1947 നു മുൻപുള്ള ചരിത്രമാണെങ്കിൽ നമുക്കു ബ്രിട്ടിഷുകാരെ കുറ്റം പറയാമായിരുന്നു. ഇത് ഇന്ത്യ സ്വതന്ത്രയായി ഇന്ത്യക്കാർ തന്നെ എഴുതിത്തുടങ്ങിയതിനുശേഷമുള്ള ചരിത്രം.
ഇന്ത്യൻ സിവിൽ സർവീസിലേക്ക് (ഐഎഎസ്) പരീക്ഷ തുടങ്ങിയ 1947 ൽ ഒന്നാം റാങ്ക് നേടിയത് ഒരു മലയാളിയാണ്. ചേന്ദമംഗലത്തു ജനിച്ച അദ്ദേഹത്തിന്റെ പേര് ആർ. വെങ്കിടേശ്വരൻ എന്നായിരുന്നുവെന്നും അദ്ദേഹത്തിന്റെ പിതാവ് കുട്ടിസാർ എന്ന രാമസ്വാമി ചേന്ദമംഗലത്ത് അധ്യാപകനായിരുന്നുവെന്നും വെങ്കിടേശ്വരൻ തമിഴ്നാട്ടിലെ ഒരു മുൻ കലക്ടറുടെ മകളെയാണ് വിവാഹം ചെയ്തിരുന്നതെന്നും മാത്രം നമുക്കറിയാം. നാൽപത്തെട്ടാം വയസ്സിൽ മരിച്ച വെങ്കിടേശ്വരന്റെ അഞ്ചു സഹോദരന്മാരെപ്പറ്റിയോ ഭാര്യയെപ്പറ്റിയോ നമുക്കറിയില്ല. അദ്ദേഹത്തിന്റെ ഒരു പടം പോലും നമ്മൾ കണ്ടിട്ടില്ല.
പ്രശസ്ത എഴുത്തുകാരൻ സേതു പഠിച്ച ചേന്ദമംഗലത്തെ പാലിയത്തച്ചൻ സ്കൂളിൽ തന്നെയാണ് വെങ്കിടേശ്വരൻ പഠിച്ചത്. കുട്ടിസാർ സേതുവിനെ പഠിപ്പിച്ചിട്ടുണ്ട്.
‘‘വെങ്കിടേശ്വരന് ഐഎഎസിൽ ഒന്നാം റാങ്ക് കിട്ടിയപ്പോൾ അസംബ്ലി ഹാളിലെ സ്റ്റേജിൽ ഒരു അദ്ഭുത ജീവിയെപ്പോലെ പ്രദർശിപ്പിച്ച് കൈയടിപ്പിച്ചത് ഓർമയുണ്ട്.’’ സേതു പിന്നീടെഴുതി.
കൊച്ചിയിൽ മഹാരാജാസ് കോളജിൽനിന്നുള്ള പുറത്താക്കലിനു ശേഷമാണ് വെങ്കി പഠനത്തിൽ ഇത്ര മികവു കാട്ടിയത്. ഹോസ്റ്റലിലെ മുറികളിൽനിന്നു കാണാതായ പേനകൾ വെങ്കിയുടെ മുറിയിൽനിന്നു കണ്ടുകിട്ടിയെന്നാരോപിച്ച് വെങ്കിയെ കോളജിൽനിന്നു പുറത്താക്കുന്നു.
അച്ഛന്റെ നാടായ തമിഴ്നാട്ടിലേക്കുപോയ വെങ്കി ഒന്നാം റാങ്കിൽ ജയിക്കുമ്പൊഴും കുട്ടിസാർ ചേന്ദമംഗലം സ്കൂളിലുണ്ട്.
വെങ്കിടേശ്വരനടക്കം ആറു മലയാളികൾ ഐഎഎസിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്.
1953 ൽ ഒന്നാമതെത്തിയ തിരുവനന്തപുരത്തുകാരൻ എസ്. വെങ്കിട്ടരമണൻ കോളജ് വിദ്യാഭ്യാസകാലത്ത് ഇടതുപക്ഷ വിദ്യാർഥി യൂണിയനുകളിൽ സജീവമായിരുന്നു. കമ്യൂണിസ്റ്റാണെന്ന് പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിലുണ്ടായിരുന്നതിനാൽ ഈ വെങ്കിക്ക് ഐഎഎസ് കിട്ടാതെ പോയേനെ. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഇടപെട്ടതുകൊണ്ടാണ് കടന്നുകൂടിയത്.
ചീഫ് ഇലക്‌ഷൻ കമ്മിഷണറെന്ന നിലയിൽ ഇന്ത്യയിലെ രാഷ്ട്രീയക്കാരെയും തിരഞ്ഞെടുപ്പുദ്യോഗസ്ഥരെയും വിറപ്പിച്ച പാലക്കാട്ടുകാരൻ ടി.എൻ. ശേഷനായിരുന്നു 1955 ലെ ഒന്നാം റാങ്ക്.
1973 ൽ ഒന്നാം റാങ്ക് നേടിയ മലപ്പുറം സ്വദേശിനി നിരുപമറാവു ഇന്ത്യയുടെ ഔദ്യോഗിക വക്താവാകുന്ന ആദ്യവനിതയായി.
ഒന്നാംറാങ്കുകാരിൽ (1991) ആ മികവു കൊണ്ടുമാത്രമല്ലാതെ വാർത്തകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് രാജു നാരായണസ്വാമിയാണ്. ഒരിക്കൽ രാജുവിന് പോസ്റ്റിങ് കൊടുക്കാതിരിക്കുകയോ നല്ല പോസ്റ്റ് കൊടുക്കാതിരിക്കുകയോ മറ്റോ ചെയ്തപ്പോൾ പത്രക്കാർ മുഖ്യമന്ത്രി ഇ.കെ. നായനാരോടു ചോദിച്ചു: ‘‘രാജു നാരായണസ്വാമിക്ക് എന്താണു കുഴപ്പം?’’ നായനാരുടെ മറുപടി: ‘‘സ്വൽപം ബുദ്ധി കൂടിപ്പോയെന്ന കുഴപ്പമേയുള്ളൂ.’’
സിവിൽ സർവീസ് പരീക്ഷ എഴുതി ജയിച്ച് ജോലിയുമായാൽപ്പിന്നെ റാങ്ക് മെച്ചപ്പെടുത്താൻ വീണ്ടും പരീക്ഷ എഴുതുന്ന എത്രപേരെ നമുക്കറിയാം? 2013 ലെ ഒന്നാം റാങ്കുകാരി ഹരിത വി. കുമാറിന്റെ കഥ അതാണ്. തന്റെ നാലാമത്തേതായ അവസാന ചാൻസിലാണ് ഹരിത റാങ്കുകാരിയാവുന്നത്.
ആദ്യവട്ടം പരീക്ഷയ്ക്കിരുന്നപ്പോൾ മെയിൻസിന് 18 മാർക്കിനു പിന്നിലായി. വീണ്ടുമെഴുതിയ 2010 ൽ 179–ാം റാങ്ക് കിട്ടിയപ്പോൾ ഐപിഎസ് വേണ്ടെന്നുവച്ച് ഇന്ത്യൻ റവന്യു സർവീസ് തിരഞ്ഞെടുത്തു.
രണ്ടുവട്ടം പിന്നിലായത് അഭിമുഖത്തിലാണ്. ആ പ്രശ്നങ്ങൾ പരിഹരിക്കുന്ന മുൻകരുതലോടെ 2013 ൽ ചെന്നപ്പോൾ ഒന്നാം റാങ്ക് കൂടെപ്പോന്നു.
കോട്ടയംകാരൻ വി. കൃഷ്ണമൂർത്തിയെയും ഇക്കൂട്ടത്തിൽ ഓർമിക്കണം. 1966 ൽ അദ്ദേഹം ഐഎഎസിൽ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഐഎഫ്എസിൽ ഒന്നാം റാങ്കുണ്ടായിരുന്നു. അവസാനം കേരളത്തിൽ ചീഫ് സെക്രട്ടറിയായി.
കേരളത്തിന്റെ ഒരു മരുമകൻ ഒന്നാം റാങ്ക് നേടിയതിനെപ്പറ്റിക്കൂടി പറയണം. 1972 ൽ ഒന്നാമനായ ഡി. സുബ്ബറാവുവിന്റെ ഭാര്യ ഊർമിള മലയാളിയാണ്. സുബ്ബറാവുവും എസ് വെങ്കിട്ടരമണനെപ്പോലെ റിസർവ് ബാങ്ക് ഗവർണറായിരുന്നു.
ഐഎഎസിനൊക്കെ മുൻപ് ബ്രിട്ടിഷുകാർ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ (ഐസിഎസ്) തുടങ്ങിയപ്പോഴും മലയാളികൾ ഒന്നാം സ്ഥാനം നേടിയിരുന്നു. ആദ്യകാലത്ത് ബ്രിട്ടനിൽ വച്ചായിരുന്നു ഐസിഎസ് പരീക്ഷ. അതിൽ 1921 ൽ ഒന്നാം റാങ്ക് കെ.പി.എസ്. മേനോനായിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് 1939 മുതൽ ഐസിഎസ് പരീക്ഷ ഡൽഹിയിൽ വച്ചാക്കി. ഡൽഹിയിൽ വച്ചുള്ള ആ പരീക്ഷയിൽ 1941 ൽ ഒന്നാം റാങ്ക് നേടിയതും മലയാളിയാണ്: തിരുവനന്തപുരത്തുകാരനായ കെ. ബാലചന്ദ്രൻ.
ഐപിഎസ് ലഭിച്ചിട്ട് വേണ്ടായെന്നുവച്ചയാളാണ് എം.ജി സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്.
കേരളത്തിൽ നിയമനം കിട്ടാവുന്ന റാങ്ക് ഇല്ലാത്തതിനാൽ ഐഎഎസ് രാജിവച്ചയാളാണ് നിരൂപകൻ വി. രാജകൃഷ്ണൻ.
പൊലീസ് വെരിഫിക്കേഷനിൽ ഐഎഎസ് നിയമനം നിഷേധിക്കപ്പെട്ടവരുടെ ഫയൽ നെഹ്റു ചോദിച്ചു വാങ്ങിയിടത്താണു ഭാഗ്യം തെളിഞ്ഞത്. ‘‘ഇത്ര സമർഥനായ ഒരു യുവാവിന്റെ സേവനം വേണ്ടെന്നുവയ്ക്കാൻ ഇന്ത്യയ്ക്ക് ആവില്ല. അയാൾ ഒരു അരാജകവാദിയാണെങ്കിൽ കൂടി ജോലി കൊടുക്കുക’’ എന്ന് വെങ്കിട്ട രാമന്റെ ഫയലിൽ നെഹ്റു കുറിച്ചു.
ഐഎഎസ് പരിശീലനം കഴിഞ്ഞവരെല്ലാം കൂടി നെഹ്റുവിനെ കാണാൻ ചെന്നു. ഏതു സംസ്ഥാനത്തേക്കാണു പോകുന്നതെന്നു ചോദിച്ചപ്പോൾ ‘മദ്രാസ്’ എന്ന് വെങ്കി. അപ്പോൾ നെഹ്റു: ‘‘ഫോർട്ട് സെന്റ് ജോർജിൽ (മദ്രാസിന്റെ ഭരണസിരാകേന്ദ്രം) ചെങ്കൊടി പാറിക്കാൻ തിരക്കുകൂട്ടരുത്.’’
ഐപിഎസ് ജയിച്ചിട്ട് വേണ്ടെന്നു വച്ചയാളാണ് സി.ആർ. ശങ്കരമേനോൻ. പകരം, അറിയപ്പെടുന്ന ഇംഗ്ലിഷ് അധ്യാപകനായി. മേനോൻ ആൻഡ് കൃഷ്ണൻ എന്ന പേരിലുള്ള സമാന്തര കോളജുകളുടെ സ്ഥാപകനായി. കൊച്ചിയിൽ കാലത്തും വൈകിട്ടും ഓരോ ക്ലാസും ഇടയ്ക്ക് തിരുവനന്തപുരത്ത് ഒരു ക്ലാസും നടത്താനായി അദ്ദേഹം വിമാനത്തിൽ സഞ്ചരിച്ചു.
English Summary: Civil Servants Who One First Rank In Civil Serrvice Exam