നന്നേ ചെറുപ്പം മുതൽ തന്നെ നമ്മുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന ഒരു ക്രിസ്മസ്കാല ദൃശ്യമാണ് ‘ക്രിസ്മസ് ഫാദറി’നെയും കൊണ്ടുവരുന്ന റെയിൻഡിയറുകൾ. തണുപ്പുമേഖലകളിൽ കാണുന്ന ഒരുതരം മാനുകളാണിവ. മറ്റു മാനുകളിൽനിന്നു വ്യത്യസ്തമായി പെൺഡിയറുകൾക്കും കൊമ്പുണ്ട്. മഞ്ഞുപാളികളിലൂടെ തെന്നിച്ചുകൊണ്ടു പോകാവുന്ന ഒരുതരം വണ്ടിയിലിരുത്തി ക്രിസ്മസ് ഫാദറിനെ ഈ റെയിൻ ഡിയറുകൾ ഓരോ വീട്ടിലുമെത്തിച്ച് കുട്ടികൾക്കുള്ള സമ്മാനപ്പൊതി വിതരണം ചെയ്യുമെന്ന കഥ കേട്ട് നാമൊക്കെ ചെറുപ്പത്തിൽ എത്രയോ രാത്രികളിൽ ഉറക്കമൊഴിച്ചിട്ടുണ്ട്! ക്രിസ്മസ് ഫാദറിന്റെ റെയിൻ ഡിയറുകളിൽ ആണും പെണ്ണും ഉണ്ട്.
ആൺ റെയിൻഡിയറുകൾക്കു ശൈത്യകാലത്ത് കൊമ്പുണ്ടാവില്ലെന്നതാണ് ശാസ്ത്രസത്യം. പിന്നെ ചൂടുകാലത്ത് അത് വീണ്ടും കിളിച്ചുവരും. പെൺ റെയിൻ ഡിയറുകൾക്കു മാത്രമാണ് ശൈത്യകാലത്ത് കൊമ്പുണ്ടാകുക. അപ്പോൾ ക്രിസ്മസ് കാലത്ത് വണ്ടിയോടിക്കുന്ന റെയിൻഡിയറുകളിൽ പെണ്ണിനു മാത്രമേ കൊമ്പുണ്ടാകാൻ പാടുള്ളൂ. പക്ഷേ, ചിത്രകാരൻ രണ്ടിനും കൊമ്പു വരച്ചുകളഞ്ഞു. കൊമ്പു കൊഴിയുന്ന കാലത്തെപ്പറ്റിയുള്ള വിവരം അറിയാത്തതുകൊണ്ടാവാം. ഒരെണ്ണത്തെ കൊമ്പില്ലാതെ വരച്ചാൽ മൊത്തം ചിത്രത്തിന് ഒരു ദൃശ്യപ്പൊരുത്തം ഉണ്ടാവില്ലെന്ന തോന്നലുകൊണ്ടുമാവാം.
തെറ്റിന്റെ ഏറ്റവും വലിയ വിശേഷം അത് നേരിനെക്കാൾ വേഗത്തിൽ ആവർത്തിക്കപ്പെടുമെന്നതാണ്. ഈ തെറ്റും നൂറ്റാണ്ടുകളായി ആവർത്തിക്കപ്പെടുന്നു.
സർദാർ പട്ടേൽ പറഞ്ഞതും നെഹ്റു സമ്മതിച്ചതുമായ പേരുകൾ തമ്മിലുള്ള വ്യത്യാസത്തിനിടയ്ക്ക് മനസ്സറിയാതെ കേന്ദ്രമന്ത്രിയായ ആളാണ് സി.എച്ച്. ഭാഭ എന്നത് ഡൽഹിയിൽ അക്കാലത്ത് അധികാരവൃത്തങ്ങൾക്കെല്ലാം അറിയാവുന്ന കഥയായിരുന്നു. പട്ടേൽ ഉദ്ദേശിച്ചത് പ്രശസ്ത ബാങ്കർ ഭാഭയെയായിരുന്നു. നെഹ്റു മനസ്സിലാക്കിയത് എച്ച്.ജെ. ഭാഭ എന്നും. വിശ്രുത ശാസ്ത്രഞ്ജൻ.
സത്യപ്രതിജ്ഞ ചെയ്യാനെത്തണമെന്ന് ഭാഭയ്ക്കു സന്ദേശമയയ്ക്കാൻ പറഞ്ഞപ്പോൾ സഹായികൾ വിവരമറിയിച്ചത് പാർലമെന്റ് മെംബറായ സി.എച്ച്. ഭാഭയെ. അങ്ങനെ അദ്ദേഹം സ്വതന്ത്രഭാരതത്തിന്റെ ആദ്യ കാബിനറ്റിൽ അംഗമായി.
അന്നത്തെ അധികാരക്കൈമാറ്റത്തിന്റെ ബഹളത്തിനിടയിൽ എന്തും സംഭവിക്കാമായിരുന്നു. സത്യപ്രതിജ്ഞ ചെയ്യിക്കേണ്ട മന്ത്രിമാരുടെ ലിസ്റ്റ് മൗണ്ട് ബാറ്റനെ പ്രധാനമന്ത്രി നെഹ്റു മുൻകൂട്ടി നേരിട്ട് ഏൽപിച്ചതിന്റെ കഥ പ്രസിദ്ധമാണല്ലോ. നെഹ്റു പോയിക്കഴിഞ്ഞ് മൗണ്ട്ബാറ്റൻ കവർ തുറന്നു നോക്കിയപ്പോൾ അതു ശൂന്യം. കവറിൽ ലിസ്റ്റ് വയ്ക്കാൻ ഉത്തരവാദപ്പെട്ടവർ മറന്നുപോയിരുന്നു!
അഹമ്മദാബാദിൽനിന്നുള്ള എം.സി. ഷാ അൻപതുകളിൽ കേന്ദ്ര ധനസഹമന്ത്രിയായതും പേരുകാരണമുള്ള തെറ്റിദ്ധാരണയിലാണ്. പാർലമെന്റിൽ മികച്ച പ്രകടനം നടത്തിവന്ന സി.സി. ഷായെ മന്ത്രിയാക്കാനാണ് നെഹ്റു ഉദ്ദേശിച്ചിരുന്നത്.
കേരളത്തിൽ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റത് 1957 ഏപ്രിൽ അഞ്ചിനാണ്. അതൊരു ദുഃഖവെള്ളിയാഴ്ച ദിവസമായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ കേരള ബ്യൂറോ ചീഫ് കെ.സി. ജോൺ എഴുതി. താരതമ്യേന ആയുസ്സുകുറവുള്ള ഒരു പത്ര റിപ്പോർട്ടിലല്ല, തലമുറകളുടെ ആയുസ്സുള്ള ഒരു പുസ്തകത്തിൽ തന്നെ. അദ്ദേഹം 1975 ൽ ഇംഗ്ലിഷിൽ പുറത്തിറക്കിയ ‘മെൽട്ടിങ്പോട്ട്’ ൽ.
അതൊരു വെള്ളിയാഴ്ചയായിരുന്നു എന്നതു മാത്രമാണ് ശരി. ദുഃഖവെള്ളിയാഴ്ചയായിരുന്നില്ല. ക്രിസ്തുവിനെ കുരിശിലേറ്റിയതോർത്ത് ക്രിസ്ത്യാനികൾ പ്രാർഥിക്കുന്ന ദിനമായ ദുഃഖവെള്ളിയാഴ്ച ആ വർഷം ഏപ്രിൽ 19 ന് ആയിരുന്നു.
കെ.സി. ജോണിനെ വിശ്വസിച്ച് പലരും പിന്നീട് ഈ ദുഃഖവെള്ളിയാഴ്ചക്കഥ ആവർത്തിച്ചു. ചെറിയാൻ ഫിലിപ്പ് ‘കാൽനൂറ്റാണ്ട്’ എന്ന പുസ്തകം 1984 ൽ എഴുതിയപ്പോൾ ജോണിനെ പകർത്തി എന്നു വരാതിരിക്കാൻ ഒരു പടികൂടി കടന്നു. സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന സഖാക്കളുടെ മുദ്രാവാക്യമുഴക്കങ്ങളുടെ അലയൊലി തിരുവനന്തപുരം പാളയം പള്ളിവാതിൽക്കലെത്തുമ്പോൾ, ദുഃഖവെള്ളിയാഴ്ച പച്ചവെള്ളം പോലും കുടിക്കാതെ വിശ്വാസികൾ പള്ളിയിൽ പ്രത്യേക പ്രാർഥനയിൽ പങ്കെടുക്കുകയായിരുന്നുവെന്ന് ചെറിയാൻ എഴുതി.
പിന്നീട് ദുഃഖവെള്ളിയാഴ്ചക്കുരുക്കിൽ വീണത് ‘ദേശാഭിമാനി’യുടെയും ‘നവജീവന്റെ’യും ലേഖകനായ പവനൻ ആണ്. 1995 ൽ ‘കേരളം ചുവന്നപ്പോൾ’ പുസ്തകത്തിൽ പവനൻ എഴുതി: ‘‘പിന്നീടാണ് ഞാൻ ശ്രദ്ധിച്ചത്, 1957 ഏപ്രിൽ 5 വെള്ളിയാഴ്ചയായിരുന്നു. ഒരു ദുഃഖവെള്ളിയാഴ്ച. ദുഃഖവെള്ളിയാഴ്ചയുടെ പ്രതീകാത്മകമായ പ്രാധാന്യം. കേരള രാഷ്ട്രീയത്തിൽ പിന്നീടാണ് പ്രതിഫലിച്ചത്.’’
കെ.സി. ജോൺ 1999 ആയപ്പോൾ പീലാത്തോസിനെപ്പോലെ കൈകഴുകി. ‘മെൽട്ടിങ് പോട്ട്’ എന്റെ മലയാളപരിഭാഷ ‘കേരള രാഷ്ട്രീയം ഒരു അസംബന്ധനാടകം’ എന്ന പേരിൽ ആ വർഷം പുറത്തിറങ്ങിയതിൽ ദുഃഖവെള്ളി പരാമർശമില്ലായിരുന്നു!
English Summary : Repeating Errors