അവസാനിക്കാത്തത് എന്നു കേൾക്കുമ്പോഴുള്ള ആശ്വാസവും അവസാനത്തേത് എന്നു കേൾക്കുമ്പോഴുള്ള അങ്കലാപ്പും തമ്മിലുള്ള ദൂരം അവസാനിക്കാത്തതാണ് (അവസാനിക്കാത്തത് എന്നു കേൾക്കുമ്പോൾ ചിലപ്പോൾ അമ്പരപ്പും അവസാനത്തേത് എന്നു കേൾക്കുമ്പോൾ ആശ്വാസവുമാണ് ഉണ്ടാവുകയെന്നും സമ്മതിക്കുന്നു).
പോയ നൂറ്റാണ്ടിലെ ബ്രിട്ടന്റെ പ്രതാപത്തെപ്പറ്റി പറയാൻ ‘സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം’ എന്ന വിശേഷണം കേട്ടപ്പോൾ ആരുടെ ബുദ്ധിയിലാണ് അങ്ങനെയൊരു ചിന്ത ഉദിച്ചതെന്നറിയാൻ കൗതുകം തോന്നി. ബ്രിട്ടന്റെ അധീനതയിൽ കഴിഞ്ഞ ഇന്ത്യ പോലുള്ള കിഴക്കൻ രാജ്യങ്ങളിൽ സൂര്യൻ അസ്തമി ക്കുമ്പോൾ ബ്രിട്ടന്റെ കീഴിലുള്ള പടിഞ്ഞാറൻ രാജ്യങ്ങളിൽ സൂര്യൻ ഉദിച്ചിട്ടുണ്ടാകും. ഈ വാചകം വായിച്ചു മറ്റു പലരും അവരുടെ വഴിക്കുപോയപ്പോൾ ഒരാൾ മാത്രം ചിന്തിച്ചു: അപ്പോൾ ബ്രിട്ടിഷ് സാമ്രാജ്യത്തിൽ സൂര്യൻ അസ്തമിക്കുന്നില്ലല്ലോ.
ഇംഗ്ലണ്ടിലെ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജോൺ വിൽസൺ ആണ് The sun never sets on the British Empire എന്നെഴുതിയത്. അദ്ദേഹം ആദ്യമെഴുതിയത് His Majesty's dominions, on which the sun never sets എന്നാ യിരുന്നു. പിന്നീട് ആ വാചകം മുൻപറഞ്ഞ പോലെ സ്റ്റൈലാക്കുകയായിരുന്നു.
അവസാനങ്ങൾ ഒന്നും രണ്ടും അല്ല, അനേക തരമുണ്ട്. ഫോട്ടോകളെടുക്കാൻ ഇന്നു ക്യാമറയിൽ ഫിലിം ആവശ്യമില്ല. ഫിലിം ആവശ്യമുള്ള കാലത്തു 12 പടങ്ങളെടുക്കാവുന്ന ഫിലിമുകളാണ് ഉണ്ടായിരുന്നത്. പിന്നീടു 36 പടങ്ങളെടുക്കാവുന്ന റോളുകളും വന്നു. ഒരു പരിപാടിക്കു പോയി മടങ്ങിവരുമ്പോഴായിരിക്കും ഒരു അപൂർവ ദൃശ്യം കാണുക. ക്യാമറയിൽ പുതിയ റോൾ ഇട്ടു പടമെടുക്കാൻ തയാറാകുമ്പോഴേക്ക് ആ ദൃശ്യം കടന്നുപോവുകയോ മാഞ്ഞുപോവുകയോ ചെയ്തിരിക്കും.
ഇങ്ങനെ ഒരു നല്ല പടം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മിക്ക ഫൊട്ടോഗ്രഫർമാരും ഒരു റോൾ ഫിലിം മുഴുവനായി ഉപയോഗിച്ചു തീർക്കാതെ രണ്ടുമൂന്നു പടം കൂടി എടുക്കാനുള്ള ഫിലിം ക്യാമറയിൽ ബാക്കി വച്ചിരിക്കും. എന്നിട്ട് ആ ക്യാമറ തോളിൽ തൂക്കിയിട്ടാകും യാത്ര. ഏതു ദൃശ്യം പൊടുന്നനെ കണ്ടാലും അപ്പോൾത്തന്നെ പടമെടുക്കും. പല ഫൊട്ടോഗ്രഫർമാർക്കും ഏറ്റവും നല്ല പടം കിട്ടിയിട്ടുള്ളതു റിസർവായി ക്യാമറയിൽ വച്ചിരുന്ന ഇത്തരം ഫിലിമുകളിൽനിന്നാണ്.
ഫിലിം റോൾ നിർമാണം ഈസ്റ്റ്മാൻ കൊഡാക്ക് കമ്പനി 2010ൽ നിർത്തലാക്കിയപ്പോൾ അവർ അവസാനത്തെ റോൾ എന്തു ചെയ്തു? കട പൂട്ടാൻ പോകുന്ന മറ്റു കമ്പനികളൊന്നും ചെയ്യാത്ത വിധത്തിൽ ഭാവനാപൂർണമായാണു കൊഡാക്ക് പ്രവർത്തിച്ചത്.
കൊഡാക്ക് അവരുടെ അവസാനത്തെ റോൾ ഫിലിം അന്നത്തെ പ്രഗൽഭ ഫൊട്ടോഗ്രഫറായ സ്റ്റീവ് മക്‌കറിക്കു സമ്മാനിക്കുകയായിരുന്നു. സ്റ്റീവിനെ ഓർമിക്കുന്നില്ലേ? അഫ്ഗാൻ അഭയാർഥികളായ ആയിരങ്ങളിൽനിന്നു പച്ച കണ്ണുകളുള്ള ഒരു സുന്ദരിയെ നാഷനൽ ജിയോഗ്രഫിക് മാഗസിന്റെ കവർഗേളായി 1984ൽ ഷൂട്ട് ചെയ്തയാൾ. വർഷങ്ങൾ കഴിഞ്ഞ് അവളെ വീണ്ടും തേടി പല രാജ്യങ്ങളിലും അലഞ്ഞ് അവസാനം കണ്ടുപിടിച്ചു വീണ്ടും ഷൂട്ട് ചെയ്ത് നാഷനൽ ജിയോഗ്രഫിക്കിനു കൊടുത്തയാൾ.
സമ്മാനമായി കിട്ടിയ കൊഡാക്രോം റോൾ കൊണ്ട് സ്റ്റീവ് ആദ്യം അമേരിക്കയിലെ ബ്രൂക്‌ലിൻ പാലത്തിന്റെ പടമെടുത്തു. ഗ്രാൻഡ് സെൻട്രൽ ടെർമിനസിന്റെയും. പിന്നീടു ചില ഇതിഹാസ നായകന്മാരുടെ പടമെടു ക്കാൻ പുറപ്പെട്ട സ്റ്റീവ് ആദ്യമെത്തിയതു വിശ്രുത ഗായകൻ പോൾ സിമോന്റെയടുത്താണ്. പക്ഷേ, ക്യാമറയ്ക്കു മുന്നിൽ നിന്നുകൊടുക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറി. ഒടുവിൽ ഫിലിം ലോകത്തെ പ്രതിനി ധീകരിച്ച് സ്റ്റീവിന്റെ ലെൻസിനു മുന്നിൽ നിന്നുകൊടുത്തതു റോബർട് ഡി നിറോ ആണ്. ഇതൊക്കെ കഴിഞ്ഞ് ഇന്ത്യയിലെത്തിയ സ്റ്റീവ് കൊഡാക്രോമിനെപ്പോലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന, സഞ്ചാരികളായ ഒരു വർഗത്തെ തന്റെ നൈക്കൺ എഫ് 6 ക്യാമറയിൽ പകർത്തി.
സ്വന്തം മരണം ചിത്രത്തിലാക്കാൻ അവസരം നൽകിയ രണ്ടു പ്രശസ്തരേയുള്ളൂ കേരളത്തിൽ: സംസ്കൃത പണ്ഡിതൻ ഡോ. കെ.എൻ. എഴുത്തച്ഛനും നിരൂപകൻ എം.എൻ. വിജയനും. സ്ഥലനാമ ഗവേഷണം ഗൗരവപ്പെട്ട അന്വേഷണ മേഖലയായി വളർത്തിയെടുത്ത ഡോ. എൻ.എം. നമ്പൂതിരിയുടെ ഗവേഷണ ഗുരു ഡോ. എഴുത്തച്ഛനായിരുന്നു. നമ്പൂതിരിയുടെ ഗവേഷണ പ്രബന്ധം പാതി വായിച്ച് അടയാളവും വച്ചാണ് ഡോ. എഴുത്തച്ഛൻ കാലിക്കറ്റ് സർവകലാശാലയിൽ പ്രഭാഷണം നടത്താൻ പോയത്. ചടങ്ങിൽവച്ച് അസ്വസ്ഥത തോന്നിയ അദ്ദേഹത്തെ വേദിയിൽ തന്നെ കിടത്തി. വൈദ്യസഹായം ലഭിക്കും മുൻപു മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി. വേദിയിലുണ്ടായിരുന്ന ഫൊട്ടോഗ്രഫർ പുനലൂർ രാജൻ അതൊക്കെ ചിത്രത്തിലാക്കി.
എം.എൻ. വിജയൻ തൃശൂർ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തുമ്പോഴാണു മരിക്കുന്നത്. ഒട്ടേറെ ഫൊട്ടോ ഗ്രഫർമാർ അവിടെയുണ്ടായിരുന്നതിനാൽ അവരെല്ലാം അതു ചിത്രത്തിലാക്കി. അവസാനത്തേത് എന്നു കേൾക്കുമ്പോൾ നമുക്ക് എന്തെല്ലാം ഓർമ വരും? രാത്രിയിൽ പടിപ്പുര അടയ്ക്കുന്നതിനു മുൻപ് ‘അത്താഴപ്പട്ടിണിക്കാർ ആരെങ്കിലുമുണ്ടോ?’ എന്നു വിളിച്ചു ചോദിക്കുന്ന നമ്പൂതിരി മനകൾ. മുങ്ങുന്ന കപ്പലിലെ അവസാന യാത്രക്കാരനെയും രക്ഷിച്ചാലും കരയ്ക്കു പോകാതെ തന്റെ കപ്പലിനൊപ്പം കടലിൽ മുങ്ങുന്ന കപ്പിത്താന്മാർ. 1985ൽ പൊളിച്ചുവിറ്റ ദേശമംഗലം മനയിൽ നിന്ന് ഇതുപോലൊരു കഥ കേട്ടിട്ടുണ്ട്.
വിലമതിക്കാൻ കഴിയാത്ത മന വിറ്റു വില കുടുംബാംഗങ്ങൾ വീതിച്ചെടുക്കുമ്പോഴും മന വിടാൻ തയാറായില്ല വിഷ്ണുദത്ത അന്തർജനം. എൺപത്തഞ്ചു വയസ്സുള്ള മുത്തശ്ശി നിർബന്ധം പിടിച്ചപ്പോൾ വളപ്പിന്റെ മൂലയിൽ അവർക്കു താമസിക്കാനായി മാത്രം ഒരു അറ പൊളിക്കാതെ നിലനിർത്തി. മുത്തശ്ശി പിന്നെ ഏറെനാൾ ജീവിച്ചില്ല. കോഴിക്കോട് വലിയങ്ങാടിയിൽ നമ്പൂതിരിമാരുടെ ആദ്യത്തെ അരി പാണ്ടികശാലയും മനയിൽ മംഗളോദയം പ്രസ്സും മാസികയും ആരംഭിച്ച ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ഭാര്യയായിരുന്നു വിഷ്ണുദത്ത അന്തർജനം.
ഗസൽ ചക്രവർത്തി മെഹ്ദി ഹസന്റെ അവസാനത്തെ സ്റ്റേജ് പരിപാടി നടന്നതു കോഴിക്കോട് ടഗോർ സെന്റിനറി ഹാളിലായിരുന്നു. പരിപാടിക്കൊടുവിൽ പരസഹായത്തോടെ മെഹ്ദി എഴുന്നേറ്റപ്പോൾ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞ സദസ്സും ഒപ്പം എഴുന്നേറ്റു നിന്നു. യാത്ര പറയാൻ വാക്കുകൾ പരതിയ ഗായകനു നേർക്കു കൈകൾ നീട്ടി സദസ്സ് ഒന്നടങ്കം വിളിച്ചുപറഞ്ഞു: മെഹ്ദി സാബ് പോകരുതേ, ഇനിയും പാടണം; കേട്ടു മതിവന്നിട്ടില്ല ഞങ്ങൾക്ക്.
വേദിയുടെ പിന്നാമ്പുറത്തു വന്നു തന്നെ കണ്ടവരോട് അദ്ദേഹം പറഞ്ഞു: ലോകത്തിന്റെ മുക്കിലും മൂലയിലും പരിപാടികൾ അവതരിപ്പിച്ചവനാണു ഞാൻ. പക്ഷേ, ഇത്തരമൊരനുഭവം ഇതാദ്യം. സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്നു വീണ്ടും പാടാൻ ആവശ്യപ്പെടുക. അവർക്കു മുന്നിൽ നിസ്സഹായനായി നിൽക്കേണ്ടി വരിക. ഈ വൃദ്ധൻ ഇത്രയൊക്കെ സ്നേഹം അർഹിക്കുന്നുണ്ടോ? തലച്ചോറിലുണ്ടായ പക്ഷാഘാതം കാരണം അദ്ദേഹത്തിനു പിന്നീടു സ്റ്റേജ് പരിപാടി നടത്താൻ കഴിഞ്ഞില്ല.
അലമ്പു പരിപാടികൾ കൊണ്ടു കൊച്ചിയിലെ അനേകം വേദികളെ വിറപ്പിച്ച പടിയൻ എന്ന അഷ്റഫ് പടിയത്തിന്റെ അവസാനത്തെ ആഗ്രഹം സ്വന്തം മൃതദേഹം മെഡിക്കൽ കോളജിൽ പഠനത്തിനു കൊടുക്ക ണമെന്നതായിരുന്നു. മരണക്കുറിപ്പ് എഴുതി വച്ചശേഷം കൊടുങ്ങല്ലൂർ ബാർ അസോസിയേഷൻ ഹാളിലാണ് പടിയൻ ആത്മഹത്യ ചെയ്തത്. പോസ്റ്റ്മോർട്ടം ചെയ്യുന്ന മൃതദേഹങ്ങൾ സ്വീകരിക്കില്ലെന്നു മെഡിക്കൽ കോളജ് അറിയിച്ചതിനാൽ, ‘താനൊരു ഭൗതികവാദിയാകയാൽ പള്ളിയിൽ അടക്കം ചെയ്യേണ്ട’ എന്നു കുറിപ്പു വച്ചിരുന്നിട്ടും വേണ്ടപ്പെട്ടവരുടെ അഭിപ്രായമനുസരിച്ച് എറിയാട് പള്ളിയിൽ അടക്കുകയായിരുന്നു.
വൈകി മാത്രം മുപ്പത്തിനാലാം വയസ്സിൽ എഴുതിത്തുടങ്ങിയ കാരൂർ നീലകണ്ഠപ്പിള്ള മരണത്തിന്റെ തലേന്നും കഥയെഴുതി. പൂർത്തിയായില്ലെന്നു മാത്രം. അവസാന വാചകവും പകുതി വരെയേ എഴുതിയുള്ളൂ. എന്റെ കാലശേഷം... എന്നായിരുന്നു എഴുതി നിർത്തിയിരുന്നത്. ലോകത്തിൽ ഏറെ ആരാധകരുണ്ടായിരുന്ന ചെഗുവേരയുടെ അവസാന വാക്കുകൾ ഇതായിരുന്നു: ‘വീണ്ടും വിവാഹം കഴിച്ചു സന്തോഷവതിയായി കഴിയാൻ ശ്രമിക്കണമെന്ന് എന്റെ ഭാര്യയോടു പറയുക.’
English Summary : The End