എന്നെ തോൽപിച്ച ഒരാളുടെ കഥ ഞാൻ പത്രപ്രവർത്തക പരിശീലന ശിൽപശാലകളിൽ പറയാറുണ്ട്.
‘‘അടുത്ത വ്യാഴാഴ്ച കുറവിലങ്ങാട് പള്ളിയിൽ ഒരു അപൂർവ സംഭവം നടക്കുന്നു. ഇരട്ടകൾ ഇരട്ടകളെ വിവാഹം കഴിക്കുന്നു. ഫൊട്ടോഗ്രഫറെ അയയ്ക്കുമല്ലോ’’– അദ്ദേഹം ഒറ്റശ്വാസത്തിൽ പറഞ്ഞു.
ആദ്യമൊക്കെ ഇരട്ട വിവാഹങ്ങളുടെ പടം കൊടുക്കുമായിരുന്നു. ഇരട്ട വിവാഹം ഏറിയതോടെ ഇപ്പോൾ വാർത്ത മാത്രമേ കൊടുക്കാറുള്ളൂ എന്നൊക്കെ ഞാൻ സൗമ്യമായി പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം വീണ്ടും ഫോൺ: നാളെ 11 മണിക്ക് കുറവിലങ്ങാട് പള്ളിയിൽ...
ഇരട്ടകളുടെ കല്യാണമല്ലേ എന്നു ഞാൻ ഇടയ്ക്കു കയറി ചോദിച്ചു.
‘‘വിവാഹം ആശീർവദിക്കുന്നത് ഇരട്ടകളായ രണ്ടു വൈദികരാണ്.’’
പിറ്റേന്നു ഞങ്ങളുടെ ഫൊട്ടോഗ്രഫർ എത്തുമ്പോൾ അവിടെ ഫൊട്ടോഗ്രഫർമാരുടെ ഒരു പട.
ശിൽപശാലയിൽ ഞാൻ അൽപം ഗമയിൽ പറഞ്ഞു: ഇനി നമ്മൾ ഫൊട്ടോഗ്രഫറെ അയയ്ക്കണമെങ്കിൽ ആശീർവദിക്കുന്നത് ഇരട്ടകളായ അച്ചന്മാരായാൽ പോരാ, ഇരട്ടകളായ മെത്രാന്മാരാവണം. അതിന് ഇരട്ടകൾ പോയിട്ട് സാദാ സഹോദരന്മാരായ രണ്ടു മെത്രാന്മാരെങ്കിലും ഉണ്ടായിട്ടു വേണ്ടേ?
ഭാര്യ അടുത്ത മുറിയിലിരുന്ന് എന്റെ തട്ടുകൾ കേൾക്കുന്നുണ്ടായിരുന്നു. വണ്ടി വിട്ടപ്പോൾ ഭാര്യ എന്നോടു പറഞ്ഞു: സഹോദരന്മാർ നമ്മുടെ സഭയിൽത്തന്നെ ബിഷപ്പുമാർ ആയിട്ടുണ്ടല്ലോ.
സംഗതി ശരിയാണ്. മാർത്തോമ്മാ സഭയുടെ രൂപവൽക്കരണത്തിനു തുടക്കമിട്ട നവീകരണ പ്രസ്ഥാനത്തിന്റെ പ്രണേതാവായ ഏബ്രഹാം മൽപാന്റെ മക്കളായ തോമസ് മാർ അത്താനാസ്യോസും തീത്തൂസ് പ്രഥമനും മാർത്തോമാ മെത്രാപ്പൊലീത്തമാരാവുന്നിടത്താണു സഹോദര ചരിത്രം.
ഇപ്പഴത്തെ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൂടി ആകുമ്പോൾ മാരാമൺ പാലക്കുന്നത്ത് എന്ന ഒരൊറ്റ കുടുംബത്തിൽനിന്നു സഭയുടെ അഞ്ചു പരമാധ്യക്ഷന്മാരുണ്ടാവുന്ന അത്യപൂർവ ചരിത്രം.
തീത്തൂസ് ദ്വിതീയന്റെ സഹോദരി ഏലിയാമ്മയുടെ മകനാണ് മാർത്തോമാ സഭയിൽ എപ്പിസ്കോപ്പ ആയിരുന്ന മാത്യൂസ് മാർ അത്താനാസിയോസ്..
മലങ്കര സഭയുടെ വെട്ടിക്കൽ ദയറയിൽ അംഗങ്ങളായിരുന്ന രണ്ടു സഹോദരന്മാർ മെത്രാപ്പൊലീത്തമാരായിട്ടുണ്ട്; കാട്ടുമങ്ങാട്ട് ബാവമാർ എന്നറിയപ്പെടുന്ന ഏബ്രഹാം മാർ കൂറിലോസും ഗീവർഗീസ് മാർ കൂറിലോസും തിരുവിതാംകൂറിലും കൊച്ചിയിലും പ്രവർത്തിക്കുന്നതിനു വിലക്കു വന്നപ്പോൾ, ഏബ്രഹാം മാർ കൂറിലോസ് കുന്നംകുളത്തിനടുത്ത് ബ്രിട്ടിഷ് ഭരണത്തിൻ കീഴിലുള്ള തൊഴിയൂർ ആസ്ഥാനമാക്കി.
അവസാനകാലത്ത് അദ്ദേഹം സഹോദരനെ ഗീവർഗീസ് മാർ കൂറിലോസ് എന്ന മെത്രാപ്പൊലീത്ത ആക്കിയെങ്കിലും ആ സഹോദരൻ പിന്നീട് സ്വന്തനാടായ മുളന്തുരുത്തിയിലേക്കു മടങ്ങി. 1809 ൽ വെട്ടിക്കൽ ദയറയിലാണ് കബറടക്കിയത്. ഇവർ രണ്ടുപേരുടെയും കാലശേഷം തൊഴിയൂർ ഒരു സ്വതന്ത്ര സഭയായി.
ഓർത്തഡോക്സ് സഭയ്ക്കു രണ്ടു മെത്രാപ്പൊലീത്താമാരെയും ഒരു റമ്പാനെയും നൽകിയിട്ടുണ്ട്, കുന്നംകുളത്തെ പുലിക്കോട്ടിൽ കുടുംബം. കോട്ടയം പഴയ സെമിനാരി സ്ഥാപകൻ ജോസഫ് മാർ ദിവന്നാസ്യോസിന്റെ മുത്തച്ഛന്റെ സഹോദരപൗത്രനാണ് കോട്ടയം എംഡി സെമിനാരി സ്ഥാപകൻ ജോസഫ് മാർ ദിവന്നാസ്യോസ്. എംഡി സെമിനാരി സ്ഥാപകന്റെ പിതൃസഹോദര പൗത്രനാണ് പുലിക്കോട്ടിൽ ജോസഫ് റമ്പാൻ. ഇദ്ദേഹം പിന്നീട് ഓർത്തഡോക്സ് സഭ വിട്ട് മലങ്കര റീത്തിൽ ചേർന്നു.
പുത്തൻകാവിൽ കൊച്ചുതിരുമേനി എന്നറിയപ്പെടുന്ന ഗീവർഗീസ് മാർ പിലക്സിനോസിന്റെ സഹോദരപുത്രനാണ് ചെങ്ങന്നൂർ ഭദ്രാസനാധിപനായിരുന്ന തോമസ് മാർ അത്താനാസിയോസ്.
കത്തോലിക്കാ സഭയിൽ ഇതിനോട് അടുത്ത ഒരു സംഭവമുണ്ടായിട്ടുള്ളതു ലത്തീൻ വിഭാഗത്തിലാണ്. തിരുവനന്തപുരത്ത് ബിഷപ്പായതു ഡോ. ബനഡിക്ട് ജേക്കബ് അച്ചാരുപറമ്പിലാണ്. അദ്ദേഹം ദിവംഗതനായശേഷം സഹോദരപുത്രൻ ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ വരാപ്പുഴ ആർച്ച്ബിഷപ്പായി.
പിതാവിനെ തുടർന്നു മക്കൾ ബിഷപ്പുമാരായ രണ്ടു സഭകൾ കേരളത്തിലുണ്ട്. (കേരളത്തിലെ സിഎസ്െഎ., ബിലീവേഴ്സ് ഈസ്റ്റേൺ, സെന്റ ് തോമസ് ഇവൻജലിക്കൽ, ആംഗ്ലിക്കൻ സഭകൾ മാത്രമാണ് ബിഷപ്പുമാർക്കു വിവാഹജീവിതം അനുവദിക്കുന്നത്).
കെ.പി. യോഹന്നാൻ ബിലീവേഴ്സ് ചർച്ച് എന്നും പിന്നീട് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന പേരിൽ സഭ സ്ഥാപിച്ച് മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയായി. സഭയ്ക്ക് ഇന്നുള്ള29 ബിഷപ്പുമാരിൽ ഒരാൾ മെത്രാപ്പൊലീത്തയുടെ മകൻ ഡാനിയൽ മാർ തിമോത്തിയോസ് ആണ്.
സിഎസ്ഐയിൽനിന്നു വിഘടിച്ചു കോട്ടയത്ത് കുറിച്ചിയിൽ ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ തുടങ്ങിയപ്പോൾ വി.ജെ.സ്റ്റീഫൻ 1966ൽ ആർച്ച്ബിഷപ്പും പിന്നീടു മെത്രാപ്പൊലീത്തയുമായി. അദ്ദേഹത്തിന്റെ മകൻ സ്റ്റീഫൻ വട്ടപ്പാറയാണ് ഇപ്പോഴത്തെ മെത്രാപ്പൊലീത്ത. ബിഷപ്പുമാരുടെ മക്കളിൽ കേരളത്തിൽ ബിഷപ്പാകുന്ന ആദ്യത്തെ ആൾ. സഭയ്ക്ക് ഇന്നുള്ള 40 ബിഷപ്പുമാരിലൊരാൾ മെത്രാപ്പൊലീത്തയുടെ മകൻ സ്റ്റെഫാനോസ് വട്ടപ്പാറയാണ്.
സിഎസ്ഐ. കൊല്ലം– കൊട്ടാരക്കര മഹാ ഇടവക ബിഷപ് ഡോ.ഉമ്മൻ ജോർജിന്റെ സഹോദരീഭർത്താവാണ് സെന്റ ് തോമസ് ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രിസൈഡിങ് ബിഷപ് ഡോ. ടി.സി.ചെറിയാൻ.
English Summary : ‘Kadhakoottu’ Column written by Thomas Jacob