യഹൂദരുടെ പിൽക്കാല ചരിത്രത്തിൽ ഉയർന്നുവന്നിട്ടുള്ളവയാണ് ‘തൽമൂദുകൾ’ (Talmud) എന്ന കൃതികൾ. അവയിൽ റാബിമാരുടെ ഉപദേശങ്ങളും വ്യാഖ്യാനങ്ങളും ഐതിഹ്യങ്ങളും എല്ലാം ഉൾക്കൊള്ളുന്നു. അവയിൽ ഒന്നിൽ ഏബ്രഹാമിനെ സംബന്ധിച്ചുള്ള ഒരു കഥയുണ്ട്. ഏബ്രഹാം തന്റെ ഭവനത്തിൽ ഒരു അതിഥിയെ സ്വീകരിച്ചു. എഴുപതു വയസ്സുള്ള ക്ഷീണിതനായ ഒരു മനുഷ്യൻ. ആ സാധുവിൽ അനുകമ്പ തോന്നിയിട്ടാണ് ഏബ്രഹാം അയാളെ അതിഥിയായി സ്വീകരിച്ചത്.
ഭക്ഷണത്തിന് മുൻപ് ഏബ്രഹാം പ്രാർഥന നടത്തി. ഏക ദൈവ (യഹോവയിൽ) വിശ്വാസിയായ ഏബ്രഹാമിന്റെ പ്രാർഥന കണ്ട് അയാൾ ആശ്ചര്യപ്പെട്ട് നിഷ്ക്രിയനായി നിന്നതേയുള്ളൂ. ആ മനുഷ്യന് ദൈവവിശ്വാസമില്ല. പ്രാർഥനയിൽ അയാൾ പങ്കുകൊണ്ടതേയില്ല. ഇത് ഏബ്രഹാമിനെ കുപിതനാക്കി. അയാളെ ഏബ്രഹാം വീട്ടിൽനിന്ന് ഇറക്കി വിട്ടു.
അന്നു രാത്രി ദൈവം ഏബ്രഹാമിനു പ്രത്യക്ഷനായി. ദൈവം ചോദിച്ചു: ‘‘ഏബ്രഹാം, നീ എന്തുകൊണ്ടാണ് ആ സാധുവിനെ ഇറക്കി വിട്ടത്?’’. ഏബ്രഹാം മറുപടി പറഞ്ഞു: ‘‘അയാൾ അങ്ങിൽ വിശ്വസിക്കുകയോ പ്രാർഥനയിൽ എന്നോടൊപ്പം പങ്കുകൊള്ളുകയോ ചെയ്തില്ല. ഇത്രമേൽ അധമനായ ഒരാളെ എന്റെ വീട്ടിൽ സ്വീകരിക്കുന്നത് ഉചിതമല്ലെന്നു തോന്നിയതു കൊണ്ടാണ്’’.
ദൈവം ഏബ്രഹാമിനോടു പറഞ്ഞു. നീ ചെയ്തതു ശരിയായില്ല. കഴിഞ്ഞ എഴുപതു വർഷങ്ങളായി ആ മനുഷ്യന്റെ തെറ്റിനെ കണ്ടിട്ടും ഞാൻ ക്ഷമിക്കുന്നു. എന്നാൽ, ഒരു രാത്രി മാത്രം നീ അയാളോടു സഹിഷ്ണുത കാണിക്കാൻ തയാറായില്ല. നീ ചെയ്തത് വലിയ തെറ്റായിപ്പോയി’’.
ഹിപ്പോയിലെ മെത്രാനായിരുന്ന അഗസ്റ്റിൻ പറയുന്നു: ‘‘വിജ്ഞാനത്തിന്റെ ചങ്ങാതിയാണു ക്ഷമ. ക്ഷമിക്കാൻ കഴിയുന്നത് ദൈവികതയുടെ പ്രകാശനമാണ്. എന്നാൽ, വിട്ടുവീഴ്ചയില്ലാത്ത പെരുമാറ്റം മൃഗീയതയുടെ പ്രകടനവുമാണ്.
ഒരിക്കൽ ഒരു മനുഷ്യൻ നദിയുടെ വക്കിലിരുന്നു ചൂണ്ടയിടുകയാണ്. ഏറെനേരം അയാളുടെ പ്രവൃത്തി കണ്ട് നിലകൊണ്ട ഒരു യുവാവിനോട് അയാൾ ചോദിച്ചു: ‘‘എന്താണ് സുഹൃത്തേ, താങ്കൾ വെറുതേ നോക്കിനിൽക്കുന്നത്? താങ്കൾക്ക് എന്നെപ്പോലെ ജോലി ചെയ്തുകൂടേ? അഥവാ, ഒന്നു ശ്രമിക്കയെങ്കിലും ചെയ്തുകൂടേ?’’ യുവാവ് മറുപടി പറഞ്ഞു. ‘‘താങ്കളെപ്പോലുള്ള ക്ഷമ എനിക്കില്ല. അതുകൊണ്ടാണ് ഈ ജോലി ചെയ്യാൻ ധൈര്യപ്പെടാത്തത്.
ക്ഷമയാണു ശക്തി, സമയവും ക്ഷമയുംകൊണ്ട് മൾബറി ഇലകൾ പട്ടുതുണിയായി മാറും എന്ന് ഒരു ചൈനീസ് പഴഞ്ചൊല്ലുണ്ട്. ലോകചരിത്രത്തിലെ മഹദ്കൃത്യങ്ങളൊന്നും ഒരു നിമിഷംകൊണ്ട് സംഭവിക്കുന്നവയല്ല. മഹാന്മാർ ഉളവാകുന്നതും നിമിഷാർഥം കൊണ്ടു സാധ്യമാകുന്നതല്ല. പരിതഃസ്ഥിതികളോടു മല്ലടിച്ചും ക്ഷമിച്ചും സഹിച്ചും അവർ ഔന്നത്യത്തിലെത്തി വിരാജിക്കുന്നു എന്നതാണ് സത്യം. നമുക്ക് ജീവിതത്തിന്റെ ഉന്നത ശൃംഗങ്ങളിലേക്ക് ഒറ്റച്ചാട്ടത്തിന് എത്താൻ കഴിയില്ല. നിരന്തരം ക്ഷമാപൂർവമായ പോരാട്ടം ആവശ്യമുണ്ട്.
എല്ലാ മനുഷ്യരും ക്ഷമയെ പ്രശംസിക്കാറുണ്ട്. പക്ഷേ, വളരെ കുറച്ചുപേർ മാത്രമേ അതു പ്രാവർത്തികമാക്കുന്നുള്ളു. വിട്ടുവീഴ്ച ചെയ്യാനും അന്യരുടെ ദ്രോഹങ്ങൾ പൊറുക്കാനും വിശാലമായ മനസ്സാണ് എല്ലാറ്റിനുമുപരി ആവശ്യമുള്ളത്. ആത്മീയ സുകൃതങ്ങളെപ്പറ്റിയും സ്നേഹം, ക്ഷമ മുതലായവയുടെ മൂല്യങ്ങളെക്കുറിച്ചുമൊക്കെ ശക്തമായി പ്രഘോഷിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവർ പോലും ക്ഷമ പ്രവൃത്തിയിൽ വരുത്തുന്ന കാര്യത്തിൽ പരാജയപ്പെടുന്നു.
നിരന്തര സാധനയുടെ ഫലമായാണ് ക്ഷമിക്കാനും പൊറുക്കാനും കഴിയുന്ന വിശാലമായ വീക്ഷണം കൈവരുന്നത്. വികാരങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ മൃഗങ്ങൾക്കും മൃഗതുല്യരായ മനുഷ്യർക്കും കഴിയും. ആത്മീയ തലത്തിൽ ജീവിക്കുന്നവർക്കും വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നവർക്കും ക്ഷമ കൊണ്ടും സഹിഷ്ണുത കൊണ്ടും ജീവിതത്തെ ചൈതന്യഭാസുരമാക്കുവാൻ സാധിക്കുന്നു.
ലോകത്തിലെ പ്രസിദ്ധ ശാസ്ത്രജ്ഞൻമാരിൽ ഒരാളായ സർ ഐസക് ന്യൂട്ടന് ദിയമോണ്ട് എന്നൊരു വളർത്തുനായ ഉണ്ടായിരുന്നു. ദീർഘകാലമായി അതിനെ സംരക്ഷിച്ചു പോരുകയായിരുന്നു അദ്ദേഹം. ഒരു ദിവസം അതു ന്യൂട്ടന്റെ പഠനമുറിയിൽ കയറി. അവിടെ കത്തിച്ചു വച്ചിരുന്ന മെഴുകുതിരി തട്ടി വീഴ്ത്തി, കടലാസു കഷണങ്ങളിൽ തീ ആളിപ്പിടിച്ചു കത്തി. നിമിഷങ്ങൾക്കുള്ളിൽ കടലാസുകളെല്ലാം കത്തിച്ചാമ്പലായി.
എട്ടുവർഷം നിരന്തര അധ്വാനം നടത്തി ശേഖരിച്ച ഗവേഷണ കാര്യങ്ങളെല്ലാം അതോടെ ചാമ്പലായി. തന്റെ അധ്വാനം മുഴുവൻ തകർന്നുപോയതിൽ ന്യൂട്ടന് അത്യധികമായ ദുഃഖമുണ്ടായി. എങ്കിലും ആ വളർത്തുനായയുടെ നേർക്ക് കോപമോ വിരോധമോ അദ്ദേഹത്തിനുണ്ടായില്ല.
‘‘ദിയമോണ്ട്, നീ നിന്റെ യജമാനന്റെ എത്ര വിലപ്പെട്ട കടലാസുകളാണ് കത്തിച്ചു കളഞ്ഞത് എന്നറിയുന്നുണ്ടോ?’’ എന്നു മാത്രം ആ വളർത്തുനായയോടു ചോദിച്ചു. സാധുവായ മിണ്ടാപ്രാണിയോടു കോപിക്കുന്നതും അതിനെ ശിക്ഷിക്കുന്നതും നിഷ്പ്രയോജനമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ന്യൂട്ടൻ അന്നുമുതൽ നഷ്ടപ്പെട്ടുപോയ കുറിപ്പുകൾ വീണ്ടും തയാറാക്കുന്ന ശ്രമത്തിൽ ഏർപ്പെട്ടു.
ഫ്രെഡറിക് ഫെയ്സർ പറയുന്നതിങ്ങനെയാണ്: കോടക്കാറ്റിലും മഞ്ഞിലും ഇടിമുഴക്കത്തിലും മിന്നൽ വെളിച്ചത്തിലും തണുപ്പിലും തമസ്സിലും എല്ലാം നാം ദീര്‍ഘശാന്തതയോടെ സൗമ്യമായി ദൈവത്തെ കാത്തിരിക്കണം. അങ്ങനെ കാത്തിരിക്കുന്നെങ്കിൽ ദൈവം നമുക്കു ദർശനീയനാകും. പ്രതീക്ഷാപൂർവം ക്ഷമയോടെ കാത്തിരിക്കാത്തവരുടെ മുൻപിൽ ദൈവം പ്രത്യക്ഷനാകുകയില്ല.
ചൈനയിലെ പ്രശസ്ത ചിന്തകനായ കൺഫ്യൂഷ്യസ് ക്ഷമയെ ഏറെ പ്രശംസിച്ചിട്ടുള്ള ആളാണ്. അദ്ദേഹത്തിന്റെ ജീവിതം ക്ഷമയ്ക്ക് ഉദാത്ത മാതൃകയായിരുന്നു. അദ്ദേഹം പറയുന്നു: ‘‘ഒരു നിമിഷംകൂടി കാത്തിരിക്കുന്നു എന്നതുകൊണ്ട് ഒരു വലിയ ദുരന്തം ഒഴിവാക്കാൻ ഇടവന്നേക്കാം. അതേസമയം, ഒരു നിമിഷത്തേക്ക് ഉണ്ടാകുന്ന അക്ഷമ ജീവിതം മുഴുവൻ നശിപ്പിക്കാൻ കാരണമായിത്തീരാം.’’
നമ്മുടെ വ്യക്തിജീവിതവും കുടുംബജീവിതവും സാമൂഹിക ബന്ധങ്ങളും എല്ലാം ഭദ്രമാക്കാൻ ഒരു ദിവ്യൗഷധമാണ് ക്ഷമാശീലം.
English Summary : Innathe Chintha Vishayam - Why is having patience important?