ഇടയ്ക്കൊന്നു തട്ടിൻപുറത്തായിപ്പോയെങ്കിലും റേഡിയോ ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. പണ്ട് വാർത്ത അറിയാനായിരുന്നെങ്കിൽ ഇന്നു വാർത്തയില്ലാത്ത എഫ്എം റേഡിയോ ആണ് താരം.
വാർത്ത കൈകാര്യം ചെയ്യാൻ അനുവാദം കിട്ടാഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു, എഫ്എം റേഡിയോ ഇത്രയും ക്രിയേറ്റീവ് ആയത്. രചനാത്മകതയുടെ ഉൽസവമാണവിടെ. എഫ്എം റേഡിയോയിലെ പരിപാടികൾക്കു മാത്രമല്ല, ആ റേഡിയോയെപ്പറ്റിയുള്ള പരസ്യങ്ങളിൽപോലും എന്തൊരു ക്രിയേറ്റിവിറ്റി. റേഡിയോ മാംഗോയുടെ വരവറിയിച്ചുകൊണ്ടുള്ള പരസ്യത്തിനുവേണ്ടി അതുവരെ വേറേ അർഥത്തിൽ ഉപയോഗിച്ചുവന്ന ‘നാട്ടിലെങ്ങും പാട്ടായി’ എന്ന പ്രയോഗത്തെ മാമോദീസ മുക്കിയെടുത്തതിലെ ക്രിയേറ്റിവിറ്റി തന്നെ നാട്ടിലെങ്ങും പാട്ടായി. ഗുരുവായൂരിലേക്ക് ഇനി നാലു പാട്ടിന്റെ ദൂരം, ചോറ്റാനിക്കരയിലേക്ക് ഇനി രണ്ടു പാട്ടിന്റെ ദൂരം എന്നൊക്കെ അവർ വഴിവക്കുകളിൽ വച്ച ബോർഡുകളിലെ ആശയം ആഘോഷിക്കാൻ വേണം രണ്ടു പാട്ട്.
ടെലിവിഷനോ പോകട്ടെ, റേഡിയോ പോലും ഇല്ലാതിരുന്ന ഒരു കാലത്തെപ്പറ്റി ഇന്നു ചിന്തിക്കാനാവുമോ? മിക്ക അമേരിക്കക്കാരും ഒന്നു നേരിൽ കാണുകയോ പടം അച്ചടിച്ചു കാണുകയോ ചെയ്യാതെയാണ് ആദ്യത്തെ 160 വർഷങ്ങളിൽ രാജ്യത്തിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുത്തിരുന്നത്. അവർ ആദ്യമായി ആ ഭരണത്തലവന്മാരിലൊരാളുടെ ശബ്ദം കേട്ടതു തന്നെ റൂസ്‌വെൽറ്റ്, റേഡിയോ ഫലപ്രദമായി ഉപയോഗിച്ചു തുടങ്ങിയതിനു ശേഷമാണ്. ആ അടുപ്പം കാരണം അദ്ദേഹത്തെ നാലു തവണ പ്രസിഡന്റായി തിരഞ്ഞെടുത്തു.
മക്കൾക്കും വീട്ടിലെ സഹായികൾക്കും വരെ പ്രത്യേക കണക്‌ഷനുള്ളതിനാൽ കേരളത്തിൽ ഇന്നു വീടുകളെക്കാൾ കൂടുതൽ ടിവികളും മൊബൈൽ ഫോണുകളുമുണ്ടെങ്കിലും പണ്ട് റേഡിയോയുടെ കാര്യത്തിൽ ഇതായിരുന്നില്ല സ്ഥിതി. അന്നു കാശും സൗകര്യവുമുള്ള എല്ലാവർക്കും റേഡിയോ വാങ്ങാൻ പറ്റുമായിരുന്നില്ല. സ്വന്തം പേരിൽ ഭൂമി ഉണ്ടെങ്കിലേ റേഡിയോ കേൾക്കാൻ അനുവാദം കിട്ടുമായിരുന്നുള്ളൂ. അതേ, ഇരുചക്ര, നാലുചക്ര വാഹനങ്ങൾ ഓടിക്കാനും ഒരു കട തുടങ്ങാനുമെന്നപോലെ സൈക്കിൾ റോഡിലിറക്കാനും വീട്ടിൽ റേഡിയോ വയ്ക്കാനും പണ്ട് ലൈസൻസ് എടുക്കണമായിരുന്നു. ഭൂനികുതി അടച്ച രസീതു സഹിതം പോസ്റ്റൽ ഡയറക്ടർക്ക് അപേക്ഷിച്ചാലേ ലൈസൻസ് കിട്ടുകയുള്ളൂ. ഓരോ വർഷവും 15 രൂപ അടച്ച് ലൈസൻസ് പുതുക്കണം.
ഒടുവിൽ ഇന്ദിരാഗാന്ധിയുടെ ഗവൺമെന്റാണ് ലൈസൻസ് സമ്പ്രദായം എടുത്തു കളഞ്ഞത്.
വയലിൻ തന്ത്രികൾക്കു നാവു നൽകിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ലാൽഗുഡി ജയരാമൻ, ലാൽഗുഡി പഞ്ചായത്തിനു മുന്നിലെ ഉച്ചഭാഷിണിയിൽ നിന്നാണു റേഡിയോ സംഗീതം കേട്ടിരുന്നത്. ലാൽഗുഡിയുടെ അച്ഛൻ ഗോപാല അയ്യർക്കു റേഡിയോ സംഗീതം കേൾക്കാൻ ഗ്രാമത്തിൽനിന്ന് തഞ്ചാവൂർ വരെ അൻപതു കിലോമീറ്റർ കാൽനടയായി സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്.
ലാൽഗുഡിയെക്കാൾ രണ്ടു വയസ്സു മൂപ്പുള്ള ടി.എൻ. കൃഷ്ണൻ റേഡിയോ കേൾക്കാൻ തൃപ്പൂണിത്തുറനിന്ന് കൊച്ചി പബ്ലിക് പാർക്ക് വരെ എട്ടര കിലോമീറ്റർ നടന്നിട്ടുണ്ട്. തിരിച്ചു വന്നാലുടൻ അന്നു കേട്ടതു പരിശീലിക്കും.
പിന്നീടു മുഖ്യമന്ത്രിയായ സി. അച്യുതമേനോൻ വിമോചനസമരം കഴിഞ്ഞുള്ള 1960ലെ തിരഞ്ഞെടുപ്പിൽ ജയിച്ചോ എന്നറിയാൻ ഭാര്യ അമ്മിണിയമ്മ അടുത്ത വീട്ടിൽ താമസിച്ചിരുന്ന ഉയർന്ന ഉദ്യോഗസ്ഥന്റെ വീട്ടിലെ റേഡിയോ കേൾക്കാൻ പല തവണ പോയതിനെപ്പറ്റി മകൻ ഡോ. വി. രാമൻകുട്ടി എഴുതിയിട്ടുണ്ട്. ടി.വി. തോമസും മറ്റും തോറ്റ വാർത്ത വന്നെങ്കിലും അച്യുതമേനോന്റെ ഫലം നേരം വൈകിയിട്ടും വന്നില്ല. ഒടുവിൽ രാത്രി 11 മണിയോടെ ആ വീട്ടുകാർ വിളിച്ച് അച്യുതമേനോൻ ജയിച്ചുവെന്നു പറയുകയായിരുന്നു.
കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1987ൽ തങ്കമണിയിൽ ഒരു കർഷകൻ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടതു കേരളത്തെ നടുക്കിയ സംഭവമായിരുന്നു. വെറുതെ അങ്ങാടിയിലേക്കൊന്നിറങ്ങിയതായിരുന്നു ആ കുടിയേറ്റ കർഷകൻ.
അവിടെ കോഴിമല അവറാച്ചൻ എന്നയാളുടെ 65 വർഷത്തെ ആഗ്രഹമായിരുന്നു വീട്ടിലൊരു റേഡിയോ വേണമെന്നത്. ആ ആഗ്രഹം സാധിച്ചിട്ട് രണ്ടാഴ്ചയാകുന്നതേയുള്ളൂ. നാളെ വൈകുന്നേരം മാത്രം വീട്ടിലെത്തുന്ന പത്രത്തിൽ വരുന്ന വാർത്തകൾ ഇന്നുതന്നെ റേഡിയോയിൽനിന്ന് അറിയുന്നതു മക്കൾക്കൊരു ത്രിൽ ആയിരുന്നു. പുതുമണം മാറാത്ത ആ റേഡിയോ പന്ത്രണ്ടാംനാൾ തുറന്നപ്പോൾ അവർ കേൾക്കുന്നു, തങ്കമണി അങ്ങാടിയിലെ പൊലീസ് വെടിവയ്പിൽ കോഴിമല അവറാച്ചൻ എന്നൊരാൾ മരിച്ചു!
അവറാച്ചനെപ്പറ്റിയുള്ള അനേകം റിപ്പോർട്ടുകളിൽ ഇന്നും മനസ്സിൽ നീറിപ്പിടിച്ചു നിൽക്കുന്നതു ജോണി ലൂക്കോസ്
എഴുതിയ ഇൗ കഥയാണ്.
ഇതുപോലൊരു അനുഭവം ലതാ മങ്കേഷ്കർക്ക് ഉണ്ടായതിനെപ്പറ്റി എസ്. ഗോപാലകൃഷ്ണൻ എഴുതിയിട്ടുണ്ട്. 1947ൽ ലതയ്ക്കു 18 വയസ്സുള്ളപ്പോഴാണ് സ്വന്തമായി ഒരു റേഡിയോ ലഭിക്കുന്നത്. ജനുവരി 18–ാം തീയതി നല്ല നേരം നോക്കി നിലത്തു പായ വിരിച്ചിരുന്നു പതുക്കെ റേഡിയോ തുറന്നു. അപ്പോൾ റേഡിയോയിൽനിന്നു കേൾക്കുന്നതു സംഗീതത്തിന്റെ വസന്തമായ കെ.എൽ. സെയ്ഗാൾ മരിച്ചുവെന്നാണ്.
അവർ ഉടനെ റേഡിയോ ഓഫ് ചെയ്തു. പായ തെറുത്തു. കുറച്ചു ദിവസങ്ങൾക്കുശേഷം ആ റേഡിയോ, വാങ്ങിയ കടയിൽത്തന്നെ തിരിച്ചു നൽകി !
English Summary : ‘Kadhakoottu’ Column written by Thomas Jacob, History of radio broadcasting