ദാഹിക്കും മാൻപേട പോലെ...

innathe-chintha-vishayam-what-does-it-mean-to-thirst-for-god
Representative Image. Photo Credit : fongbeerredhot / Shutterstock.com
SHARE

ഈശ്വരനെ പ്രാപിക്കാനുള്ള മനുഷ്യന്റെ ആത്മദാഹം എല്ലാ മതങ്ങളും അംഗീകരിക്കുന്ന സത്യമാണ്. അതിൽ നിന്നാണു വ്യത്യസ്തങ്ങളായ ആരാധനകളും അനുഷ്ഠാനങ്ങളും രൂപം‌കൊണ്ടിട്ടുള്ളത്. എന്നാൽ, നമുക്ക് ഉണ്ടാകാവുന്ന വലിയ പ്രലോഭനം സ്രഷ്ടാവിൽനിന്നു സൃഷ്ടികളിലേക്കു നമ്മുടെ ശ്രദ്ധ തിരിഞ്ഞുപോകുന്നതാണ്. തകർന്നുവീഴുന്ന സൃഷ്ടികളിൽ മനസ്സു മുഴുകുമ്പോൾ തകർച്ചയാണു പരിണിത ഫലം. എന്നാൽ, അനശ്വരനായ ദൈവമഹത്വത്തിൽ മനസ്സു നിറയുമ്പോൾ അതു ഭദ്രമായിരിക്കും. അസ്വസ്ഥത ആ മനസ്സിനെ തീണ്ടുകയില്ല. ശാന്തിയും സമാധാനവും ആ മനസ്സിൽ ഓളംവെട്ടി നിൽക്കും. 

പ്രകൃതിവസ്തുക്കളിൽ കുടുങ്ങുന്ന ആത്മാവിന്റെ അവസ്ഥയെപ്പറ്റി സ്വാമി വിവേകാനന്ദൻ ഒരു ഉപമയിലൂടെ വിവരിക്കുന്നുണ്ട്. ദീർഘവും ഇടുങ്ങിയതുമായ ഉൾക്കടലിലൂടെ അതിവിദൂരസ്ഥമായ ലക്ഷ്യസ്ഥാനത്തേക്കു ശീഘ്രം പാഞ്ഞുപോകുന്ന ഒരു കപ്പൽ! അത് ഇരുമ്പുകൊണ്ടു നിർമിതമാണ്. അതങ്ങനെ അതിവേഗം പാഞ്ഞുപോകുമ്പോൾ ഒരുവശത്തു കാന്തംകൊണ്ടു നിർമിതമായ ഒരു വലിയ മല കപ്പലിനെ ശക്തിയായി ആകർഷിച്ചടുപ്പിക്കുന്നു. കാന്തമലയിൽ ശക്തിയായി ഇടിക്കുന്ന കപ്പൽ പൊട്ടിത്തകർന്നു കടലിൽ തവിടുപൊടിയായി താഴുന്നു.

ദൈവമാകുന്ന ലക്ഷ്യസ്ഥാനത്തേക്കു നമ്മുടെ മനസ്സു പാഞ്ഞുപോകുകയാണ്. ആ പ്രയാണം തടസ്സപ്പെടുത്തി, ദൈവത്തിൽനിന്നു മനസ്സിനെ അകറ്റുവാൻ നശ്വരലോകത്തിന്റെ ശക്തികൾ നിരന്തരം പരിശ്രമിക്കുന്നു. സ്വാമി വിവേകാനന്ദൻ പറയുന്നതുപോലെ സൃഷ്ടികളാകുന്ന കാന്തമല, തന്നിലേക്കാകർഷിച്ചു കപ്പലിനെ ഛിന്നഭിന്നമാക്കി കടലിന്റെ അടിത്തട്ടിൽ ആഴ്ത്തിയതു പോലെ നമ്മെ തകർത്തുകളയാനല്ലാതെ കെട്ടിപ്പടുക്കുവാൻ ഭൗതിക ശക്തികൾക്കു കഴിയുകയില്ല. നമുക്കു നിത്യമായ സമാധാനവും ആത്മാവിൽ സ്വസ്ഥതയും നൽകാൻ ദൈവത്തിനു കഴിയും; ദൈവത്തിനേ കഴിയൂ. കാരണം, അവിടുന്ന് അനശ്വരനും സർവത്തിന്റെയും അധീശനുമാണ്. മനസ്സിന്റെ ഉള്ളിൽ ഈശ്വരപ്രീതി നിറഞ്ഞുനിൽക്കുന്നവനു നിരാശകളില്ല, ഭയാശങ്കകളില്ല. എന്നാൽ, സ്രഷ്ടാവിനു പകരം സൃഷ്ടികളെക്കൊണ്ടു മനസ്സു നിറയ്ക്കുവാൻ ശ്രമിക്കുന്നവൻ എന്നും അസംതൃപ്തനും അസ്വസ്ഥനുമായിരിക്കും.

നമ്മുടെ ആത്മാവ് ആശിക്കുന്നതും പ്രാപിക്കുവാൻ ലക്ഷ്യമാക്കുന്നതും അതിന്റെ അധിനാഥനായ ദൈവത്തെ മാത്രമാണ്. ഇതെപ്പറ്റി സങ്കീർത്തകൻ പറയുന്നു: ‘‘ദൈവമേ, ദാഹിക്കുന്ന മാൻപേട ജലത്തിനുവേണ്ടി എന്നതു പോലെ എന്റെ ആത്മാവ് അങ്ങയെ പാർത്തിരിക്കുന്നു. അങ്ങ് എന്റെ ഹൃദയത്തെ സംതൃപ്തമാക്കണമേ.’’ ദൈവത്തിനു വേണ്ടിയുള്ള ആത്മദാഹത്തെ ഉപമിച്ചിരിക്കുന്നതു വെള്ളത്തിനായി ഉഴലുന്ന മാൻപേടയുടെ അനുഭവത്തോടാണ്. പ്രത്യേകിച്ചു വേനൽക്കാലത്തു നീർച്ചാലുകൾ വറ്റിവരളുമ്പോൾ അൽപമെങ്കിലും വെള്ളം ലഭിക്കുന്നിടത്തേക്കു മാൻ തീവ്രദാഹത്തോടെ ശീഘ്രഗമനം ചെയ്യുന്നു. അമേരിക്കയിലെ വനപ്രദേശത്തെ ഹൈവേയിലൂടെ കടന്നുപോകുന്നവർക്കു പലയിടത്തും മാനിന്റെ പടം വരച്ച് ഒരു ബോർഡും അതിൽ ഈ എഴുത്തും കാണാം; ‘‘Beware of Deer Crossing’’. ‘‘മാൻ കുറുകെച്ചാടുന്നതു സൂക്ഷിക്കുക’’ എന്ന മുന്നറിയിപ്പാണ്. അതിനു താഴെയുള്ള ജലധാരയിലേക്കു മാൻ കുതിച്ചുപാ‍ഞ്ഞു പോകുമ്പോൾ മോട്ടർ വാഹനത്തിൽ കൂട്ടിയിടിച്ച് അപകടമുണ്ടാകാം. കടുത്ത ദാഹവും വേഗത്തിലുള്ള ഓട്ടവുമാകുമ്പോൾ മറ്റൊന്നും അതിന്റെ ശ്രദ്ധയിൽപെടുകയില്ല. 

അതുപോലെയുള്ള തീവ്രമായ അന്തർദാഹമാണ് ദൈവത്തിനു വേണ്ടി മനുഷ്യാത്മാവിനുള്ളത്. ആ ദാഹം തീർക്കാൻ ഭൗതിക വസ്തുക്കൾക്കൊന്നും സാധ്യമല്ല. ധനം എത്ര തന്നെ ആർജിച്ചാലും ആത്മാവിന്റെ ദാഹം ശമിക്കുകയില്ല. പദവിയും അധികാരങ്ങളും മനുഷ്യനെ കൂടുതൽ ആർത്തിയുള്ളവനാക്കി മാറ്റുകയേ ഉള്ളൂ. ലഹരിമരുന്നിലേക്കു തിരിഞ്ഞാൽ അസ്വസ്ഥത വർധിക്കുകയും ചെയ്യും. വിശുദ്ധനായ അഗസ്തീനോസിന്റെ വാക്കുകൾ തികച്ചും സത്യവും സംഗതവുമാണ്; ‘‘എന്റെ ദൈവമേ  എന്റെ ആത്മാവ് നിന്നിൽ സ്വസ്ഥത കണ്ടെത്തുന്നതുവരെയും അസ്വസ്ഥമായിരിക്കും.’’ ഒരു സങ്കീർത്തനത്തിൽ ദാവീദ് വെളിപ്പെടുത്തുന്നു: ‘‘വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു. എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു’’ (സങ്കീ. 63:1). 

ഈ അന്തർദാഹം ഉണ്ടാകുമ്പോൾ മാത്രമേ ദൈവം മുഖാന്തരമുള്ള സംതൃപ്തി നമുക്കു ലഭിക്കുകയുള്ളൂ. ‘‘നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു. നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ’’ (സങ്കീ. 36:8,9). ‘‘അവൻ ആർത്തിയുള്ളവനു തൃപ്തി വരുത്തുകയും വിശപ്പുള്ളവരെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു’’ (സങ്കീ. 107:9). 

ആത്മീയവരൾച്ചയ്ക്കുള്ള പ്രതിവിധി എന്താണ്? സങ്കീർത്തകൻ തന്നെ നിർദേശിക്കുന്നു: ‘‘ദൈവത്തിൽ പ്രത്യാശ വയ്ക്കുക.’’ അതു തന്നെ ആവർത്തിച്ചു പറയുന്നു. സ്വയാനുതാപവും തന്നിലേക്കു തന്നെയുള്ള നോട്ടവും വിട്ട് ദൈവത്തിൽ ശ്രദ്ധ വയ്ക്കുക. വിരസതയും നിരാശയും തോന്നുന്ന ചിന്തകളൊക്കെ വിട്ടിട്ടു ദൈവത്തിൽ പ്രത്യാശയർപ്പിക്കണം. 

നിരാശയ്ക്കും ഉത്കണ്ഠയ്ക്കുമുള്ള പ്രതിവിധി, നമ്മിലേക്കു നോക്കി നമ്മുടെ ദുഃഖത്തെ ഓർത്തിരിക്കുകയല്ല, പിന്നിലേക്കു നോക്കി ഭൂതകാലാനുഭവങ്ങളെ ഓർക്കുകയല്ല, ചുറ്റിലേക്കും നോക്കി നമ്മുടെ പ്രശ്നങ്ങളെപ്പറ്റി അയവിറക്കുകയല്ല. മറിച്ച് മുകളിലേക്ക്, ജീവനുള്ള ദൈവത്തിലേക്കു നോക്കി ധൈര്യപ്പെടുക എന്നുള്ളതാണ്. ദൈവത്തിലേക്കു നോക്കി ഒരിക്കലും നിലയ്ക്കാത്ത ഭദ്രതയും സമാധാനവും അനുഭവിക്കാൻ കഴിയട്ടെ. 

English Summary : Innathe Chintha Vishayam : What does it mean to thirst for God?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.