തിരുവിതാംകൂറിൽ ആദ്യത്തെ കൃഷി മാസിക ഡോ. എൻ. കുഞ്ഞൻ പിള്ളയുടെ പത്രാധിപത്യത്തിലുള്ള തായിരുന്നു. പേരും കൃഷി മാസിക എന്നുതന്നെ. അതിനുശേഷം കൃഷി മാസികകൾ ഏറെയുണ്ടായി കേരളത്തിൽ. പക്ഷേ കൃഷിയോടുള്ള ആഭിമുഖ്യം വീട്ടമ്മമാരിലേക്കു വ്യാപകമായി എത്തിച്ചത് കൃഷിമാസികകളല്ല, മനോരമ ആഴ്ചപ്പതിപ്പാണ്.
മുല്ലക്കര രത്നാകരൻ കൃഷി മന്ത്രിയായിരിക്കുമ്പോൾ ആഴ്ചപ്പതിപ്പിന്റെ ഇപ്പോഴത്തെ എഡിറ്റർ ഇൻ ചാർജ് അതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു നിർദേശം മുന്നോട്ടുവച്ചു: ആഴ്ചപതിപ്പിൽ വിത്ത് പാക്കറ്റുകൾ ഒട്ടിച്ച് വിത്ത് വീടുകളിലെത്തിച്ച് പച്ചക്കറിത്തോട്ടങ്ങളുണ്ടാക്കാൻ പ്രേരിപ്പിക്കുക. ആ പദ്ധതി വലിയ വിജയമായതിനാൽ പിന്നീടുള്ള ഗവൺമെന്റുകളും മനോരമ ആഴ്ചപ്പതിപ്പുമുഖേന വിത്തുവിതരണം തുടർന്നു. ഇപ്പോഴിതാ ഈ ലക്കത്തിലും. അതിനാൽ കാർഷിക കഥകളാവട്ടെ ഈ ആഴ്ച.
ഏറെ വർഷങ്ങളായി ജർമനി ഭരിക്കുന്ന അംഗല മെർക്കൽ തന്നെയാണ് അടുക്കളത്തോട്ടം പരിപാലിക്കുന്നത് എന്ന് ഈയിടെ വായിച്ചു. കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നതും ഇവർ തന്നെ. തിരു–കൊച്ചിയിൽ മുഖ്യമന്ത്രിയായിരുന്ന കാലത്തും സി. കേശവൻ പറമ്പിൽ കിളയ്ക്കുകയും മറ്റും ചെയ്യുമായിരുന്നു. അതിനിടയ്ക്കു മുഖ്യമന്ത്രിയെ കാണാൻ വരുന്നവരെ അകത്തുപോയി മേൽ കഴുകി വേഷം മാറി വന്നു കണ്ടിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായിരുന്നപ്പോൾ ആർ. ശങ്കർ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ പറമ്പിൽ വാഴയും പച്ചക്കറിയും കൃഷി ചെയ്യുക മാത്രമല്ല, മത്സ്യം വളർത്തുകയും ചെയ്തിരുന്നു. ചെമ്പഴന്തിയിൽ ശ്രീനാരായണ ഗുരുവിന്റെ പേരിൽ ശങ്കർ അനുവദിച്ച കോളജിന്റെ കാര്യം സംസാരിക്കാൻ പ്രാദേശിക സമിതി നേതാക്കൾ ചെല്ലുമ്പോൾ മുഖ്യമന്ത്രി പറമ്പിൽ കിളയ്ക്കുകയായിരുന്നു.
നടൻ സലിംകുമാറിന്റെ അനുഭവം കൂടി കേട്ടോളൂ: മാല്യങ്കര എസ് എൻ എം കോളജിൽനിന്ന് പ്രീഡിഗ്രി പാസായപ്പോൾ സലിം കുമാർ നിശ്ചയിച്ചു, കലാരംഗത്തു രക്ഷപ്പെടണമെങ്കിൽ എങ്ങനെയും കൊച്ചി മഹാരാജാസ് കോളജിൽ ചേരണം. പക്ഷേ മാർക്കില്ല. പ്രിൻസിപ്പൽ ഭരതനെ കണ്ട് മിമിക്രി കലാകാരനാ ണെന്നു പറഞ്ഞാൽ പ്രവേശനം കിട്ടിയേക്കുമെന്നു കരുതി ഒരു സൈക്കിൾ വാടകയ്ക്കെടുത്ത് പറവൂർക്കു വച്ചുപിടിച്ചു. ഭരതൻ മാഷുടെ വീട്ടുമുറ്റത്ത് തെങ്ങിനു തടമെടുക്കുന്നയാളോടു ഭരതൻ മാഷെ കാണണമെന്നു പറഞ്ഞു.
വീട്ടിലേക്കു കയറിയ തടംവെട്ടുകാരൻ അൽപംകഴിഞ്ഞ് ഇറങ്ങിവന്ന് താനാണ് ഭരതൻ എന്നു പറഞ്ഞു.
അദ്ദേഹം അഡ്മിഷൻ തരപ്പെടുത്തി. പശു വളർത്തൽ നമ്മുടെ മന്ത്രിമാരുടെയൊക്കെ ഒരു കൃഷിയായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോൾ സി. കേശവൻ ക്ലിഫ് ഹൗസിൽ പശുവിനെ വളർത്തിയിരുന്നു. തനിക്കു നിർണാ യകമായ ഒരു പൊതുതിരഞ്ഞെടുപ്പിൽ മകൻ കെ. ബാലകൃഷ്ണൻ മണ്ഡലത്തിൽ വന്നു തനിക്കെതിരെ പ്രസംഗിച്ചതിനെപ്പറ്റി കേശവൻ പിന്നീട് ദുഃഖത്തോടെ പറഞ്ഞ ഒരു വാചകം കേരളം ഓർത്തുവച്ചിട്ടുണ്ട്: ക്ലിഫ് ഹൗസിൽനിന്നു ഞാൻ കൊടുത്തയയ്ക്കുന്ന പാലും തൈരും കഴിച്ചിട്ടാണ് അവൻ ഈ പ്രസംഗം ചെയ്യുന്നത്.
‘ആ തിരഞ്ഞെടുപ്പിൽ വെണ്ടർ കൃഷ്ണപിള്ളയ്ക്കെതിരെ 774 വോട്ടിന് കേശവൻ ജയിച്ചു. കെ. ബാലകൃഷ്ണൻ പിന്തുണച്ച ആർഎസ്പി സ്ഥാനാർഥി മുഖത്തല രാഘവൻ പിള്ള എന്ന കെ. വി. രാഘവൻപിള്ള മൂന്നാം സ്ഥാനത്തായിരുന്നു.
ഇരുപത്തയ്യായിരം പറ നെല്ലു വിളയുന്ന നിലങ്ങൾക്കും മൂന്നു കെട്ടുവള്ളങ്ങൾക്കും അവകാശിയായി എണ്ണയ്ക്കാട്ടു രാജാവിന്റെ മകനായി കൊട്ടാരത്തിലാണു ജനിച്ചതെങ്കിലും ആർ. ശങ്കരനാരായണൻ തമ്പി കൃഷികാര്യങ്ങളിൽ ഒരു കൂലിപ്പണിക്കാരന്റെ പണി ചെയ്യുമായിരുന്നു.
കേരള നിയമസഭാ സ്പീക്കറായിരുന്നപ്പൊഴും പശുവിനെ കെട്ടാനുള്ള കയർ പിരിക്കുകയെന്ന അതീവ ശ്രമകരമായ ജോലി അദ്ദേഹം തനിയെ ചെയ്യുമായിരുന്നു. കരുപ്പെട്ടിക്കയർ നാലിഴ കൂട്ടി പിരിച്ച്, വടംപോലെ ഒരു കയർ. ചാണകത്തൊഴുത്തു കഴുകുന്നതും പശുക്കൾക്കു കാടി കൊടുക്കുന്നതുമൊക്കെ തമ്പിയായിരുന്നു. സ്പീക്കറെന്ന നിലയിൽ താമസിച്ചിരുന്ന വഴുതക്കാട്ടെ റോസ് ഹൗസിൽ നാലഞ്ചു പശുക്കളെ അദ്ദേഹം വളർത്തിയിരുന്നു.
വീട്ടാവശ്യം കഴിഞ്ഞ് മിച്ചം വരുന്ന പാൽ തൈരാക്കി അതിൽനിന്ന് നെയ്യ് എടുത്തു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൊടുക്കുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തി. യാത്രകളിൽ വഴിയിൽ കാണുന്ന ചങ്ങാതിമാരെപ്പോലും പിടിച്ചുനിർത്തി കുപ്പി നെയ്യ് പിടിപ്പിക്കുമായിരുന്നു. ചുറ്റുപാടുമുള്ള വീടുകളിൽ പാലും മോരും തൈരും അദ്ദേഹം സന്തോഷത്തോടെ കൊടുക്കുമായിരുന്നു. ചിലരൊക്കെ അതിന്റെ വില തമ്പി അറിയാതെ ഭാര്യ തങ്കമ്മയെ ഏൽപിക്കുമായിരുന്നു.
പൊതുചടങ്ങുകൾക്കു പോയിവരുമ്പോൾ പലപ്പോഴും കൈയിൽ ഒരു പൊതിയുണ്ടാവും: പഴത്തൊലികൾ!
മുൻ സ്പീക്കർ പുല്ലിൻകെട്ട് തലയിൽ വച്ചുകൊണ്ട് വാടകവീട്ടിലേക്കു പോകുന്നതും നാട്ടുകാർക്കു പതിവു കാഴ്ചയായിരുന്നു.
കറക്കുന്ന പശുവിനെയും കിടാവിനെയും വിവാഹസമ്മാനമായി ലഭിച്ച ഒരു നേതാവുണ്ട്. പത്തനംതിട്ട ജില്ലയിലെ ഒരു മാർത്തോമ്മാ പള്ളിയിൽ വിവാഹിതരായ ബേബി ജോണും അന്നമ്മയും ചവറയിലെ ത്തിയപ്പോൾ തൊഴിലാളികൾ നൽകിയ സ്നേഹസമ്മാനം പശുവും കിടാവുമായിരുന്നു. ആർഎസ്പിയുടെ മറ്റൊരു പ്രമുഖ മന്ത്രിയായിരുന്ന ടി. കെ. ദിവാകരന്റെ ഔദ്യോഗിക വസതിയിലും പശു ഉണ്ടായിരുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന കൃഷി മന്ത്രി കെ. പി. മോഹനൻ നാലു പശുക്കളുമായാണ് ഔദ്യോഗിക വസതിയായ ‘സാനഡു’വിലെത്തിയത്. അവിടത്തെ ഒരേക്കർ ഭൂമിയിൽ പച്ചക്കറി കൃഷി മാത്രമല്ല, കോഴിവളർത്തലും ആരംഭിച്ചു.
പാൽ തരുന്ന രണ്ടു മൃഗങ്ങളുമായാണ് വി. എസ്. അച്യുതാനന്ദനും ഔദ്യോഗിക വസതിയുടെ പടികയറിയത്. പക്ഷേ പശുക്കളല്ല, ആടുകളായിരുന്നു.മന്ത്രിമന്ദിരങ്ങളിലെ പാൽകൃഷിയെപ്പറ്റി പറയുമ്പോൾ ആദ്യം ഓർക്കേണ്ടത് പി. ജെ. ജോസഫിനെയാണ്. തൊടുപുഴ പുറപ്പുഴയിലെ വീട്ടിൽ എഴുപതോളം പശുക്കളെ വളർത്താറുള്ള ജോസഫ് ആറുതവണ അധികാരമേറ്റപ്പോഴും മന്ത്രിമന്ദിരങ്ങൾ അലോട്ട് ചെയ്യുമ്പോൾ ആദ്യം അന്വേഷിക്കുക കന്നുകാലിപ്പുര ഉണ്ടോ എന്നാണ്. ഇല്ലെങ്കിൽ പണിയിപ്പിക്കും. മിനിമം രണ്ടുപശുക്കളുണ്ടാവും ഔദ്യോഗിക വസതിയിൽ.
ഒരിക്കൽ പുറപ്പുഴയിലെ കന്നുകാലിപ്പുര കണ്ട മുഖ്യമന്ത്രി ഇ.കെ. നായനാർക്കൊരു മോഹം. ‘‘ജോസഫേ, വളർത്താനൊരു നല്ല പശു വേണം.’’ ജോസഫ് നല്ലൊരു പശുവിനെ തിരുവനന്തപുരത്ത് എത്തിച്ചുകൊടുത്തു.
ജോസഫിന് അതൊരു സ്വൈരക്കേടായി. പിന്നീട് പശുവിന് എന്ത് ചെറിയ അസുഖമുണ്ടായാലും മുഖ്യമന്ത്രി തിരുവനന്തപുരത്തെ വെറ്ററിനറി ഡോക്ടറെയല്ല, ജോസഫിനെയാണു വിളിക്കുക. അധികാരമൊഴിഞ്ഞപ്പോൾ നായനാരുടെ വിളിയെത്തി: ‘‘കുടുംബം കല്യാശ്ശേരിക്കു പോകുവാ. പശുവിനെ കൊണ്ടുപൊയ്ക്കോ.’’ അതോടെ, പശുവിനെ കടം കൊടുക്കുന്നയാൾ എന്ന പേരുകൂടി ജോസഫിനു സ്വന്തമായി.
English Summary : Agriculture Stories