മനസ്സു തുറന്ന് ഒന്നു ചിരിച്ചാലെന്താ?

HIGHLIGHTS
  • തനിക്കും മറ്റുള്ളവർക്കും സന്തോഷമുണ്ടാക്കുന്ന ഒന്നാണ് പുഞ്ചിരി
  • പുഞ്ചിരി കോപത്തെയകറ്റും, നൈരാശ്യത്തെ നശിപ്പിക്കും, ആത്മവിശ്വാസം ഉളവാക്കും
innathe-chintha-vishayam-column-importance-of-smile-article-image
SHARE

ശിശുക്കൾ നമ്മെ ആകർഷിക്കുന്നതിന്റെ പ്രധാന ഘടകം അവരുടെ മുഖത്തു വിരിയുന്ന നൈർമല്യത്തിന്റെ നറുപുഞ്ചിരിയാണ്. ഉറക്കത്തിലും അവർ പുഞ്ചിരിക്കും. മുതിർന്നവരിലും പുഞ്ചിരി വിടർന്ന മുഖം ഹൃദയത്തിനു സന്തോഷം പകരുന്നു.

‘‘എനിക്ക് അയാളെ സമീപിക്കാനേ തോന്നുന്നില്ല. ഒരു പുഞ്ചിരി ആ മനുഷ്യന്റെ മുഖത്തു കാണുകയില്ല. അതു തന്റെ ഗൗരവത്തിനു പറ്റിയതല്ല എന്നാണ് അയാളുടെ ഭാവം.’’ ഉദ്യോഗസംബന്ധമായ ഒരു കാര്യത്തിന് ഒരു മാന്യനെ ചെന്നു കാണാൻ ഒരു ചെറുപ്പക്കാരനോട് അച്ഛൻ ഉപദേശിച്ചപ്പോൾ പറഞ്ഞ മറുപടിയാണിത്. ആ യുവാവിന്റെ വാക്കുകൾ നല്ലപോലെ മനസ്സിലാക്കാൻ നമുക്കെല്ലാവർക്കും കഴിയും. ഒരു പുഞ്ചിരിയുടെ വശീകരണശക്തി അറിയാത്തവരാരുണ്ട്. 

‘‘ഞാൻ നിങ്ങളെ സഹർഷം സ്വാഗതം ചെയ്യുന്നു. സന്തോഷത്തോടെ വന്നാലും!’’ എന്നാണു പറയാത്ത വാക്കുകളാൽ ആ പുഞ്ചിരി വെളിപ്പെടുത്തുന്നത്. യാതൊരു ഭാവഭേദവുമില്ലാതെയോ ദുർമുഖത്തോടുകൂടിയോ ഇരിക്കുന്ന ഒരാളെ കാണുമ്പോൾ എന്തായിരിക്കും നമ്മുടെ വിചാരം? വല്ലതും ആവശ്യപ്പെടാനാണ് അയാളെ സമീപിക്കുന്നതെങ്കിൽ ആ ആവശ്യം പറയാൻതന്നെ നാം മടിക്കും. അങ്ങോട്ടു പോകേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോവും. തനിക്കും മറ്റുള്ളവർക്കും സന്തോഷമുണ്ടാക്കുന്ന ഒന്നാണ് പുഞ്ചിരി. എങ്കിലും എത്ര ചുരുക്കം പേരിൽ മാത്രമേ നല്ലൊരു പുഞ്ചിരി നാം കാണുന്നുള്ളൂ.

പുഞ്ചിരി കോപത്തെയകറ്റും, നൈരാശ്യത്തെ നശിപ്പിക്കും, ആത്മവിശ്വാസം ഉളവാക്കും. ഒരു പുതിയ ബന്ധു നമുക്കു​ണ്ടായി എന്ന തോന്നലും ജനിപ്പിക്കും. യാതൊരു നഷ്ടവും അതു നമുക്കു വരുത്തുകയില്ല. ഏറെ ലാഭം കൈവരുത്തുകയും ചെയ്യും. പിന്നെ എന്തുകൊണ്ട് ആ സ്വഭാവം ശീലിച്ചുകൂടാ? – സന്ദർശകരെ    നല്ലൊരു പുഞ്ചിരിയോടെ സ്വീകരിക്കുന്ന ആകർഷകമായ ആ സ്വഭാവം.

പുഞ്ചിരിക്കു വലിയൊരു അർഥമുണ്ട്. ‘‘എന്റെ കാര്യത്തിൽ മാത്രം നിമഗ്നനായി  ഇരിക്കുന്നവനല്ല ഞാൻ. എനിക്കു നിങ്ങളുടെ കാര്യത്തിലും താൽപര്യമുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ, അതിനു ഞാൻ സന്നദ്ധമാണ്.’’ എന്നു സന്ദർശകരെ അറിയിക്കുകയാണ് പുഞ്ചിരികൊണ്ടു നാം ചെയ്യുന്നത്.

കാപട്യത്തിന്റെ പുഞ്ചിരി വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും. അതിന്റെ കൃത്രിമ സ്വഭാവവും പ്രയാസത്തോടെ പുഞ്ചിരി വരുത്താൻ ശ്രമിക്കുന്നതും നമുക്കു വേഗത്തിൽ മനസ്സിലാകും. ആത്മാർഥമായ പുഞ്ചിരി അയാളുടെ വ്യക്തിപ്രഭാവത്തിന്റെ പ്രതിഫലനമാണ്. സൗഹാർദവും അനുഭാവവും സേവനസന്നദ്ധതയും ആ മുഖത്തു തെളിഞ്ഞു കാണാം. കാണുന്നവരുടെ മുഖത്തു പുഞ്ചിരി ഉണ്ടാകുമ്പോൾ നമ്മുടെ സന്തോഷം വർധിക്കുകതന്നെ ചെയ്യും.

തന്റെ സ്ഥാനത്തിനും പദവിക്കും അനുയോജ്യമായ ഗൗരവം എപ്പോഴും കാത്തുസൂക്ഷിക്കണമെന്നു ചിന്തിക്കുന്ന വ്യക്തികളുണ്ട്. ഭക്തി പ്രകടിപ്പിക്കുന്ന ചിലരുണ്ട്. പുഞ്ചിരി വിടർന്നാൽ ഭക്തിയുടെ ഭാവം നഷ്ടപ്പെട്ടു പോകുമെന്നു ചിന്തിക്കുന്നവരുമില്ലാതില്ല. നിഷ്കളങ്കതയുടെ പ്രതിഫലനമാണ് പുഞ്ചിരിയെന്ന് അവർക്കറിഞ്ഞുകൂടാ.

നമുക്കെല്ലാവർക്കുമുണ്ടാകും മനസ്സു മടുത്ത്, ഉത്സാഹം കുറഞ്ഞ്, ജീവിതത്തിൽ യാതൊരു താൽപര്യവുമില്ലെന്നു തോന്നുന്ന ചില അവസരങ്ങൾ. ഇത്തരം സന്ദർഭങ്ങളിൽ  ആരെ കാണുവാനാണ് നാം ഇഷ്ടപ്പെടുക? കുണ്ഠിതത്തോടെ തലയും താഴ്ത്തി ഇരിക്കുന്ന ഒരാളെയല്ല. ഉത്സാഹത്തോടെ പുഞ്ചിരി തൂകുന്ന ഒരു സുഹൃത്തിനെയാണ്. ഒരാൾ സന്ദർശനത്തിനു വന്നപ്പോൾ ഇപ്പോൾ എവിടെനിന്നാണു വരുന്നത്. ഉത്തരം ഇപ്രകാരമായിരുന്നു: ‘‘ഞാൻ വാസ്തവം പറയട്ടെ, എനിക്കു മനസ്സിന് ഒരു സുഖവുമില്ലായിരുന്നു. വല്ലാത്ത വെറുപ്പുണ്ടായി. മനസ്സ് താഴോട്ടു താഴോട്ടു വലിഞ്ഞുപോകുന്നതായി തോന്നി. അപ്പോൾ ആശ്വാസത്തിനായാണ് ഒരു സുഹൃത്തിനെ കാണുവാൻ ചെന്നത്. അദ്ദേഹത്തിന്റെ പുഞ്ചിരി കണ്ടപ്പോൾ മറ്റെല്ലാം മറന്നു. അദ്ദേഹവുമായുള്ള സംഭാഷണം എന്നെ വേറൊരു ലോകത്തേക്കു നയിച്ചു. അവിടെനിന്നാണു ഞാൻ വരുന്നത്. ആ സന്തോഷം ആരോടെങ്കിലും പറഞ്ഞേ തീരൂ എന്നു തോന്നി. ആ പുഞ്ചിരിയുടെ ശക്തി!’’

മറ്റുള്ളവരുടെ ആത്മാർഥ പുഞ്ചിരി നമ്മിലുണ്ടാക്കുന്ന സന്തോഷത്തെപ്പറ്റി നമുക്കെല്ലാവർക്കുമറിയാം. എന്തുകൊണ്ട് മറ്റുള്ളവർക്കും ആ തരത്തിലുള്ള അനുഭവം നമുക്കു സമ്മാനിച്ചുകൂടാ – നമ്മുടെ ആത്മാർഥമായ പുഞ്ചിരികൊണ്ട്. ചുറ്റുപാടും സൗഹാർദം പരത്താനുള്ള കഴിവു പുഞ്ചിരിക്കുണ്ട്. അതു മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോൾ ആ സന്തോഷം നമ്മെയും ആനന്ദഭരിതരാക്കും. സുഹൃത്തുക്കൾ നിറഞ്ഞ ഒരു ലോകമാണിത് എന്ന ബോധം നമ്മിലുളവാക്കുകയും ചെയ്യും.

മഞ്ഞുമൂടലുള്ള ഒരു പുലരിയിൽ സൂര്യൻ ഉദിച്ചുയരുമ്പോൾ അതെല്ലാം ഒഴിഞ്ഞുപോകുന്നു. അതുപോലെയാണ് പുഞ്ചിരി കാണുമ്പോൾ നിരാശയും സംഘർഷവും എല്ലാം മാറിപ്പോകും. 

ഒരു തീരുമാനമെടുക്കാൻ നമുക്കു കഴിയും: സന്ദർശകർക്കു നാം ആദ്യം നൽകുന്ന സമ്മാനം നിറഞ്ഞ പുഞ്ചിരിയായിരിക്കുമെന്ന്. ചുണ്ടു വിടർത്തി, പല്ലു കാണിച്ചുകൊണ്ടു മാത്രം വരുത്തിത്തീർക്കുന്ന പൊള്ളച്ചിരിയല്ല. ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നു പൊങ്ങിവരുന്ന സൗഹാർദവും സന്മനസ്സും പ്രദർശിപ്പിക്കുന്ന ആത്മാർഥമായ, ആകർഷകമായ പുഞ്ചിരി! അതു നമുക്കും മറ്റുള്ളവർക്കും വലിയ അനുഗ്രഹമായിരിക്കും.

ഹൃദയത്തിൽ കൗടില്യവും വിദ്വേഷവും തിന്മയും പേറിക്കൊണ്ടു നടക്കുന്നവരിൽനിന്ന് ആത്മാർഥത നിറഞ്ഞ പുഞ്ചിരി ഉണ്ടാവുകയില്ല. ഹൃദയത്തിന്റെ ഭാവമാണു മുഖത്തു പ്രതിഫലിക്കുന്നത്. ഹൃദയം നിർമലവും സ്നേഹനിർഭരവുമെങ്കിൽ മുഖത്ത് അതിന്റെ പ്രതിഫലനം പ്രത്യക്ഷപ്പെടും – നൈർമല്യത്തിന്റെ പുഞ്ചിരി. അതു വരുത്തുന്ന മാറ്റങ്ങൾ വിസ്മയകരമായിരിക്കും.

English Summary : Innathe Chintha Vishayam : How does a smile affect others?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.