സിനിമാ നിർമാതാവും സംവിധായകനും പല അലമ്പു കക്ഷിക ളുടെയും രക്ഷിതാവുമായിരുന്ന പവിത്രന്റെ പെണ്ണുകാണലി നെപ്പറ്റി നടൻ വി.കെ. ശ്രീരാമൻ എഴുതിയിട്ടുണ്ട്. കടുംചുവപ്പിൽ മഞ്ഞ പൂക്കളുള്ള ഉടുപ്പും, ‘വശപ്പിശകൂതാടിമീശാദികളു’മായി പവിയുടെ വരവുകണ്ടു പെൺവീട്ടിലെ തറവാടികളായ കാരണവന്മാർ ഞെട്ടി. എല്ലാ കണ്ണുകളും തന്റെ മേലാണെന്നു കണ്ടപ്പോൾ പവിക്ക് ഒരു പരവേശം. സാധാരണ നിലയിലെ ത്തുവാൻ വേണ്ടി അടുത്തിരുന്നയാളോട് ഒരു ബീഡി ചോദിച്ചു വാങ്ങി. അവിടിരുന്നുതന്നെ വലിച്ചു. പെണ്ണുകാണലൊക്കെ നടന്നെങ്കിലും ആ കല്യാണം മാറിപ്പോയി: പവിത്രൻ ബീഡി ചോദിച്ചതു പെണ്ണിന്റെ വല്യപ്പനോടായിരുന്നു!
വേറൊരു പെണ്ണുകാണലിനിടയിൽ ഇതേപോലൊരു പരിഭ്രമം. അവിടിരുന്ന് അസ്സലായിട്ടൊന്നു മുറുക്കി. അതിന്റെ പേരിലല്ല ആ കല്യാണാലോചന പൊളിഞ്ഞത്. മുറുക്കി ഇറയത്തും മുറ്റത്തുമൊക്കെ നിരത്തിത്തുപ്പി നാനാവിധമാക്കിയതിന്റെ പേരിലാണ്. പിന്നീട്, വിജയകരമായി ഒരു പെണ്ണുകാണൽ നടന്നു. പെൺവീട്ടുകാർ തിരിച്ചു ചെറുക്കൻവീട്ടുകാരെ കാണാനെത്തി. വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ അതിലൊരു കാരണവർ പുറത്തേക്കിറങ്ങി. പരിസരമൊക്കെ കണ്ടു ചുറ്റിക്കറങ്ങുമ്പോഴതാ മുകളിലത്തെ മുറിയുടെ ജനാലയിലൂടെ ഒരു ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പ് കുഴൽപോലെ നീണ്ടുവരുന്നു. താടിയും മുടിയും വളർത്തിയ ഒരു ആൾരൂപം ആ ചുരുളിന്റെ പിന്നിൽനിന്ന് ‘ഹായ്’ പറയുന്നു. അതിനിടെ കക്ഷി മാതൃഭൂമിക്കുഴലിലൂടെ മൂത്രമൊഴിക്കുകയാണ്.
വീട്ടിലെ പ്രാന്തനും അവന്റെ കോപ്രായങ്ങളും കാരണം ആ കല്യാണവും മുടങ്ങി. തലേന്നു രാത്രി വന്ന ജോൺ ഏബ്രഹാം രാവിലെ ഉണർന്ന് എളുപ്പത്തിൽ കാര്യം സാധിച്ചതായിരുന്നു അത്! പെണ്ണുകാണലിനു ചെന്നിട്ടു ചെറുക്കൻ പെണ്ണിന്റെയോ പെണ്ണ് ചെറുക്കന്റെയോ മുഖംപോലും ശരിക്കു കാണാത്ത സംഭവങ്ങളുമുണ്ട്. കടമ്മനിട്ടയ്ക്കു വേണ്ടി ശാന്തയെ പെണ്ണുകാണാൻ കവിയുടെ അമ്മയും സഹോദരനു മാണു വള്ളിക്കോട്ട് എത്തിയത്. കടമ്മനിട്ടയിൽനിന്ന് ഒൻപതു കിലോമീറ്റർ നടന്നായിരുന്നു വരവ്. ഒരു മാസം കഴിഞ്ഞു പെണ്ണുകാണലിനു കടമ്മനിട്ട എത്തിയതു കാറിലാണ്.
അന്നു നാട്ടിൽ കാർ അപൂർവമായിരുന്നതിനാൽ അയൽക്കാരൊക്കെ അതിശയത്തോടെ നോക്കിയെന്നു ശാന്ത ഓർക്കുന്നു. ആരോ വന്നു ശാന്തയോട് അടക്കംപറഞ്ഞു: ‘‘ആ മീശക്കാരനാണു പയ്യൻ.’’
‘‘പക്ഷേ, ചായയുമായി ചെല്ലുമ്പോൾ വിറയൽകാരണം മീശക്കാരൻ എന്റെ ശ്രദ്ധയിൽപെട്ടില്ല. ചെറുക്കനും പെണ്ണും തമ്മിൽ ഉരിയാടാതെതന്നെ പെണ്ണുകാണൽ നടന്നു. മുണ്ടും അരക്കയ്യൻ സ്ലാക്ക് ഷർട്ടും കൊമ്പൻ മീശയും ചുരുണ്ടുനീണ്ട മുടിയുമുള്ളയാളാണു പയ്യനെന്നു പിന്നെയാണറിഞ്ഞത്. മുഖം ശരിക്കും കണ്ടില്ല’’– ശാന്ത പറയുന്നു.
ഇതുപോലൊന്നു ജീവിതത്തിൽ ഒരുതവണ മാത്രം പെണ്ണുകാണാൻ പോയിട്ടുള്ള എം.എൻ. കാരശ്ശേരിക്കും പറ്റിയിട്ടുണ്ട്. ഇരുപത്തേഴു വയസ്സിൽ നോമ്പുകാലത്തായിരുന്നു അത്. തലശ്ശേരി പോസ്റ്റ് ഓഫിസിലെ റജിസ്ട്രേഷൻ കൗണ്ടറിലാണു പെണ്ണിനു ജോലി. അവിടെച്ചെന്നു ഖദീജയെ കണ്ടുപിടിച്ച് എന്റെ സുഹൃത്താണെന്നു പറയുകയും ഖദീജയുടെ അമ്മാവൻ മമ്മുവിന്റെ ഫോൺ നമ്പർ വാങ്ങിക്കുകയും ചെയ്യണമെന്നാണു സുഹൃത്ത് ഉസ്മാൻക്ക പറഞ്ഞിട്ടുള്ളത്.
‘‘റജിസ്ട്രേഷൻ കൗണ്ടറിൽ പച്ചസാരിയാണ് ആദ്യം കണ്ടത്. പിന്നെ ചെമ്പൻനിറം കലർന്ന തലമുടി. വെളുത്ത കൈ. ആരാണു ഖദീജയെന്നു ചോദിച്ചപ്പോൾ പൂച്ചക്കണ്ണുകൾ എന്റെ നേർക്കുയർന്നു. സാരിയും കൈയും വാച്ചും കൺപുരികവും ഒക്കെ കാണാം. ഇതിനകത്ത് എവിടെയാണ് ആ പെൺകിടാവ്? ആളെക്കണ്ടില്ലെന്നു ചുരുക്കം. അഡ്രസും ഫോൺ നമ്പരും എഴുതിവാങ്ങി ഞാൻ ആ തീയിൽനിന്നു പുറത്തുകടന്നു.’’
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഇതുപോലെ അറിയിക്കാതെ പെണ്ണുകാണാൻ ചെന്നപ്പോൾ ജയരാജനെ കാണാൻ പറ്റിയില്ലെന്ന പരാതിയാണു ഭാര്യ ലീനയ്ക്കുള്ളത്. ‘‘ജില്ലാ ബാങ്കിന്റെ കൂത്തുപറമ്പ് ശാഖയിൽ ഒരു ദിവസം മൂന്നുപേർ എന്നെ കാണാനെത്തി. പ്രകാശൻ മാഷും ടി.പി.രവിയുമാ യിരുന്നു ഒപ്പം വന്നത്. കെ.സി. മാധവൻ മാഷിനെ അറിയുമോ എന്നൊക്കെ ചോദിച്ചു. അവർ പോയപ്പോഴാ ണു ബാങ്കിലെ സഹപ്രവർത്തകർ പറഞ്ഞത്, ജയരാജൻ പെണ്ണുകാണാൻ വന്നതായിരുന്നുവെന്ന്. ഞാൻ ഓനെ ശരിക്കു നോക്കിയിട്ടുപോലുമില്ലായിരുന്നു അന്ന്’’–ലീന പറയുന്നു.
ആലുവ മണപ്പുറത്തുവച്ചു കണ്ടുമുട്ടുന്നതുപോലെയല്ല തലശ്ശേരി ജഗന്നാഥ ക്ഷേത്ര ഉൽസവത്തിൽവച്ചു കണ്ടുമുട്ടുന്നത്. എസ്.കെ. പൊറ്റെക്കാട്ടും ജയയും തമ്മിൽ കണ്ടുമുട്ടുന്നത് ഈ ഉൽസവത്തിൽ വച്ചാണെന്നു മകൾ സുമിത്ര ജയപ്രകാശ് പറഞ്ഞിട്ടുണ്ട്. ‘‘സിങ്കപ്പൂരിലേക്കു കുടിയേറിയ കുടുംബമായിരുന്നു അമ്മയുടേത്. അമ്മ ചികിൽസയ്ക്കു വേണ്ടി നാട്ടിൽ വന്നതായിരുന്നു. സംഘത്തിലെ കുട്ടികളിലൊരാളുടെ കൈയിൽനിന്നു പിടിവിട്ടുപോയ ബലൂൺ അന്വേഷിച്ചു പുറപ്പെട്ട അമ്മ എത്തിപ്പെട്ടത് അച്ഛന്റെയും കൂട്ടുകാരുടെയും മുറിയിലാണ്. ഉൽസവപ്പറമ്പിലെ ആദ്യ കാഴ്ചയിൽതന്നെ തന്റെ ഭാവിവധു ഇതായിരിക്കുമെന്നു തീരുമാനിച്ചതായി അച്ഛൻ പറഞ്ഞിട്ടുണ്ട്.’’
പുരുഷനു പെണ്ണുകാണാൻ പെണ്ണു പോയ കഥ ആനി തയ്യിൽ പറഞ്ഞിട്ടുണ്ട്. തൃശ്ശിനാപ്പള്ളിയിൽ ഇന്റർ മീഡിയറ്റിനു പഠിക്കുമ്പോൾ ആനിയുടെ ഫിസിക്സ് അധ്യാപകനായിരുന്നു പി.ആർ. പിഷാരടി. തൃശൂരിൽ നിന്നു വിവാഹം കഴിച്ച അദ്ദേഹം ആ ആലോചന വന്നപ്പോൾ പെണ്ണുകാണാൻ പിഷാരടി അയച്ചതു പ്രിയ ശിഷ്യ ആനിയെയാണ്.
നവോദയ അപ്പച്ചനും നേരിട്ടുപോയി പെണ്ണിനെ കണ്ടിട്ടില്ല. ‘‘കാണണ്ടേയെന്നു ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും എന്നോടു ചോദിച്ചു. നിങ്ങളെല്ലാവരും കണ്ടതല്ലേ, അതു മതി എന്നായിരുന്നു’’ എന്റെ മറുപടി. മനസ്സമ്മതത്തിന്റെ ദിവസമാണു ഞാൻ ബേബിയെ കാണുന്നത്. അന്നും ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല. പിന്നെ വിവാഹശേഷമായിരുന്നു ആദ്യമായി സംസാരിച്ചത്’’–അപ്പച്ചൻ പറയുന്നു.
ഭാര്യയാകാൻ പോകുന്ന സ്ത്രീയെ വേളിക്കു മുൻപു കാണാൻ പണ്ടു നമ്പൂതിരിമാരെ അനുവദിച്ചിരുന്നില്ല. വേളികഴിക്കാൻ പോകുന്ന അന്തർജനത്തിന്റെ സൗന്ദര്യം, പെരുമാറ്റം മുതലായവയെപ്പറ്റിയറിയാൻ ഒരു നായർ സ്ത്രീയെ നിയോഗിക്കാം. ആ സ്ത്രീ നൽകുന്ന എഫ്ഐആർ മാത്രമാണു വരന് ഉണ്ടാവുക.
മറ്റു സമുദായക്കാരെപ്പോലെ വിവാഹദിവസമെങ്കിലും വധുവിനെ കാണാൻ പറ്റില്ല. ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞാണു വധു ചടങ്ങിൽ പങ്കെടുക്കുന്നത്. നാലാം ദിവസം നടക്കുന്ന അവസാന വൈദിക ചടങ്ങിന്റെ (സേകം) സമയത്തു മാത്രമേ വരനു വധുവിനെ കാണാനൊക്കൂ.
English Summary : Bride Seeing Ceremony