ആരെയും നേരിട്ടു ക്ഷണിക്കാതെ, ക്ഷണം ഒരു പത്രപ്പരസ്യത്തിൽ ഒതുക്കിയ ആദ്യത്തെ കേരള രാഷ്ട്രീയ നേതാവ് എൻ. ശ്രീകണ്ഠൻ നായർ ആയിരുന്നെന്നു തോന്നുന്നു. ഇത്തരം പരസ്യത്തിന്റെ പേരിൽ കേരളമാകെ ഒടുവിൽ ശ്രദ്ധിച്ച യുവനേതാവ് ഉമ്മൻ ചാണ്ടിയും.
ഇതിനുശേഷവും ചില യുവനേതാക്കൾ പരസ്യം ചെയ്തില്ലെന്നല്ല. ചില മുതിർന്ന നേതാക്കൾ അവരുടെ മക്കളുടെ വിവാഹങ്ങൾ പരസ്യം ചെയ്തു. പക്ഷേ അതൊക്കെ പാർട്ടി പത്രങ്ങളിൽ ഒതുങ്ങി.
നേരിട്ട് ആരെയും ക്ഷണിച്ചില്ലെങ്കിലും കൊല്ലത്തെയും ചവറയിലെയും ഒട്ടേറെ തൊഴിലാളികളും മുഴുവൻ മുന്നണി പ്രവർത്തകരും ശ്രീകണ്ഠൻ നായരുടെ കല്യാണത്തിന് വരന്റെ വീട്ടിലെത്തി. 1948 ജൂണിൽ ആ ദിവസത്തെ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം അവരിൽ പലരും രാത്രി 11 ന് വധൂഗൃഹത്തിൽ നടക്കുന്ന കല്യാണത്തിനു ചെന്നില്ല; വധു മഹേശ്വരിയമ്മയുടെ സഹോദരൻ കെ. കെ. കുമാരപിള്ള എംഎൽഎ ഒട്ടേറെ വള്ളങ്ങൾ ഏർപ്പാടു ചെയ്തിരുന്നെങ്കിലും.
രാത്രി രണ്ടു മണിക്ക് വധൂവരന്മാർ അമ്പലപ്പുഴയിൽ വരന്റെ വീട്ടിലെത്തുമ്പോൾ ചാവടിമുറ്റത്തും അകത്തളത്തിലും സഖാക്കൾ മത്തി അടുക്കിയതുപോലെ കിടന്നുറങ്ങുന്നുണ്ടായിരുന്നു. എന്നാൽ പോയി കിടക്കാമെന്നു വിചാരിച്ച് ദമ്പതികൾ ചെന്നുനോക്കുമ്പോൾ അവരുടെ കട്ടിലിൽ നാലഞ്ചു സഖാക്കൾ കുറുകെ കിടന്നുറങ്ങുന്നു. ഒടുവിൽ നെല്ലുകുത്തു ചായ്പിൽ ആർക്കും വേണ്ടാതെ കിടന്നിരുന്ന ഒരു ബെഞ്ചെടുത്തു പൊടി തുടച്ച് അമ്മയുടെ അസ്ഥിത്തറയ്ക്കു സമീപത്തിട്ട് അമ്മയുടെ കഥകൾ പറഞ്ഞ് നേരം വെളുപ്പിച്ചു ദമ്പതികൾ.
കല്യാണം നിശ്ചയിച്ചപ്പൊഴേ ഉമ്മൻചാണ്ടി ഒരു വ്യവസ്ഥ വച്ചിരുന്നു: ആരെയും വീട്ടിൽ പോയി വിളിക്കരുത്. വിവാഹക്ഷണക്കത്ത് അച്ചടിപ്പിച്ചുമില്ല. അങ്ങനെ കുഞ്ഞൂഞ്ഞിന്റെ വിവാഹക്ഷണക്കത്ത് ഒരു പരസ്യമായി പത്രങ്ങളിൽ കൊടുക്കുകയായിരുന്നു.
പാമ്പാടി ദയറയിലായിരുന്നു, ഉമ്മൻ ചാണ്ടിയുടെയും മറിയാമ്മയുടെയും വിവാഹം. കല്യാണത്തിനെത്തി യവർക്ക് നാരങ്ങാവെള്ളവും കേക്കും കൊടുത്തു. അതുതന്നെ കല്യാണത്തിന്റെ കാർമികനായിരുന്ന പാറേട്ട് തിരുമേനിയുടെ നിർബന്ധംമൂലം.
എന്നാൽ ഉമ്മൻചാണ്ടിയുടെ രണ്ടു പെൺമക്കളുടെയും വിവാഹത്തിന് എല്ലാവർക്കും ഭക്ഷണം കിട്ടി; വരന്റെ വീട്ടുകാരാണ് ഭക്ഷണം ഏർപ്പെടുത്തിയതെന്നതിനാൽ.
പത്രാധിപരും ഇടുക്കി എംപിയുമായിരുന്ന പാലാ കെ.എം. മാത്യു പതിവുള്ള ഖദർഷർട്ടും മുണ്ടും ധരിച്ച് പതിവുപോലെ നടന്നാണ് മുക്കാൽ കിലോമീറ്റർ ദൂരെയുള്ള പള്ളിയിലേക്കു വിവാഹത്തിനു പോയത്. വിവാഹം കഴിഞ്ഞാൽ വീട്ടിലേക്കുള്ള യാത്ര വധു മേരിയമ്മയെ കൊണ്ടുവന്ന കാറിലാക്കാൻ വലിയ നിർബന്ധമുണ്ടായി. പാലാ കെ.എം. മാത്യുവിലെ യുവ ആദർശവാദി അതിനും സമ്മതിച്ചില്ല. വിവാഹവസ്ത്ര ങ്ങളെല്ലാമണിഞ്ഞ് മേരിയമ്മയ്ക്കും കൂടെ നടക്കേണ്ടിവന്നു.
അന്നു ബെഞ്ചും ഡസ്കും അതിവിരളമായിരുന്നു. തറയിൽ മടക്കിയിട്ട പായിൽ ചമ്രം പടിഞ്ഞ് കാലുകൾ പിറകോട്ടു മടക്കിയിരുന്നുവേണം മുൻപിലത്തെ ഇലയിൽനിന്ന് ഊണു കഴിക്കാൻ. പള്ളിയിൽനിന്നുള്ള നടത്തവും ഈ ഇരിപ്പും വിരുന്നുകാർക്കു തീരെ ഇഷ്ടപ്പെട്ടില്ലെന്ന് മാത്യു ആത്മകഥയിൽ പറയുന്നു.
ദേഹണ്ഡക്കാരിൽ അന്നു ഷർട്ടിടുന്നവർ തീരെയില്ല. പലരും മുണ്ടു മടക്കിക്കുത്തിക്കൊണ്ടാണ് വിളമ്പിയത്. ഊണുകഴിഞ്ഞ് അതിഥികളിൽ ചിലർ തമ്മിൽ ചെവിയിൽ പറഞ്ഞത് താൻ അറിഞ്ഞുവെന്ന് മാത്യു പറയുന്നു. ‘‘ഏറ്റു പറഞ്ഞ് കുമ്പസാരിക്കേണ്ടിവരും. മടക്കിക്കുത്തി വിളമ്പിയവരുടെ ആ കാണാകാഴ്ച നമ്മുടെ പെണ്ണു ങ്ങളും കാണേണ്ടിവന്നോ ആവോ?’’
മറ്റു ക്രൈസ്തവരുടേതു പോലെ പള്ളിക്കകത്തു വച്ചായിരുന്നില്ല മന്ത്രി ടി.എം. ജേക്കബിന്റെ വിവാഹം. ഉൾപ്രദേശത്തെ വീടിനടുത്തുള്ള പള്ളിയിൽ സ്ഥലസൗകര്യമില്ല. അതുകൊണ്ട് പുറത്തു വച്ച് മിന്നു കെട്ടാൻ സഭ അനുവാദം കൊടുത്തു. കൂത്താട്ടുകുളം ഹൈസ്കൂളിനു പുറത്ത് ഒരു പന്തൽ കെട്ടി. അച്ചൻ വന്ന് അതു വെഞ്ചരിച്ചു. അവിടെവച്ച് ശ്രേഷ്ഠ കാതോലിക്കയുടെ കാർമികത്വത്തിലായിരുന്നു വിവാഹം.
പുത്തൻ മുണ്ടും ഷർട്ടും ധരിച്ച് കല്യാണത്തിനു പോകുന്നത് ബൂർഷ്വ സ്വഭാവമാണെന്ന് അഭിപ്രായമുണ്ടാ യിരുന്നതിനാൽ വെള്ളാപ്പള്ളി നടേശൻ കല്യാണത്തിന് പഴയ ആഷ്കളർ ഷർട്ടും മുണ്ടുമാണ് ധരിച്ചത്.
മുംബൈയിൽ താമസിക്കുന്ന ബ്രാഹ്മണ യുവതി ഗീതയെ കാശിയിൽ വച്ചു കണ്ടുമുട്ടി, കൈയോടെ വിവാഹം കഴിക്കാൻ മുംബൈയിലെത്തിയ രാജൻ കാക്കനാടൻ, എം.പി. നാരായണപിള്ളയുടെ മുണ്ടും ഷർട്ടുമാണ് വിവാഹവസ്ത്രമാക്കിയത്. തനിക്ക് അത് ഓർമയില്ലെന്നും അങ്ങനെയായിരുന്നെങ്കിൽ അതു പഴയതും കീറിയതുമൊക്കെയാവാനേ തരമുള്ളൂവെന്നും പ്രഭാപിള്ള പറയുന്നു.
മകന്റെ വിവാഹത്തിൽ പങ്കെടുക്കാതെ ഒരു ശവസംസ്കാരത്തിനുപോയ കഥയുണ്ട്. ഇഎംഎസിന്. ഇളയ മകൻ ശശിയുടെ വിവാഹത്തിന് കുടുംബാംഗങ്ങളുമൊത്ത് തൃശൂരിലേക്കു കാറിൽ പുറപ്പെട്ട ഇഎംഎസ് കൊച്ചി ദേശാഭിമാനിയിൽ കയറിയപ്പോഴാണ് പി. സുന്ദരയ്യയുടെ മരണ വിവരമറിഞ്ഞത്.
കുറച്ചു സമയം അവിടെ ഇരുന്നിട്ട് തൃശൂർക്കു പുറപ്പെട്ടു. സുന്ദരയ്യയുടെ അന്ത്യചടങ്ങുകളിൽ പങ്കെടുക്കണ മെന്ന് അൽപസമയം കഴിഞ്ഞു തീരുമാനിച്ച ഇഎംഎസ് കാർ കൊച്ചിയിലേക്കു തിരികെവിടാൻ പറഞ്ഞു. തൃശൂരിൽ ബന്ധുക്കളോടും മറ്റും കാര്യം പറഞ്ഞു മനസ്സിലാക്കാൻ കുടുംബാംഗങ്ങളെ ചുമതലപ്പെടുത്തി വിമാനത്തിൽ വിജയവാഡയ്ക്ക്.
എഴുത്തുകാരനും പത്രാധിപരുമായ ഐ.വി. ഭാസിന്റെ മകൻ ഐ.വി. ബാബുവിന്റെ കല്യാണം, താൻ പിന്തുടർന്നുവന്ന തത്വങ്ങൾക്കനുസരിച്ച് അങ്ങേയറ്റം ചെലവു ചുരുക്കിയാണ് ദാസ് നടത്തിയത്. ആ വിവാഹ സൽക്കാരത്തിനിടയ്ക്കാണ് ദാസ് അറിയുന്നത്, ഇഎംഎസിന്റെ മരണം. ദാസ് ഉടനെ തിരുവനന്തപുരത്തേക്കു പുറപ്പെട്ടു.
എൺപത്തിമൂന്നാം വയസ്സിൽ ജീവിതാവസാനം വരെ അവിവാഹിതനായി കഴിഞ്ഞ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം യുവാവായിരുന്നപ്പോൾ നാട്ടിൽ വിവാഹനിശ്ചയത്തിന് തീയതി വരെ കുറിച്ചതാണ്. തിരുവനന്തപുരത്തുനിന്ന് അങ്ങോട്ടു പോകാൻ ടിക്കറ്റ് വരെ എടുത്തിരുന്നതാണെന്ന് ഐഎസ്ആർഒ മേധാവിയായിരുന്ന ജി. മാധവൻ നായർ പറയുന്നു. പക്ഷേ, വിവാഹനിശ്ചയദിവസം സഹപ്രവർത്തകർ നോക്കുമ്പോൾ കലാം അതാ ഓഫിസിലിരിക്കുന്നു!
താൻ പ്രണയബദ്ധനായിട്ടുണ്ടെന്നും നാലു തവണ അതു വിവാഹത്തിനടുത്തുവരെ എത്തിയിരുന്നെന്നും ടാറ്റ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന രത്തൻ ടാറ്റ ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞിരുന്നു. നാലുതവണയും ഒന്നുല്ലെങ്കിൽ മറ്റൊരു പേടികാരണം താൻ പിന്മാറിയതാണെന്നും അദ്ദേഹം പറഞ്ഞു.
താൻ അമേരിക്കയിൽ പ്രവർത്തിച്ചിരുന്ന കാലത്തായിരുന്നു ഒരു കടുത്ത പ്രണയം. ഞങ്ങളന്ന് വിവാഹിതരാ കാഞ്ഞതിന്റെ കാരണം എനിക്ക് ഇന്ത്യയിലേക്കു മടങ്ങേണ്ടി വന്നതാണ്. എന്റെ പ്രണയിനിയും പിന്നീട് ഇന്ത്യയിലേക്കു വരാനിരുന്നതാണ്. അപ്പോഴാണ് ഇന്ത്യാ–ചൈന യുദ്ധമുണ്ടായത്.
ഒരു മഹായുദ്ധമാവുമെന്നു പേടിച്ച് അവർ വരാതിരിക്കുകയാണുണ്ടായത്. പിന്നീട് അവർ അമേരിക്കയിൽ തന്നെ വിവാഹിതയാവുകയും ചെയ്തു.
അവിവാഹിതനായിരുന്ന ആർഎസ്പി നേതാവ് കെ. പങ്കജാക്ഷൻ കുളത്തൂരിലുള്ള ഒരു പെണ്ണിനെ വിവാഹം കഴിച്ചുവെന്ന് ഒരു പത്രത്തിൽ വാർത്ത വന്നു. ആരോ ആ പത്രത്തെ ഏപ്രിൽ ഫൂളാക്കിയതാണ്.
വിവാഹ വാർത്ത വായിച്ച കെ.ആർ. ഗൗരിയമ്മ ആശംസ അറിയിച്ചുകൊണ്ട് ഒരു കമ്പിസന്ദേശമയച്ചു!
English Summary : Wedding Invitation Through News Paper