ധാർമിക മൂല്യങ്ങൾക്കു പ്രാധാന്യം കൽപിക്കുന്ന സംസ്കാരമാണു നാം വളർത്തിയെടുത്തത്. പക്ഷേ, ഇന്നത്തെ അവസ്ഥ നിരാശാജനകമാണ്. അനുദിനം വരുന്ന വാർത്തകൾ അത്തരത്തിലുള്ളതാണ്. തട്ടിപ്പും വെട്ടിപ്പും ഒരു വശത്ത്; സ്ത്രീപീഡനവും ശിശുപീഡനവും മറ്റൊരു വശത്ത്. കൊള്ളയും കൊലപാതകങ്ങളും നിർബാധം നടക്കുന്നു.
ധാർമിക മൂല്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യുകയും അവ പ്രത്യേക ഊന്നൽ നൽകി പ്രചരിപ്പിക്കുകയും വേണം. പലരും അവഗണിക്കുന്ന ഒരു മൂല്യത്തെക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്. വ്യക്തിജീവിതത്തിൽ പുലർത്തേണ്ട പ്രധാനപ്പെട്ട സുകൃതങ്ങളിലൊന്നാണ് വിശ്വസ്തത (Faithfulness; fidelity). ദൈവത്തെപ്പറ്റി ചിന്തിക്കുമ്പോൾ അവിടുത്തെ പല വിശിഷ്ട സ്വഭാവങ്ങളെപ്പറ്റി പറയാനുണ്ട്. അവയിലൊന്നാണ് അവിടുത്തെ വിശ്വസ്തത. അവിടുന്നു സ്വയം പറയുന്നു: ‘വിശ്വസ്തനും സത്യവാനുമായ സാക്ഷിയായ ദൈവസൃഷ്ടിയുടെ ആരംഭമായവൻ.’ മാറ്റമില്ലാത്തവനും വിശ്വസ്തനുമായി ദൈവത്തെക്കുറിച്ചു സാക്ഷിക്കുന്നു: ‘യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും മാറ്റമില്ലാത്തവൻ തന്നെ’ (എബ്രായർ 13:8).
ദൈവമക്കളായ മനുഷ്യരിൽനിന്നു പ്രതീക്ഷിക്കുന്നതും വിശ്വസ്തതയാണ്. മോശയെപ്പറ്റി വായിക്കുന്നു: ‘മോശ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നു.’ ഇതുപോലെ നാമോരോരുത്തരും ആയിരിക്കുന്ന സ്ഥലത്തു വിശ്വസ്തതയോടെ വർത്തിക്കണം.
ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ച ദൈവം, മനുഷ്യനെ വിശ്വസ്തനായിക്കണ്ട് സകലതും അവനെ ഏൽപിക്കുകയായിരുന്നു. മനുഷ്യൻ അവയെ മനോഹരമായി കൈകാര്യം ചെയ്യുമെന്ന് ദൈവം പ്രതീക്ഷിക്കുന്നു. എന്നാൽ, മനുഷ്യൻ സ്വാർഥതയോടെ പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങിയപ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും ഇന്നു ജീവിതം തന്നെ വിഷമകരമാവുകയും ചെയ്തു. ‘‘ഗൃഹവിചാരകന്മാരിൽ (Stewards) പ്രതീക്ഷിക്കുന്നതോ, അവർ വിശ്വസ്തരായിരിക്കണം’ എന്നുള്ളതാകുന്നു (1 കോരി. 4:2).
താലന്തുകളുടെ ഉപമയിൽ ക്രിസ്തു വെളിപ്പെടുത്തിയത് ഈ ഉത്തരവാദിത്തമാണ്. കാര്യവിചാരകനെപ്പറ്റിയുള്ള ഉപമയിൽ അവിടുന്നു പ്രസ്താവിച്ചു: ‘അത്യൽപത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യൽപത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ’ (ലൂക്കോസ് 16:10).
ഇന്ന് ചതിയും വഞ്ചനയും അസത്യവും കാപട്യവും ജീവിതശൈലിയായിത്തന്നെ മാറ്റിയിരിക്കുകയല്ലേ? മനഃസാക്ഷി മരവിച്ച അവസ്ഥയിലാണ്. നേതാക്കളുടെ വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടാത്ത സ്ഥിതിയല്ലേ, പലപ്പോഴും കാണുന്നത്? കുടുംബങ്ങളിലേക്കു നോക്കിയാൽ, അസ്വസ്ഥതയും സംഘർഷവും കാണാം. സാമ്പത്തിക ഭദ്രതയും ആഡംബര ജീവിതവും അവിടെ കാണാം.
പക്ഷേ, അവിശ്വസ്തത പുലർത്തുന്ന അനുഭവത്തിൽ പരസ്പരം സംശയങ്ങളും ആരോപണങ്ങളും ഉണ്ടാകുന്നു. പരസ്പരം വിശ്വസ്തത പുലർത്തിക്കൊള്ളാമെന്നു വാഗ്ദാനം ചെയ്താണ് വിവാഹബന്ധത്തിലേക്കു പ്രവേശിക്കുന്നത്. ഉടമ്പടിയുടെ അടയാളമായി ഇരുവരും മോതിരങ്ങൾ വിരലിൽ അണിയുകയും ചെയ്യുന്നു. പക്ഷേ, ചില കുടുംബങ്ങളെങ്കിലും അവിശ്വസ്തത മൂലം തകരുകയാണ്. വരും തലമുറയെയും ഈ ദുഃസ്ഥിതി സ്വാധീനിക്കുന്നു.
വിശ്വസ്തത എന്നത് നമ്മുടെ തീക്ഷ്ണമായ ശ്രദ്ധകൊണ്ടും ജാഗ്രതകൊണ്ടും കൈവരിക്കേണ്ടതാണ്. ജീവിതവിജയത്തിനു വലിയൊരു കൈമുതലാണത്. വിശ്വസ്തത എന്ന സുകൃതം പരിശീലനത്തിലൂടെ ആർജിച്ചു കഴിയുമ്പോൾ നമ്മുടെ മനഃസാക്ഷിക്കുതന്നെ സംതൃപ്തിയും സന്തോഷവും അനുഭവപ്പെടും. മറ്റുള്ളവരുടെ വിശ്വാസവും സഹകരണവും സ്നേഹവും ആർജിക്കാൻ സഹായിക്കുകയും ചെയ്യും.
‘‘മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാലും ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും, മനുഷ്യരെയല്ല, കർത്താവിനെത്തന്നെ പ്രീതിയോടെ സേവിച്ചുകൊണ്ട് അനുസരിപ്പിൻ.’’ ഒരു ക്രിസ്തുഭക്തന്റെ നിർദേശമാണ്.
English Summary : Innathe Chintha Vishayam - How important is faithfulness in our life?