പെരുന്ന തോമസിനെ എത്ര പേർ ഓർക്കുമെന്നറിയില്ല. അദ്ദേഹം കടന്നു പോയിട്ട് സെപ്റ്റംബർ 29ന് നാൽപതു വർഷം തികയുകയാണ്.
കഥാസാഹിത്യത്തിൽ തന്റെ പിൻഗാമി സ്ഥാനത്ത് വൈക്കം മുഹമ്മദ് ബഷീർ പ്രതിഷ്ഠിച്ച പെരുന്ന, ബോധധാരാ സമ്പ്രദായത്തിൽ മലയാളത്തിൽ കഥയെഴുതിയ ആദ്യത്തെ ആൾക്കാരിലൊരാളാണ്. പുസ്തകങ്ങൾക്കു വിറ്റുപോകുന്ന പേരുകളിടാൻ പെരുന്നയ്ക്കു മിടുക്കുണ്ടായിരുന്നു. ‘എന്റെ ചീത്തക്കഥകൾ’, ‘കർത്താവിന്റെ അളിയൻ’, ‘ഭ്രാന്തുമോഷണം’... പെൺകുട്ടികളെ കന്യാസ്ത്രീകളാക്കാൻ കൊണ്ടുപോകുന്നത് കർത്താവിന്റെ മണവാട്ടികൾ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ്. തന്റെ പെങ്ങളും കന്യാസ്ത്രീ ആയതോടെ താൻ കർത്താവിന്റെ അളിയനായി എന്നു ന്യായം.
ജീവിതത്തിൽ വൈരുധ്യങ്ങളെ എഴുന്നള്ളിച്ചു കൊണ്ടുനടന്ന പെരുന്ന ഇടതുപക്ഷക്കാരനായിരുന്നെങ്കിലും കൊച്ചി കോർപറേഷനിലേക്കു മത്സരിച്ചത് കോൺഗ്രസ്–ഐ സ്ഥാനാർഥിയായാണ്. കത്തോലിക്കർ ഏറെയുള്ള ആ വാർഡിൽ പെരുന്നയെ തോൽപിക്കാൻ എതിർ സ്ഥാനാർഥിക്കു യോഗങ്ങളിൽ ‘കർത്താവിന്റെ അളിയൻ’ എന്ന കഥ വായിച്ചു കേൾപ്പിക്കുകയേ വേണ്ടിയിരുന്നുള്ളൂ.
ബഷീറിനല്ല, തനിക്കാണ് ആദ്യം ഭ്രാന്തു വന്നതെന്ന് അവകാശപ്പെട്ടു നടന്ന ഒരു സാഹിത്യകാരനെ കഥാപാത്രമാക്കി എഴുതിയതാണ് ഭ്രാന്തുമോഷണം. എന്തൊരാശയം!
ബഷീറിനെപ്പോലെ പെരുന്നയും ഏതാനും വർഷം ഇന്ത്യയൊട്ടുക്ക് അലഞ്ഞുതിരിഞ്ഞിട്ടുണ്ട്. തിരിച്ചു വന്നശേഷം അവർ മിക്കവാറും ഒന്നിച്ചായിരുന്നു. ബഷീറിനു മാനസികാസ്വാസ്ഥ്യം വന്ന് 1954ൽ വല്ലപ്പുഴയിൽ പി.സി. ഗോവിന്ദൻ വൈദ്യരുടെ നഴ്സിങ് ഹോമിൽ താമസിച്ചപ്പോൾ കൂടെയുണ്ടായിരുന്നത് പെരുന്നയാണ്. തലയിൽ എണ്ണ പൊത്തുന്നതാണ് ആദ്യ എപ്പിസോഡ്. നല്ല തണുപ്പുള്ള എണ്ണ. ഒരിക്കൽ പെരുന്ന ഇൗ എണ്ണ തലയിൽ തേച്ചപ്പോൾ മൂന്നു ദിവസം ഉറങ്ങിപ്പോയി എന്നാണു കഥ.
കൊച്ചിയിലെ ടാക്സി ഡ്രൈവർമാരെയെല്ലാം സംഘടിപ്പിച്ച് പെരുന്ന സഹകരണ സംഘം ഉണ്ടാക്കി. വേണ്ടവർക്കെല്ലാം കാർ സംഘടിപ്പിച്ചു കൊടുത്തു. ദിവസവും ഓരോ രൂപ വച്ചു തിരിച്ചടച്ചാൽ മതിയെന്നായിരുന്നു വ്യവസ്ഥ. അതിൽപ്പോലും മുടക്കം വന്നപ്പോൾ മറൈൻ ഡ്രൈവിൽ തമ്പോല കളി നടത്തിച്ചു പെരുന്ന. സംഗതി ‘കൗമുദി’യുടെയും ‘കേരളകൗമുദി’യുടെയും ലേഖകനായ പെരുന്നയുടെ ഏർപ്പാടായതിനാൽ പൊലീസ് കണ്ണടച്ചു. അതിൽ ഒരു പൈസയും പെരുന്ന തൊട്ടില്ല.
ചെറുപ്പത്തിലേ അമ്മ മരിച്ച പെരുന്നയ്ക്കു താങ്ങായിരുന്നത് അച്ഛന്റെ ജ്യേഷ്ഠന്റെ ഭാര്യയായിരുന്നു. താൻ മരിച്ചു കഴിഞ്ഞ് ഓർമദിവസം കുർബാന നടത്തിക്കണമെന്ന് അവർ പറഞ്ഞേൽപിച്ചിരുന്നു.
അച്ചൻ പറഞ്ഞു: ‘‘പലതരം കുർബാനകൾ ഉണ്ട്. ഒറ്റ കുർബാന, പാട്ടു കുർബാന, കൂടു തുറന്ന കുർബാന. തോമസിന് ഇതിലേതാണു വേണ്ടത്?’’
എടുത്തടിച്ചതുപോലെയായിരുന്നു ഉത്തരം. ‘‘അച്ചോ, അച്ചൻ മനസ്സു തുറന്നൊരു കുർബാന ചൊല്ലണം. അതിനെത്ര കാശും തരാം.’’
എറണാകുളം ജനറൽ ആശുപത്രിയിലെ നഴ്സ് ടി. കമലാക്ഷിയെയാണ്, നീണ്ട പ്രണയത്തിനൊടുവിൽ പെരുന്ന വിവാഹം ചെയ്തത്. എന്തും ചെയ്യാനുള്ള താൻപോരിമയായിരുന്നു പെരുന്നയുടെ സവിശേഷത. മകളുടെ മരണശേഷം വീണ്ടും ഗർഭവതിയാകാനുള്ള ആരോഗ്യം ഭാര്യ കമലാക്ഷിക്ക് ഇല്ലെന്നു വന്നപ്പോൾ തന്നിൽനിന്നു ഗർഭം ധരിച്ച് ഒരു കുട്ടിയെ പ്രസവിച്ചു തരാമെന്ന് ഒരു സ്ത്രീയുമായി പെരുന്ന കരാറുണ്ടാക്കി. നിയമപരമായ കരാർ തന്നെ. മുദ്രപ്പത്രത്തിലെഴുതി, രണ്ടുപേരും സാക്ഷികളും ഒപ്പിട്ട ആ കരാർ തയാറാക്കി കൊടുത്തത് കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനാണ്. അതുമായി തട്ടിച്ചു നോക്കുമ്പോൾ ഗർഭപാത്രം വാടകയ്ക്കു നൽകുന്ന ഇന്നത്തെ കരാറുകൾ എത്ര നിസ്സാരം.
പക്ഷേ, പെരുന്ന വിചാരിച്ചതുപോലെയായില്ല കഥാന്ത്യം. പ്രസവം കഴിഞ്ഞപ്പോൾ ആ സ്ത്രീ കുട്ടിയെ വിട്ടു കൊടുത്തില്ല.
പെരുന്ന 1960ൽ മരിക്കുമ്പോൾ മരണാനന്തര ചടങ്ങുകൾ എവിടെ എന്നത് ഒരു പ്രശ്നമായി. ചങ്ങനാശേരി പുഴവാതിലെ തന്റെ വീട്ടിൽ വച്ചാവാം ശവദാഹം എന്ന് കമലാക്ഷി.
അതിനിടെ ടാക്സി യൂണിയൻ നേതാവ് ഗോപിയും മറ്റു ചിലരും കൂടി പാണാവള്ളിയിൽനിന്നുള്ള ഒരു സ്ത്രീയെയും രണ്ടു കുട്ടികളെയും കൂട്ടി വന്നു. അവർ വാവിട്ടു കരഞ്ഞു. പത്രക്കാരെന്നല്ല, കമലാക്ഷിപോലും ഇങ്ങനെയൊരു ബന്ധം അറിഞ്ഞിരുന്നില്ല.
മൃതദേഹവുമായി ചങ്ങനാശേരിക്കു പോകവേ കോട്ടയത്തെത്തിയപ്പോൾ പത്രക്കാർക്കെല്ലാം ദാഹം. ആംബുലൻസ് പ്രസ്ക്ലബ്ബിന്റെ മുന്നിൽ നിർത്തിയിട്ട് അവർ അടുത്ത ഹോട്ടലിലേക്കു നീങ്ങി.
തിരിച്ചുവരുമ്പോൾ ആംബുലൻസ് കാണാനില്ല. വേറെ വണ്ടി പിടിച്ച് പുഴവാതിൽ ചെന്നപ്പോൾ കമലാക്ഷിയുടെ വീട്ടിൽ ചിതയൊരുക്കി ബന്ധുക്കൾ കാത്തിരിക്കുകയാണ്. പക്ഷേ, മൃതദേഹം?
പെരുന്നയുടെ സഹോദരന്മാർ തട്ടിക്കൊണ്ടുപോയതാവണം എന്ന് ആരോ പറഞ്ഞു.
കുറച്ചകലെയുള്ള പെരുന്നയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ കയ്യിൽ ഒരു കുരിശുപിടിപ്പിച്ച് പെരുന്നയെ കിടത്തിയിരിക്കുന്നു.
മൃതദേഹവുമായി വന്ന സംഘത്തിലുണ്ടായിരുന്ന ജോർജ് ഇൗഡൻ എംപി, എൻ. വേണുഗോപാൽ എന്നീ കോൺഗ്രസ് നേതാക്കൾ ഇടപെട്ടു.
പത്രക്കാർ ജില്ലാ കലക്ടർ, പൊലീസ് സൂപ്രണ്ട്, സി.എഫ്.തോമസ് എംഎൽഎ എന്നിവരുമായി ബന്ധപ്പെട്ടു. അവരുടെയൊക്കെ ശ്രമഫലമായി രാത്രി വളരെ വൈകി പെരുന്നയുടെ മൃതദേഹം ഭാര്യയ്ക്കു വിട്ടുകിട്ടി.
ഭ്രാന്തുമോഷണം എഴുതിയ ആൾ ജീവിച്ചിരുന്നെങ്കിൽ ഇതിനു ശവമോഷണം എന്ന തലക്കെട്ടു കൊടുത്തേനെ.
English Summary: Remembering Perunna Thomas