അമേരിക്കക്കാരനായ ജോൺ ഡി. റോക്കഫെല്ലർ ലോക പ്രശസ്തനായ ഒരു കോടീശ്വരനാണ്. അദ്ദേഹത്തിന്റെ ജീവിതം വിസ്മയകരമെന്നു മാത്രമല്ല, അനവധി ജീവിത മൂല്യങ്ങൾ ഉയർത്തിക്കാണിക്കുന്നതുമാണ്. അദ്ദേഹം ബിസിനസിന് ഇറങ്ങുമ്പോൾ അരോഗദൃഢഗാത്രനായ ഒരു യുവാവ്. മുപ്പത്തി മൂന്നാം വയസ്സിൽ പത്തു ലക്ഷം ഡോളർ ആസ്തി കൈവരിച്ചു. എണ്ണ ഉൽപാദനത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. അതു വേഗത്തിൽ വളർന്നു വ്യാപിച്ചു. നാൽപത്തഞ്ചാം വയസ്സിൽ ലോകത്തിലെ ഏറ്റവും വലിയ ബിസിനസുകാരൻ, അമ്പത്തിമൂന്നാം വയസ്സിൽ ലോകത്തിലെ ഏറ്റവും ഉയർന്ന കോടീശ്വരൻ. ഉല്ലാസത്തിനോ, വിനോദങ്ങൾക്കോ സമയം ഇല്ലായിരുന്നു. ബിസിനസിൽ മാത്രം സമയവും ശ്രദ്ധയും. ഏകാന്തപഥികനായി ജീവിച്ചു. ആരെയും സ്നേഹിക്കാനോ സൗഹൃദം പുലർത്താനോ കഴിഞ്ഞില്ല. അന്യരെപ്പറ്റി ഒരു ചിന്തയും കരുതലുമില്ലാത്ത ജീവിതം. കൂടുതൽ ലാഭമുണ്ടാക്കുവാൻ മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തി. എതിരായി നിന്നവരെ ഇല്ലാതാക്കുന്ന സമീപനം, രാവും പകലും അംഗരക്ഷകരുടെ സംരക്ഷണം പുലർത്തി.
പക്ഷേ അപ്പോഴേക്കും ഒരു രോഗം പിടിപെട്ടു. അസാധാരണമായ ഒന്ന് സാങ്കേതിക നാമം Alopecia. – ഭക്ഷണം ദഹിക്കയില്ല, വല്ലാത്ത അസ്വാസ്ഥ്യം. ശരീരത്തിലെ രോമം എല്ലാം കൊഴിഞ്ഞു. കണ്ണിന്റെ പുരികം പോലും ! ഭക്ഷണം പാലും മലരും മാത്രം. ഉറക്കം ഇല്ലാതായി. ഒന്നിലും സന്തോഷമില്ല. അൻപത്തിമൂന്നാമത്തെ വയസ്സിൽ തീരെ അവശനും, ഒരു പടുകിഴവന്റെ അവസ്ഥയിലുമായി. അസ്ഥിമാത്രശരീരം. തികച്ചും അസ്വസ്ഥമായ മനസ്സ്. ഒരു വർഷം കൂടി ജീവിച്ചിരിക്കയില്ല എന്ന് എല്ലാവരും കരുതി. പല പത്രക്കാരും ഇദ്ദേഹത്തിന്റെ ചരമക്കുറിപ്പിന് ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിച്ചു സൂക്ഷിച്ചു. എപ്പോൾ മരണം സംഭവിച്ചാലും വിശദമായ വാർത്ത പ്രസിദ്ധപ്പെടുത്തുവാൻ സജ്ജമാക്കി.
അസ്വസ്ഥനായി ഉറക്കമില്ലാതെ കിടന്ന ഒരു രാത്രിയിൽ ഒരു പുതിയ വെളിച്ചം റോക്കഫെല്ലറുടെ മനസ്സിൽ ഉയർന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ സമ്പാദ്യത്തിൽ ഒരു ചില്ലിക്കാശുപോലും കൂടെ കൊണ്ടുപോകുവാൻ സാധ്യമല്ല. ഇനിയും എത്ര നാൾ ഇവിടെ ഉണ്ടാകുമെന്ന് ഒരു നിശ്ചയവുമില്ല. താൻ സമ്പാദിച്ച പണമെല്ലാം എന്തിനുവേണ്ടി ? വീക്ഷണത്തിൽ വലിയ ഒരു വിപ്ലവം. പണത്തെക്കുറിച്ചു പുതിയ ഒരു കാഴ്ചപ്പാടിലേക്കു വന്നു. ഇതു കൂട്ടിവയ്ക്കുവാനും പൂഴ്ത്തിവയ്ക്കാനുമുള്ള സാധനമല്ല. മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിക്കേണ്ടതാണെന്നു ബോധ്യം വന്നു. ഉൽക്കൃഷ്ടങ്ങളായ മനുഷ്യോപകാരപ്രദങ്ങളായ എത്രയെത്ര പദ്ധതികൾ !
ചിന്തിച്ചു നോക്കിയപ്പോൾ ആവശ്യങ്ങളുടെ ഒരു വലിയ വാതായനം അദ്ദേഹത്തിന്റെ മുന്നിൽ തുറന്നുവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ആതുരാലയങ്ങൾ, മെഡിക്കൽ രംഗത്തെ ഗവേഷണപരിപാടികൾ ഇങ്ങനെ ഏറെ ഉത്തമമായ പദ്ധതികൾ മുന്നിൽ നിരന്നു. ഇവയിലേക്കെല്ലാം ധനസഹായം ഒഴുകുവാനും തുടങ്ങി. വൈദ്യശാസ്ത്രരംഗത്തെ ഗവേഷണങ്ങൾക്കു വാരിക്കോരി ചെലവിട്ടു. പെൻസിലിൻ കണ്ടുപിടിക്കാൻ സഹായകമായി. മലേറിയാ നിവാരണത്തിനും ക്ഷയരോഗനിവാരണത്തിനും ഗവേഷണങ്ങൾ നടത്തുവാൻ ധനസഹായം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിനു സ്കോളർഷിപ്പുകൾ അനേകർക്കു ലഭ്യമായി. ഈ പദ്ധതികളെല്ലാം അനുഗ്രഹകരമായി മുന്നേറുന്നതു കണ്ടപ്പോൾ റോക്കഫെല്ലറുടെ ആരോഗ്യത്തിനു വലിയ മാറ്റമുണ്ടായി. കൊടുക്കുന്നതിലുള്ള ആനന്ദവും കൃതാർത്ഥതയും ഉന്മേഷമുളവാക്കി. യേശുക്രിസ്തുവിന്റെ വാക്കുകൾ ആക്ഷരികമായി അനുഭവപ്പെട്ടു. കൊടുപ്പിൻ എന്നാൽ നിങ്ങൾക്കും കിട്ടും. അമർത്തി കുലുക്കി കവിയുന്നോരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും. നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും കിട്ടും.
അദ്ദേഹം 55 വരെയല്ല 97 വയസ്സുവരെ, ദീർഘായുഷ്മാനായി, സംതൃപ്തി നിറഞ്ഞ ജീവിതം പൂർത്തിയാക്കി. കൊടുക്കുന്നതിന്റെ സന്തോഷവും സംതൃപ്തിയും അനുഭവിച്ചറിഞ്ഞു. അദ്ദേഹത്തെ അനുമോദിക്കാൻ സ്വദേശികൾ സംഘടിപ്പിച്ച സമ്മേളനത്തിൽ അദ്ദേഹം പ്രസ്താവിച്ചു.
നിങ്ങളുടെ ചിന്തകൾ ജീവിതത്തിലെ ശ്രേഷ്ഠകാര്യങ്ങളിലേക്കു തിരിക്കുക. മനുഷ്യ സമൂഹത്തിനു നന്മ ചെയ്യുന്നവരായിരിക്കുക. നിങ്ങളുടെ ചിന്തകളെ പ്രയോജനപ്രദങ്ങളായ ചാലുകളിലേക്കു തിരിച്ചുവിടുക. നിങ്ങളുടെ വിജയത്തിൽ നിന്ന് പ്രയോജനകരങ്ങളായ ചിലത് ഉളവാകുമെന്ന ദൃഢപ്രതീക്ഷ മുന്നിൽ വയ്ക്കുക. നിങ്ങളുടെ ചോദ്യമിതായിരിക്കട്ടെ. എന്റെ ജീവിതം കൊണ്ട് എന്തു ഫലമാണുണ്ടാകുന്നത് ? അദ്ദേഹം തുടർന്നു: നിങ്ങളുടെ സഹജീവികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും ഉതകുന്ന എന്തെല്ലാം നിങ്ങൾക്കു ചെയ്യാൻ കഴിയുമോ അതു ചെയ്യുക. നിങ്ങൾ ജീവിതം അർത്ഥപൂർണവും ആസ്വാദ്യകരവുമാക്കും !
സ്വാനുഭവത്തിൽ നിന്നു രൂപം കൊണ്ട വാക്കുകൾ എന്നതാണ് അവയ്ക്കുള്ള മൂല്യം. ഏതാണ്ട് അൻപതുവർഷക്കാലം നാരകീയമായ അനുഭവങ്ങളിൽ കൂടി കടന്നുപോയ ശേഷമാണു സൗഭാഗ്യകരമായ അനുഭവത്തിലേക്കും ദീർഘായുസ്സിലേക്കും റോക്കഫെല്ലർ കടന്നുവന്നത്. ധനത്തെ എങ്ങനെ അനുഗ്രഹത്തിനും സൗഭാഗ്യാനുഭത്തിനും ഉപയുക്തമാക്കാമെന്നുള്ള റോക്കഫെല്ലറുടെ സാക്ഷ്യം, ഇന്നുള്ള നമുക്ക് നമ്മുടെ പരിമിതമായ സാഹചര്യങ്ങളിലും പ്രയോഗക്ഷമമാക്കാം.
English Summary: Innathe Chintha Vishayam - Life of John D. Rockefeller