ എന്നു ഞാൻ ആശിക്കുന്നു.

4. ഞാൻ ഒരു അന്തർമുഖനോ, അന്തർദർശിയോ (Introvert) അല്ല: ആരുമായും ബന്ധപ്പെടാതെ സ്വകാര്യമായി നടക്കുന്ന സ്വഭാവമല്ല എന്റേത്. മറ്റുള്ളവരുമായി, അവർ മുതിർന്നവരായാലും, പരിചയപ്പെടാനും ആശയ വിനിമയം നടത്താനും ഞാൻ തൽപരനായിരുന്നു. നാണം കുണുങ്ങിയല്ല എന്നു ചുരുക്കം. പ്രസംഗം കേൾക്കാ ൻ ഞാൻ ഏറ്റം മുൻപന്തിയിൽത്തന്നെ പോയി ഇരുന്നു. അവിടെ യേശുവിനോടു ചേർന്നാണല്ലോ അപ്പോസ്ത ലന്മാർ ഇരുന്നത്. ഞാൻ ഒരു അപ്പോസ്തലനോടു ചേർന്ന് ഇരുന്നു. അത് അന്ത്രയോസ് ശ്ലീഹായാണെന്നു പിന്നീട് എനിക്കു മനസ്സിലായി. 

എനിക്കദ്ദേഹത്തെ വളരെ ഇഷ്ടപ്പെട്ടു. എന്നോട് അദ്ദേഹം കുശലപ്രശ്നം നടത്തി. ഊരും പേരുമൊക്കെ ചോദിച്ചു. മാത്രമല്ല, കയ്യിലിരിക്കുന്ന പൊതിയെക്കുറിച്ചും ചോദിച്ചു. ഒട്ടും മറച്ചുവയ്ക്കാതെ അഞ്ച് യവത്തപ്പവും രണ്ടു ചെറുമീനുമുണ്ടെന്ന് ഞാൻ പറഞ്ഞു. ഭക്ഷണം കരുതിവന്നതിൽ അദ്ദേഹം എന്നെ അഭിനന്ദിച്ചു. ഞങ്ങൾ തമ്മിലുള്ള സംഭാഷണത്തിന്റെ വെളിച്ചത്തിലാണ്, നിങ്ങളുടെ പക്കൽ എന്തുണ്ട് എന്നു യേശുതമ്പുരാൻ ചോദിച്ചപ്പോൾ അന്ത്രയോസ് ഉത്തരം നൽകിയത്. എന്നെ യേശുവിന്റെ അടുക്കൽ പരിചയപ്പെടുത്തിയ അന്ത്രയോസ് ശ്ലീഹായോട് എനിക്ക് ഏറെ നന്ദിയുണ്ട്.

5. ഞാൻ പൂർണമായി, സസന്തോഷം സമർപ്പിച്ചു. പൊടുന്നനെ അന്ത്രയോസ് ശ്ലീഹാ എന്റെ ഭക്ഷണപ്പൊതി കൊടുക്കുവാൻ ആവശ്യപ്പെട്ടപ്പോൾ അപ്പാടെ ഞാൻ നൽകുകയായിരുന്നു. ഈ സാക്ഷ്യം വായിക്കുന്ന നിങ്ങൾ ആയിരുന്നെങ്കിൽ എന്തു മറുപടി നൽകുമായിരുന്നു. ബാലനായ ഞാൻ വിശന്നിരിക്കുകയാണ്. ഇത് എനിക്കു മാത്രം ഭക്ഷിക്കാനേ ഉള്ളൂ. അല്ലെങ്കിൽ, രണ്ട് അപ്പവും ഒരു മീനും തരാം എന്നു പറയും. പക്ഷേ, ഞാൻ സമ്പൂർണമായി യേശുതമ്പുരാന്റെ കരങ്ങളിൽ എത്തിക്കാൻ പ്രവർത്തിച്ചു. യേശുവിലുള്ള എന്റെ വിശ്വാസം അത്ര വലുതായിരുന്നു.

സമ്പൂർണവും ആത്മാർഥവുമായ സമർപ്പണം ഉണ്ടാകുമ്പോൾ അവിടെ അദ്ഭുതങ്ങൾ സംഭവിക്കുമെന്നാണ് എനിക്കു പറയാനുള്ളത്. ഞാൻ എന്റെ ഭവനത്തിലേക്ക് അന്നു മടങ്ങിയപ്പോൾ നിറഞ്ഞ സംതൃപ്തിയും തികഞ്ഞ സന്തോഷവുമായിരുന്നു. എന്റെ കൂട്ടുകാരോടും വീട്ടുകാരോടും നാട്ടുകാരോടും എല്ലാം ഞാൻ ഉറക്കെ പറഞ്ഞു. ‘‘ഇന്ന് ഞാനും യേശുവുംകൂടി ഒരദ്ഭുതം ചെയ്തു! എന്റെ കയ്യിലെ പൊതി ഞാൻ യേശുവിനെ ഏൽപിച്ചു. അവിടുന്ന് അതു വാഴ്ത്തി വലിയ പുരുഷാരത്തിനു നൽകി. 

എല്ലാവരും തിന്നു തൃപ്തരായി. പന്ത്രണ്ട് വലിയ കുട്ടകൾ നിറച്ചു, മിച്ചമെടുക്കുകയും ചെയ്തു. യേശുവിന് ആയിരമായിരം സ്തോത്രം! എന്റെ ഈ എളിയ സാക്ഷ്യം നിങ്ങൾക്ക് എന്തു സന്ദേശം നൽകുന്നു എന്നു സ്വയം ചോദിക്കുക. ഈ സംഭവം സുവിശേഷത്തിൽ വായിക്കുമ്പോഴെല്ലാം ഈ ബാലനെയും ഓർക്കാൻ ഇടയാകുമല്ലോ...അതിനു ദൈവത്തെ സ്തുതിക്കുന്നു.

പേരില്ലാത്ത ഒരു ബാലൻ!

English Summary : What Do You Learn From This Boys Experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.