ഇന്ന്, അതു തീ കൊണ്ടല്ല ഓടുന്നതെങ്കിലും ട്രെയിനിന് തീവണ്ടി എന്നൊരു മൊഴിമാറ്റം പണ്ട് വന്നില്ലായിരുന്നെങ്കിൽ മലയാള ഭാഷ കഷ്ടപ്പെട്ടു പോയേനേ. ധൂമശകടാസുരൻ എന്നായിരുന്നു ആദ്യത്തെ പേര്.
അങ്ങനെ ഒരു മൊഴിമാറ്റം വന്നില്ലായിരുന്നെങ്കിൽ കവനകൗമുദി മാസിക മലയാളത്തിൽ ആദ്യത്തെ വിശേഷാൽപ്രതി 1914ൽ ഇറക്കിയപ്പോൾ തീവണ്ടി കവർ സ്റ്റോറി ആവുമായിരുന്നോ? ധൂമശകടാസുരനെപ്പറ്റി ഒരു കവിത വേണമെന്നു കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനോടും മറ്റും പറയാൻ പ്രസാധകൻ പി.വി. കൃഷ്ണവാരിയർക്കു ധൈര്യം വരുമായിരുന്നോ? തമ്പുരാൻ മാത്രമല്ല, അന്നത്തെ മറ്റു മുൻനിരക്കാരായിരുന്ന ഒറവങ്കര, കുണ്ടൂർ തുടങ്ങിയവരും തീവണ്ടിക്കവിതകൾ എഴുതിക്കൊടുത്തു.
കേരളത്തിലാദ്യമായി 1861 മാർച്ച് 12നു ചാലിയത്തുനിന്ന് (ബേപ്പൂർ) തിരൂർ വരെ തീവണ്ടി ഓടിയെങ്കിലും തീവണ്ടി കേരളത്തിൽ ഒരു വികാരമായത് ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച 1914 ആയപ്പോഴേക്കാണ്. അപ്പോഴേക്ക് മംഗലാപുരത്തുനിന്നു മലബാറിന്റെ ഹൃദയത്തിലൂടെ ഓടി മദ്രാസിലെത്തുന്ന ട്രെയിൻ ജനപ്രിയമായിക്കഴിഞ്ഞിരുന്നു. 1902 മുതൽ ഷൊർണൂരിൽ നിന്നു കൊച്ചി വരെ ട്രെയിനുണ്ട്. 1904ൽ കൊല്ലത്തുനിന്നു ചെങ്കോട്ട വരെയും പിന്നീട് മദ്രാസ് വരെയും ട്രെയിൻ ഓടി. കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കുള്ള റെയിൽപാതയുടെ പണി 1913ൽ ആരംഭിക്കുകയും ചെയ്തിരുന്നു.
അങ്ങനെ 1914ലെ ആദ്യ വിശേഷാൽപ്രതി തന്നെ തീവണ്ടിയെപ്പറ്റിയാക്കാൻ വാരിയർ തീരുമാനിക്കുകയായിരുന്നു.
പത്രാധിപർ വിഷയം നൽകി കവികളോടു കവിത രചിക്കാൻ പറയുന്ന മലയാളത്തിലെ ആദ്യ സംഭവവുമായി അത്. കവികൾ അവർക്കു തോന്നിയ വിഷയത്തെപ്പറ്റി കവിതയെഴുതിയയയ്ക്കുകയായിരുന്നല്ലോ അതുവരെ പതിവ്.
ഉള്ളടക്കം മുഴുവൻ (ഉവ്വ്, പരസ്യംപോലും) കവിതയായിരിക്കണമെന്നു തീരുമാനിച്ച് കവി പന്തളം കേരളവർമ പന്തളത്ത് ആരംഭിച്ച ‘കവനകൗമുദി’ പിന്നീടു തൃശൂരിലും മറ്റും അച്ചടിച്ച് പല കൈമറിഞ്ഞു കോട്ടയ്ക്കലിൽ പി.വി. കൃഷ്ണവാരിയരുടെ കൈകളിലെത്തുകയായിരുന്നു.
അപ്പുറത്തേക്കു നീണ്ടുകിടക്കുന്ന സ്ഥലങ്ങളിലാരംഭിച്ച റെയിൽവേ ടെർമിനസുകളെല്ലാം ടെർമിനസ് (ട്രെയിൻ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സ്റ്റേഷൻ) അല്ലാതായിത്തീർന്നുവെന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?
വടക്കോട്ട് കോഴിക്കോടു വഴി മംഗലാപുരം വരെയും തിരൂരിൽനിന്നു പട്ടാമ്പി വഴി പോത്തന്നൂർക്കും ട്രെയിൻ വന്നതോടെ ചാലിയവും തിരൂരും ടെർമിനസുകളല്ലാതായി. മംഗലാപുരത്തുനിന്നു മദ്രാസ് വരെ ട്രെയിൻ ഓടിത്തുടങ്ങി. ചാലിയത്തുകൂടി ഇപ്പോൾ ട്രെയിൻ ഓടുന്നില്ല. കടലുണ്ടിയിൽനിന്നു ചാലിയത്തേക്കുള്ള പാത ഉപേക്ഷിക്കപ്പെട്ടു.
ഹൈക്കോടതി മന്ദിരത്തിനു പിന്നിലുള്ള ഇടിഞ്ഞു പൊളിഞ്ഞ ഒരു ചെറിയ കെട്ടിടമായിരുന്നു എറണാകുളം ടെർമിനസ് സ്റ്റേഷൻ. മഹാത്മാഗാന്ധിയും ഇർവിൻപ്രഭുവും ലാൽ ബഹാദൂർ ശാസ്ത്രിയും വന്നിറങ്ങിയ സ്റ്റേഷൻ. നഗരത്തിന്റെ നടുക്ക് എറണാകുളം സൗത്ത് സ്റ്റേഷനും, ചരക്കുകൾ കയറ്റാനുള്ള സൗകര്യത്തിനു വേണ്ടി വില്ലിങ്ഡൻ ദ്വീപിൽ ഹാർബർ ടെർമിനസ് സ്റ്റേഷനും പണിതതോടെയാണ് എറണാകുളം ടെർമിനസ് സ്റ്റേഷൻ അപ്രസക്തമായത്.
കൊല്ലത്തുനിന്ന് 1918ലെ പുതുവർഷ ദിനത്തിൽ ആദ്യ ട്രെയിൻ വന്നു നിന്നപ്പോൾ ചാക്കയിലെ ടെർമിനസിന് എന്തൊരു ഗമയായിരുന്നു! 1931ൽ തമ്പാനൂർ സ്റ്റേഷൻ വന്നതോടെ ചാലിയത്തിന്റെ അവസ്ഥയായി ചാക്കയ്ക്കും. തമ്പാനൂരിലും അവസാനിച്ചില്ല വണ്ടി, നേരെ നാഗർകോവിലിലേക്കു പോയി.
മദ്രാസിൽനിന്നു ട്രെയിൻ ഓടിത്തുടങ്ങിയപ്പോഴും അതു മലബാറിലെ പ്രധാന നഗരമായ കോഴിക്കോട്ടേക്കു നീട്ടാതെ ചാലിയത്ത് അവസാനിപ്പിച്ചതെന്താണെന്ന് ഇന്നു സംശയം തോന്നാം. തെക്കേ മലബാറിൽ പട്ടാളത്തെ വേഗത്തിൽ എത്തിക്കുകയായിരുന്നു ബ്രിട്ടിഷ് ഗവൺമെന്റിന്റെ പ്രധാന ഉദ്ദേശ്യം. പഴയ തീവണ്ടി ബോഗികൾ തടികൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. പെട്ടിയുടെ മൂടി പൊക്കുംപോലെ പൊക്കുവാൻ തക്കവണ്ണം അവയിലെ സീറ്റുകളിൽ വിജാവരി പിടിപ്പിച്ചിരുന്നു. തുറന്നു നോക്കിയാൽ അടിയിൽ തോക്കുകൾ വയ്ക്കാൻ മൂന്നു വിടവുകളുള്ള പലക കുറുകെ പിടിപ്പിച്ചിരിക്കുന്നതു കാണാം. അവിടെ തോക്കുവച്ചു സീറ്റ് താഴ്ത്തി അതിൽ ഇരുന്നാണ് പട്ടാളക്കാർ സഞ്ചരിച്ചിരുന്നത്.
പണ്ട് ട്രെയിനിൽ സെർവന്റ്സ് കമ്പാർട്മെന്റ് ഉണ്ടായിരുന്നു. ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്നവരുടെ സഹായികൾക്കുള്ള കമ്പാർട്മെന്റാണത്. ഓരോ സ്റ്റോപ്പിലും അവർ തിരക്കിയെത്തും, എന്തെങ്കിലും വേണോയെന്നു ചോദിച്ചുകൊണ്ട്.
ഏതാനും മേൽപാലങ്ങൾ വരുന്നതിനു മുൻപു കോഴിക്കോടിന്റെ പ്രശ്നം ഒന്നൊന്നര കിലോമീറ്ററിനുള്ളിൽ ആറു റെയിൽവേ ഗേറ്റുകളുള്ളതായിരുന്നു. രാത്രിയിൽ പോകുന്ന ട്രെയിനുകൾ ഈ ഗേറ്റുകൾക്കടുത്തെത്തുമ്പോൾ ഉച്ചത്തിൽ കൂവും. രാത്രി ഉറങ്ങിക്കിടക്കുന്നവരുടെയൊക്കെ ഉറക്കം പോവും.
ഡോ. ജോൺ മത്തായി ഇന്ത്യയുടെ ആദ്യത്തെ റെയിൽമന്ത്രിയായിരുന്നപ്പോൾ അഞ്ചാം ഗേറ്റിനടുത്ത് താമസിച്ചിരുന്ന അമ്മ പറഞ്ഞു: മോനേ, രാത്രിയിൽ ട്രെയിൻ അഞ്ചാം ഗേറ്റിനടുത്തു വരുമ്പോൾ ആ ഊത്ത് ഊതരുതെന്ന് എൻജിൻ ഡ്രൈവറോടു പറയണേ!
അതിവേഗ തീവണ്ടികൾക്ക് വേണ്ടാത്തിടത്തു ചില സ്റ്റോപ്പുകൾ അനുവദിക്കുന്നതു ചിലരുടെ താൽപര്യങ്ങൾക്കു വേണ്ടിയാണെന്ന് എക്കാലത്തും ആക്ഷേപമുണ്ടാവാറുണ്ടല്ലോ.
മദ്രാസ് മെയിലിന് ആദ്യമായി കുറ്റിപ്പുറത്തു സ്റ്റോപ്പ് അനുവദിച്ച കാലത്ത് വികെഎൻ ഡൽഹിയിലെ ഒരു ഹാസ്യമാസികയിൽ എഴുതി: മെയിൽ കുറ്റിപ്പുറത്തു നിർത്താൻ കാരണം തദ്ദേശീയയായ ഒരു ഫീമെയിൽ പാർലമെന്റിൽ ഉള്ളതാവാം.
അമ്മു സ്വാമിനാഥൻ പക്ഷേ, ചൂളിയില്ല.
English Summary : ‘Kadhakoottu’ Column written by Thomas Jacob, History of railways in India